ഇവിടെയും കണ്ടു അവിടെയും കണ്ടു! ഡബിളാ...കൺസ്ട്രക്‌ഷൻ സൈറ്റിൽ അമ്പരപ്പിച്ച സ്ത്രീ; അനുഭവം

1654099381
Representative Image: Photo credit: Jaynothing / Shutterstock.com
SHARE

ഓരോ വനിതാദിനം വരുമ്പോഴും ഞാൻ ഓർക്കാറുള്ളത് മരിയയെ കുറിച്ചാണ്. വർഷങ്ങൾക്ക് മുൻപ് ഏതാണ്ട് അറുനൂറോളം അപ്പാർട്ടുമെന്റുകൾ അടങ്ങിയ ദുബായ് ഡിഐപിയിലെ ഒരു കൺസ്ട്രക്‌ഷൻ പ്രോജക്ട് സൈറ്റിൽ വച്ചാണ് ഞാൻ അവരെ കാണുന്നത്. പലപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങളിട്ട അവർ കൂട്ടിയിട്ട ചില കടലാസു പെട്ടികൾക്കു സമീപം നിൽക്കുന്നത് കാണാം .

മറ്റുചിലപ്പോൾ ഈ പെട്ടികൾ തുറന്നു അതിലെ ഉരുപ്പടികൾ തുടച്ചു വൃത്തിയാക്കുന്നത് കാണാം, അല്ലെങ്കിൽ ചെറിയ പെട്ടികൾ തലയിലേറ്റി ഗോവണി കയറിപ്പോകുന്നത് കാണാം. എതിരെ വരുന്നത് ആരായാലും അവർക്കു നേർത്ത ഒരു പുഞ്ചിരി സമ്മാനിക്കും, ചിലപ്പോൾ ഒന്ന് അഭിവാദനം ചെയ്യുകയും ചെയ്യും. പൂർണ്ണമായും പുരുഷജോലിക്കാരെ ഉദ്ദേശിച്ചുള്ള ആ കൺസ്ട്രക്‌ഷൻ സൈറ്റിൽ ഒരു സ്ത്രീക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സാഹചര്യവും പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ അവരെ അദ്ഭുതത്തോടെയാണ് വീക്ഷിച്ചിരുന്നത്.

ആയിടയ്ക്കാണ് സൈറ്റിൽ പിവിസി വാതിലുകളും വാഡ്രോബുകളും സപ്ലൈ ചെയ്യുന്ന ഒരുസബ് കോൺട്രാക്ടറുടെ വലിയൊരു സംഖ്യ ചില സാങ്കേതികകാരണങ്ങളാൽ ഞാൻ തടഞ്ഞു വയ്ക്കുന്നത്. സംഗതി വഴക്കായി, എന്നെപ്പറ്റി പരാതി മുകളിലോട്ടുപോയി. ഇരുവിഭാഗത്തിന്റെയും വിശദീകരണം കേൾക്കാൻ പ്രോജക്ട് മാനേജരും ഓണർ റെപ്രസെന്റേറ്റിവും ചേർന്ന് ഒരു മീറ്റിങ് വിളിച്ചു. തോളത്തു ഒരു ലാപ്ടോപ് ബാഗും തൂക്കി, കയ്യിൽ ചില പേപ്പർ ഫയലുകളുമായി ഏതാനും എൻജിനീയർമാരുടെ അകമ്പടിയോടെ മീറ്റിങ് റൂമിലേക്ക് കടന്നുവന്ന മരിയയെ കണ്ട് എന്റെ കിളി പോയി.

കാരണം, ഞാൻ ലക്ഷക്കണക്കിന് ദിർഹം തടഞ്ഞുവച്ച ആ കമ്പനിയുടെ ഉടമയാണ്, എന്നും താഴെവച്ച് ഞാൻ കാണാറുള്ള കടലാസുപെട്ടിയും തലയിൽ വച്ച് നടക്കാറുള്ള മരിയ എന്ന ആ സ്ത്രീ!..

മരിയ ഗ്രീക്കുകാരിയാണ്. എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുണ്ട്, ഭർത്താവ് ദുബായ് ഗവൺമെന്റിൽ ഉന്നത ഉദ്യോഗസ്ഥനാണ്. ഒരു മകൻ ആസ്‌ട്രേലിയയിൽ സഹ വൈമാനികനായി ജോലി നോക്കുന്നു. ആ മീറ്റിങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഞാനറിയുന്ന മരിയ ഒരു സംരംഭകയോ, എൻജിനീയറോ മാത്രമായിരുന്നില്ല. 'എന്തുകൊണ്ടാണ് ഒരു ക്ളീനിങ് ജോലിക്കാരൻ ചെയ്യേണ്ട ജോലി ഒരു കമ്പനിയുടമ ചെയ്യുന്നത്' എന്ന എന്റെ ചോദ്യത്തിന് ഏതു ജോലിക്കും അതിന്റേതായ മാന്യതയുണ്ട് എന്നായിരുന്നു അവരുടെ മറുപടി.

അതുകൊണ്ടുതന്നെ ഓഫിസിലാണെങ്കിലും കൺസ്ട്രക്‌ഷൻ സൈറ്റിൽ ആണെങ്കിലും അവർ ഏതു തലത്തിലുള്ള ജോലിയിലും ഇടപെടും. ഓഫിസ് ബോയിമാരോടോത്തു ചായയുണ്ടാക്കി കീഴ്ജീവനക്കാർക്ക് നൽകും, തൂപ്പുജോലികൾ ചെയ്യും, ഫോട്ടോസ്റ്റാറ്റ് മെഷീനിൽ പേപ്പർ നിറയ്ക്കും. ഇവരൊക്കെയാണ് യഥാർത്ഥ ഉരുക്കു വനിതകൾ. കാരണം ഇവർ ഈ സമൂഹത്തിൽ പരിവർത്തനമുണ്ടാക്കുന്നവരാണ്, മറ്റുള്ളവർക്ക് മാതൃകയാകുന്നവരാണ്.

ഇവരെപ്പോലെ പലവിധ വേഷങ്ങൾ ഒരേസമയം കയ്യാളുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകളും. ജീവിത പഥത്തിലെ കർമ്മയോദ്ധാക്കളായ, എല്ലാ വനിതാസുഹൃത്തുക്കൾക്കും വനിതാദിനാശംസകൾ.

വീട് വിഡിയോ കാണാം...

English Summary- The Woman I Saw at the Construction Site- Womens Day Experience

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS