ഗൾഫിലെ മഴയും വെള്ളക്കെട്ടും കേരളത്തിലെ വീടുകളും; ചില ചിന്തകൾ
Mail This Article
അങ്ങനെ അതും സംഭവിച്ചു, ഗൾഫ് നാടുകളിൽ പെയ്തൊഴിയാതെ മഴ...റോഡുകൾ ബ്ലോക്കായി, പലയിടത്തും വെള്ളം കയറി, ഞാൻ താമസിക്കുന്ന ഫ്‌ളാറ്റിലും വെള്ളം കയറി.
എന്തുകൊണ്ടാണ് ഗൾഫിൽ ഇത്തരം ഒരു പ്രശ്നം ഉണ്ടായത്?
ലോകത്തെ ഏറ്റവും നിലവാരമുള്ള നിർമാണ സാങ്കേതികവിദ്യകൾ പിന്തുടരുന്ന, ഉന്നതമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളയിടമാണ് ഗൾഫ് നാടുകൾ. എന്നിട്ടും അവിടെ ഇങ്ങനെ സംഭവിച്ചു. എന്തുകൊണ്ട്..?
ഇതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗൾഫ് നാടുകളിലെ കെട്ടിടങ്ങൾ, റോഡുകൾ, മറ്റു സൗകര്യങ്ങൾ എല്ലാം അന്നാട്ടിലെ കാലാവസ്ഥക്ക് അനുസരിച്ചു നിർമിച്ചവയാണ്. മറ്റൊരു കാലാവസ്ഥയെയും അവ അതിജീവിക്കില്ല.
ഒന്നുകൂടി വിശദമാക്കാം.
വർഷത്തിൽ നല്ലൊരു ശതമാനവും കനത്ത മഞ്ഞുവീഴ്ച നടക്കുന്ന റഷ്യയിൽ, ഗൾഫിലെ പോലെയൊരു വേനൽക്കാലം ഉണ്ടായാൽ അന്നാട്ടിലെ സകലമാന അടിസ്ഥാന സൗകര്യങ്ങളും പരാജയപ്പെടും. സദാ ഭൂകമ്പസാധ്യതയുള്ള ജപ്പാനിൽ കെട്ടിടങ്ങൾക്കു നൽകുന്ന ഭൂകമ്പ പ്രതിരോധ സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ നൽകാറില്ല, സാധിക്കുകയും ഇല്ല.
ലോകത്തെ എല്ലായിടത്തും കാര്യങ്ങൾ ഇങ്ങനെയാണ്, അവിടെ എല്ലാം സ്വന്തം കാലാവസ്ഥക്ക് അനുസരിച്ച നിർമിതികളാണുള്ളത്. അപരിചിതമായ മറ്റൊരു കാലാവസ്ഥാ സാഹചര്യത്തിൽ അവ പരാജയപ്പെടും.
ഇനി നമുക്ക് ഗൾഫിലേക്ക് വരാം.
ഗൾഫിലെ ബഹുഭൂരിപക്ഷം കെട്ടിടങ്ങൾക്കും ജനാലകളിലും, ബാൽക്കണികളിലും സൺഷെയ്ഡ് ഇല്ല, തന്മൂലം മഴയ്‌ക്കൊപ്പം ചെറിയൊരു കാറ്റ് വന്നാൽ പോലും ഈ മഴ ജനാലകളിൽ പതിക്കും, അവയുടെ അലുമിനിയം റെയിലുകൾക്കിടയിലൂടെ വെള്ളം റൂമിനകത്തേക്കു എത്തും. ബാൽക്കണികളിൽ ആകട്ടെ കാര്യങ്ങൾ ഒന്നുകൂടി കുഴയും. ബാൽക്കണിയിലെ വെള്ളം സമനിരപ്പിൽ കിടക്കുന്ന ഹാളുകളിലേക്കും ബെഡ് റൂമുകളിലേക്കും ഈസിയായി ഒഴുകും. എന്റെ ഫ്ലാറ്റിലും സംഭവിച്ചത് അതാണ്.
ഇത് ഒറ്റ മഴയ്ക്ക് സംഭവിച്ചതാണ്. അപ്പോൾ നമ്മുടെ നാട്ടിലേതുപോലുള്ള ഒരു മഴ ഈ നാടുകളിൽ സംഭവിച്ചാൽ എന്ത് സംഭവിക്കും എന്ന് ഊഹിക്കാം. കെട്ടിടങ്ങളുടെ രൂപകൽപനയും അന്നാട്ടിലെ സ്വാഭാവിക കാലാവസ്ഥയും തമ്മിൽ ഉള്ള ബന്ധത്തെപ്പറ്റിയാണ് ഇതുവരെ പറഞ്ഞത്.
കേരളത്തിന്റെ കാര്യം എടുക്കാം.
ഇന്ത്യയിലെ ഏറ്റവും മഴ ലഭിക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് കേരളം. ആ അടിസ്ഥാന സത്യത്തെ ഉൾക്കൊള്ളാതെ രൂപകൽപന ചെയ്യുന്ന ഏതൊരു കെട്ടിടവും ആത്യന്തികമായി പരാജയമായിരിക്കും. അവയ്ക്ക് ആയുസ്സു കുറവായിരിക്കും. പരിപാലന ചെലവ് കൂടുതലായിരിക്കും. അവയിലെ സ്വാഭാവികജീവിതം ഒട്ടും സുഗമമായിരിക്കില്ല. വൈദ്യുതി അടക്കമുള്ള ഊർജ ഉപഭോഗം വർധിക്കും.
കാലാവസ്ഥയുമായി സമരസപ്പെട്ടു നിൽക്കാത്തതിനാൽ വെള്ളവും, വെയിലും, പൊടിയും അടക്കമുള്ള പ്രകൃതി ശക്തികൾ വീട്ടിനകത്തേക്ക് ക്ഷണിക്കാതെ വലിഞ്ഞുകയറിവരും. എങ്കിൽ പിന്നെ ഏതു രീതിയിൽ ഉള്ള നിർമാണ രീതിയാണ് നമുക്കാവശ്യം..?
ഒരു സംശയവും വേണ്ട, ചെരിഞ്ഞ മേൽക്കൂരയോട് കൂടിയ, നല്ല സൺഷെയ്ഡുകളുള്ള, തറ ഉയരം കൂടിയ, ഗ്ലാസ്സിന്റെ അതിപ്രസരം ഇല്ലാത്ത, കടുംനിറങ്ങൾ ഇല്ലാത്ത വീടുകളാണ് നമ്മുടെ സ്വാഭാവിക ജീവിതത്തിനു അനുയോജ്യം. ഇവയിൽ ഓരോന്നിനും അതിന്റേതായ വിശദീകരണങ്ങൾ ഉണ്ട്, വിസ്തരിച്ചു ചളമാക്കുന്നില്ല. മേൽക്കൂരയെക്കുറിച്ചുമാത്രം ഇപ്പോൾ പറയാം.
പണ്ടുകാലം മുതൽ നമ്മുടെ മേൽക്കൂരകൾ ചെരിഞ്ഞവയാണ്. ഓലമേഞ്ഞത്, പുല്ലുവിരിച്ചത്, ഓടുവിരിച്ചത്...എല്ലാം ചെരിഞ്ഞവയാണ്. കോൺക്രീറ്റ് സാങ്കേതികവിദ്യ സ്വായത്തമാക്കിയ ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ എത്തിയപ്പോഴും അവർ ഇന്നാട്ടിലെ കാലാവസ്ഥയെ അങ്ങനെ വെല്ലുവിളിക്കാൻ മുതിർന്നില്ല. സ്വന്തം വാസ്തുവിദ്യാശൈലിയെ നമ്മുടെ രീതിയുമായി സംയോജിപ്പിച്ചു അവർ രൂപപ്പെടുത്തിയതാണ് ഇവിടെ കാണുന്ന കൊളോണിയൽ രീതി.
ഇതിനൊക്കെ കാരണം നമ്മുടെ മഴയാണ്. മഴയിൽ ഒരു കുട ചൂടിയതുപോലെ ആയിരിക്കണം നമ്മുടെ നിർമാണ ശൈലി. ഒന്നുകൂടി വിശദമാക്കിയാൽ ഒരുവീട് ആദ്യം സ്വയം സംരക്ഷിക്കുകയും, പിന്നീട് അതിനകത്തെ അന്തേവാസികളെ സംരക്ഷിക്കുകയും വേണം. എന്നാൽ സമീപകാലത്തായി ഈ രീതികളെ മുഴുവൻ കാറ്റിൽ പറത്തുന്ന നിർമാണ സംസ്കാരമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ..?
പല കാരണങ്ങളാണ്. അതിൽ ചെരിഞ്ഞ മേൽക്കൂര ശാസ്ത്രീയമായി രൂപപ്പെടുത്താനുള്ള ഡിസൈനർമാരുടെ മടിയും അറിവില്ലായ്മയും മുതൽ, കോൺട്രാക്ടർമാരുടെ ആത്മവിശ്വാസമില്ലായ്മയും, എളുപ്പവഴിയിൽ പണി പൂർത്തീകരിക്കാനുള്ള ത്വരയും ഒക്കെ ഉൾപ്പെടും.
ഇതൊന്നും ചിന്തിക്കാതെ പുതുമ മാത്രം തേടിയുള്ള ഉടമയുടെ മനോഭാവം കൂടിയാകുമ്പോൾ കാര്യങ്ങൾ ചക്ക കുഴയുന്നപോലെ കുഴയും. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ പ്ലാനുകളെ കാലാവസ്ഥാ ശാസ്‌ത്രപരമായി അപഗ്രഥിക്കുന്ന ഒരു മേഖലയ്ക്ക് നല്ല സാധ്യതയുണ്ടെന്നാണ് എന്റെ ഒരു വിലയിരുത്തൽ.
ഗർഭിണിയുടെ ഉദരം സ്കാൻ ചെയ്ത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം വിലയിരുത്തുന്നതുപോലെ ഓരോ പ്ലാനും ഇത്തരം വിദഗ്ധരെ കാണിച്ച് ഇത്തരം കാര്യങ്ങൾ വിലയിരുത്താം. ഒരു റിപ്പോർട്ടായി എഴുതി വാങ്ങാം. ഒരുവേള ഒരു വാസ്തുവിദ്യാവിദഗ്ധനെ നമ്മുടെ പ്ലാൻ കാണിക്കുന്നതിലും എത്രയോ ഉപകാരപ്രദമായിരിക്കും അത്.
കാലാവസ്ഥയ്ക്ക് യോജിച്ച, ഏറെ നാൾ ഈടുനിൽക്കുന്ന, പരിപാലന ചെലവ് കുറഞ്ഞ, അകത്തെ സ്വാഭാവിക ജീവിതം സുഗമമാക്കുന്ന വീടുകളുള്ള കേരളം. ഞാൻ സ്വപ്നം കാണുന്ന കിനാശേരിയും അതാണ്.
***
വീടുകളെ സ്നേഹിക്കുന്നവർക്കായി...
www.youtube.com/@manoramaveedu
www.facebook.com/ManoramaVeedu
www.instagram.com/manoramaveedu
***
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com
***