ADVERTISEMENT

ഭൂമിയിലെ ഏറ്റവും സന്തോഷം നൽകുന്ന സ്ഥലമായി ഡിസ്നി വേൾഡിനെ കാണുന്നവരുണ്ട്. എന്നാൽ 'ലോകത്തിലെ ഏറ്റവും ഭയാനകം' എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലത്തിനും ഡിസ്നി കഥകളുമായി ബന്ധമുണ്ട്. കാരണം ഡിസ്നി കഥകളിൽ നിന്ന് നേരിട്ടിറങ്ങി വന്നതുപോലെയുള്ള നൂറുകണക്കിന് ചെറുകൊട്ടാരങ്ങൾ നിറഞ്ഞ ഒരു നഗരമാണ് ഇപ്പോൾ പ്രേതനഗരം എന്ന വിശേഷണം നേടുന്നത്. വടക്കുപടിഞ്ഞാറൻ തുർക്കിയിൽ കരിങ്കടലിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ പേര് ബുർജ് അൽ ബാബാസ് എന്നാണ്. 

ഒന്നും രണ്ടുമല്ല 700 ൽ പരം ഡിസ്നി കോട്ടകളാണ് നഗരത്തിൽ നിരനിരയായി നിൽക്കുന്നത്. ഈ കാഴ്ച അതിമനോഹരമാണെങ്കിലും അവയെല്ലാം ഉപേക്ഷിക്കപ്പെട്ട് വിജനമായി ഭയപ്പെടുത്തുന്ന നിശബ്ദതയോടെ അവശേഷിക്കുകയാണ്. ഒരേ ആകൃതിയിൽ ഒരേ നിറത്തിലുള്ള കോട്ടകളാണ് ഇവയെല്ലാം. 2014ൽ ഡെവലപ്പർമാരായ സാറോട്ട് ഗ്രൂപ്പാണ് നഗരത്തിന്റെ നിർമാണം ആരംഭിച്ചത്.  ആഡംബരവും രാജകീയതയും നിറഞ്ഞ ഒരു നഗരം എന്ന നിലയിലായിരുന്നു ബുർജ് അൽ ബാബാസ് ആസൂത്രണം ചെയ്യപ്പെട്ടത്. 

വെള്ള ചുവരുകളും നീല നിറത്തിൽ ഗോഥിക് ശൈലിയിലുള്ള കൂർത്ത ഗോപുരങ്ങളുമായി കോട്ടകളുടെ നിർമാണം ആരംഭിച്ചു. 2,80,000 പൗണ്ട് (2.93 കോടി രൂപ) ആയിരുന്നു ഇവയുടെ പ്രാരംഭ വിലയായി നിശ്ചയിച്ചിരുന്നത്. നാലുവർഷംകൊണ്ട് എല്ലാ കോട്ടകളുടെയും നിർമാണം പൂർത്തിയാക്കാനും ഉദ്ദേശിച്ചിരുന്നു. എന്നാൽ നാട്ടുകാർക്ക് ഇത് അത്ര തൃപ്തികരമായിരുന്നില്ല. നാടിന്റെ തനത് ശൈലിക്ക് വിപരീതമായ രീതിയിലാണ് വീടുകൾ നിർമിക്കപ്പെടുന്നത് എന്നും നഗരം നിർമിക്കാനായി മരങ്ങൾ മുറിച്ചു മാറ്റുന്നത് മൂലം പരിസ്ഥിതി താറുമാമാറാകുന്നു എന്നും കാണിച്ച് ഇവർ കേസുകൾ ഫയൽ ചെയ്തു. ഇതിനിടെ തുർക്കിയുടെ സാമ്പത്തികാവസ്ഥ മോശമായതും നിർമാതാക്കൾക്ക് തിരിച്ചടിയായി. അങ്ങനെ നിർമാണം പൂർത്തിയാകുമെന്ന് കരുതിയ കാലമായപ്പോഴേക്കും നിർമാതാക്കൾ വൻകടക്കെണിയിലായി.

200 മില്യൻ ഡോളറിന്റെ (1659 കോടി രൂപ) പദ്ധതിയാണ് നിർമാതാക്കൾ വിഭാവനം ചെയ്തിരുന്നത്. എന്നാൽ കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞതോടെ നിക്ഷേപകരും വീടുകൾ വാങ്ങാനായി പണം ഇറക്കിയവരും പദ്ധതിയിൽ നിന്നും പിൻവലിഞ്ഞു. അങ്ങനെ 2019 ൽ സാറോട്ട് ഗ്രൂപ്പ് 27 മില്യൺ ഡോളറിന്റെ കടക്കെണിയിലായി.  അധികം വൈകാതെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാകുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും തൊട്ടുപിന്നാലെ കോവിഡ് വ്യാപനം കൂടി വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോയി. അന്നുമുതലിങ്ങോട്ട് ഏതാണ്ട് പൂർണമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയാണ് ഈ 'ഡിസ്നി നഗരം'.

1553279375
Representative Image: Photo credit:Tarzan9280 /istock.com

ബഹുനിലകളുള്ള 732 ചെറുകൊട്ടാരങ്ങളാണ് നിർമിക്കപ്പെട്ടത്. എന്നാൽ ഇവയിൽ 583 എണ്ണത്തിന്റെ നിർമാണം മാത്രമാണ് പൂർത്തിയായത്.  നിലവിൽ ഒന്നും  വാസയോഗ്യവുമല്ല. ഫ്രഞ്ച്, ബ്രിട്ടീഷ് കോട്ടകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഓരോ വീടുകളും നിർമിച്ചിരിക്കുന്നത്. തടിയിലും മാർബിളിലുമുള്ള ഫ്ലോറിങ്ങുകളും, കുമ്മായം പൂശി അലങ്കാര പണികൾചെയ്ത  ഭിത്തികളും സീലിങ്ങുകളും, ഇൻഡോർ - ഔട്ട്ഡോർ പൂളുകളും ആധുനിക എലവേറ്ററുകളും ഫൗണ്ടനും എസി സംവിധാനവുമൊക്കെ ഓരോ വീടുകളിലും ഉൾപ്പെടുത്താനായിരുന്നു പദ്ധതി. 

ഇവിടെയുള്ള പല വീടുകളും ഇപ്പോൾ ശരിയായ സംരക്ഷണം ഇല്ലാത്തതു മൂലം തകർന്നുവീണു തുടങ്ങി. കോട്ടകൾക്കിടയിലൂടെയുള്ള റോഡും നിർമാണം പാതിവഴിയിൽ മുടങ്ങിയ നിലയിലാണ്. നിർമാണം പൂർത്തിയായിരുന്നെങ്കിൽ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നായി ഇവിടം മാറുമായിരുന്നു. നിലവിൽ എങ്ങുമെത്താതെ പോയ ഒരു സ്വപ്നപദ്ധതിയെ വിചിത്ര നഗരമായി കണ്ടാസ്വദിക്കാൻ ധാരാളം ആളുകൾ ഇവിടെ എത്തുന്നുണ്ട്.

English Summary:

Burj Al Babas- Abandoned Residence in Turkey- Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com