'പണം കൊടുത്ത് സഹായിച്ചാലും, ഒരാളെയും പണി കൊടുത്ത് സഹായിക്കരുത്'; അനുഭവം

malayali-house
Representative Image only: Photo credit: Suti Stock Photo/ Shutterstock.com
SHARE

എനിക്ക് പറ്റിപ്പോയ ഒരബദ്ധം നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ചന്ദ്രൻ എന്റെ ബാല്യകാല സുഹൃത്താണ്. ജോലി ആവശ്യാർത്ഥം 1993ൽ ഞാൻ ദുബായിക്ക് വന്നു. കൺസ്ട്രക്‌ഷൻ വർക്കുകളുടെ കോൺട്രാക്ടറായി ചന്ദ്രൻ നാട്ടിൽ തന്നെ കൂടി. ചെറുതും വലുതുമായ അത്യാവശ്യം വർക്കുകളെല്ലാം എടുത്ത് ഭംഗിയായി നടത്തിക്കൊണ്ടുപോയിരുന്ന ചന്ദ്രൻ പിന്നീടെപ്പഴൊ തരികിട പഠിച്ച് പണിയിൽ ഉഴപ്പാൻ തുടങ്ങി.

പണിയുടെ കാര്യത്തിലും സാമ്പത്തിക ഇടപാടിലും ആളുകളുടെ വിശ്വാസം നഷ്ടപ്പെടുകയും അത്യാവശ്യം തരക്കേടില്ലാത്ത ചീത്തപ്പേര് 'സമ്പാദിക്കുകയും' ചെയ്തു. പണികളൊന്നും കിട്ടാതെ പ്രയാസപ്പെട്ട് നടക്കുന്ന പഴയ സുഹൃത്തിന്റെ ദയനീയാവസ്ഥ കണ്ട് മനുഷ്യപ്പറ്റിന്റെ പുറത്താണ് എന്റെ ഒരു ബന്ധുവിന്റെ പുതിയ വീടിന്റെ  വർക്ക് 'എന്റെ ഉറപ്പിൻമേൽ' അവന് ഞാൻ പിടിച്ചുകൊടുത്തത്.

ആർക്കും വിശ്വാസമില്ലാത്തതു കാരണം പണി കിട്ടാതെ നടന്നിരുന്ന ചന്ദ്രന് അത്യാവശ്യം തരക്കേടില്ലാത്ത പണി ഒപ്പിച്ചുകൊടുത്തതിന്റെ സന്തോഷത്തിൽ അഡ്വാൻസ് തുക കൈപറ്റിയപ്പോൾ നന്ദിസൂചകമായി ചെറിയൊരു സംഖ്യ എനിക്ക് വച്ചുനീട്ടി (നാട്ടിലെ മാമൂലും അങ്ങനെയാണല്ലൊ).

പക്ഷേ ഞാനത് സന്തോഷത്തോടെ നിരസിച്ചു. എന്നാൽ ഒരു പാർട്ടി നടത്താം എന്നായി. അടുത്ത സിറ്റിയിലുള്ള ഹോട്ടലിൽ പോയി ചെറിയൊരു ഡിന്നർ പാർട്ടി നടത്താം എന്ന അവന്റെ തീരുമാനം സന്തോഷമായി ഞാൻ സ്വീകരിക്കുകയും ചെയ്തു.

വീടുപണി തുടങ്ങി. ആദ്യമൊക്കെ വലിയ ആവേശത്തിൽ പണി നടന്നു. പക്ഷേ അധികം വൈകാതെ ചന്ദ്രൻ അവന്റെ തനിനിറം പുറത്ത് കാണിച്ചു തുടങ്ങി...പണിക്ക് വാങ്ങിയ അഡ്വാൻസ് തുകകൊണ്ട് മുൻപ് ഇടയ്ക്കുവച്ച് നിർത്തിയ മറ്റേതൊ വർക്ക് തീർക്കാൻ തുടങ്ങി. കരാർ തുക അധികമായി പറ്റുക കൂടി ചെയ്തപ്പോൾ വീടുപണി പാതിവഴിക്ക് നിലച്ചു.

'മുക്കിപിഴിഞ്ഞാൽ പോലും ഒരു തുള്ളി നീര് കിട്ടാത്ത' ചന്ദ്രൻ കൈ മലർത്തിയപ്പോൾ വിഷയം നാലാളുടെ മുന്നിൽ ചർച്ചയായി, പൊലീസ് കേസായി... ഞാനും ചന്ദ്രനും തമ്മിൽ ഉടക്കുകയും ചെയ്തു. പണി മേടിച്ചുകൊടുത്തതിന്റെ പേരിൽ എനിക്ക് ഡിന്നർ പാർട്ടി നടത്തിയത് 'പണിപിടിച്ചു കൊടുത്തതിന് ഞാൻ വാങ്ങിയ കമ്മീഷൻ' എന്ന നിലയിൽ നാട്ടുകാരുടേയും എന്റെ ബന്ധുക്കളുടെയും മുന്നിൽ എനിക്കെതിരെ എടുത്ത് പ്രയോഗിക്കാനും ചന്ദ്രൻ മറന്നില്ല. 

ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നിൽ ഞാൻ അപഹാസ്യനാകുകയും എന്നിൽ അവർക്കുണ്ടായിരുന്ന മതിപ്പിന് ഈ സംഭവം മങ്ങലേൽപിക്കുകയും  ചെയ്തു!

നോക്കണേ, 'വഴിയെപോയ വയ്യാവേലി'...

'പണം കൊടുത്ത് സഹായിച്ചാലും, ഒരാളേയും പണി കൊടുത്ത് സഹായിക്കരുത്' എന്ന വലിയ പാഠമാണ് സംഭവത്തിലൂടെ ഞാൻ പഠിച്ചത്.

വീട് വിഡിയോസ് കാണാം..

English Summary- House Construction Experience- Mistakes in Malayalam

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS