വീടാണെന്ന് കരുതി ഫ്ലാറ്റിൽ നിന്നെടുത്തുചാടിയ പൂച്ച! ചില കാര്യങ്ങൾ അങ്ങനെയാണ്...
Mail This Article
ഇക്കഴിഞ്ഞ ദിവസം, അബുദാബിയിലെ ചായക്കടയിൽ ഇരുന്ന് ഒരു വീടിന്റെ രൂപകൽപനയുമായി നടന്ന ചർച്ചകൾക്കിടെയാണ് സുഹൃത്ത് ജോജി, തന്റെ പൂച്ചയെ കുറിച്ച് പറയുന്നത്. പൂച്ച ആളൊരു സുന്ദരക്കുട്ടപ്പനാണ്, അബുദാബിയിലെ ഒരു കടയിൽ നിന്നും തരക്കേടില്ലാത്ത വില കൊടുത്തു വാങ്ങിച്ചതാണ്, കഴിഞ്ഞ ഏതാനും വർഷങ്ങളായി ജോജിക്കും കുടുംബത്തിനും ഒപ്പം ഒരു വില്ലയിലാണ് താമസം. പൂച്ചയുടെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കിൽ ശാന്തൻ, സൗമ്യൻ, സൽഗുണൻ.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ പൂച്ചയ്ക്ക് മറ്റാരും അറിയാത്ത ഒരു മുഖമുണ്ട്. രാവിലെ ജോജിയും കുടുംബവും ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി പുറത്തു പോകുന്നതോടെ പൂച്ച സിറ്റൗട്ടിൽ എത്തും, പിന്നെ അവിടെ ഉറക്കം നടിച്ചു കിടക്കും. ഇങ്ങനെ ഉറക്കം നടിച്ചു കിടക്കുന്ന പൂച്ചയുടെ സമീപത്തു വന്നിരിക്കുന്ന പ്രാവുകളെയോ, കിളികളെയോ ഒക്കെ പൂച്ച ഒറ്റച്ചാട്ടത്തിനു പിടികൂടും, പിന്നെ അവയെ തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്യും, അത് പൂച്ചയുടെ സൗകര്യം.
ആധുനിക മനഃശാസ്ത്രത്തിൽ ദ്വന്ദ വ്യക്തിത്വം, അപര വ്യക്തിത്വം എന്നൊക്കെ അറിയപ്പെടുന്ന ഈ പ്രതിഭാസം അനുഭവപ്പെടുന്ന സമയത്ത് പൂച്ചക്ക് അമാനുഷികമായ കഴിവുകളാണുള്ളത്. ഇങ്ങനെ ഉറക്കം നടിച്ചു കിടക്കുന്ന സമയത്ത് പുറത്തു പോയ ജോജിയും കുടുംബവും ഏതു സമയത്ത്, എപ്പോൾ തിരിച്ചുവരും എന്നൊക്കെ പൂച്ചയ്ക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയും.
ഇത്തരത്തിൽ ഒരു ശരീരവും രണ്ടു വ്യക്തിത്വവുമായി പൂച്ച അങ്ങനെ ജീവിച്ചുവരവെയാണ് ജോജിയും കുടുംബവും വില്ലയിൽ നിന്നും അബുദാബിയുടെ ഹൃദയഭാഗത്തുള്ള ഫ്‌ളാറ്റിലേക്കു താമസം മാറുന്നത്, സ്വന്തമായി ജോലിയോ താമസസ്ഥലമോ ഇല്ലാത്തതിനാൽ ആശ്രിതനായ പൂച്ചയും അവരോടൊപ്പം ഫ്‌ളാറ്റിലെത്തി.
പുതിയ സാഹചര്യങ്ങളിൽ എത്തിയിട്ടും പൂച്ചയിൽ ഈ രോഗത്തിനുള്ള സാധ്യത ഉറങ്ങിക്കിടന്നു, എങ്കിലും പൂച്ച അബുദാബി മഹാനഗരത്തിന്റെ സന്തതിയായി അവിടേക്ക് ഇഴുകി ചേർന്നു. അങ്ങനെയിരിക്കെയാണ് ഒരുനാൾ ഉറക്കം നടിച്ചു കിടന്ന പൂച്ചയുടെ സമീപത്തേക്കു ഒരു കിളി പറന്നു വരുന്നത്, സൈക്കോസിസിന്റെ ഭീകരമായ വേർഷൻ സ്വന്തമായുണ്ടായിരുന്ന പൂച്ച ഒറ്റച്ചാട്ടത്തിന് കിളിയെ പിടികൂടി.
പക്ഷേ ആ ചാട്ടത്തിലാണ് പൂച്ചയ്ക്ക് ആ നഗ്നസത്യം മനസ്സിലായത്, താൻ ചാടിയിരിക്കുന്നത് പഴയ വില്ലയിലെ സിറ്റൗട്ടിൽ നിന്നല്ല, മറിച്ച് അബുദാബി സിറ്റിയിലെ ഫ്‌ളാറ്റിന്റെ പതിനാറാം നിലയിലെ ബാൽക്കണിയിൽ നിന്നാണ്. എന്തായാലും നമ്മുടെ പൂച്ചയ്ക്ക് അങ്ങനെ ഒരുപാട് നേരം അതേക്കുറിച്ചു ആലോചിച്ചു തല പുണ്ണാക്കേണ്ടി വന്നില്ല. അതിനിടക്ക് പൂച്ച താഴെയെത്തി. അതിന്റെ ദേഹം ഭൂമിയിൽ അവശേഷിക്കുകയും ദേഹി സ്വർഗ്ഗത്തിൽ എത്തിച്ചേരുകയും ചെയ്തു.
കെട്ടിട നിർമ്മാണത്തിലെ ചില കാര്യങ്ങളും അങ്ങനെയാണ്. ചെയ്തു കഴിഞ്ഞിട്ട് പിന്നെ ആലോചിച്ചു തല പുണ്ണാക്കിയിട്ട് ഒരു കാര്യവുമില്ല. അതിലൊന്നാണ് ഫൗണ്ടേഷന്റെ നിർമ്മാണം. എന്നാൽ ഈ ഫൗണ്ടേഷനെ കുറിച്ച് അറിയുന്നതിനൊപ്പം കെട്ടിടത്തിന്റെ മൊത്തം ഭാഗങ്ങളെക്കുറിച്ചു നമുക്ക് സാമാന്യമായി ഒന്ന് പഠിക്കാം.
ലോകത്തെ ഏതൊരു കെട്ടിടത്തിനും സാമാന്യമായി മൂന്നു ഭാഗങ്ങളാണുള്ളത്, അത്രയേ ഉള്ളൂ.
ഒന്ന് - ഏറ്റവും താഴെയുള്ള ഫൗണ്ടേഷൻ അഥവാ സബ് സ്ട്രക്ചർ.
രണ്ട് - അതിനു മുകളിലായി വരുന്ന ഭിത്തിയും, കട്ടിള ജനലുകളും, ലിന്റലുകളും, തൂണും, ബീമുകളും, ഗോവണിയും, അടുക്കള സ്ളാബും അതുപോലുള്ള സകലമാന ഐറ്റംസും ഉൾക്കൊള്ളുന്ന സൂപ്പർ സ്ട്രക്ചർ.
മൂന്ന് - ഏറ്റവും മുകളിലുള്ള റൂഫ് അഥവാ മേൽക്കൂര.
ഇനി ഞാൻ പറയുന്ന കാര്യങ്ങൾ നകുലൻ സമചിത്തതയോടെ, ശ്രദ്ധയോടെ കേൾക്കണം. ഈ മൂന്ന് ഭാഗങ്ങളിൽ റിപ്പയർ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ് ഏറ്റവും താഴെ കിടക്കുന്ന ഫൗണ്ടേഷൻ. കാരണം മറ്റു രണ്ടു സംഗതികളും കയറി ഇരിക്കുന്നത് ഇതിന്റെ മുകളിലാണ് എന്നത് തന്നെ. അതുകൊണ്ടുതന്നെ ഫൗണ്ടേഷൻ നിർമ്മാണത്തിൽ അങ്ങേയറ്റം ശ്രദ്ധ വേണം. ഒരു വിട്ടുവീഴ്ചയും അരുത്.
അതുകൊണ്ടുതന്നെ എന്തെങ്കിലും പ്രശ്നം ഈ ഭാഗത്തു ഉണ്ടായാൽ അത് കെട്ടിടത്തിന്റെ മൊത്തം തകർച്ചയ്ക്കുതന്നെ കാരണമാകാം. അത് പരിഹരിക്കാനും കഴിയില്ല.
"ഇറ്റ് ഈസ് ഇൻക്യൂറബിൾ, അതിനു പരിഹാരം ല്ല്യാ " എന്നാണു പ്രശസ്ത വാസ്തുവിദ്യാ വിദഗ്ദൻ പുല്ലേറ്റുപുറം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഇതേക്കുറിച്ചു പറഞ്ഞിട്ടുള്ളത്. ഫൗണ്ടേഷൻ തകർച്ചക്ക് അനവധി നിരവധി കാരണങ്ങൾ ഉണ്ടാകാം. അശാസ്ത്രീയമായി നികത്തിയ ഒരു തെങ്ങിൻ കുഴിയോ, പഴയൊരു സെപ്റ്റിക് ടാങ്കോ, ഫൗണ്ടേഷന് സമീപത്തുള്ള നികത്തിയതോ, നികത്താത്തതോ ആയ കിണറോ ഒക്കെ ഇതിൽ പെടാം. എന്നാൽ ഞാൻ പറയാൻ പോകുന്നത് ഇതിൽ ഒന്നും ഉൾപ്പെടാത്ത ഒരു കാരണമാണ്.
എൻജിനീയറിങ് മേഖലയുമായി ബന്ധമില്ലാത്ത ഒരു സാധാരണക്കാരൻ ചിന്തിക്കുക പോലും ഇല്ലാത്ത ഒരു കാരണം. പണി വന്നത് എവിടെനിന്നാണ് എന്നുപോലും മനസ്സിലാവില്ല. ഇതിനെയാണ് എൻജിനീയർമാർ 'ഡി മോയ്സ്ചറൈസേഷൻ ഓഫ് സോയിൽ' എന്ന് വിളിക്കുന്നത്. മനഃശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ എന്ത് വിളിക്കും എന്നറിയില്ല, അവരോടുതന്നെ ചോദിക്കണം.
വിശദമാക്കാം.
ഫൗണ്ടേഷന് താഴെ ഉള്ള മണ്ണ് മിക്കവാറും സമയം വെള്ളത്തിൽ കുതിർന്നോ, അല്ലെങ്കിൽ ഈർപ്പത്തോട് കൂടിയോ ആണ് കാണപ്പെടുക. ഏതെങ്കിലും കാരണവശാൽ കെട്ടിടം നിർമ്മിക്കപ്പെട്ടതിനു ശേഷം ഈ ഈർപ്പം പൂർണ്ണമായി പിൻവലിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ മണ്ണിന്റെ വ്യാപ്തം കുറയും. ഒന്നുകൂടി വ്യക്തമാക്കിയാൽ കെട്ടിടത്തെ താങ്ങി നിർത്തുന്ന മണ്ണ് ചുരുങ്ങിപ്പോകും, അല്ലെങ്കിൽ താഴോട്ട് ഇരുന്നുപോകും എന്നർത്ഥം. അതോടെ ഫൗണ്ടേഷനെ താങ്ങി നിർത്താൻ ആളില്ലാതെയാകും, ഫലം ഫൗണ്ടേഷൻ പൂർണ്ണമായോ ഭാഗികമായോ തകരാം. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ പെട്ടെന്നൊരുനാൾ മണ്ണിലെ വെള്ളം ഇങ്ങനെ പിൻവലിയാൻ കാരണം എന്ന് ചോദിച്ചാൽ പല കാരണങ്ങളുണ്ട്.
ഭൗമാന്തർഭാഗത്തെ ജലത്തിന്റെ പിൻവലിയലുകൾ ആകാം. തൊട്ടപ്പുറത്തെ പറമ്പിലെ ചേട്ടൻ കിണറു കുഴിച്ചതാകാം. മണ്ണിലെ വെള്ളത്തെ അത്യധികമായി വലിച്ചെടുക്കുന്ന ചില ചെടികളുടെ സാന്നിധ്യമാകാം. സമീപത്തു നടക്കുന്ന ഭീമാകാരമായ ഏതെങ്കിലും പ്രോജക്ടുകളാകാം. ഇങ്ങനെ പല കാരണങ്ങളാൽ ആകാം. ഒരുവേള ഹിമാലയൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ഏതെങ്കിലും ഒരു ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന് വേണ്ടി നിർമ്മിക്കുന്ന ടണലിങ് ശൃംഖലയ്ക്കുപോലും ജോഷിമഠ് പോലുള്ള ദുർബ്ബലമായ ഭൗമഘടനയുള്ള ഒരു പട്ടണത്തിൽ ഈ വിധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം എന്നർത്ഥം. ആണ് എന്നല്ല, ആകാം. മുദ്ര ശ്രദ്ധിക്കണം.
എന്നുകരുതി നമ്മൾ കേരളീയർ ഈ ഒരു സാധ്യതയെ കുറിച്ച് വല്ലാതെ ടെൻഷൻ അടിക്കണം എന്നില്ല, വിശേഷിച്ചു പാലക്കാട് ജില്ലക്ക് വടക്കുള്ളവർ. കാരണം, സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും അവിടത്തെ മണ്ണിന്റെ ഘടന താരതമ്യേന ഉറപ്പുള്ളതാണ്. പാലക്കാടിന് തെക്കുള്ളവരും ഇത് കേട്ട് വല്ലാതെ പരിഭ്രമിക്കണം എന്നല്ല പറയുന്നത്. ഇത് എൻജിനീയറിങ് ഗ്രന്ഥങ്ങളിൽ പറയുന്ന ഫൗണ്ടേഷൻ തകർച്ചക്കുള്ള ഒരു കാരണം മാത്രമാണ്. അതുപോലെ ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സാധ്യത മാത്രമാണ്.
പല സാഹചര്യങ്ങൾ ഒത്തു ചേരുമ്പോൾ മാത്രം സംഭവിക്കാവുന്ന ഒന്ന്. അതുപോലെ എല്ലാ മണ്ണിലും ഇത് സംഭവിക്കണം എന്നും ഇല്ല. പൊതുവിജ്ഞാനത്തിനായി പറഞ്ഞു എന്ന് മാത്രം. അതുപോലെ വീടിന്റെ രൂപകൽപന എന്നുപറയുമ്പോൾ അത് വാസ്തുവിദ്യയും ഭംഗിയുള്ള ഒരു ത്രീഡിയും മാത്രം ഒത്തുചേരുന്ന ഒന്നല്ല.
കാലാവസ്ഥാ ശാസ്ത്രവും, കലയും, മെറ്റിരിയൽ എൻജിനീയറിങ്ങും, ഭൗമശാസ്ത്രവും ഒക്കെ ഒത്തുചേരുന്ന സങ്കീർണ്ണമായ ഒന്നാണ്. അതിൽ അങ്ങേയറ്റം പ്രാധാന്യമുള്ള ഒന്നാണ് സ്ട്രക്ചറൽ എൻജിനീയറിങ്. അതേക്കുറിച്ചു പറയാനും ഒരു പൂച്ചയുണ്ട്. ആ പൂച്ചയും ഇങ്ങു അബുധാബിയിൽ തന്നെയാണുള്ളത്...
***
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Internal Factors affecting Stability of House- Expert Talk