പുതിയ വീടിന്റെ സന്തോഷം പങ്കുവച്ച് നടൻ ഹരീഷ് കണാരൻ
Mail This Article
പുതിയ വീട് സഫലമായതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഹരീഷ് കണാരൻ. 'പുതിയ വീടാണ് എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകണം' എന്ന അടിക്കുറിപ്പോടെയാണ് വീടിന്റെ ചിത്രം ഹരീഷ് പങ്കുവച്ചത്.
പരമ്പരാഗത കേരളീയ ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. ഹരീഷിന്റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്ന, ആദ്യമായി പണിത ചെറിയ വീട് പൊളിച്ചുകളയാതെ മുകളിലേക്ക് നവീകരിക്കുകയായിരുന്നു.
സെലിബ്രിറ്റി വീട് വിഡിയോസ് കാണാം! Subscribe Now
ഹരീഷ് മുൻപ് തന്റെ വീട് ഓർമകൾ പങ്കുവച്ചത് വായിക്കാം...
വീട് ഓർമ്മകൾ...
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അച്ഛൻ രാമചന്ദ്രമേനോൻ, അമ്മ സരോജിനി. അന്നത്തെക്കാലത്തു സാധാരണമായിരുന്ന ഓടിട്ട വീടായിരുന്നു ഞങ്ങളുടേത്. ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. പിന്നീട് അച്ഛൻ വേറെ വിവാഹം കഴിച്ചു. പിന്നീട് കുറേക്കാലം മാങ്കാവുള്ള അമ്മാവന്റെ വീട്ടിലായിരുന്നു ഞാൻ താമസിച്ചത്. ജനിച്ചു വളർന്ന വീടിനേക്കാൾ ഓർമകൾ ഉള്ളതും ആ വീട്ടിലാണ്. പിന്നീട് അച്ഛൻ എന്നെ രണ്ടാനമ്മയുടെ വീട്ടിലേക്കു കൊണ്ടുപോയി. കുറേക്കാലം അവിടെ താമസിച്ചു....
പെരുമണ്ണ അമ്മയുടെ നാടാണ്. അവിടെയുണ്ടായിരുന്ന തറവാടു വീട് ആൾതാമസമില്ലാത്ത പൊളിഞ്ഞുപോയി. പിന്നീട് അമ്മയുടെ 20 സെന്റ് ഭൂമി വിറ്റ് അമ്മയുടെ പേരിലുണ്ടായിരുന്ന മറ്റൊരു 27 സെന്റ് ഭൂമിയിൽ ഞാനൊരു വീടുവച്ചു. വിവാഹശേഷം ഭാര്യയെയും കൊണ്ടു കയറിച്ചെല്ലുന്നത് ആ വീട്ടിലേക്കാണ്....ഭാര്യ സന്ധ്യ. മകൻ ധ്യാൻ, മകൾ ധ്വനി.
ഹിറ്റായ കണാരൻ...
സ്‌കൂൾ കാലഘട്ടത്തിൽത്തന്നെ മിമിക്രിവേദികളിൽ സജീവമായിരുന്നു. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും അവസരങ്ങൾ ഒത്തുവന്നില്ല. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയാണ് എന്റെ തലവര മാറ്റിയെഴുതിയത്. അതിൽ അവതരിപ്പിച്ച കണാരൻ എന്ന കഥാപാത്രം കേറിയങ്ങു ഹിറ്റായി. പിന്നീട് ആ കഥാപാത്രത്തെ വച്ചു സീരിയലുകളും. സീരിയലുകളും സിനിമയും ഉണ്ടായി. അങ്ങനെ ഹരീഷ് പെരുമണ്ണ, ഹരീഷ് കണാരനായി.
ആദ്യമായി പണിത വീട്...
1200 ചതുരശ്രയടിയുള്ള സാധാരണ വീടാണ് ഞാൻ വച്ചത്. ചെറിയൊരു പടിപ്പുര വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതു ഞാൻ നിർമിച്ചിട്ടുണ്ട്. ഷൂട്ട് മിക്കതും കൊച്ചിയിലായതുകൊണ്ട് പലരും ചോദിക്കാറുണ്ട് കൊച്ചിയിൽ വല്ല ഫ്‌ളാറ്റുമെടുത്തു കൂടിക്കൂടേ...എന്ന്. നമ്മുടെ വേരുകൾ എല്ലാം ഇവിടെ കോഴിക്കോടാണ്. നമ്മുടെ കരിയറിൽ വഴിത്തിരിവായതുതന്നെ കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന കണാരനാണ്. അതുകൊണ്ട് കോഴിക്കോട് വിട്ടുള്ള ഒരുപരിപാടിയുമില്ല.
English Summary- Hareesh Kanaran New Home