ADVERTISEMENT

സൗരോർജത്തെ താപോർജമായും വൈദ്യുതോർജമായും വീടുകളിൽ പ്രയോജനപ്പെടുത്താനാകും. ഒരുകാലത്ത് വളരെ ചെലവേറിയ സംവിധാനങ്ങളായിരുന്നു ഇതെങ്കിൽ ഇന്ന് ആ സ്ഥിതി മാറി. ഇടത്തരക്കാർക്കും താങ്ങാവുന്ന നിലയിലാണ് സൗരോർജ സംവിധാനങ്ങളുടെ വിലനിലവാരം.

സൗരോർജത്തിൽ നിന്ന് ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ്, ഡയറക്റ്റ് ഡിസി തുടങ്ങിയ സംവിധാനങ്ങളിൽ വൈദ്യുതി ഉൽപാദിപ്പിക്കാം. കൂടാതെ ETC, FPC സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയുള്ള സോളർ വാട്ടർ ഹീറ്ററുകളും സോളാർ വാട്ടർ പമ്പുകളും സോളർ ഡ്രയർ, സളാർ കുക്കർ തുടങ്ങിയവയും ലഭ്യമാണ്. 

 

മുന്നൊരുക്കങ്ങൾ

2070531506
Representative Image: Photo credit: AlyoshinEi/ Shutterstock.com

വീട് നിർമാണഘട്ടത്തിൽ തന്നെ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി കുറച്ചു മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഇതിനായി ഈ മേഖലയിൽ പരിചയസമ്പത്തുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കുകയും അവരുടെ നിർദേശപ്രകാരം വേണ്ട കാര്യങ്ങൾ മുൻകൂറായി സജ്ജീകരിക്കുകയും ചെയ്യാം. 

വീടുകളിൽ കോൺക്രീറ്റ് മേൽക്കൂരയ്ക്കു മുകളിൽ ട്രസ് റൂഫ് നൽകി ഓടോ ഷീറ്റോ മേയുന്ന പതിവുണ്ട്. അതുപോലെ ചരിഞ്ഞതോ വളഞ്ഞതോ ആയ കോൺക്രീറ്റ് മേൽക്കൂരയും പലയിടത്തും കണ്ടു വരുന്നു. ഇത്തരം നിർമിതികളൊക്കെ ചെയ്യുമ്പോൾ അവിടെ സോളർ വൈദ്യുത സംവിധാനങ്ങളോ വാട്ടർ ഹീറ്ററോ ഇപ്പോഴോ ഭാവിയിലോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുതകുന്ന രീതിയിൽ പ്ലാൻ ചെയ്തു വേണം റൂഫിങ്. അതുപോലെ റൂഫിൽ സോളർ പാനലും ഹീറ്ററും വയ്ക്കുന്നത് തെക്കു വശത്തേക്കു തിരിഞ്ഞായിരിക്കണം. പരമാവധി സമയം സൂര്യപ്രകാശം ലഭിക്കുന്നതിനുവേണ്ടിയാണിത്. 

ഇതോടൊപ്പം സോളർ പവർ പ്ലാന്റിനു വേണ്ട കേബിളിങ് പൈപ്പുകളും എർത്തിങ് സംവിധാനങ്ങളും വീടിന്റെ ഇലക്ട്രിക് വയറിങ് പൈപ്പുകൾ സ്ഥാപിക്കുന്നതിനൊപ്പം നൽകിയാൽ പിന്നീട് ഭിത്തിക്കു പുറത്തു കൂടിയുള്ള വയറിങ്ങും കോൺക്രീറ്റ് സ്ലാബുകൾ തുളയ്ക്കുന്നതുമെല്ലാം ഒഴിവാക്കാം. സോളർ പവർ ഓഫ്ഗ്രിഡ് സിസ്റ്റം ആണെങ്കിൽ ഇൻവെർട്ടറും ബാറ്ററിയും വയ്ക്കാനുള്ള ലൊക്കേഷനും മുൻകൂട്ടി തീരുമാനിച്ചാൽ അവിടേക്കുള്ള പൈപ്പുകളും വയറിങ്ങുമെല്ലാം കൺസീൽഡായി മുൻകൂർ ചെയ്യാനും കഴിയും. 

സോളർ വാട്ടർ ഹീറ്റർ സ്ഥാപിക്കാനുള്ള സ്ഥാനം മുൻകൂട്ടി നിശ്ചയിച്ചാൽ പ്രധാന വാട്ടർ ടാങ്ക് അതിനു മുകളിൽ ആവശ്യമായ ഉയരത്തിൽ സ്ഥാപിക്കാനാകും. ഇനി അഡീഷനൽ ടാങ്കാണ് നൽകുന്നതെങ്കിൽ അതിനു വേണ്ട മുന്നൊരുക്കങ്ങളും നടത്താം. സോളർ വാട്ടർ ഹീറ്ററിൽ നിന്നുള്ള ചൂടുജലം ആവശ്യം േവണ്ടിടങ്ങളിലൊക്കെ എത്തിക്കാനുള്ള പൈപ്പ് ലൈനുകളും വീടിന്റെ നിർമാണഘട്ടത്തിൽ തന്നെ പ്ലാൻ ചെയ്തു സ്ഥാപിച്ചാൽ വളരെ നല്ലത്. 

 

പണച്ചെലവ്

ഓഫ് ഗ്രിഡ് സോളർ പവർ സിസ്റ്റം ആണെങ്കിൽ ഏത് സമയത്ത് എന്തൊക്കെ ഉപകരണങ്ങൾ എത്ര സമയം പ്രവര്‍ത്തിക്കണം എന്നതിന് ആനുപാതികമായ ശേഷിയുള്ള ഇൻവെർട്ടറുകളും ബാറ്ററികളും ഉപയോഗിക്കണം. അതിന് ആനുപാതികമായ ചെലവായിരിക്കും ഉണ്ടാകുന്നത്. 

ഒരു ദിവസം 10 യൂണിറ്റിൽ താഴെ ഉപയോഗം വരുന്ന സാധാരണ വീടുകളിൽ ഓഫ്ഗ്രിഡ് സോളാർ പവർ സിസ്റ്റം സ്ഥാപിക്കുന്നതിന് മൂന്നു ലക്ഷത്തോളം രൂപയാണ് ചെലവ്. അതുപോലെ ഉയർന്ന ലോഡും കൂടുതൽ യൂണിറ്റ് ഉപഭോഗവും ആവശ്യമെങ്കിൽ അതിന് ആനുപാതികമായി ചെലവ് കൂടും. എന്നാൽ ഓൺഗ്രിഡ് സിസ്റ്റത്തിൽ ലോഡ് എത്രയെന്നത് പ്രശ്നമല്ലാത്തതിനാൽ നമ്മുടെ ശരാശരി യൂണിറ്റ് ഉപയോഗത്തിന് അനുസൃതമായ സംവിധാനങ്ങളായിരിക്കും സ്ഥാപിക്കുന്നത്. ചെലവും അതനുസരിച്ചു കുറവായിരിക്കും. 

ഒരു സാധാരണ വീടിനു 3 മുതൽ 5 കിലോവാട്ട് വരെ ശേഷിയുള്ള സോളർ യൂണിറ്റ് വേണം. ഒരു കിലോവാട്ടിന്റെ സോളർ പവർ പ്ലാന്റിൽ നിന്നു മൂന്നോ നാലോ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. ഉയർന്ന ഗുണമേന്മയുള്ള ഇറക്കുമതി ചെയ്ത സോളാർ പാനലും ഇൻവെർട്ടറും സൈറ്റിലെത്തിച്ച് സ്ഥാപിച്ചു നൽകുവാൻ സാധാരണഗതിയില്‍ ഒരു കിലോവാട്ടിന് 65,000 മുതൽ 75,000 രൂപവരെയാകും. 

ഇനി സോളർ വാട്ടർ ഹീറ്ററുകളുടെ കാര്യത്തിലേക്കു വരാം. മുൻപു പറഞ്ഞതു പോലെ രണ്ടു തരത്തിലുള്ള സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള സോളർ വാട്ടർ ഹീറ്ററുകൾ വിപണിയിൽ ലഭ്യമാണ്. കാര്യക്ഷമതയും ആയുസ്സും ചൂടു കൂടുതൽ ലഭിക്കുന്ന ഫ്ലാറ്റ് പ്ലേറ്റ് കളക്ടർ (FPC) മോഡലിനാണ്. സ്വാഭാവികമായും വിലയും കൂടുതൽ തന്നെ. 125 ലീറ്റർ കപ്പാസിറ്റിയുള്ള കോപ്പർ ഫ്ലാറ്റ് പ്ലേറ്റ് കളക്ടർ മോഡൽ സോളർ വാട്ടർ ഹീറ്ററിന് ഏകദേശം 35,000 രൂപ മുതൽ 40,000 രൂപ വരെ ചെലവാകും. 

എന്നാൽ ആവശ്യത്തിനു ചൂടു ലഭിക്കുന്ന മെയിന്റനൻസ് കുറച്ചു കൂടി എളുപ്പമായ 100 ലീറ്റർ ഇവാക്യുവേറ്റഡ് ട്യൂബ് കളക്ടർ (ETC) മോഡലിന് 18,000– 22,000 രൂപയാണ് വില. ഗ്ലാസ് ട്യൂബാണ് ഇതിൽ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ പ്രഷർ പമ്പ് ചെയ്ത് ഉപയോഗിക്കാൻ കഴിയില്ലെന്നൊരു പോരായ്മയുണ്ട്. അത്തരം സംവിധാനം ഉള്ളയിടങ്ങളിൽ ഫ്ലാറ്റ് പ്ലേറ്റ് കളക്ടർ മോഡൽ തന്നെയാകും അഭികാമ്യം. 

 

സർക്കാർ സബ്സിഡിയും ആനുകൂല്യങ്ങളും

സോളർ സംവിധാനങ്ങൾ വീട്ടിൽ സ്ഥാപിക്കുന്നതിനു ചെലവാകുന്ന തുകയ്ക്ക് ആദായനികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. അതുപോലെ ചില കാലയളവുകളിൽ ചില മോഡലുകൾക്ക് സർക്കാർ സബ്സിഡി ലഭിക്കുമെങ്കിലും അതിൻപ്രകാരം കിട്ടുന്ന ഉൽപന്നത്തിന്റെ ഗുണനിലവാരവും വിൽപനാനന്തര സേവനവും അന്വേഷിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. 

 

ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തണം

സോളർ പവർ സിസ്റ്റത്തിന് കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഓഫ്ഗ്രിഡ് പവർ സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ െലഡ് ആസിഡ് സെല്ലുകൾ ആണെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും ബാറ്ററി വാട്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ നിറച്ചു കൊടുക്കണം. കൂടാതെ കൂടുതൽ പൊടിശല്യമുള്ള പ്രദേശങ്ങൾ ആണെങ്കിൽ സോളർ പാനലുകൾ, അതു സിസ്റ്റം ഏതായാലും ആറുമാസത്തിൽ ഒരിക്കലെങ്കിലും തുണി നനച്ചു തുടച്ചു കൊടുത്താൽ നല്ലതാണ്. 

പലപ്പോഴും റൂഫിനു മുകളിലോ മറ്റോ ആണ് സോളർ പാനലുകൾ സ്ഥാപിച്ചിരിക്കുക. സ്വാഭാവികമായും വീട്ടുകാർക്ക് അവിടെ കയറി പാനലുകൾ വൃത്തിയാക്കുക ബുദ്ധിമുട്ടും അപകടമേറിയതുമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ സോളർ സർവീസ് നൽകുന്ന സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്. 

 

സേവനദാതാവിനെ തിരഞ്ഞെടുക്കുമ്പോൾ

സോളർ പവർ സിസ്റ്റത്തിന്റെയും മറ്റും റിപ്പയറിങ് പലപ്പോഴും അതതു കമ്പനികൾക്കു മാത്രമേ ആയാസരഹിതമായി ചെയ്യാനാകൂ. കാരണം ഇത്തരം ഉപകരണങ്ങളഇൽ പലതും പ്രോഗ്രാം ബേസ്ഡ് ആണ്. അതിനാൽ വിൽപ്പനാനന്തര സേവനത്തിനു സോളർ ഉൽപന്നങ്ങളുടെ കാര്യത്തിൽ പ്രത്യേകം മുൻഗണന കൊടുക്കണം. ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കും ഒപ്പം ഈ ഫീൽഡിൽ ദീർഘകാല പ്രവൃത്തിപരിചയമുള്ളവരെയും ഓൺസൈറ്റ് സപ്പോർട്ടു നൽകുന്നവരെയും തിരഞ്ഞെടുക്കുന്നതാവും നല്ലത്. 

 

ഓഫ് ഗ്രിഡും ഓൺ ഗ്രി‍ഡും

പേരു സൂചിപ്പിക്കുന്നതുപോലെ ഗ്രിഡ്, അല്ലെങ്കിൽ വൈദ്യുത പ്രസരണ ലൈനുമായി ബന്ധമില്ലാത്തതിനെ ഓഫ് ഗ്രിഡ് എന്നും ഈ ലൈനുമായി കണക്ട് ചെയ്തിരിക്കുന്നതിനെ ഓൺഗ്രിഡ് എന്നും പറയുന്നു. ഓഫ് ഗ്രിഡിൽ സോളർ പാനലുകൾ വഴി സംഭരിക്കുന്ന വൈദ്യുതി ബാറ്ററികളിലേക്കു ചാർജ് ചെയ്തു വയ്ക്കുകയും ആവശ്യം പോലെ ഉപയോഗിക്കുകയും ചെയ്യും. ഓൺഗ്രിഡ് സംവിധാനത്തിൽ ഈ സംഭരണ സൗകര്യം ഇല്ല. പാനൽ വഴി ഉൽപാദിപ്പിക്കുനന വൈദ്യുതി വീട്ടിലെ ഉപയോഗം കഴിഞ്ഞുള്ളത് നേരെ ഗ്രിഡിലേക്കു നൽകുകയും ഉൽപാദനം നടക്കാത്ത രാത്രികാലങ്ങളിലും മറ്റും ഗ്രിഡിൽ നിന്നുള്ള വൈദ്യുതി വീട്ടാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഈ കൊടുക്കൽ വാങ്ങലുകൾക്ക് പ്രത്യേക താരിഫ് നിരക്കിൽ വിലയും നിശ്ചയിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് 

ജോർജ് ജി. മുരിക്കൻ

മാനേജിങ് ഡയറക്ടർ, മുരിക്കൻസ് ഗ്രൂപ്പ്, കോട്ടയം

English Summary- Solar Panel Installation in House- Energy Efficient House Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com