വീട് വൃത്തിയായി സൂക്ഷിക്കാത്തവർക്ക് പിഴ: നാട്ടുകാരെ മര്യാദ പഠിപ്പിക്കാൻ നിയമവുമായി ഈ പ്രദേശം
Mail This Article
തിരക്കിട്ട ദിവസമാണെങ്കിൽ കഴുകാനുള്ള പാത്രങ്ങൾ പിന്നത്തേക്ക് മാറ്റിവച്ച് മറ്റ് ആവശ്യങ്ങൾക്ക് പിന്നാലെ പോകുന്നവരുണ്ട്. അതേപോലെ ക്ഷീണിച്ചു വീട്ടിലെത്തുമ്പോൾ കിടക്ക വിരിക്കാതെ കയറിക്കിടന്ന് വിശ്രമിക്കുന്നവരും കുറവല്ല. എന്നാൽ ചൈനയിലെ സിഷ്വാൻ പ്രവിശ്യയിലെ പുഗെ കൗണ്ടിയിലുള്ളവർക്ക് ഇതൊന്നും ഇനി സാധിക്കില്ല. കാരണം വീട്ടിലെ ഇത്തരം അടിസ്ഥാന ജോലികൾ ചെയ്യാതെ വിട്ടാൽ നല്ലൊരു തുക ഇവിടുത്തെ ഭരണകൂടം പിഴയായി ഈടാക്കും. പുതിയതായി കൊണ്ടുവന്ന ഈ നിയമത്തിനെതിരെ പ്രദേശമാകെ പ്രതിഷേധവും ഉയരുന്നുണ്ട്.
5 സെന്റിൽ വിശാലമായ വീട്! അധികം സ്ഥലം ഇല്ലാത്തവർ നോക്കി വച്ചോളൂ
ഗ്രാമപ്രദേശങ്ങളിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നടപടി ഭരണകൂടം കൈകൊണ്ടിരിക്കുന്നത് എന്നാണ് വിശദീകരണം. 14 വിഭാഗങ്ങളായാണ് പിഴ ചുമത്തുന്ന കാര്യങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. കിടക്ക വിരിക്കാതെയിരിക്കുന്നതും പാത്രം കഴുകാതെ വയ്ക്കുന്നതും തറയിലിരുന്ന് ഭക്ഷണം കഴിക്കുന്നതും വീടിനുള്ളിൽ ചിലന്തിവല കണ്ടെത്തുന്നതുമൊക്കെ പിഴ അടയ്ക്കേണ്ട കുറ്റങ്ങളാണ്.
മുറ്റം അലങ്കോലമായി കിടക്കുന്നതും വിസർജ്യങ്ങൾ കണ്ടെത്തുന്നതും കുറ്റകരമാണ്. ഇത്തരത്തിൽ ഓരോ സാഹചര്യത്തിന്റെയും തീവ്രത അനുസരിച്ച് മൂന്നു മുതൽ 10 യുവാൻ വരെയാണ് (36 രൂപ മുതൽ 120 രൂപ വരെ) ആളുകളിൽ നിന്നും പിഴയായി ഈടാക്കുക.
വെള്ളക്കൊട്ടാരം; ഇതാണ് അദ്‌ഭുതക്കാഴ്ചകൾ നിറച്ച ആ വൈറൽ വീട്! വിഡിയോ
ഒരിക്കൽ ചെയ്ത കുറ്റം വീണ്ടും ആവർത്തിച്ചാൽ ഇരട്ടി തുക പിഴയായി നൽകേണ്ടി വരുമെന്നും ജനങ്ങൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നു. എന്നാൽ ഈ നിയമം ഇപ്പോഴും നിർമാണഘട്ടത്തിലാണ്.
വൃത്തിഹീനവും അലങ്കോലമായതും ക്രമരഹിതവുമായ ജീവിത സാഹചര്യങ്ങളിൽ നിന്നും ജനങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് ഗ്രാമത്തിന്റെ വൈസ് ഡയറക്ടർ അറിയിക്കുന്നു.
ഭരണകൂടത്തിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും ഈ നടപടിക്കെതിരെ പല കോണുകളിൽ നിന്നും എതിരഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഭരണകൂടം അധികാര വിനിയോഗത്തിന്റെ അതിരു കടക്കുകയാണെന്നാണ് ചിലരുടെ നിരീക്ഷണം. ജനങ്ങളുടെ വീട്ടിലെ കിടക്കകൾ പരിശോധിക്കുന്ന നിലയിൽവരെ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകുന്നത് നന്നല്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത്തരം വലിയ നടപടികൾ തന്നെ സ്വീകരിക്കേണ്ടി വന്നേക്കാം എന്ന തരത്തിൽ നയത്തെ പിന്തുണയ്ക്കുന്നവരും കുറവല്ല.