ടിവി താരം ബിനു അടിമാലിയുടെ വീട്ടുവിശേഷങ്ങൾ
Mail This Article
മിനിസ്‌ക്രീനിലെ കോമഡി പരിപാടികളിൽ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്ന കലാകാരനാണ് ബിനു അടിമാലി. ഇടുക്കിയുടെ തനതു സംസാര ശൈലിയും കൗണ്ടറുകളുമായി സിനിമയിലും ഇപ്പോൾ സജീവസാന്നിധ്യമാണ് ബിനു. ഷൈലോക്ക് എന്ന മമ്മൂട്ടിച്ചിത്രമാണ് അവസാനം റിലീസ് ചെയ്തത്. കടന്നു വന്ന വഴികളും വീടിന്റെ വിശേഷങ്ങളും ബിനു പങ്കുവയ്ക്കുന്നു.
പുല്ലു മേഞ്ഞ വീട്ടിൽ തുടക്കം...
അടിമാലിയാണ് സ്വദേശം. അച്ഛൻ, അമ്മ, ഞങ്ങൾ 5 മക്കൾ. ഇതായിരുന്നു കുടുംബം. അച്ഛനും അമ്മയ്ക്കും കൃഷിപ്പണിയായിരുന്നു. കുറച്ചു കൃഷി ഭൂമി ഉള്ളത് കൊണ്ട് അന്നത്തിനു ബുദ്ധിമുട്ടില്ലായിരുന്നു എങ്കിലും ഭൗതിക സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. എങ്കിലും ഉള്ള സൗകര്യത്തിൽ തൃപ്തിയോടെ കഴിയുന്ന രീതിയായിരുന്നു അടിമാലിക്കാർക്കുള്ളത്.
സഹോദരങ്ങളെല്ലാം കലാമികവ് ഉള്ളവരായിരുന്നു. സ്‌കൂൾ കാലഘട്ടത്തിലെ ഞാനും സഹോദരങ്ങളും മിമിക്രിയും സ്കിറ്റുമൊക്കെയായി സജീവമായിരുന്നു. പ്രീഡിഗ്രി കൊണ്ട് പഠനം അവസാനിപ്പിച്ചു. ശേഷം ഞാനും സുഹൃത്തുക്കളും ചേർന്ന് അടിമാലി സാഗര എന്ന പേരിൽ ഒരു ട്രൂപ്പ് തുടങ്ങി. അപ്പോഴും സീസണിൽ മാത്രമേ പരിപാടികൾ കിട്ടുള്ളൂ. ബാക്കി സമയത്ത് പെയിന്റിങ് പണിക്ക് പോയിത്തുടങ്ങി. ടിവി ചാനലിൽ പരിപാടികൾ അവതരിപ്പിക്കാൻ വിളിച്ചതാണ് വഴിത്തിരിവായത്. അതോടെ പെയിന്റിങ് പരിപാടി നിർത്തി.
സിനിമ...
മിനിസ്‌ക്രീനിലെ പ്രകടനം കണ്ടു നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് എനിക്കു സിനിമയിൽ ആദ്യമായി ഒരു വേഷം വാങ്ങിത്തന്നത്, ‘തൽസമയം ഒരു പെൺകുട്ടി’യിൽ. അതെന്തായാലും പൊലിച്ചു. ഇതിനോടകം ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകൾ ചെയ്തു.
സ്വപ്നം പോലെ പുതിയ വീട്...
ടിവി പരിപാടികൾ കിട്ടിത്തുടങ്ങിയതോടെ ഒൻപത് വർഷം മുൻപ് ആലുവയിലേക്ക് താമസം മാറി. ഇക്കാലമത്രയും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കിട്ടിയ സമ്പാദ്യം സ്വരുക്കൂട്ടി അഞ്ചു സെന്റ് ഭൂമി വാങ്ങിയിട്ടു. കഴിഞ്ഞ വർഷം വീടുപണി തുടങ്ങി. ഇപ്പോൾ പണി പൂർത്തിയായി. ഈ മാസം പാലുകാച്ചൽ നടത്താനിരുന്നതാണ്. അപ്പോഴാണ് വില്ലനായി കൊറോണ എത്തിയത്. ഇനി എല്ലാം ഒതുങ്ങിയിട്ട് വേണം പരിപാടികൾ നടത്താൻ. അതിനായി കാത്തിരിക്കുകയാണ് ഞാനും കുടുംബവും.
ഞാനൊരു സാധാരണ കലാകാരനാണ്. വലിയ തുക ലോൺ എടുത്തു വീട് പണിയാനൊന്നും കഴിയില്ല. അതിനാൽ എന്റെ ബജറ്റിലൊതുക്കി നിർമിക്കാൻ കഴിഞ്ഞു എന്നതാണ് ആശ്വസം. നാലു കിടപ്പുറിയുള്ള ഇരുനില വീടാണ്. ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്.
കുടുംബം..
ഭാര്യ ധന്യ. ഞങ്ങളുടെത് പ്രണയവിവാഹമായിരുന്നു. മൂന്നു മക്കളാണ്. മൂത്തവന്‍ ആത്മിക് പ്ലസ് വണ്ണിന് പഠിക്കുന്നു. രണ്ടാമത്തവൾ മീനാക്ഷി ആറാം ക്ലാസിൽ. ഇളയവൾ ആമ്പൽ 2 വയസ്സുകാരി.
English Summary- Actor Binu Adimaly House memories; Corona