വാടകയ്ക്കെടുത്ത വീട്ടിൽ മകളെ കൂടി താമസിപ്പിക്കണമെന്ന് ഉടമ: ആശയക്കുഴപ്പത്തിൽ യുവാവ്
Mail This Article
വീട് വാടകയ്ക്കെടുത്താൽ ചിലയിടത്ത് വീട്ടുടമ പ്രശ്നക്കാരനാകാറുണ്ട്. മുൻകൂട്ടി അറിയിക്കാതെ വാടക വർധിപ്പിക്കുന്നതും കൃത്യമായി വീടിന്റെ മെയിൻ്റനൻസ് ചെയ്തു കൊടുക്കാത്തതും തുടങ്ങി പല അവസ്ഥകളിലൂടെയും കടന്നു പോകേണ്ടിവരാം. എന്നാൽ എംബിബിഎസ് പഠനത്തിനായി ഡൽഹിയിലെത്തി ഒരു വീട് വാടകയ്ക്കെടുത്ത യുവാവിന് നേരിടേണ്ടി വരുന്നത് ഇതിനും മുകളിൽ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമാണ്. തൻ്റെ മകളെക്കൂടി വാടകയ്ക്ക് വിട്ടുനൽകിയിരിക്കുന്ന വീട്ടിൽ താമസിപ്പിക്കണം എന്ന വിചിത്രമായ ആവശ്യമാണ് വീട്ടുടമ ഉയർത്തിയിരിക്കുന്നത്.
പൂർണമായി ഫർണിഷ് ചെയ്ത 3BHK ഫ്ലാറ്റിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവിന്റെ താമസം. 19,000 രൂപ വാടക നൽകുന്നതിനു പുറമേ കറണ്ട് ചാർജും, വാട്ടർ ചാർജുമെല്ലാം നൽകുന്നുണ്ട്. ഒരാൾക്ക് ഏകദേശം 7000 രൂപയാണ് താമസത്തിന് ചെലവാകുന്നത്. ഹോസ്റ്റൽ വാടകയെക്കാൾ ഈ തുക കുറവായതുകൊണ്ടാണ് ഷെയേർഡ് ഫ്ലാറ്റിൽ താമസിക്കാൻ ഇവർ തീരുമാനിച്ചതും. എന്നാൽ ഇത്തരം ഒരു പ്രതിസന്ധി ഒരിക്കലും മുന്നിൽ കണ്ടിരുന്നില്ല എന്ന് യുവാവ് പറയുന്നു.
മെസ്സേജിലൂടെയാണ് മകളെ ഒപ്പം താമസിപ്പിക്കണമെന്ന ആവശ്യം വീട്ടുടമ അറിയിച്ചിരിക്കുന്നത്. ഈ വർഷം നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ഉടമയുടെ മകൾ. പഠനത്തിൽ അത്ര മിടുക്കിയല്ലാത്തത് മൂലം തങ്ങൾ പഠിക്കുന്ന കോളേജിൽ പ്രൈവറ്റായി മകൾക്ക് അഡ്മിഷൻ എടുത്തിരിക്കുകയാണ് വീട്ടുടമ. ഈ ആവശ്യം അറിഞ്ഞതോടെ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ യുവാവും സുഹൃത്തുക്കളും ആശങ്കയിലായി. ഉടമയുടെ മകളെ താമസിപ്പിക്കാനോ, 'സാധിക്കില്ല' എന്ന് പറയാനോ പറ്റാത്ത അവസ്ഥ. ഇതു മൂലമാണ് എന്ത് തീരുമാനമെടുക്കണം എന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് യുവാവ് എക്സിൽ പോസ്റ്റിട്ടത്. പെൺകുട്ടിയെ കൂടെ താമസിപ്പിക്കാൻ അനുവദിച്ചാൽ വാടക കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റുണ്ടോ എന്നും യുവാവ് ആരായുന്നു.
പോസ്റ്റ് വൈറലായതോടെ എന്തുകൊണ്ടാവാം വീട്ടുടമ ഇങ്ങനെ ആവശ്യപ്പെട്ടത് എന്ന ചോദ്യങ്ങളും ഉയർന്നു. യുവാവ് തന്നെ ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. ഉടമ തന്നെ സ്വന്തം മകനേക്കാൾ അധികമായി വിശ്വസിക്കുന്നുണ്ടെന്നാണ് മറുപടി. കാരണം എന്തു തന്നെയായാലും ഉടമയുടെ ഉദ്ദേശശുദ്ധി അത്ര നല്ലതായിരിക്കില്ല എന്നതാണ് ഭൂരിഭാഗം ആളുകളും പങ്കുവയ്ക്കുന്ന അഭിപ്രായം. ഫ്ലാറ്റിൽ ജീവിക്കുന്ന മറ്റു രണ്ടു സുഹൃത്തുക്കളും പുരുഷന്മാരാണെങ്കിൽ ഒരു പെൺകുട്ടി അവർക്കൊപ്പം താമസിക്കുന്നത് കാര്യങ്ങൾ കുഴപ്പിക്കുമെന്ന മുന്നറിയിപ്പ് ധാരാളമാളുകൾ നൽകുന്നുണ്ട്.
എന്നാൽ മറ്റുചിലരാവട്ടെ വാടക കുറയ്ക്കണമെന്ന ധാരണയിൽ പെൺകുട്ടിക്ക് താമസിക്കാൻ ഇടം നൽകാമെന്ന അഭിപ്രായവും പങ്കുവയ്ക്കുന്നു. പെൺകുട്ടി അവിടെ താമസിച്ചാൽ ഒരു കിടപ്പുമുറി വിട്ടു നൽകേണ്ടി വരും. ഇതിന് സമ്മതിക്കുകയാണെങ്കിൽ നാലാമതൊരാളെ റൂം മേറ്റായി കണ്ടെത്തിയതിനപ്പുറം യാതൊരു പരിഗണനയും നൽകേണ്ടതില്ല എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഒരു പെൺകുട്ടി ഒപ്പം താമസിക്കാൻ എത്തുന്നതോടെ ഇവർക്ക് ഇതുവരെയുള്ള ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും വാടകയ്ക്ക് ഒരു വീടെടുത്തശേഷം വീട്ടുടമയുടെ സൗകര്യത്തിനായി സ്വന്തം ജീവിതശൈലി മാറ്റാൻ തയ്യാറാകേണ്ടതില്ല എന്നും അഭിപ്രായങ്ങളുണ്ട്. വീട്ടുടമയുടെ ഈ നീക്കത്തിൽ സംശയം തോന്നുന്നുണ്ടെന്നും പെൺകുട്ടി അഡ്മിഷൻ എടുത്താൽ അടുത്ത നിമിഷം അവിടെ നിന്നും മാറി താമസിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് മറ്റൊരു കൂട്ടരുടെ ഉപദേശം.