ചെലവ് കുറഞ്ഞ വീട് എങ്ങനെ സാധ്യമാക്കാം? ഓർക്കാൻ 12 കാര്യങ്ങൾ
Mail This Article
ചെലവ് കുറഞ്ഞ വീട് എങ്ങനെ സാധ്യമാക്കാം. ചില അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചേർക്കുന്നു. സാമ്പത്തിക ഭദ്രത ഉള്ളവർ ഇതൊന്നും നോക്കേണ്ട ആവശ്യമില്ല എന്ന് ആദ്യമേ പറയട്ടെ. ചെറിയ ബജറ്റിൽ വീട് വയ്ക്കാൻ ശ്രമിക്കുന്നവർക്കുവേണ്ടിയാണ് ഈ കുറിപ്പ്.
1. വീട് വയ്‌ക്കേണ്ടത് ഒരാളുടെ സാമ്പത്തികം, സൗകര്യം, വീട്ടിലെ അംഗങ്ങളുടെ എണ്ണം എന്നിവ പരിഗണിച്ചുകൊണ്ടായിരിക്കണം, അല്ലാതെ മറ്റുള്ള ഏതെങ്കിലും വീട് കണ്ടിട്ട് അതിനെ തോൽപിക്കാനാകരുത്.
2. നമ്മുടെ സ്ഥലത്തിന് അനുയോജ്യമായ ഏറ്റവും ലളിതമായ പ്ലാൻ, എലിവേഷൻ തയാറാക്കുക. ഇതിനായി അനുഭവപരിചയമുള്ള ആർക്കിടെക്ട്/ ഡിസൈനറെ സമീപിക്കാം. മറ്റു വർക്കുകൾ കോൺട്രാക്ടർ മുഖേന കരാർ ഏൽപിക്കുകയോ നേരിട്ടു ചെയ്യിപ്പിക്കുകയോ ആകാം. രണ്ടായാലും വീട് പണിയിക്കുന്ന ആളുടെ ഉത്തരവാദിത്തം പോലെ കാര്യങ്ങൾ ഭംഗിയാകും.
4. വീട് ഡിസൈൻ ചെയ്യുമ്പോൾ പുറമെ കാണുന്ന ഭംഗിയെക്കാൾ അകത്തുള്ള സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. നമുക്ക് തൃപ്തിയുള്ള പ്ലാൻ സെറ്റ് ആകുന്നതുവരെ പ്ലാൻ റിവ്യൂ ചെയ്യണം.
5. തറ പണിക്ക് കരിങ്കല്ല് ഉപയോഗിക്കാം, ഭിത്തികൾക്ക് കോൺക്രീറ്റ് കട്ടകൾ ഉപയോഗിക്കാം, മുൻപിൻ വാതിലുകൾക്ക് മാത്രം കട്ടിള വയ്ക്കുക. ജനൽ കോൺക്രീറ്റ് ഉപയോഗിക്കുക.
6. മെയിൻ വാർക്ക (കോൺക്രീറ്റ് ) മാത്രം ബ്രാൻഡഡ് സിമന്റ് ഉപയോഗിക്കുക. മറ്റുള്ള എല്ലാ പണികൾക്കും താരതമ്യേന കുറഞ്ഞ വിലയുള്ള ഗുണമേന്മയുള്ള സിമന്റ് ഉപയോഗിക്കാം.
7. വയറിങ്- പ്ലമിങ് ചെയ്യുമ്പോൾ ആവശ്യത്തിന് മാത്രം പോയിന്റുകൾ ഇടുക. കേബിൾ സ്വിച്ചുകൾ ബ്രാൻഡഡ് ഉപയോഗിക്കാം. ഭംഗി നോക്കി കൂടുതൽ വിലയുള്ള മോഡൽ എടുക്കാതെ സ്റ്റാർട്ടിങ് റേഞ്ചിൽ വരുന്ന മോഡൽസ് ആകാം.
8. സാനിറ്ററി ഐറ്റംസ്, ടാപ്പ് ഫിറ്റിങ്സ് ലളിതമായ ഡിസൈനിൽ വില കുറഞ്ഞവ (എന്നാൽ ഗ്യാരന്റി ഉള്ളവ) തിരഞ്ഞെടുക്കുക.
9. തേപ്പ് കഴിഞ്ഞാൽ ഒരു കോട്ട് സിമെന്റ് പ്രൈമർ അടിക്കാം. ജനൽ കട്ടിള കമ്പികൾ സർഫെസർ അടിക്കാം.
10. 26-30 രൂപ മുതൽ ഉള്ള ഫ്ലോർ ടൈൽസ് ലഭ്യമാണ്, ലൈറ്റ് ഷേഡ് ഉള്ള ടൈൽസ് ഉപയോഗിക്കുക. വീടിന്റെ ആകെ ഫ്ലോർ ഏരിയ, ബാത്രൂം വാൾ, കിച്ചൻ വാൾ എല്ലാം ഒരേടൈൽസ് ഉപയോഗിക്കാം.
11. ജനൽ പാളികൾ അലുമിനിയം ഫാബ്രിക്കേറ്റ് ചെയ്യാം, അകത്തെ റൂമിന്റെ ഡോറുകൾ, ബാത്റൂം ഡോറുകൾ, പിവിസി ഉപയോഗിക്കുക.
12. പെയിന്റിങ് ചെയ്യുമ്പോൾ വെള്ള നിറം ഉപയോഗിക്കുക, ഒരുപാട് കളർ കോംബിനേഷൻ ഒഴിവാക്കുക.
കൃത്യമായി പ്ലാൻ ചെയ്തു, വീട്ടിലെ അംഗങ്ങളുടെ എണ്ണം, നമ്മുടെ സാമ്പത്തികം നമ്മുടെ ആവശ്യം എന്നിവ കണക്കാക്കി വീട് പണിയുക. വാസ്തുപോലെ വിശ്വാസപരമായ കാര്യങ്ങൾക്ക് ആവശ്യത്തിന് മാത്രം പ്രാധാന്യം കൊടുക്കുക അനാവശ്യമായി അത്തരം കാര്യങ്ങളുടെ പുറകെ പോകാതിരിക്കുക..
ഒരിക്കൽ കൂടി പറയട്ടെ..
വീട് നമ്മുടെ ആവശ്യവും സാമ്പത്തികവും സൗകര്യവും കണക്കിലെടുത്തു മാത്രം വേണം..വീടുണ്ടാക്കി അതിന്റെ ബാധ്യത ജീവിതകാലം മുഴുവൻ നമ്മുടെ സന്തോഷം കെടുത്താതെ ശ്രദ്ധിക്കുക. എല്ലാ കൂട്ടുകാർക്കും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...