കാലംമാറി; ഇനി കാശിന്റെ പുറത്ത് വലിയ വീട് വച്ചാൽ അബദ്ധമാകാം; അനുഭവം
Mail This Article
ഭാര്യയ്ക്കും ഭർത്താവിനും ജോലി.നിന്നുതിരിയാനോ അലസമായൊന്നിരിക്കാനോ ഒട്ടുമേയില്ല സമയം- ടൈം ഈസ് മണി.അവർക്കൊരു വീട് വേണമെന്ന് കരുതൂ. അവർ വീട് പ്ലാൻ ചെയ്യുന്നതും വയ്ക്കുന്നതും സങ്കൽപിച്ചു നോക്കൂ.
എല്ലാ സൗകര്യങ്ങളും ഉണ്ടാകണം, പക്ഷേ അത്രക്ക് വലുതായിരിക്കരുത്. ബാത്ത്റൂമുകൾ എണ്ണം കുറയ്ക്കണം, വൃത്തിയാക്കാൻ എളുപ്പമുള്ളതാവണം, എന്നൊക്കെയായിരിക്കും അവർ ഡിസൈനറോട് ആവശ്യപ്പെടുക എന്നല്ലെ നിങ്ങൾ കരുതുന്നത്.
എങ്കിൽ അങ്ങനെയല്ല. വലിയ രണ്ടു കിടപ്പുമുറി താഴെ. വലിയ രണ്ടു കിടപ്പുമുറി മുകളിൽ.
താഴെ ലിവിങ്, മുകളിൽ ലിവിങ്. താഴെ രണ്ട് അടുക്കള.
രണ്ട് അടുക്കളയോ?
അതെ രണ്ട് അടുക്കള തന്നെ. ഒന്ന് ഷോയ്ക്കുവേണ്ടി മാത്രം. അതിനുപുറകിൽ മറ്റൊന്ന്. അവനാണ് ശരിക്കുള്ള ആക്ടിവ് അടുക്കള. അതായത് ഷോ കിച്ചൻ മറ്റത് വർക്കിങ് കിച്ചൻ എന്ന് ആംഗലേയത്തിൽ പറയുമ്പഴാണ് ഒരു ഗുമ്മ്.
അതാണിപ്പോഴത്തെ ഡിസൈനിങ് ലോകത്തെ നടപ്പാചാരം.
അടുക്കളയിൽ പാത്രങ്ങൾ അലങ്കോലമായി കിടക്കും. കറിപ്പാത്രങ്ങളും ചോറ് പാത്രങ്ങളും കുക്കറും മിക്സിയും കഴുകാതെ സിങ്കിൽ കിടക്കും. സ്പൂൺ കരണ്ടി കത്തി, വെട്ട്, പലക അങ്ങനെ പലതും അലക്ഷ്യമായി ചിതറിയായിരിക്കും. എം ടി യുടെ രണ്ടാമൂഴത്തിൽ മഹാഭാരതയുദ്ധ വിവരണമുണ്ട്. അതുപോലെയായിരിക്കും തിരക്കുള്ളവരുടെ അടുക്കളകൾ. അത് ചൂണ്ടി ഭയപ്പെടുത്തിയിട്ടാണ് ഡിസൈനേഴ്സ് തങ്ങളുടെ മുന്നിലിരിക്കുന്ന ദമ്പതിമാരോട് രണ്ട് അടുക്കളയുടെ ആവശ്യകതയെപ്പറ്റി വിസ്തരിക്കാറ്. അതിൽ പലരും കുടുങ്ങും. അങ്ങനെയാണ് നാലാളുകാണെ ചന്തമുള്ള അടുക്കള, അതായത് എല്ലാറ്റിലും ഒരു ചിട്ടയും അടുക്കുമൊക്കെയുള്ള അടുക്കളയുണ്ടായത്.
കാബിനറ്റുകളുണ്ടാവും. സിങ്കുണ്ടാവും.പേരിന് മൂന്നോ നാലോ പാത്രങ്ങൾ. കാണാൻ ബഹുകേമം. കൂട്ടുകാരോ ബന്ധുക്കാരോ കണ്ടാൽ കണ്ണ് തള്ളണം. 'ഹൊ എന്തൊരു വൃത്തി' എന്ന് നാലാളോട് പറയാൻ പാകത്തിന് വയ്ക്കണം.
വീട് കാണാൻ വരുന്നവരുടെ വീട്ടിലെ കാര്യങ്ങൾ പുറത്ത് പറയാതിരിക്കുന്നതാണ് നല്ലതെങ്കിലും പോയിടത്തെ കാര്യങ്ങൾ നാല് പേരോട് പറയാതിരിക്കുന്നതെങ്ങനെ?
അങ്ങനെ വരുന്നവരെ കൊതിപ്പിക്കാനും അവരെ കൊണ്ട് നല്ലത് പറയിപ്പിക്കാനുമാണ് പണിയെടുക്കാതെ വിയർക്കാതെ എന്നും അണിഞ്ഞിരിക്കുന്ന അടുക്കളയുണ്ടായത്. അങ്ങനെ അടുക്കളയായി. പിന്നൊരു സ്റ്റോർ .
വിശാലമായ ഡൈനിങ്. ഗോവണി അങ്ങനെ ആവശ്യങ്ങളുടെ ന്യൂനമർദ്ദവും കാറ്റും മഴയും.
എല്ലാം കഴിഞ്ഞു. പ്ലാനായി . എക്സിക്യൂഷനായി. ബന്ധുക്കൾ കോവർക്കേഴ്സ് നാട്ടുകാർ എല്ലാരും ആകാംക്ഷയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കല്യാണ പന്തലിൽ പൂമാലയിട്ട്, മേടയിൽ നിൽക്കുന്ന വധൂവരൻമാർക്ക് കിട്ടുന്ന അതേ പരിഗണനയായിരിക്കും വീടുപണി നടക്കുമ്പോളും അടുപ്പത്ത് പാല് തിളപ്പിച്ച് തൂവിച്ച്, അടുക്കളയിൽ നിൽക്കുമ്പോഴും വനിതാ ഉടമയ്ക്ക് കിട്ടുന്നത്. എല്ലാ കണ്ണുകളും അവരിലേക്ക്. അസൂയ, അദ്‌ഭുതം, സ്നേഹം...എല്ലാം ചേർന്ന ആശംസകളുടെ പ്രവാഹം. എല്ലാം കഴിഞ്ഞു.
താമസിച്ച് മാസങ്ങൾ കഴിയുമ്പോഴാണറിയുന്നത്, തിരക്കിനിടയിൽ, അടുക്കളയിൽ പാത്രങ്ങൾ കുമിഞ്ഞുകൂടുന്നു.വീട്ടിലെ സർവ്വരുടെയും വസ്ത്രങ്ങൾ ബെഡ് റൂമിൽ കുമിഞ്ഞുകൂടുന്നു.
ഫസ്റ്റ് ഫ്ലോർമാത്രമല്ല ഗ്രൗണ്ട് ഫ്ലോറും പൊടി പിടിച്ചു കിടക്കുന്നു. മുറ്റമടിച്ചിട്ട് ദിവസങ്ങളായി.അമ്മായമ്മയില്ലാത്തത് മഹാഭാഗ്യം എന്ന് ഇടയ്ക്ക് കരുതും. അല്ലെങ്കിൽ അവരുടെ പ്രാക്ക് ദിനേന കിട്ടിയേനേ.
പാചകത്തിന് പോലും സമയം കിട്ടുന്നില്ല. വിഭവങ്ങൾ കുറയുന്നതിൽ പിള്ളേര് പരിഭവപ്പെടുന്നു.ചെടികൾക്ക് വെള്ളമൊഴിക്കാൻ പോലും സമയമില്ല.അങ്ങനെയാണ് വീട്ടുജോലിക്കാരിയെ
അന്വേഷിക്കുന്നത്. വീട്ടുജോലിക്കാരി എന്ന തൊഴിൽവിഭാഗം പഴയ പോലെയല്ല.നാലുപാടും അന്വോഷിക്കുന്നു.പരിചയക്കാരോടും ബന്ധുമിത്രാധികളോടും അന്വേഷിക്കുന്നു. ആവശ്യം പറയുന്നു, പത്രത്തിൽ പരസ്യം ചെയ്യുന്നു. സർവ്വരും കൈ മലർത്തുന്നു.
ഒരാളെ ഒത്തിണങ്ങി കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഒടുവിൽ ഒരാളെ കിട്ടി. പത്ത് വീടുകൾ ഒരു ദിവസം കൈകാര്യം ചെയ്യുന്ന അദ്‌ഭുതപ്രതിഭ.ചില വീട്ടിൽ പാചകം.ചില വീട്ടിൽ മുറ്റം വൃത്തിയാക്കൽ, ചിലയിടത്ത് ബാത്ത് റൂം വൃത്തിയാക്കൽ, ചിലയിടത്ത് വീട് അടിച്ച് തുടയ്ക്കൽ ചിലയിടത്ത് വസ്ത്രം (അടിവസ്ത്രം ഒഴികെയുള്ളവ) വാഷിങ് മെഷിനിലിട്ട് അലക്കി ഉണക്കാനിടൽ അങ്ങനെയാണ് ജോലിയുടെ രീതി.
വന്നയാളോട് ആദ്യം തന്നെ ആവശ്യങ്ങൾ പറഞ്ഞു. തുണിയലക്കില്ല, മുറ്റമടിക്കില്ല, ബാത്ത്റൂം വൃത്തിയാക്കില്ല, പാചകം ചെയ്യില്ല, ഒൺലി പാത്രം ആന്റ് ഗ്രൗണ്ട് ഫ്ലോർ വൃത്തിയാക്കും. വന്നയാൾ തീർത്ത് പറഞ്ഞു.
അതെങ്കിൽ അത്.
ഡിപ്ലോമാറ്റിക്ക് ഡീലിനുശേഷം പണം പറഞ്ഞുറപ്പിച്ചു. കാര്യങ്ങൾ ഭംഗിയായി നടന്നു പോകവേ വീട്ടുജോലിക്കാരിക്ക് പൊടുന്നനെ ജോലിയിൽ തൃപ്തിയില്ലാതായി. തൃപ്തിയില്ലാത്ത ജോലി ചെയ്തതിനാൽ വീട്ടുകാർക്കും തൃപ്തിയില്ലാതായി. കാരണമെന്തെന്നാൽ വീട്ടുജോലിക്കാരിയുണ്ട് എന്ന ഒറ്റക്കാരണത്താൽ കൂടുതൽ പാത്രങ്ങൾ കഴുകാനേൽപ്പിക്കുന്നു എന്നതാണ് ജോലിക്കാരിയുടെ പരാതി. മാത്രമല്ല നിലമൊക്കെ പൂർവ്വാധികം അലങ്കോലമാണ്. കാരണം വീട്ടുജോലിക്കാരിയുണ്ടല്ലോ. അവർ അധികം നിന്നില്ല. അവർ ഗുഡ്ബൈ പറഞ്ഞ് പോയതിനു ശേഷം വീണ്ടും രണ്ടു പേർ ജോലിക്കുവന്നു.
കഥ തഥൈവ തന്നെ. വരുന്നവർക്കൊക്കെ പലതരം പരാതികളാണ്. പരാതിയില്ലാതെ പണി ചെയ്യുന്നവർ ആരെങ്കിലുമുണ്ടോ എന്നതായി അടുത്ത അന്വേഷണം.
ഇല്ല അങ്ങനെയുള്ളവർ ആരുമില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. അപ്പോഴാണ് വീട്ടുജോലിക്കാർ വന്ന് ഒന്ന് രണ്ട് മാസം കഴിഞ്ഞ് പിണങ്ങി പോകുന്നതിന്റെ ഗുട്ടൻസ് പ്രായത്തിൽ മൂത്ത മറ്റൊരു സ്ത്രീ പറഞ്ഞത്.വൃത്തിയുള്ള, അലക്ഷ്യമാവാത്ത, ചിട്ടയുള്ള വീടുകളിൽ മാത്രമേ വീട്ടുജോലിക്കാർ ഏറെ നാൾ ജോലിക്ക് നിൽക്കൂ എന്ന്. വീട്ടുജോലിക്കാരിയുണ്ടെന്ന് കരുതി വീട് അലങ്കോലമാക്കിയിടുന്ന തുണികൾ വാരിവലിച്ചിടുന്ന പത്രങ്ങൾ ചിതറികിടക്കുന്ന ഒരിടത്തും ഒരാളും പണമെത്ര കൊടുത്താലും ജോലിക്ക് ഏറെ നാൾ നിൽക്കില്ലത്രെ! അതായത് എത്ര തരം വീട്ടുജോലിക്കാർ ഉണ്ടെങ്കിലും നമ്മളുടെ വീട്ടിനകത്ത് ആവശ്യം വേണ്ട വൃത്തിയാക്കൽ നാം തന്നെ ചെയ്തില്ലെങ്കിൽ ഒരു ജോലിക്കാരെയും നമുക്ക് കിട്ടാതെ വരും എന്നർഥം.
അതുകൊണ്ടാണ് നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന വീടുകൾ ഉണ്ടാക്കണം എന്ന് പറയുന്നത്. പണമുണ്ട് എങ്കിൽ വമ്പൻ വീട് പണിയാം എന്ന് കരുതുന്നവരുണ്ടെങ്കിൽ സ്ത്രീകളെങ്കിലും ആ പ്രവണത നിരുൽസാഹപ്പെടുത്താൻ തയ്യാറാകണമെന്നാണ് എന്റഭിപ്രായം.കാരണം വീട് വൃത്തിയാക്കൽ എന്നത് എക്കാലത്തും പെണ്ണുങ്ങളുടെ തോളത്ത് മാത്രം വന്ന് വീഴുന്ന കൂലിയില്ലാത്ത തൊഴിലാണല്ലോ കാലങ്ങളായിട്ട് നമ്മുടെ നാട്ടിൽ. തുടർന്നും ആരെയൊക്കയോ തോൽപിക്കാനായി വീട് നിർമിച്ചാൽ വീട് വൃത്തിയാക്കിയാക്കി നടുവൊടിയുന്നത് കാണാൻപോലും അഭിനന്ദിച്ചവരുടെ കൂട്ടത്തിൽനിന്ന് ആരുമുണ്ടാകില്ല എന്ന ഓർമ്മയുണ്ടാവുന്നത് നന്നായിരിക്കും.