ADVERTISEMENT

അടുത്ത പറമ്പിലെ മരങ്ങൾ പ്രയാസമുണ്ടാക്കുന്നത് മൂലമുള്ള വഴക്കുകളും മരംമുറിക്കാൻ അയൽക്കാരൻ തയാറാകാത്തതുമൂലമുള്ള  വാക്കേറ്റങ്ങളും മനഃസംഘർഷവും കേരളത്തിലെ മിക്ക അയൽപക്കങ്ങളിലും കാണാം.. നിയമവഴിക്ക് പോയാൽ തീർപ്പാകാൻ വർഷങ്ങളെടുക്കും. ഇതിന്റെ പിറകെ നടന്നുള്ള ധനനഷ്ടം, മനഃസംഘർഷം വേറെ. അത്തരമൊരു കുഴഞ്ഞ പ്രശ്നം പരിഹരിച്ച അനുഭവം പറയാം.

എന്റെ നാട്ടിൽ, അപ്പുറത്തെ പറമ്പിലെ പടുമരങ്ങൾ, അടുത്തുള്ള രണ്ടുവീട്ടുകാർക്ക് വലിയ ശല്യമായിട്ട് കാലം ഏറെയായി. മുറിച്ചു മാറ്റിത്തരാൻ പലവട്ടം അപേക്ഷിച്ചിട്ടും മുറിച്ചുമാറ്റി കൊടുക്കാൻ അയൽവാസിയായ മരത്തിന്റെ ഉടമ തയാറാകുന്നില്ല. മരം വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചപ്പോഴാണങ്കിൽ എങ്ങുമില്ലാത്ത വിലയും പറയും...

കഴിഞ്ഞ ദിവസം (എന്റെ സുഹൃത്തുകൂടിയായ) ഒരു മരക്കച്ചവടക്കാരൻ അയൽവാസിയുടെ വീട്ടിലെത്തി ഈ മരങ്ങൾക്ക് 45000 രൂപ വില പറഞ്ഞു. '60000 രൂപയ്ക്കാണെങ്കിൽ കൊടുക്കാം' എന്ന് ഉടമ പറയുന്നു. കച്ചവടക്കാരൻ വിലപേശി 55000 വരെ ചോദിക്കുന്നു. 'അറുപതിനായിരത്തിൽ ഒരു നയാപൈസപോലും കുറയ്ക്കില്ല' എന്ന് ഉടമ തീർത്ത് പറയുന്നു. അങ്ങനെ കച്ചവടം ഒഴിയുന്നു...

പിറ്റേദിവസം മരത്തിന്റെ ഉടമയുടെ അയൽവാസികൾ മരക്കച്ചവടക്കാരനെ സമീപിച്ച് '60000ത്തിന് മരങ്ങൾ എടുക്കണം' എന്ന് അയാളോട് അപേക്ഷിക്കുന്നു. 'അധികമായി വേണ്ട 5000 രൂപ തങ്ങൾ നൽകാം' എന്നും പറയുന്നു. അയൽവാസികളുമായുള്ള ഈ രഹസ്യധാരണ മരത്തിന്റെ ഉടമയെ അറിയിക്കാതെ 60000 രൂപയ്ക്ക് കച്ചവടക്കാരൻ മരങ്ങൾ എടുക്കുന്നു, അന്നുതന്നെ എല്ലാം മുറിച്ച് മാറ്റുന്നു.

നോക്കൂ: ഈ സംഭവത്തിൽ വലിയ പാഠമുണ്ട്. വർഷങ്ങളായി അയൽവാസിയോട് മാന്യമായി റിക്വസ്റ്റ് ചെയ്തിട്ടും നടക്കാതെ വന്ന കാര്യം (5000 രൂപ സ്വന്തം പോക്കറ്റിൽ നിന്ന് പോയെങ്കിലും...) അയൽവാസികൾ തമ്മിൽ ഒരു കലഹവുമില്ലാതെ പരിഹാരമാകുന്നു.

ഇനിപറയുന്നത് ശ്രദ്ധിക്കണം..

അയൽവാസിയുടെ സ്വഭാവമനുസരിച്ച് ഈ വിഷയത്തിൻമേൽ വീണ്ടും സംസാരിച്ച് കലഹിച്ച്, വിഷയം വഷളായിരുന്നങ്കിൽ അറുപതിനായിരത്തിനും ഒരുലക്ഷത്തിനുമൊന്നും ഈ മരങ്ങൾ വിൽക്കാനും മുറിച്ച് മാറ്റാനും വാശിപ്പുറത്ത് അയാൾ തയാറാകുമായിരുന്നില്ല. മാത്രമല്ല, ഇതിന്റെ പേരിൽ അയൽവാസികൾ തമ്മിൽ ഒരുകാലത്തും തീരാത്ത പകയും വെറുപ്പും ഉടലെടുക്കുമായിരുന്നു.

5000 രൂപ പോയാലും അവർ നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടതിന്റെ സമാധാനത്തിലാണ് അവരിപ്പോൾ.

"സമാധാനമാണ് ഏറ്റവും വലിയ സമ്പത്ത് " എന്ന് ചിന്തിക്കുന്നവർക്ക് ഈ സംഭവത്തിൽ വലിയ പാഠമുണ്ട്!

English Summary- Cutting NeighBour Tree without Dispute- Malayali Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com