ADVERTISEMENT

A House Is Made Of Walls And Beams.....But a Home is Built with Love And Dreams

കല്ലും സിമന്റും കൊണ്ടുമാത്രമല്ല, കാരുണ്യത്താൽ ചായംപൂശിയ സ്നേഹകൂടാരങ്ങളാണ് ഈ വീടുകളോരോന്നും. ആ കരുണയ്ക്കു കരുതലായി, കാവൽക്കാരനായി ജിജോ കുര്യൻ എന്ന ‘സഞ്ചാരി പാതിരി’യും. അല്ലെങ്കിലും ഇടുക്കി നാടുകാണിയിലുള്ള കപ്പുച്ചിൻ ആശ്രമത്തിലെ, യാത്രകളെ ഏറെ നെഞ്ചേറ്റുന്ന ‘നാടുചുറ്റി പാതിരി’ക്കു തലചായ്ക്കാൻ ഇടമില്ലാത്തവരുടെ വേദന കണ്ടില്ലെന്നു നടിക്കാനാകുമോ?

2018 ലെ മഹാപ്രളയക്കെടുതിയില്‍ വീട് നഷ്ടമായ ഒരു വിധവയുടെ ദുരവസ്ഥ കാണാനിടയായതാണു കേരളത്തിൽ പ്രചാരമേറുന്ന കുഞ്ഞുവീടുകൾ അഥവാ ക്യാബിൻ ഹൗസുകൾ എന്ന ആശയത്തിലേക്ക് ഈ വൈദികനെ എത്തിച്ചത്. ആശങ്കയേതുമില്ലാതെ ആദ്യദൗത്യം ഏറ്റെടുക്കാൻ ഒപ്പമുണ്ടായിരുന്ന സുഹ‍ൃത്തിന്റെ സാമ്പത്തിക സഹായവാഗ്ദാനമാണ് പ്രേരണയായത്. പിന്നാലെ കൂടുതൽ  ക്യാബിൻ ഹൗസുകൾക്ക് ഇടുക്കിയിൽ തുടക്കമിട്ടു. ആവശ്യക്കാരുടെ എണ്ണമേറിയതോടെ മറ്റു ജില്ലകളിലേയ്ക്കും ഈ ദൗത്യം വേരുപടർത്തി

സ്വപ്നതുല്യമായ, അതേസമയം ദുർഘടങ്ങൾ ഏറെയുള്ള ഈ ദൗത്യത്തിൽ ഫാദർ ജിജോയ്ക്കൊപ്പം കൈകോർത്തു നടക്കാൻ നിരവധിപ്പേരാണു മുന്നോട്ടു വന്നത്. കുഞ്ഞുവീടുകളെന്ന പേരിൽ കേരളത്തിന്റെ വിവിധയിടങ്ങളിലായി ഇതുവരെ ഉയർന്നത് ഇരുന്നൂറ്റി അൻപതിലേറെ സ്നേഹവീടുകൾ. അസുഖബാധിതർ, വികലാംഗർ, ജീവിതവഴിയിൽ ആരുമില്ലാതെ ഒറ്റപ്പെട്ടവർ,  മറ്റു വരുമാന മാർഗങ്ങളില്ലാത്തവർ, പരസഹായമില്ലാത്ത വൃദ്ധ‍ജനങ്ങൾ തുടങ്ങിയവരെയാണു വീടിന്റെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്.

jijo-john-cabin-homes

അർഹരെ ഉറപ്പാക്കാൻ ഫാദർ തന്നെ നേരിട്ടെത്തി അവരുടെ ചുറ്റുപാടുകൾ മനസിലാക്കും. നിർമാണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ സാമൂഹിക പ്രവർത്തകർ ഉൾപ്പെട്ട അഞ്ചു സംഘങ്ങളാണു പ്രവർത്തിക്കുന്നത്. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത നിരവധി പേരാണ് അഞ്ച് ലക്ഷം രൂപ വരെ ചെലവു വരുന്ന ഈ വീടുകളുടെ നിർമ്മാണത്തിൽ ധനസഹായവുമായി പങ്കാളികളാകുന്നത്. സന്നദ്ധസംഘടനകളും ഈ ഉദ്യമത്തിൽ സഹകരിക്കുന്നു.

ആദ്യകാലങ്ങളിൽ കിടപ്പുമുറി, അടുക്കള, ഹാൾ, ശുചിമുറി ഉൾപ്പെട്ട ക്യാബിൻ ഹൗസുകളാണ് നിർമിച്ചതെങ്കിൽ അംഗങ്ങൾ അധികമുള്ള കുടുംബങ്ങളുടെ ആവശ്യകത  കൂടി ഉൾക്കൊണ്ട് ഹാൾ, രണ്ടു കിടപ്പുമുറി, കുളിമുറി, അടുക്കള, വരാന്ത എന്നിവ ഉൾപ്പെടുന്ന വീടുകളും ഇപ്പോൾ നിർമ്മിക്കുന്നു. ഈടോടെയും ഉറപ്പോടെയും പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിച്ചും പ്രദേശങ്ങളുടെ പരിസ്ഥിതി പരിശോധിച്ച് അവയ്ക്കനുയോജ്യമായ തരത്തിലുമാണ് നിർമ്മാണം. കോൺക്രീറ്റ് വീടല്ലാത്തതിനാൽ ബീം കൊടുത്തുള്ള സോളിഡ് ബ്രിക്സ് ഫൗണ്ടേഷനാണ് നിർമ്മിക്കുന്നത് – 450 ചതുരശ്രയടി വരെയുള്ള മിനി വീടുകൾ.  

jijo-kurian-cabin-home

‘‘ദിവസവും ലഭിക്കുന്ന അപേക്ഷ നിരവധിയുണ്ട്. കുറഞ്ഞ തുകയിൽ വീടു പൂർത്തിയാക്കാനുള്ള ഉദ്യമത്തിൽ ദൂരെയുള്ളവരുടെ ആവശ്യങ്ങളിലേയ്ക്ക് പലപ്പോഴും യാത്ര ചെയ്തു എത്താനാകുന്നില്ലെന്നു മാത്രം.’’ – ഫാദർ ജിജോ കുര്യൻ മനോരമ ഓൺലൈനോടു പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും വീടുകൾ നിർമ്മിച്ചിട്ടുണ്ട്. നാലു മുതൽ അഞ്ചു വീടു വരെ  ഒരുമിച്ചു നിർമ്മിക്കാനുള്ള അവസരം ലഭിച്ചാൽ ദൂരപരിമിതികൾ ഇല്ലാതെ ഈ ജില്ലകളിലും എത്തിച്ചേരാനാകുമെന്നും ഫാദർ പറഞ്ഞു.

jijo-kurian-cabin-house

സുമനസ്സുകൾ നൽകുന്ന സഹായമാണ് പല വെല്ലുവിളികളെയും അതിജീവിച്ചു മുന്നോട്ടു പോകാൻ ഫാദർ ജിജോയ്ക്കു വെളിച്ചമേകുന്നത്. സമ്പത്തിന്റെ സമൃദ്ധിയല്ല കൊടുക്കാനുള്ള മനസ്സാണ് ഇവരിൽ പലരുടെയും കൈമുതൽ. അതിസമ്പന്നരല്ല പലരും. സമ്പാദ്യത്തിന്റെ ഒരു വിഹിതം തലചായ്ക്കാൻ ഇടമില്ലാത്തവർക്കായി മാറ്റി വയ്ക്കുകയാണിവർ.

‘‘അന്ത്യത്തിൽ ഒന്നും ഒപ്പം കൂട്ടാൻ കഴിയാത്ത ലോകത്ത് എല്ലാം ഇവിടെ കൂട്ടിയിട്ടിട്ടു പോകുന്നതിൽ അർത്ഥമില്ല, വീതിച്ചു കൊടുത്തിട്ടു പോകുന്നതിലാണ് കാര്യം.’’ – ഫാദർ ജിജോ പറയുന്നു. വീടുകളുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ നന്ദി വാക്കുകൾക്കും സന്തോഷ പ്രകടനങ്ങൾക്കും ഉപചാരങ്ങൾക്കും കാത്തുനിൽക്കാതെ പണി പൂർത്തിയായി ഇനി കയറി താമസിക്കാം എന്ന പതിവ് അറിയിപ്പിൽ ഒതുക്കും ഫാദറും സംഘവും.

താമസക്കാരെക്കുറിച്ചുള്ളതോ, സ്പോൺസർമാരെക്കുറിച്ചുള്ളതോ ആയ  വ്യക്തിഗതവിവരങ്ങളോ വീട് നിർമ്മിച്ചു നൽകിയതിന്റെ ലൊക്കേഷനോ മറ്റാരുമായും പങ്കുവയ്ക്കാറില്ല. വീടിന്റെ ചിത്രം പങ്കുവച്ചാലും ഇക്കാര്യങ്ങളെല്ലാം പരമ രഹസ്യമായിരിക്കും. ഈ കാരുണ്യത്തിന്റെ സ്നേഹ വഴിയിൽ കൈകോർക്കാൻ നിരവധി കണ്ണികൾ ഫാദറിനെ തേടിയെത്താറുണ്ട്. ഇവരിൽ പലരെയും ഫാദർ ജിജോ നേരിട്ടു കണ്ടിട്ടു പോലുമില്ല. സഹായം തേടിപ്പോകാറില്ലെങ്കിലും പലയിടങ്ങളിൽ നിന്നായി തേടിയെത്തുകയാണ്. ഇതൊരു ഒറ്റയാൾ പോരാട്ടമല്ല. ഇവയ്ക്കായി പണം മുടക്കിയ സുമനസ്സുകൾ, കോർഡിനേറ്റ് ചെയ്യുന്ന ടീംഅംഗങ്ങൾ, എക്സിക്യൂട്ട് ചെയ്യുന്ന ജോലിക്കാർ എന്നിവരെല്ലാം ഇതിന്റെ ഭാഗമാണെന്നും ഫാദർ ജിജോ പറയുന്നു.

കാരുണ്യ വഴിയിൽ മാത്രമൊതുങ്ങാതെ ഇന്ത്യയുടെ ആത്മാവിനെ തൊട്ടുണർത്തുന്ന വടക്കുകിഴക്കൻ ഗ്രാമങ്ങളെയൊക്കെ കണ്ടും അനുഭവിച്ചുമറിഞ്ഞ അനേകം യാത്രകളും ഫാദർ നടത്തിക്കഴിഞ്ഞു. ദേശാടന‌കഥകളുടെ ഹൃദയസ്പർശിയായ കുറിപ്പുകളും ഫാദർ പലയിടങ്ങളിലായി കുറിച്ചിടാറുണ്ട്. സാമൂഹികസേവനത്തിലേയ്ക്കുള്ള നിയോഗത്തിൽ അന്തിയുറങ്ങാൻ ഇടമില്ലാത്തവനു കൂരയുടെ സുരക്ഷിതത്വം ഒരുക്കുന്ന സഹപ്രവർത്തകന് എല്ലാവിധ പ്രോത്സാഹനങ്ങളുമായി ആശ്രമത്തിലെ സഹവൈദികരും പിന്തുണയേകുന്നു.

വീടെന്ന സ്വപ്നം പാതിവഴിയിൽ ചിറകറ്റു വീണ പലർക്കും ഈ സ്നേഹകൂടാരങ്ങൾ പൂർത്തിയാക്കി കൈമാറുമ്പോൾ അവരുടെ കൺകോണിൽ നിന്നടരുന്ന ആനന്ദാശ്രുക്കൾ മാത്രമാണ് പകരം നൽകാനുള്ളത്.  അന്ധകാരത്തിന്റെ താഴ്‌വാരത്തിലും മരണത്തിന്റെ നിഴലിലും കഴിഞ്ഞിരുന്നവർക്കായി ഒരു പ്രകാശം ഉദയം ചെയ്തു. ആ പ്രകാശമാണ് കരുണയുടെ ഈ കൂടാരങ്ങളിൽ രാപാർക്കുന്നവരുടെ മനസ്സുകളിലും വീട്ടിലുമെല്ലാം നിറഞ്ഞുപരക്കുന്നത്.

English Summary- Priest Jijo Kurian Building Cabin House for Poor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com