ADVERTISEMENT

മുംബൈ എന്നാൽ ബോളിവുഡ് താരങ്ങളുടെ കേന്ദ്രമാണ്. അമിതാഭ് ബച്ചൻ മുതൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന യുവതാരങ്ങൾ വരെ താമസത്തിനായി മുംബൈ നഗരമാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ വില കൊടുത്ത് മുംബൈയിൽ ഒരു അപ്പാർട്ട്മെന്റോ വീടോ സ്വന്തമാക്കുന്ന മുൻനിര താരങ്ങളേക്കാൾ വാടക വീടുകളോട് താൽപര്യം കാണിക്കുന്ന പുതുതലമുറ  സെലിബ്രിറ്റികളാണ് ഏറെയും. കാർത്തിക് ആര്യൻ, വിക്കി കൗശൽ, കൃതി സനോൺ തുടങ്ങി മുംബൈയിൽ വാടകയ്ക്ക് വീടുകൾ എടുത്തിരിക്കുന്ന ബോളിവുഡ് താരങ്ങളുടെ പട്ടിക നീളും.

മുംബൈയുടെ പകിട്ടുകൊണ്ടുതന്നെ ഇവിടുത്തെ റിയൽ എസ്റ്റേറ്റ് മേഖലയും നാൾക്കുനാൾ കുതിച്ചുയരുകയാണ്. ഇതിന്റെ ഫലമായി മുംബൈയിൽ വീടോ സ്ഥലമോ വാങ്ങണമെങ്കിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വൻ തുക  മുടക്കേണ്ടി വരും. ചലച്ചിത്രലോകത്തേക്കെത്തി അധിക കാലമായിട്ടില്ലാത്ത പലതാരങ്ങൾക്കും കൊക്കിലൊതുങ്ങാത്തത്ര വലിയ തുകയാണ് സ്വന്തമായി ഒരിടം കണ്ടെത്താൻ വേണ്ടത്. ഇതുമൂലം കയ്യിൽ കിട്ടുന്ന പ്രതിഫലം അപ്പാടെ വീട് വാങ്ങാനായി ചെലവഴിക്കാതെ വാടകയ്ക്ക് വീടെടുത്ത് മികച്ച അവസരം ലഭിക്കുന്നത് വരെ കാത്തിരിക്കാനും താരങ്ങൾ തയ്യാറാണ്.

എന്നാൽ ഉയർന്ന വിലയ്ക്ക് പുറമേ മറ്റൊരു കാരണം കൂടി വാടക വീടുകളോട് താല്പര്യം കാണിക്കുന്നതിനു പിന്നിലുണ്ട്. വരുമാനം സ്ഥിരമല്ലാത്തതാണ് അത്. ചലച്ചിത്ര താരങ്ങൾക്ക് പ്രതിമാസം ഇത്ര വരുമാനം ലഭിക്കും എന്നത് കൃത്യമായി പ്രവചിക്കാനാവില്ല. പ്രതിഫലത്തിലെ ഏറ്റക്കുറച്ചിലുകൾ മൂലം വൻ തുക വായ്പയെടുത്ത് സ്ഥലമോ വീടോ വാങ്ങുന്നത് ബുദ്ധിയല്ല എന്ന് കരുതുന്നവരാണ് അധികവും. ചലച്ചിത്രങ്ങൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ വായ്പ തുക തിരിച്ചടയ്ക്കുന്നത് അധിക ബാധ്യതയാവുന്നതിനെ പലരും ഭയക്കുന്നു.  സെലിബ്രിറ്റികൾ എന്ന നിലയിൽ അല്പം ഉയർന്ന നിലവാരത്തിൽ ജീവിക്കാനുള്ള ചെലവ് കൂടിയാകുമ്പോൾ കിട്ടുന്ന തുക അപ്പാടെ സാധാരണക്കാരെ പോലെ വായ്പകളുടെ തിരിച്ചടിവിനായി നീക്കിവയ്ക്കാൻ ഇവർക്ക് സാധിക്കണമെന്നുമില്ല.

ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ച് പോഷ് ഏരിയകളിൽ വാടകയ്ക്ക് വീട് എടുക്കുകയാണ് ഏറ്റവും നല്ല മാർഗം എന്നതിചെ  ബോളിവുഡ് താരങ്ങൾ എത്തുന്നുണ്ട്. 2021ൽ വിവാഹിതരായ ശേഷമാണ് വിക്കി കൗശലും കത്രീന കൈഫും  ജുഹുവിലെ വീട് വാടകയ്ക്ക് എടുത്തത്. റിപ്പോർട്ടുകൾ പ്രകാരം എട്ട് ലക്ഷം രൂപയാണ് വീടിന്റെ പ്രതിമാസ വാടക. 1.75 കോടി രൂപ ഡിപ്പോസിറ്റായും താരങ്ങൾ കൈമാറിയിട്ടുണ്ട്. കൃതി സാനോണാകട്ടെ അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ് വാടകയ്ക്കെടുത്തിരിക്കുന്നത്. ജുഹുവിലെ ഈ അപ്പാർട്ട്മെന്റിന് 10 ലക്ഷം രൂപയാണ് പ്രതിമാസ വാടക. 60 ലക്ഷം രൂപ സെക്യൂരിറ്റി തുകയായും താരം നൽകി.

സമാനമായ രീതിയിൽ ഷാഹിദ് കപൂറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ 7.5 ലക്ഷം രൂപ വാടക നൽകിയാണ് കാർത്തിക് ആര്യൻ  താമസിക്കുന്നത്. 30 കോടി വിലമതിപ്പുള്ള വസതിയാണിത്. മുംബൈയിൽ വീട് വാടകയ്ക്ക് എടുത്ത സെലിബ്രിറ്റികളുടെ പട്ടികയിൽ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും അനുഷ്ക ശർമയും ഇടം പിടിച്ചിട്ടുണ്ട്. 2.76 ലക്ഷം രൂപയാണ് ജുഹുവിലെ അപ്പാർട്ട്മെന്റിന് ഇവർ വാടകയായി നൽകുന്നത്. അതേസമയം അലിബാഗിലും വർളിയിലുമായി ഇവർക്ക് സ്വന്തമായി വീടുകളുമുണ്ട്. ജാക്വിലിൻ ഫെർണാണ്ടസ്, മാധുരി ദീക്ഷിത് തുടങ്ങിയ താരങ്ങൾ കുറച്ചുകാലങ്ങൾക്കു മുൻപ് വരെ മുംബൈയിലെ വാടകവീടുകളിൽ തന്നെയാണ് താമസിച്ചിരുന്നത്.

വീട് വിഡിയോ കാണാം
English Summary:

Some Bollywood Actors Prefers Rented House over Buying Home- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com