'കീഴുദ്യോഗസ്ഥന്റെ വീടിനേക്കാൾ ചെറുതാകുന്നത് കുറച്ചിലല്ലേ'!: അബദ്ധം പാഠമാകണം; അനുഭവം
Mail This Article
ഉച്ചഭക്ഷണ സമയത്താണ് തന്റെ പ്ലാൻ സഹപ്രവർത്തകരുടെ മുന്നിലവതരിപ്പിക്കുന്നത്. ചർച്ച ചെയ്യാൻ പറ്റിയ സമയം അതാണ്. തന്റെ കീഴിലുള്ള സർവ്വരും പുത്തൻവീട് വച്ചു, പലരും പുത്തൻ കാറും വാങ്ങി. അക്കൂട്ടരുടെ ഉപദേശഗളഛേദം സഹിക്കാനാവാതെ വന്നപ്പോൾ അയാളും പ്ലാൻ വരപ്പിച്ചു.
'ഒരു പ്ലാൻ വേണം'....
'മൂന്ന് ബെഡ്റൂം വേണം.മുകൾനില വേണം. മുകളിൽ ഒരു മുറി ആയിക്കോട്ടെ'.
കഴിഞ്ഞു. മറ്റ് ചർച്ചയൊന്നുമില്ല.
വീട്ടിൽവന്ന് ഒന്നുകൂടെ ആലോചിച്ചപ്പോൾ ഒരുമുറികൂടി അധികം വേണമെന്ന് തോന്നി. ഫോണിലൂടെ വരപ്പുകാരനെ വിളിച്ചു പറഞ്ഞു.കന്നിമൂലയും അഗ്നി കോണും വാസ്തുപുരുഷനും നോക്കി പ്ലാൻ റെഡിയാക്കി. സ്ഥലത്തെ പ്രധാന വാസ്തു ദോഷ പരിഹാര വിദഗ്ദനാണ് പ്ലാൻ തയ്യാറാക്കുന്നയാൾ.
ഒറ്റദിവസംകൊണ്ട് പുഷ്പം പോലെ പ്ലാൻ വിരിഞ്ഞ് കടലാസിൽ പൂത്തു നിന്നു. ആ പ്ലാനാണ് ഉച്ചഭക്ഷണ സമയത്ത് പുറത്തിറങ്ങി നടക്കുന്നത്.
'സാറേ ഇതിത്തിരി വല്യ പ്ലാനായില്ലേ?'
കീഴുദ്യോഗസ്ഥനെങ്കിലും കാര്യവിവരമുളള പുള്ളിയാണ്. തന്നേക്കാൾ മുമ്പേ സർവ്വീസിൽ കേറിയവനെങ്കിലും ഇതേവരെ വീട് വച്ചിട്ടില്ല. ഭാര്യവീട്ടിൽ പരമസുഖം പോളിസിക്കാരനാണ് ടിയാൻ .
'എന്തിനാ സാറേ എനിക്ക് വീട്. ഭാര്യയുടെ വീട്ടിൽ മറ്റാരുമില്ലല്ലോ. ശിഷ്ടകാലം അവിടെ കൂടാംന്നേ'.
അക്കാര്യത്തിലാണ് ടിയാനോട് അസൂയ തോന്നുന്നത്. തന്റെ ഭാര്യവീട്ടിലോ അളിയൻമാരുടെ ബഹളമാണ്. അളിയൻമാർക്കിടയിൽ മറ്റൊരു അളിയന് ഇടമുണ്ടാവില്ലല്ലോ..
മൂന്ന് ആണും ഒരു പെണ്ണുമാണ് അവളുടെ വീട്ടിലെ ആൾബലം. കൂടാതെ അപ്പനും അമ്മയും. എല്ലാർക്കും അരുമയാണവൾ. അവളെയാണ് ഇയാൾ കെട്ടിയത്. അരുമയൊക്കെ ഒരുനേരം കൊള്ളാം. കുഞ്ഞുപെങ്ങളെങ്കിലും അളിയൻമാരോടൊത്തുള്ള നീണ്ട വിരുന്നുകാലം നിഷിദ്ധമാണ്. അചിന്തനീയമാണത്.
ഭാര്യവീട്ടിൽ ഏറിയാൽ ഒരു ദിവസം അതിനപ്പുറം രാപ്പാർക്കാൻ പോകില്ല. അത്രക്കും അഭിമാനിയാണ്. ദീർഘകാലം ഭാര്യവീട്ടിലെ താമസത്തെ പറ്റി ആലോചിക്കാൻ പോലുമാവില്ല.
**
ഡൈനിങ് റൂമിൽ ജനാലയില്ലാത്തതു കാരണം വെന്റിലേഷൻ ഉണ്ടാവില്ല..
'സാറേ? സ്റ്റയർ ഇവിടന്ന് സ്റ്റാർട്ട് ചെയ്താൽ പാസ്സേജിന് തടസ്സം വരില്ലേ?'
'അടുക്കളയിൽ ഇങ്ങനെ വാതിൽ വച്ചാൽ ഇടം കുറഞ്ഞു പോവില്ലേ?'
തന്റെ വീട് വൈദഗ്ധ്യം മൂപ്പര് ഓരോന്നായി പുറത്തെടുത്തു. വീട് വച്ചില്ലെങ്കിലെന്ത് അഭിപ്രായത്തിന് പഞ്ഞമൊന്നുമില്ല. ഇനിയും ഇതിയാൻ പ്ലാനിനെപ്പറ്റി അഭിപ്രായം പറയാൻ നിന്നാൽ മേലുദ്യോഗസ്ഥനായ തന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുമെന്ന് തോന്നിയെങ്കിലും അതിലൊക്കെ കാര്യമുണ്ടെന്ന് തോന്നാതിരുന്നുമില്ല.
'ഇതൊന്നും എന്റെ ഐഡിയയല്ല. അവൾക്ക് ഇങ്ങനെയൊക്കെ വേണംന്ന് പറഞ്ഞു. വരപ്പിച്ചു. എനിക്കിതിലൊന്നും ഒരു താൽപര്യവുമില്ല. വാസ്തുവിൽ പോലും എനിക്ക് വിശ്വാസമില്ല പക്ഷേ ഭാര്യക്ക് ഒരേനിർബന്ധം.'
അയാൾ പ്ലാനിന്റെ തകരാറൊക്കെ വിദഗ്ദമായി ഭാര്യയുടെ മേൽ കെട്ടിവച്ച് ഭക്ഷണം കഴിച്ച് കൈകഴുകാൻ എണീറ്റു. അതേസമയം മറ്റൊരിടത്ത് ഭാര്യയുടെ ഓഫീസിലെ സംഭാഷണം.
'മാഡം ഇതാരാ വരപ്പിച്ചത്? അടുക്കള ഒട്ടും സൗകര്യമില്ലാട്ടോ. ഡൈനിങ് റൂമും ശരിയായില്ല. ബെഡ്‌റൂമിൽ
കട്ടിലിട്ടാൽ നടക്കാൻ സൗകര്യമുണ്ടാകുമോ? സിറ്റൗട്ട് കുറച്ച് കൂടി വലിപ്പത്തിലാക്കാമായിരുന്നില്ലേ? കോമൺ ബാത്ത്റൂം ഇത്തരത്തിൽ കൊടുത്താൽ ചില അസൗകര്യങ്ങളൊക്കെ ഉണ്ടാവും...'
അഭിപ്രായങ്ങൾ മലവെള്ളം പോലെ കുത്തിയൊലിച്ച് ഒഴുകിവന്നു. അതൊക്കെ കേട്ട് വൈക്ലബ്യവതിയായ ഓഫീസർ ഭാര്യ നിർവ്വികാരമായി മറുപടി പറഞ്ഞു.
'ഓ ഞാനൊന്നും ഇടപെട്ടില്ലെന്നേ, എല്ലാം ഹസിന്റെ ഡിസിഷൻസായിരുന്നു.'
അങ്ങനെ ഓഫീസർ ഭർത്താവും ഓഫീസർ ഭാര്യയും സഹപ്രവർത്തകർക്കിടയിലും ചർച്ചാവിഷയമായി. ഇരുവരും കേൾക്കാതെ കീഴുദ്യോഗസ്ഥർ അവരെ സമൃദ്ധമായി കുറ്റവും കുറവും പറഞ്ഞു രസിച്ച് സമാധാനിച്ചു. മേലുദ്യോഗസ്ഥനെപ്പറ്റി പറയാൻ കിട്ടുന്ന അവസരം അങ്ങനെയാരും കളയാറില്ലല്ലോ. ഇതിനൊക്കെ വീടിന്റെ പ്ലാനൊരു നിമിത്തമായീന്ന് മാത്രം.
ദിവസങ്ങൾക്കു ശേഷം സഹപ്രവർത്തകന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥ ഭാര്യയും മകനുമൊന്നിച്ച് നമ്മുടെ മേലുദ്യോഗസ്ഥൻ ഒരു ചടങ്ങിനു പോയി.
'സാർ സാറിന്റെ പ്ലാൻ കണ്ടു.'
മറ്റൊരു ഓഫീസിലെ ജീവനക്കാരനാണ്. തന്നെക്കാൾ ശമ്പള സ്കെയിൽ കുറവാണ്.
'ഫസ്റ്റ് ഫ്ലോർ പ്ലാൻ എന്താ ഇങ്ങനെ? താഴത്തെ നിലയിൽ മൂന്ന് ബെഡ്റൂമുള്ള സ്ഥിതിക്ക് മുകളിലെന്തിനാ രണ്ട് ബെഡ്റൂം. ഒന്ന് കുറച്ചാൽ നന്നാവും.'
ഇപ്പറയുന്നയാളുടെ വീടിൽ 4 ബെഡ്റൂമുണ്ട് കേട്ടോ. രണ്ട് താഴെ രണ്ട് മുകളിൽ. ഉദ്യോഗസ്ഥൻ സമനില തെറ്റാതെ മറുപടി പറഞ്ഞു.
'ഒന്ന് ഞങ്ങക്ക്. ഒന്ന് ഗസ്റ്റിന്, ഒന്ന് അപ്പനും അമ്മക്കും മുകളിലേത് ഒന്ന് മോന് പിന്നൊന്ന് അളിയന്.
അങ്ങനെയാണ് രൂപകൽപന. മോളിൽ ഒരു മുറി വേണമെന്ന് മോന് ഒരേ നിർബന്ധം.ഓന്റെ ആഗ്രഹമല്ലെ ഇക്കൂട്ടത്തിൽ തന്നെ ചെയ്യാന്ന് വച്ചു'.
മോൻ എത്രാം ക്ലാസിലാ പരിചയക്കാരൻ കവിളിൽ തട്ടി ചോദിച്ചു.
'തേഡ് സ്റ്റാൻന്റേഡ്'
മോൻ ചിരിച്ചുകുണുങ്ങി പറഞ്ഞു.
'ആ അപ്പൊ കുഴപ്പമില്ല ഇനിയിപ്പൊ ഒരാൾ കൂടിയുണ്ടായാൽ ഒരുമുറികൂടിയാവാം'.
ആ പറച്ചിലിൽ ഒരു പരിഹാസമുണ്ടോന്ന് സംശയം.
ഇത്രേം മുറികൾ ഇന്നത്തെ കാലത്ത് വേണംന്നേ. എണ്ണം കറക്ടാണ്.
മേലുദ്യോഗസ്ഥന്റെ വീട് അങ്ങനെ അന്തരീക്ഷത്തിൽ പറന്ന് നടന്നു. സൗഹൃദം പ്രകടിപ്പിച്ച കീഴുദ്യോഗസ്ഥൻ തൊട്ടപ്പുറത്തേക്ക് പോയി മറ്റൊരു അഭിപ്രായം പങ്കുവച്ചു.
'എന്നാലും എന്തിന്റെ സൂക്കേടാണ് പുള്ളിക്ക്? അഞ്ച് മുറിയെന്തിനാ അയാൾക്ക്. പണമുണ്ടെങ്കിൽ പിന്നെന്താ എന്തും ചെയ്യാലോ ല്ലേ?"
ഇപ്പറഞ്ഞയാളുടെ വീട്ടിൽ നാല് റൂമാണെന്ന് പറഞ്ഞല്ലോ. അതിനേക്കാൾ ഒരു മുറികൂടി വേണം എന്നത് മേലുദ്യോഗസ്ഥന്റെ തീരുമാനമാണ്. അഞ്ചാമത്തെ മുറിക്ക് ഒരു പേര് വേണമല്ലൊ എന്നാലോചിച്ചപ്പോൾ ഭാര്യയാണ് ആ പേര് നിർദ്ദേശിച്ചത്- ക്വാറന്റൈൻ റൂം.
ബെഡ്, മാസ്റ്റർ ബെഡ്, പാരന്റ്സ് ബെഡ്, കിഡ്സ് ബെഡ്...
അങ്ങനെ പോയി കിടക്കറ നാമങ്ങൾ. അഞ്ചാമത്തെ മുറി അളിയൻമാർക്കായി നീക്കിവച്ചതാണ്. അതെങ്ങനെ ഇംഗ്ലീഷിൽ പറയും. 'ബ്രദർ ഇൻ ലാ ബെഡ്. ഓ അത് വേണ്ട ക്വാറന്റൈൻ എന്ന് തന്നെ മതി'.
'സാറേ ഒരു മുറി ക്ലിനിക്കാക്കാം. അതിന്റെ കുറവാണ് ഇതിലുള്ളത്'.
എൻജിനീയറിങ് ബിരുദധാരിയും ഓഫീസ് അസിസ്റ്റന്റുമായ പയ്യനാണ് തമാശ പറഞ്ഞത്. ആ ഓഫീസിൽ ഇത്തിരി വിദ്യാഭ്യാസമുള്ള ആളാതുകൊണ്ട് എൻട്രൻസ് കിട്ടാത്ത മക്കളുള്ള ഉദ്യോഗസ്ഥരൊക്കെ അവന്റെ അഭിപ്രായത്തെ വിമർശിച്ചു. മര്യാദയില്ലാത്ത അഭിപ്രായമെന്ന് വിലയിരുത്തപ്പെട്ടു.
***
വീട് പണി തുടങ്ങി. കാലങ്ങൾക്ക് ശേഷം വീടിന് സംഭവിച്ചത്.....
മുകളിലൊരു മുറിയിൽ മൂന്ന് കാലുള്ള കട്ടിൽ പഴയൊരു അൽമാര, കെട്ടഴിഞ്ഞ ചൂരൽ കസേര, ഫ്രിഡ്ജിന്റെ കൂട്, ഓട്ടുരുളിയൊന്ന് വലിയ രണ്ട് അലുമിനിയ വട്ടകൾ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്ഥാവര ജംഗമ വസ്തുക്കൾ. മകനായി പണിത മറ്റൊരു മുറി അടഞ്ഞു കിടക്കുന്നു.
താഴത്തെ നിലയിലുള്ള പാരന്റ്സിന്റെ മുറിയിൽ നിറച്ചും തുണികൾ. ജനാല കമ്പിയിൽ കെട്ടിയ അഴയത്ത് തുണിയുണക്കാനിട്ടിരിക്കുന്നു. ഗസ്റ്റ് ബെഡ് ശൂന്യം. ചുരുക്കത്തിൽ ഒരു മുറി മാത്രമാണ് ലൈവായുള്ളത്.അതാണവരുടെ ബെഡ്.
എങ്കിലും അവർക്കിടയിൽ ഏകാഭിപ്രായമുണ്ട്. എന്താന്നറിയണ്ടേ.
'മുകളിൽ രണ്ട് മുറി പണിതപ്പോൾ താഴെ ചൂട് കുറഞ്ഞു.'
പിന്നെ ആ പരിസരത്ത് അതായത് നൂറ് മീറ്റർ ചുറ്റളവിലോ ഓഫീസിൽ മറ്റാർക്കുമോ അഞ്ചു ബെഡ്റൂമുള്ള വീടില്ലാത്തത് ഇരുവർക്കുമിടയിൽ ആരോഗ്യമുള്ള ദാമ്പത്യത്തെ ഊഷ്മളമായി നിലനിർത്തുകയും ചെയ്യുന്നുണ്ട് എന്നത് ചില്ലറ ആശ്വാസമൊന്നുമല്ലല്ലോ.
ആറ് ബെഡ്റൂമുള്ള ഏതേലുമൊരുത്തൻ സ്ഥലമാറ്റം കിട്ടി തന്റെ ഓഫീസിലേക്ക് വരാതിരിക്കുന്നതുവരെ അവർക്കിടയിലെ ഐക്യം പാറപോലെ ഉറച്ചുനിൽക്കും എന്നതാണ് അതിന്റെയൊരു മനശാസ്ത്രസംഹിത.
***
ലേഖകൻ ഡിസൈനറാണ്.
മൊബൈൽ നമ്പർ- 81370 76470
English Summary- House in not a competition Item; Designer Share Experience