ADVERTISEMENT

നീഹാരം...ഞങ്ങളുടെ സ്വപ്നമാണ്... 

അങ്ങേയറ്റം കഷ്ടപ്പെട്ട് യാതനകൾ സഹിച്ചു ഞങ്ങളെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും ശിഷ്ടകാലം വൃത്തിയുള്ള നല്ലൊരു സാഹചര്യത്തിൽ ഞങ്ങളോടൊപ്പം ജീവിക്കാൻ അവസരമൊരുക്കാൻ കഴിഞ്ഞു എന്ന വലിയ ചാരിതാർഥ്യമുണ്ട്. 2018 ഡിസംബറിൽ പണി പൂർത്തിയായി പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ ജീവിതത്തിൽ ഏതൊരാളും സ്വപ്നം കാണുന്ന വലിയൊരു ആഗ്രഹം സഫലമായി. 

മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഓലക്കൂരയിൽ നിന്നും പതിയെ പതിയെ ചെറിയ തറവാട് വീട് യാഥാർഥ്യമായപ്പോഴും സൗകര്യങ്ങൾ നന്നേ കുറവായിരുന്നു. ഇടുങ്ങിയ, ഇരുൾ നിറഞ്ഞ ഇടനാഴിയിൽ, മുറികളിൽ ഞങ്ങൾ 6 പേർ അടങ്ങുന്ന കുടുംബം അങ്ങനെ തിങ്ങിനിറഞ്ഞു ജീവിച്ചുപോന്നു. 

pazhaya-veed
പഴയ വീട്

കാർഷികവൃത്തിയിൽ ജീവിതം തള്ളിനീക്കാൻ ഓരോരുത്തരുടെയും വിയർപ്പും അധ്വാനവും  കഷ്ടപ്പാടുകളും യാതനകളുമായി മുന്നോട്ടുപോകുന്നതിനിടയ്ക്ക് തളർന്നുവീണും ഇഴഞ്ഞു നീങ്ങിയും ഇടയ്ക്ക് കിട്ടിയ കച്ചിതുരുമ്പിൽ പിടിച്ചു കേറിയും വിദ്യാഭ്യാസകാലഘട്ടം പൂർത്തിയാക്കി. ബിഎഡ് എടുത്തശേഷം തൊട്ടടുത്ത ഹയർ സെക്കണ്ടറി സ്‌കൂളിൽ 1500 രൂപ മാസശമ്പളത്തിൽ കമ്പ്യൂട്ടർ അധ്യാപകനായി അധ്യാപന ജീവിതം ആരംഭിച്ചു. 

കോളേജിൽ നിന്നും പ്രീഡിഗ്രി എടുത്തു മാറ്റിയപ്പോൾ സ്ഥാപനത്തിൽ പുതിയ ഹൈസ്കൂളും ഹയർസെക്കണ്ടറിയും അനുവദിച്ചപ്പോൾ മാനേജ്മെന്റ് ശമ്പളത്തിൽ ആയിരുന്നു ആ പോസ്റ്റിങ്.  സ്കൂളിലേക്ക്  സോഷ്യൽ സയൻസ് വേക്കൻസിയിൽ കയറാൻ നല്ലൊരു അവസരം ഒത്തുവന്നെങ്കിലും  7 ലക്ഷം കൊടുക്കാൻ കയ്യിൽ ഇല്ലാത്തതിനാൽ ആ അവസരം നഷ്ടപ്പെട്ടു. 

തുച്ഛമായ ശമ്പളത്തിൽ അവിടെ തുടരുന്നതിൽ സഹതാപം തോന്നിയ അന്നത്തെ അവിടുത്തെ പ്രിൻസിപ്പലിന്റെ ഉപദേശവും സപ്പോർട്ടും കൊണ്ട് അവരുടെ തന്നെ സിബിഎസ്ഇ സ്‌കൂളിൽ ആദ്യം കമ്പ്യൂട്ടർ അധ്യാപകനായും പിന്നീട് സോഷ്യൽ സയൻസ് അധ്യാപകനായും തരക്കേടില്ലാത്ത ശമ്പളത്തിൽ ജോലി ചെയ്തു.

ജീവിതം ആകമാനം മാറിമാറിഞ്ഞ സംഭവവികാസങ്ങൾക്കിടയിലാണ് മാലദ്വീപിൽ അധ്യാപകരെ എടുക്കുന്ന പത്രപരസ്യം ശ്രദ്ധയിൽ പെട്ടത്. അപേക്ഷയയച്ചു. തിരുനെൽവേലിയിൽ ഇന്റർവ്യൂവിന് പോകുമ്പോൾ സഹപ്രവർത്തകയുടെ ഭർത്താവും മറ്റൊരു സുഹൃത്തും ആ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കൂടെ ഉണ്ടായിരുന്നു. ജോലി കിട്ടി ഇങ്ങോട്ട് കയറുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഇരുട്ടായിരുന്നു. നാട് വിട്ട് പോരുവാൻ ഒട്ടും ആഗ്രഹമില്ലാതിരുന്ന ഞാൻ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പ്രവാസിയായി മാറി. 

പ്രവാസ ജീവിതത്തിലെ അധ്യാപനത്തിന്റെ ആകെത്തുകയാണ് എന്റെ 'നീഹാരം' എന്ന വീട്. അമ്മയുടെയും അച്ഛന്റെയും ഭാര്യയുടെയും ചെറിയ സഹായങ്ങൾ കൂടി സ്വപ്നസാക്ഷാൽക്കാരത്തിന് സഹായകമായി. പെങ്ങമാരും അമ്മാവനും അനിയനുമെല്ലാം (കസിൻ) നിർണ്ണായക സാഹചര്യത്തിൽ കടംതന്നു സഹായിച്ചു. 

new-home

വാസ്തു നോക്കിയിട്ടില്ല. വീടിന്റെ സങ്കൽപങ്ങൾ എൻജിനീയർ സാജനോട് സംസാരിച്ചു. അദ്ദേഹമാണ് ഈ വീടിന്റെ എല്ലാ ഘട്ടങ്ങളിലും സൂപ്പർവിഷൻ ചെയ്ത് ഇത് യാഥാർഥ്യമാക്കി തന്നത്. വാസ്തു ഒഴിവാക്കുകയും നല്ല വായുസഞ്ചാരവും വെളിച്ചവും ഉറപ്പു വരുത്തിയാണ് പണി പൂർത്തിയാക്കിയത്. വാസ്തു വിധികൾ പ്രകാരം ചെയ്യുമ്പോൾ നമ്മുടെ ഇഷ്ടത്തിലുള്ള എലിവേഷൻ പറ്റില്ല. റൂമുകൾക്ക് നല്ല ഉയരത്തിൽ ചെരിഞ്ഞ മേൽക്കൂരകളാണ് നൽകിയിട്ടുള്ളത്. 

neeharm

ഡൈനിങ് റൂമിനു മുകൾ വശം റൂഫിൽ പാർഗോള കൊടുത്ത് ഗ്ലാസ് ഷീറ്റിട്ടു.  സൂര്യൻ അസ്തമിക്കും വരെ വീടിനുള്ളിൽ അതുകൊണ്ടു തന്നെ നല്ല വെളിച്ചമാണ്. അതു തന്നെയാണ് വീടിന്റെ പോസിറ്റീവ് എനർജിയുടെ ഘടകവും. നിറയെ ജനാലകൾ ഉൾപ്പെടുത്തിയതിനാൽ നല്ല വായുസഞ്ചാരവും ഉണ്ട്. രണ്ടാമത്തെ നിലയിലെ ബാൽക്കണിയും പ്രധാന റൂമിലെ കിളിവാതിലുമാണ് ഈ വീടിന്റെ ഏറ്റവും ആകർഷണീയമായ ഇടങ്ങൾ.

നാലു വർഷങ്ങൾക്കിപ്പുറം കാൻസർ  രോഗിയായിരുന്ന അമ്മ ഞങ്ങളെ വിട്ടുപോയി. അമ്മയുടെ രോഗാവസ്ഥയിൽ അമ്മയ്ക്ക് ഏറ്റവും മികച്ച പരിചരണം കിട്ടുവാനും രോഗാവസ്ഥയിൽ അമ്മയെ സന്ദർശിച്ച അണമുറിയാത്ത ബന്ധുമിത്രാദികളുടെ സാമീപ്യവും എല്ലാം പുതിയ സാഹചര്യത്തിൽ സഹായകമായി. 

ഇനി..

മുറ്റം ഒന്നു ശരിയാക്കി എടുക്കണം. ഇന്റർലോക്ക് കട്ടകളോ ടൈൽസ് പോലുള്ള സംഭവങ്ങളോ ഇട്ട് വെള്ളം താഴ്ന്നിറങ്ങാത്ത സാഹചര്യങ്ങളോട് ഒട്ടും താൽപര്യമില്ല. കരിങ്കല്ല് അല്ലെങ്കിൽ വെട്ടുകല്ല് പാകി ഇടയിൽ പുല്ല് വെച്ചു പിടിപ്പിച്ചു മുറ്റമൊരുക്കണം എന്നാണ് ആഗ്രഹം. നിലവിൽ ബേബി മെറ്റൽ വിരിച്ചിട്ടിരിക്കുകയാണ്. 

English Summary- Dream home Built through Hardwork- Malayali Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com