ADVERTISEMENT

പഠനം കഴിഞ്ഞു അത്യാവശ്യം കുറച്ചു ജോലികളുമൊക്കെയായി ജീവിതം സ്വച്ഛവും ശാന്തവുമായി മുന്നോട്ടു പോകവെയാണ് ഒരുദിവസം എന്നെ വകയിലെ ഒരമ്മാവൻ പുള്ളിയുടെ വീട്ടിലോട്ടു  വിളിക്കുന്നത്. ഞാൻ ചെല്ലുമ്പോൾ അമ്മാവൻ പൂമുഖത്തുകൂടി ഗൗരവത്തിൽ അങ്ങനെ ഉലാത്തുകയാണ്.

കാലം പഴയതാണ്, ഇന്നത്തെപ്പോലെ അമ്മാവന്മാരെ കാണുമ്പോൾ "ഹായ് അങ്കിൾ" എന്നോ "സ്വീറ്റ് അങ്കിൾ" എന്നോ പറഞ്ഞു അങ്ങോട്ട് ചാടിക്കയറാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഞാൻ കുറച്ചപ്പുറത്ത് മാറിനിന്നുകൊണ്ടു മുരടനക്കി. അമ്മാവൻ തലയുയർത്തി എന്നെ നോക്കി, പിന്നെ ഗഹനമായ ആലോചനയിൽ മുഴുകി.

" നീ ഇരിക്ക് "

അമ്മാവൻ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ ഇരുന്നില്ല. തലയും ചൊറിഞ്ഞു കുറച്ചപ്പുറത്തേക്കു നീങ്ങിനിന്നു. അധികം വൈകാതെ അമ്മാവൻ കാര്യത്തിലേക്കു കടന്നു.

" നീ ഇപ്പൊ പരീക്ഷ പാസായി, തരക്കേടില്ലാത്ത വർക്കുകളും ഉണ്ട്. അതുകൊണ്ട് ഇനി എത്രയും വേഗം നടത്തേണ്ട ഒരു കാര്യമുണ്ട്. ഒരമ്മാവൻ എന്ന നിലയിൽ അത് നിന്നെ ഉപദേശിക്കേണ്ടത് എന്റെ കടമയുമാണ്"

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി, എങ്കിലും ആ സന്തോഷം പുറത്തു കാണിക്കാതെ നിർവികാരനായി ഞാൻ പറഞ്ഞു :

" സത്യത്തിൽ ഒരു വിവാഹത്തെക്കുറിച്ചു ഞാനിതുവരെ ചിന്തിച്ചിട്ടില്ല അമ്മാവാ. ഈശ്വര പ്രാർത്ഥനയും, തീർഥയാത്രകളുമായി ഒരു ആത്മീയ ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എങ്കിലും അമ്മാവന്റെ ഒരു അന്ത്യാഭിലാഷം എന്ന നിലയ്ക്ക് ഞാൻ അതിനു തയ്യാറാണ്"

തുടർന്നങ്ങോട്ട് ഒരു മൂന്നു നാല് മിനിറ്റ് അമ്മാവൻ പറഞ്ഞ കാര്യങ്ങൾ ഇവിടെ പറയാൻ കൊള്ളില്ല. അതുകൊണ്ട് ഞാൻ പറയുന്നുമില്ല.  

അമ്മാവൻ പറയാൻ ആഗ്രഹിച്ച കാര്യം മറ്റൊന്നായിരുന്നു. അതായത് ഞാൻ ഉടനെ പട്ടണത്തിൽ ഒരു ഓഫിസ് തുടങ്ങണം. എന്നാലേ കാര്യങ്ങൾക്കു ഒരു അടുക്കും ചിട്ടയും ഉണ്ടാവൂ. അങ്ങനെ ഞാൻ എനിക്ക് ഓഫിസ് ആരംഭിക്കാൻ പറ്റിയ ഒരു സ്ഥലവും തിരഞ്ഞു നടപ്പായി.

മാടാലയിലെ ഉമ്മർ ഹാജിക്ക് ടൗണിൽ നല്ലൊരു കെട്ടിടമുണ്ട്, ഹാജി പറയുന്ന വാടകയും ന്യായമാണ്. പക്ഷേ ഒരു പ്രശ്നമുണ്ട്. ഇന്നത്തെപ്പോലെ സർക്കാർ അംഗീകാരങ്ങൾക്കു പ്ലാൻ സബ്മിറ്റ് ചെയ്യുക എന്ന ഏർപ്പാടൊന്നും അന്നില്ല, വീട് നിർമ്മാണത്തിൽ എൻജിനീയർമാരുടെ റോളും ഇന്നത്തേതിന്റെ പത്തിലൊന്നുപോലും ഇല്ല. അതുകൊണ്ടുതന്നെ ഹാജിയാർ പറയുന്ന  വാടക കൊടുക്കാനുള്ള പ്രതിമാസ വരുമാനം എനിക്ക് കിട്ടുമോ എന്നതിന് യാതൊരു ഗ്യാരന്റിയും ഇല്ല. ഒരു പകുതി ഒക്കെ ആണെങ്കിൽ ഓക്കേ.

എന്നിരുന്നാലും ഞാൻ എന്നും രാവിലെ ഹാജിയുടെ കെട്ടിടത്തിന് മുന്നിൽ പോകും, കുറെ നേരം ചുമ്മാ അതിലോട്ടു നോക്കി നിൽക്കും. ഇംഗ്ലിഷിൽ 'വിൻഡോ ഷോപ്പിങ്' എന്ന് വിളിക്കുന്ന ഒരു പരിപാടിയാണിത്. ഒരു സാധനം വാങ്ങാൻ ഉദ്ദേശ്യമോ, പണമോ ഇല്ലാതെ ചുമ്മാ അതും നോക്കി നിന്നു വെള്ളമിറക്കുക എന്നതാണ് ഈ പദംകൊണ്ട് അർഥമാക്കുന്നത്.  'കാശില്ലാത്തവൻ ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്നപോലെ' എന്ന ശൈലിയിലൂടെ നമ്മൾ മലയാളികളും സമാന സാഹചര്യത്തെ വിവക്ഷിക്കാറുണ്ട്.

അങ്ങനെ ഒരു ദിവസം രാവിലെ ഞാൻ ഹാജിയാരുടെ ബിൽഡിങ്ങിനെയും നോക്കിനിൽക്കുന്ന സമയത്താണ് വക്കീൽമാരുടെ എംബ്ലം പതിച്ച സ്‌കൂട്ടറിൽ ഏതാണ്ട് എന്റെ പ്രായമുള്ള ഒരു ചങ്ങാതി അങ്ങോട്ട് വരുന്നത്. വന്നപാടെ പുള്ളിയും ഈ ബിൽഡിങ്ങിനെ നോക്കി എന്റെ അരികത്തായി  നിൽപ്പായി. അങ്ങനെയാണ് ഞാൻ പുള്ളിയോട് കാര്യം തിരക്കുന്നത്.

ആഗതൻ ഒരു വക്കീലാണ്, പ്രാക്ടീസ് തുടങ്ങിയിട്ടേ ഉള്ളൂ, ഒരു ഓഫിസ് വേണം,  ഹാജിയാരുടെ ബിൽഡിങ്ങിലെ റൂം ഇഷ്ട്ടപ്പെട്ടു, വലിയ വാടക ഒന്നും കൊടുക്കാൻ കയ്യിലില്ല,  അതാണ് പ്രശ്നം. എന്തായാലും ഞങ്ങൾ ഒരേ തൂവൽപക്ഷികൾ ആണെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ഒരുമിച്ചൊരു ചായകുടിക്കാം എന്ന തീരുമാനത്തിലെത്തി, അങ്ങനെ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ തലയിൽ ആ വെളിപാടുണ്ടാവുന്നത്.

അതായത് എനിക്ക് ഓഫിസ് ആവശ്യമായത് രാവിലെ മുതൽ വൈകുന്നേരം വരെയാണ്. വക്കീലിനാണെങ്കിൽ വൈകുന്നേരം ഏതാണ്ടൊരു ഏഴു മണിമുതൽ രാത്രി ഒൻപതര - പത്തുവരെയും. എങ്കിൽ ഒരേ ഓഫിസ് തന്നെ ഞങ്ങൾക്ക് വിവിധ സമയങ്ങളിൽ പങ്കിട്ടാൽ എന്താണ് ..?

അങ്ങനെ അമ്മാവന്റെ അഭീഷ്ടപ്രകാരം ഞാനൊരു ഓഫിസ് തുടങ്ങി, വക്കീൽ മുട്ടനൊരു കസേരയും മേശയും കൊണ്ടുവന്നു, ഞാൻ എന്റെ കംപ്യൂട്ടറും അവിടെക്കൊണ്ടുപോയി വച്ചു. പകൽസമയത്ത്  എന്നെക്കാണാൻ വരുന്ന ആളുകൾ ഞാൻ ഇരിക്കുന്ന മേശയും കസേരയും കണ്ടു വാപൊളിച്ചു നിൽക്കും. സീനിയർ വക്കീൽമാരുടെ ഓഫിസിൽ പോലും കമ്പ്യൂട്ടർ ഇല്ലാതിരുന്ന അക്കാലത്ത്, കംപ്യൂട്ടറൈസ്ഡ് ഓഫിസ് ഉള്ള കുട്ടിവക്കീലിനെ കണ്ടു അങ്ങോരുടെ കക്ഷികളും വാ പൊളിക്കും.

ഒരേ സ്‌പേസിനെ രണ്ടു വ്യത്യസ്ത സമയങ്ങളിൽ രണ്ടു വ്യത്യസ്ത രീതികളിൽ ഉപയോഗിക്കുന്നതു വഴി എങ്ങനെ ചെലവ് കുറയ്ക്കാം എന്ന പ്ലാനിങ് തന്ത്രമാണ് ഇപ്പോൾ നിങ്ങൾ കണ്ടത്. ഇത് ഏറ്റവും നന്നായി ഉപയോഗിക്കാവുന്ന ഒരു മേഖലയാണ് കേരളത്തിലെ വീടുകളുടെ നിർമ്മാണം.

നമുക്ക് നോക്കാം.

നമ്മുടെ വീടുകളിൽ സാധാരണ കാണപ്പെടാറുള്ള ഇടങ്ങൾ ഇനിപ്പറയുന്നവയാണ്.

സിറ്റ്ഔട്ട് - അഥവാ പുറം വരാന്ത. അതിഥികൾ വന്നാൽ ഇരിക്കാനുള്ള ഗസ്റ്റ് ലിവിങ്. ഊണുമുറി അഥവാ ഡൈനിങ്ങ് ഹാൾ, ഇവിടെത്തന്നെ ഫാമിലി ലിവിങും വന്നേക്കാം, ഗസ്റ്റ് ലിവിങ്ങിനെത്തന്നെ ഫാമിലി ലിവിങായി ഉപയോഗിക്കുന്നവരും ഉണ്ട്. കിടപ്പുമുറികൾ - ടോയ്‌ലെറ്റോടു കൂടിയതോ അല്ലാത്തതോ. അടുക്കളയും സ്റ്റോറും വർക്ക്‌ ഏരിയയും.

ഇനിയാണ് ചോദ്യങ്ങൾ.

പകൽ സമയങ്ങളിൽ നാം എത്ര ബെഡ് റൂമുകൾ ഉപയോഗിക്കുന്നുണ്ട് ..? 

രാത്രിയിൽ ഗസ്റ്റ് ലിവിങ്ങിന്റെ ഉപയോഗം എത്രത്തോളം ഉണ്ട് ..?

ശരാശരി മൂന്നു ബെഡ് റൂം ഉള്ള ഒരു മലയാളി വീട്ടിൽ പകൽ സമയം മുഴുവൻ മൂന്നു ബെഡ് റൂമിലും ആളുകൾ കിടന്നുറങ്ങില്ല, പ്രായമുള്ളവർ ഉള്ള വീടാണെങ്കിൽ ഒരു ബെഡ്റൂം മിക്കവാറും ഉപയോഗത്തിലാവും, പുറംജോലിക്കു പോകാത്തവരുടെ ഉച്ചമയക്കത്തിനായി വേണമെങ്കിൽ ഒരു റൂമും മാറ്റിവെക്കാം. അതുപോലെ രാത്രി ഒൻപതുമണി കഴിഞ്ഞാൽ സാധാരണ ഒരതിഥിയും വരാറില്ല. 

എങ്കിൽ പിന്നെ ഈ അതിഥി മുറിയെ ഒരു നോൺ അറ്റാച്ഡ് കൺവെർട്ടബിൾ ബെഡ് റൂം ആക്കി മാറ്റിക്കൂടെ ..? അതായത് പകൽ അതിഥി മുറി, രാത്രി കിടപ്പുമുറി.

കൺവെർട്ടബിൾ ഫർണിച്ചറുകളുടെ ഇക്കാലത്ത്‌ ഡ്രോയിങ് റൂമിനെ ബെഡ്റൂം ആക്കുക എന്നുള്ളത് നിസ്സാരമായ ഒരു കാര്യമാണ്. തലയ്ക്കു വെളിവുള്ള ഒരു എൻജിനീയറോ ആർക്കിടെക്റ്റോ വിചാരിച്ചാൽ നിഷ്പ്രയാസം നടത്തിയെടുക്കാവുന്ന ഒരേർപ്പാട്.

അപ്പോഴും ഒരു ചോദ്യം വന്നേക്കാം.

ബെഡ്റൂമിൽ വാഡ്രോബും കണ്ണാടിയും ഒക്കെ വേണം, ഡ്രോയിങ് റൂമിൽ അത് വേണോ എന്ന്. ഇതിനുള്ള പരിഹാരമാണ് ഇന്റീരിയർ ഡിസൈനിങ്. ഒരു സ്ഥലത്തെ ഏറ്റവും ഉപയോഗയോഗ്യമായ രീതിയിൽ, ചെലവ് കുറച്ചു, സ്വാഭാവിക ദൃശ്യപ്രകാശത്തിന്റെ അകമ്പടിയോടെ, കലാപരമായി വിന്യസിക്കുന്ന ഏർപ്പാടിനെയാണ് നമ്മുടെ നാട്ടിലെ തലത്തിൽ നിന്നുകൊണ്ട് ഇന്റീരിയർ ഡിസൈനിങ് എന്ന് വിളിക്കുന്നത്.അല്ലാതെ ഭിത്തിയിൽ കടുംചായം വാരിപ്പൂശി, ഡാൻസ് ബാറിനെ അനുസ്മരിപ്പിക്കും വിധം വെളിച്ചം വാരിവിതറി, എന്തെങ്കിലുമൊക്കെ കുത്തിനിറയ്ക്കുന്നതല്ല... അതായത് മിടുക്കനായ ഒരു ഇന്റീരിയർ ഡിസൈനർ വിചാരിച്ചാൽ ഈ വാഡ്രോബിനെയും കണ്ണാടിയെയും ഇതേ ഡ്രോയിങ് റൂമിൽ ഒളിപ്പിക്കാം.

ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ ചേട്ടാ എന്ന് ചിന്തിക്കുന്നവർ ഉണ്ടാവാം. ഞാൻ പറയുന്നത് കയറിക്കിടക്കാൻ ഒരു വീടിനു വേണ്ടി ബുദ്ധിമുട്ടുന്ന സാമ്പത്തിക പ്രയാസമുള്ളവർക്കു വേണ്ടിയാണ്, സ്ഥലപരിമിതി ഉള്ളവർക്ക് വേണ്ടിയാണ്. വലിയ വീടുണ്ടാക്കിയിട്ട് അത് വൃത്തിയാക്കി സൂക്ഷിക്കാൻ ശാരീരിക ശേഷി ഇല്ലാത്തവർക്ക് വേണ്ടിയാണ്, മാന്യമായി ജീവിക്കാൻ ഇത്രയൊക്കെ സ്ഥലം മതി എന്ന് കരുതുന്നവർക്ക് വേണ്ടിയാണ്.

ഇനി, ഈ ഒരു പരിപാടി മൂലം എത്ര രൂപ ലാഭിക്കാം എന്നതിനെപ്പറ്റി.

ചെറിയൊരു ബെഡ്റൂമാണ് ഈ വിധത്തിൽ ഡ്രോയിങ് റൂമുമായി കൺവെർട്ട് ചെയ്യുന്നത് എങ്കിൽ പോലും ഏതാണ്ടൊരു 150 ചതുരശ്രഅടി വിസ്തീർണ്ണം പ്ലിന്ത് ഏരിയയിൽ നിങ്ങൾക്ക് ലാഭിക്കാം.  എന്നുവച്ചാൽ ഇന്നത്തെ കണക്കിൽ ഏതാണ്ട് ഒരു മൂന്നര ലക്ഷം രൂപയുടെ അടുത്ത്!..

ഒന്നുകൂടി വ്യക്തമാക്കിയാൽ മുപ്പത്തഞ്ചു ലക്ഷം രൂപയുമായി മൂന്നു കിടപ്പുമുറി വീട് പണിയാണിറങ്ങുന്ന ഒരാളുടെ ബജറ്റിന്റെ പത്തു ശതമാനം കുറയ്ക്കാം എന്നർത്ഥം. എല്ലാ സൗകര്യങ്ങളും ഉള്ള ഒരു മൂന്നു ബെഡ്റൂം വീട് വയ്ക്കാൻ 35 ലക്ഷം രൂപ വേണം എന്ന് ഞാൻ ഈ പറഞ്ഞതിന് അർഥമില്ല.

ചെലവ് കുറക്കാൻ വഴികൾ വേറെയുമുണ്ട്. പിന്നെപ്പറയാം. 

മുൻപ് ആരോ പറഞ്ഞതുപോലെ 'ജീവിക്കുക എന്നത് വളരെ ചെലവ് കുറഞ്ഞ കാര്യമാണ്. മറ്റുള്ളവരെപ്പോലെ, മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ജീവിക്കുക' എന്നതാണ് ചെലവേറിയ വസ്തുത. കേരളത്തിലെ ശരാശരിക്കാരന്റെ വീടുപണിയും അങ്ങനെത്തന്നെയാണ്..

ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്

English Summary- Creating Multi Purpose Space in House- Designer Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com