വീട്ടിൽ കൊണ്ടുവന്ന മെത്ത 'ലാഭ'ത്തിൽ വാങ്ങി പറ്റിക്കപ്പെട്ടു; അനുഭവം
Mail This Article
ഗ്രാമങ്ങളിലും ചെറുടൗണുകളിലും രാവിലെ റോഡിൽ തിരക്കാവുന്നതിനുമുമ്പ് ഇറങ്ങുന്നവർ കണ്ടിട്ടുള്ള പതിവുകാഴ്ചയുണ്ട്. മുകളിൽ മെത്തയും കെട്ടിവച്ചു പായുന്ന ഒരു ഓമ്നി വാൻ, അല്ലെങ്കിൽ ചെറുകാർ. ഇവർ എങ്ങനെ ഈ സാധനം വിറ്റഴിക്കും? പെട്രോൾ കാശ് മുതലാകുമോ തുടങ്ങിയ ചോദ്യങ്ങൾ ചിലരുടെ മനസിലൂടെയെങ്കിലും പോയിട്ടുണ്ടാകും. ഇനി എനിക്കുണ്ടായ ഒരു അനുഭവമാണ് വിവരിക്കുന്നത്. ഇത്തരം ആളുകളിൽനിന്ന് മെത്ത (mattress) വാങ്ങിച്ചു പറ്റിക്കപ്പെട്ട ഒരാളാണ് ഞാനും.
ഇവരുടെ കച്ചവട രീതി:
കാഴ്ചയിൽ നല്ല ഭംഗിയും ഈടും തോന്നിപ്പിക്കുന്ന ബെഡുമായി അടുത്ത കവലയിൽ തമ്പടിക്കുന്ന ഇവർ ഓരോത്തരായി പരിസരത്തെ വീടുകളിലേക്ക് കയറിവരുന്നു. ഇതിൽ പ്രമുഖ കമ്പനികളുടെ (ഡ്യൂപ്ലിക്കേറ്റ്) മെത്തയും കാണാം. ആദ്യം നമ്മോടിവർ ഒരു വില പറയുന്നു. വില കുറയുമോ എന്ന് ചോദിച്ചാൽ 6 മാസത്തെ ഇൻസ്റ്റാൾമെന്റ് സ്‌കീമിൽ തരാം എന്ന് പറയുന്നു. അങ്ങനെയെങ്കിൽ അല്പം വില കൂടുമെന്നും, ഒരു വർഷം, ഒന്നര വർഷം, രണ്ടു വർഷം...നമ്മുടെ ആവശ്യപ്രകാരമുള്ള ഇൻസ്റ്റാൾമെന്റ് കാലാവധി തരാമെന്നു പറയുന്നു.
അങ്ങനെയെങ്കിൽ നേരത്തെ 5000 രൂപ വിലപറഞ്ഞ ബെഡിന്റെ വില 7000 മോ അതിനു മുകളിലോ ആകുന്നു. പക്ഷേ പകുതി പണം (ഉദാ: 3500) അഡ്വാൻസായി കൊടുക്കണം. ബാക്കി വരുന്ന 3500 രൂപ മാസതവണയായോ, രണ്ടോ മൂന്നോ തവണകളായോ രണ്ടു വർഷകൊണ്ട് കൊടുത്തു വീട്ടിയാൽ മതി എന്നും പറയുന്നു.
(ഇത് ആർക്കും ആകർഷകമായി തോന്നും. കാരണം രണ്ടുവർഷം സമയമുണ്ട്, അതിനിടയിൽ ബെഡിന് വല്ല കേടുപാടുകളും വരുമോ എന്ന് മനസ്സിലാക്കുകയും ചെയ്യാം) അങ്ങനെ 3500 പ്രകാരം നമ്മൾ നമുക്ക് ആവശ്യമുള്ളത്ര ബെഡുകൾ വാങ്ങുന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിലോ, ഒന്നോ രണ്ടോ മാസത്തിനുള്ളിലോ മെത്ത കേടാകുന്നു. അടുത്ത തവണ പണംപിരിക്കാൻ വരുന്നവനേയും കാത്തു നമ്മളിരിക്കുന്നു...പക്ഷേ, അവൻമാരെ പിന്നെ ആ വഴിക്ക് കാണുകയേ ഇല്ല. അവർതന്നെ വിസിറ്റിങ് കാർഡിലെ നമ്പറിൽ വിളിച്ചാൽ ആളെ കിട്ടുകയുമില്ല.
വെറും 500 രൂപയിൽ കുറവ് ചെലവ് വരുന്ന വസ്തുവാണ് നമുക്ക് 3500 രൂപയ്ക്ക് തന്നിരിക്കുന്നത് എന്ന സത്യം അപ്പോഴാണ് നമ്മൾ മനസ്സിലാക്കുക. ഞാൻ വഞ്ചിക്കപ്പെട്ടതും ഈ രീതിയിലാണ്...(മാന്യമായി ഈ ജോലിചെയ്യുന്ന ന്യൂനപക്ഷവും ഉണ്ടാകാം).
തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഫാക്ടറികളിൽനിന്നും പുറംതള്ളുന്ന പാഴ്‌വസ്‌തുക്കൾകൊണ്ട് നിർമിക്കുന്നതാണ് ഈ ബെഡ്. ആ സംസ്ഥാനങ്ങൾക്കുപുറമെ പാലക്കാട്, കോഴിക്കോട് ജില്ല അടക്കം കേരളത്തിലെ പല ജില്ലകളിലേയും ഉൾഗ്രാമങ്ങളിൽ ഇത്തരം നിർമാണ യൂണിറ്റുകൾ രഹസ്യമായി പ്രവൃത്തിക്കുന്നതായി അറിയാം.
മാത്രമല്ല, നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ നടന്നിട്ടുള്ള മാല പൊട്ടിക്കൽ കേസുകളിലും മോഷണക്കേസുകളിലുമെല്ലാം ഇതുപോലുള്ള കച്ചവടക്കാർ പ്രതികളായ സംഭവങ്ങളുമുണ്ട്. മെത്തക്കച്ചവടം എന്ന വ്യാജേന ഉൾപ്രദേശങ്ങളിലെ വീടുകളിലെ അവസ്ഥയും, മോഷണമോ പിടിച്ചുപറിയോ നടത്തി രക്ഷപ്പെടാനുള്ള ഊട് വഴികളും നിരീക്ഷിച്ചതിനുശേഷം വീട്ടിൽ ആളില്ലാത്ത സമയത്തോ, രാത്രിയിലോ വീട് കയറി മോഷണം നടത്തുന്ന മാഫിയകളും ഈ കൂട്ടത്തിലുണ്ട്.
അതുകൊണ്ട് സൂക്ഷിക്കുക: വീടുവീടാന്തരം നടന്നു ഇതുപോലുള്ള കച്ചവടം നടത്തുന്നവരെ കഴിവതും അകറ്റി നിർത്തുന്നതാണ് ഉചിതം.
NB: ഈ പറഞ്ഞതിനർഥം, ഇങ്ങനെ കച്ചവടം നടത്തുന്ന എല്ലാവരും ഇത്തരക്കാരാണ് എന്നല്ല!
***അഭിപ്രായം വ്യക്തിപരം.
English Summary- Bought Bed from Door to Door Vendors, Cheated Finally; Experience