'ഇത് 5 കോടിയുടെ വീടോ?' ഹരീഷ് കണാരന്റെ ചിരിവീടിന്റെ രഹസ്യങ്ങൾ; വിഡിയോ
Mail This Article
നടൻ ഹരീഷ് കണാരൻ കുറച്ചു ആഴ്ചകൾക്ക് മുൻപ് തന്റെ പുതിയ വീടിന്റെ ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു. അതോടെ സോഷ്യൽ മീഡിയയിൽ വീട് ചർച്ചാവിഷയമായി. 'വരിക്കാശ്ശേരി മന പോലെയുണ്ട് പുതിയവീട്' എന്നുചിലർ, മറ്റുചിലർ 'വീടിന് 5 കോടി രൂപയായി' എന്നുവരെ പ്രചരിപ്പിച്ചു. പുതിയ ചിരിവീടിന്റെ യാഥാർഥ്യങ്ങളുമായി ഹരീഷും കുടുംബവും പുതിയലക്കം സ്വപ്നവീടിൽ..
യഥാർഥത്തിൽ ഇത് പുതിയ വീടല്ല, എന്റെ പഴയ വീട് മുകളിലേക്ക് നവീകരിച്ചതാണ്. എന്റെ അമ്മയുടെ പേരാണ് വീടിന്- സരോജം. എന്റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്ന വീടാണിത്. സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്, സാമ്പത്തികമായി മെച്ചപ്പെട്ടത് എല്ലാം ഇവിടെ താമസം തുടങ്ങിയശേഷമാണ്.
സിനിമ ആസ്ഥാനം കൊച്ചി ആയതുകൊണ്ട് പലരും കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങി താമസിച്ചുകൂടെ എന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് ഫ്ലാറ്റ് ജീവിതം പറ്റില്ല, ശ്വാസംമുട്ടും. അതുകൊണ്ടാണ് പഴയ വീടിനെ പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.
എനിക്കും ഭാര്യയ്ക്കും കേരളീയ വീടുകളോട് ഇഷ്ടമുണ്ട്. അങ്ങനെയാണ് സുഹൃത്തായ ഡിസൈനർ ജയൻ ബിലാത്തികുളത്തെ പണി ഏൽപിച്ചത്. ആദ്യകാഴ്ചയിൽ തന്നെ വരിക്കാശ്ശേരി മനയുടെ പ്രൗഢി തോന്നണം. അധികം കാശ് ചെലവാകുകയുമരുത്. ഇതായിരുന്നു ഞങ്ങൾ ജയേട്ടനോട് പറഞ്ഞത്. ജയേട്ടൻ ആഗ്രഹിച്ചത് പോലെ വീട് യാഥാർഥ്യമാക്കി നൽകി.
വീടിന്റെ മുന്നിലെ പൂമുഖവും തൂണുകളും കൊത്തുപണികളും എല്ലാം തടിപ്പണിയാണെന്നാണ് പലരും കരുതിയത്. യഥാർഥത്തിൽ ഫെറോസിമന്റിൽ ചെയ്ത ചെപ്പടിവിദ്യകളാണ് ഇതെല്ലാം. അതുപോലെ നിലത്ത് കണ്ടാൽ ആത്തങ്കുടി ടൈലുകൾ വിരിച്ചപോലെതോന്നും. പക്ഷേ ഇത് ഗുജറാത്തിൽ നിന്നുവാങ്ങിയ സെറാമിക് ടൈലുകളാണ്. ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപത്തെ ഓടുകളാണ് കാർ പോർച്ചിൽ വിരിച്ചത്. കോഴിക്കോട് പഴയ കെട്ടിടം പൊളിച്ചിടത്തുനിന്ന് കുറഞ്ഞവിലയിൽ ശേഖരിച്ചതാണ്. നാട്ടിലെ തൊഴിലാളികളെയാണ് വീടുപണിക്ക് നിയോഗിച്ചത്. അതും ആശയവിനിമയം എളുപ്പമാക്കി.
വാസ്തു കണക്കുകൾ നോക്കിയാണ് വീട് മുകളിലേക്ക് നവീകരിച്ചത്. അകത്തേക്ക് കയറിയാൽ സ്വീകരണമുറി, ഡൈനിങ്, രണ്ടു കിടപ്പുമുറി, കിച്ചൻ എന്നിവയുണ്ട്. മുകളിൽ പുതിയതായി രണ്ടു കിടപ്പുമുറികൾ, ലിവിങ് ഹാൾ, ബാൽക്കണി എന്നിവയുമുണ്ട്.
അടഞ്ഞ മുറികളായിരുന്നു പഴയ വീട്ടിൽ. സ്വീകരണമുറിയിലെ ഷോകേസിനെ ഒരു കിളിവാതിലാക്കി മാറ്റി. അങ്ങനെ ഊണുമുറിയിലേക്കും കണക്‌ഷൻ കിട്ടി. സ്വീകരണമുറിയിലെ സീലിങ് കണ്ടാൽ മുന്തിയ മരം പൊതിഞ്ഞപോലെതോന്നും. യഥാർഥത്തിൽ കോൺക്രീറ്റിൽ തടിയുടെ ഫിനിഷുള്ള പെയിന്റ് ചെയ്തിരിക്കുകയാണിത്.
താഴെ ഒരു ഫോട്ടോ വോളുണ്ട്. എന്റെ ഇഷ്ടതാരങ്ങൾക്കൊപ്പമുള്ള നിമിഷങ്ങൾ ഇവിടെ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. ജയസൂര്യയും ടോവിനോയും വീട്ടിൽ വന്നിട്ടുണ്ട്. അപ്പോഴെടുത്ത ഫോട്ടോയുണ്ട്.
പഴയ വീട്ടിലെ അടുക്കളയാണ് പുതിയ വീട്ടിലെ ഊണുമുറി. ഇവിടെയും സീലിങ്ങിൽ തടിയുടെ ഫിനിഷുള്ള പെയിന്റ് വർക്കുണ്ട്.
ഗോവണി കയറി മുകളിലെത്തിയാൽ വിശാലമായ ഒരു ഹാളാണ്. ചെറിയ ഒത്തുചേരലുകൾ ഒക്കെ ഇവിടെ നടത്താം. ഇവിടെ ഒരുവശത്ത് പ്രൊജക്ടർ സെറ്റ് ചെയ്ത് ഹോം തിയറ്റർ ആക്കാനും പ്ലാനുണ്ട്. ഹാളിൽ ചെറിയ ബാൽക്കണിയുണ്ട്. കിളിവാതിൽ തുറന്നാൽ കാറ്റും വെളിച്ചവും ഉള്ളിലെത്തും. പുറത്തെ കാഴ്ചകൾ കണ്ട് ഇവിടെയിരിക്കാൻ നല്ല രസമാണ്.
ചുരുക്കത്തിൽ 'പഴയ പുതിയ വീട്' നിറഞ്ഞ സന്തോഷമാണ്. സിനിമാസെറ്റുകളിൽ പോകുമ്പോഴും ഷൂട്ട് കഴിഞ്ഞാൽ എത്രയും വേഗം ഇവിടേക്ക് തിരികെയെത്താൻ തോന്നും. അതാണ് എന്റെ വീട്..
English Summary- Hareesh Kanaran New House in Calicut- Home Tour Video