ADVERTISEMENT

∙വീട് പണിയുവാനുള്ള സ്ഥലം / പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ തന്നെ മണ്ണു പരിശോധനയും, മണ്ണിന്റെ ജല ആഗിരണശേഷിയും വെള്ളക്കെട്ടും പരിശോധിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ പൂർണമായും ഒഴിവാക്കപ്പെടണം. 

∙പ്ലോട്ടിലെ മരങ്ങൾ കഴിവതും മുറിക്കരുത്. ചെറിയ തോട്, നീർക്കുഴികൾ ഇവ മണ്ണിട്ട് നികത്തി വീട് പണി ചെയ്താൽ ഭാവിയില്‍ ഫൗണ്ടേഷൻ ഇരുന്നുപോകാൻ സാധ്യതയുണ്ട്. 

∙ചരിവുള്ള ഭൂമി കട്ട് ചെയ്ത് മണ്ണു മാറ്റിയുള്ള വീട് നിർമാണവും അപകടം ക്ഷണിച്ചു വരുത്തും. വലിയ തോതിലുള്ള മഴക്കാലത്ത് മുകൾഭാഗത്ത് വെള്ളമിറങ്ങി ഉരുൾപൊട്ടലും മണ്ണിടിച്ചിലും സംഭവിക്കാൻ സാധ്യത കൂടുതലാണ്. 

∙വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയും വീട് നിർമാണത്തിന് തുനിയരുത്. അപ്പോൾ പിന്നീടുണ്ടാവാനിടയുള്ള നാശനഷ്ടം ഒഴിവാക്കാനും സാധിക്കും. 

∙നദികളുടെ റെഗുലേഷൻ സോണിൽ നിന്നും സുരക്ഷിത അകലെ മാത്രമേ വീട് നിർമാണം പാടുള്ളൂ. നദികൾ കരകവിഞ്ഞ് ഒഴുകിയ ദൂരത്തു നിന്നും കൂടുതൽ അകലം പാലിച്ചു വേണം പുതിയ ഗൃഹനിർമാണം നടത്തുവാന്‍. 

∙വീടുപണി ആരംഭിക്കുന്നതിനു മുൻപേ ട്രയൽ കുഴി എടുത്ത് ഏതു തരം അടിത്തറയാണ് വേണ്ടതെന്ന് വിദഗ്ധ എൻജിനീയറെക്കൊണ്ട് പരിശോധിപ്പിച്ചു തന്നെ തീരുമാനിക്കണം. 

∙പല വീടുകളുടെയും പറമ്പുകളുടെയും ഇടയിലൂടെയുള്ള കൈത്തോടുകൾ ഒരിക്കലും നികത്തരുത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതെ വേണം വീട് നിർമിക്കാൻ. 

∙വീടുപണി പൂർത്തിയാകുമ്പോൾതന്നെ ഉറവിടത്തിൽ മാലിന്യ സംസ്കരണം നടത്താനുള്ള സാഹചര്യവും ഒരുക്കണം. പ്രളയത്തിനൊടുവിൽ നദികൾ തിരിച്ചു നൽകിയ മാലിന്യക്കൂമ്പാരം ഒരു പാഠമായിരിക്കട്ടെ. 

∙വെള്ളപ്പൊക്കസാധ്യതയുള്ള സ്ഥലങ്ങളിൽ കോളം, പ്ലിന്ത്ബീം ഫൗണ്ടേഷൻ നൽകി ഉയരത്തിൽ വീട് നിർമിച്ച് അടിഭാഗം കാലിയാക്കി ഇടണം. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതെയുള്ള ഗൃഹനിർമാണത്തിന് കൂടുതൽ ഊന്നൽ നൽകണം.

∙കോൺക്രീറ്റ് തൂണുകൾക്ക് മുകളിലായി ഭാരം കുറച്ച് വീടുകൾ പണിതാൽ ചെലവ് കുറയ്ക്കാം. ഒപ്പം വെള്ളപ്പൊക്ക ഭീഷണിയെയും, ഭൂകമ്പത്തെയും പ്രതിരോധിക്കാൻ കഴിയും. 

∙കോൺക്രീറ്റ് വീടുകളുടെ അടിത്തറ പി.സി.സി. കോൺക്രീറ്റിന് മുകളില്‍ കരിങ്കല്ല് സിമന്റിട്ടു തന്നെ പണിയാൻ ശ്രദ്ധിക്കണം. വീടിന്റെ അടിത്തറയിലെ ഈർപ്പസാധ്യത കുറയ്ക്കാൻ ആർ. ആർ. ഫൗണ്ടേഷന് ഒരു പരിധിവരെ സാധിക്കും. ബെയ്സ്മെന്റിന്റെ ഉയരം കൂട്ടി നിർമിക്കുവാനും ശ്രദ്ധിക്കണം. 

∙ഒരുനില വീടുകൾക്ക് കോണുകളിൽ നൽകുന്ന കോൺക്രീറ്റ് കോർണർ പില്ലറുകൾ പ്രളയശേഷമുള്ള ഭിത്തിയിലെ പൊട്ടലിനും ബലക്കുറവിനും എതിരെയുളള പരിഹാരമാർഗമാണ്. 

∙നമ്മുടെ പ്ലോട്ടിലെ / പറമ്പിലെ വെള്ളം പുറത്തേക്ക് ഒഴുകുവാനുള്ള ഓടയും, ചെരിവും നൽകണം. ഒപ്പം പൊതുവായുള്ള റോഡിലെ ഓടയും അടയാതെ സൂക്ഷിക്കണം. 

∙ഉറപ്പുള്ള മണ്ണിലാണെങ്കിലും സെല്ലാർ ഫ്ളോർ പണിയുമ്പോൾ കരിങ്കല്ല് കെട്ടിനു പകരം കോൺക്രീറ്റ് വാൾ (Retaining Wall) തന്നെ നിർമിക്കുക. 

∙വീടിന്റെ ബെയ്സ്മെന്റിനു മുകളിൽ നൽകുന്ന ഡി.പി.സി. ബെൽറ്റിന് കുറഞ്ഞത് 15 സെ.മീ. കനത്തിൽ ബീം കണക്കെ കമ്പികൾ സ്റ്റിറപ്പിട്ട് കെട്ടി വാർക്കാൻ ശ്രദ്ധിക്കണം. ഒപ്പം ഗുണമേന്മയുള്ള M20(1:1.5:3) കോൺക്രീറ്റ് തന്നെ ഉപയോഗിക്കുവാനും മറക്കരുത്.

∙മുൻപ് ഉരുൾപൊട്ടലോ, മണ്ണിടിച്ചിലോ വന്ന പ്രദേശങ്ങൾ പൂർണമായും വീട് നിർമാണത്തിന് അനുയോജ്യമല്ല എന്നു തിരിച്ചറിയണം.

English Summary- Protect House from Natural Calamities- Precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com