11,000 കോടിയുടെ ബംഗ്ലാവ്, 700 കാറുകൾ, 58 വിമാനങ്ങൾ: വ്ലാഡിമിർ പുടിന്റെ ആസ്തി
Mail This Article
റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി പുടിനാണെന്ന തരത്തിൽ അഭ്യൂഹങ്ങളും ഇതിനിടയിൽ ചർച്ചകൾക്ക് ഇടനൽകിയിരുന്നു. എന്നാൽ ഫോർബ്സിന്റെ അടക്കം ഔദ്യോഗിക പട്ടികകളിൽ ഒന്നുംതന്നെ ഇതുവരെ പുടിൻ ഇടം പിടിച്ചിട്ടില്ല. ഒരു ബില്യനോ അതിൽ അധികമോ വരുമെന്ന് കണക്കാക്കപ്പെടുന്ന പുടിന്റെ ആസ്തികൾ പരിശോധിക്കാൻ സാധിക്കാത്തതുകൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്ന് ഫോർബ്സ് തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഔദ്യോഗികമായി, പുടിൻ പ്രതിവർഷം 1,40,000 ഡോളർ (1.16 കോടി രൂപ) ശമ്പളം ലഭിക്കുന്നുണ്ട്. 800 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു അപ്പാർട്ട്‌മെന്റ്, ഒരു ട്രെയിലർ, മൂന്ന് കാറുകൾ എന്നിവയാണ് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ള സ്വത്ത്. റിപ്പോർട്ടുകൾ പ്രകാരം മോസ്കോയിലെ 1600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റിലാണ് അദ്ദേഹം താമസിക്കുന്നത്. എന്നാൽ പുടിന്റെ ജീവിതശൈലി ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥ വെളിവാക്കുന്നുമുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 200 ബില്യൻ യുഎസ് ഡോളര്‍ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
കരിങ്കടൽ കണ്ട് ആസ്വദിക്കാവുന്ന വിധത്തിൽ ഒരു മുനമ്പിൽ സ്ഥിതി ചെയ്യുന്ന 1,90,000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവ് ഇതിൽ ഉൾപ്പെടും. 1.4 ബില്യൺ ഡോളറാണ് (11,000 കോടി രൂപ) ഈ കൂറ്റൻ ബംഗ്ലാവിന്റെ വില മതിപ്പ്. ഇതിനുപുറമേ 19 വീടുകളും 700 കാറുകളും 58 വിമാനങ്ങളും പടിന് സ്വന്തമായുണ്ട്. ഇതിൽ ഫ്ലയിങ് ക്രമ്ലിൻ എന്നറിയപ്പെടുന്ന വിമാനത്തിന് മാത്രം 716 മില്യൻ ഡോളറാണ് (5900 കോടി രൂപ) വിലമതിപ്പ്. സ്വർണ്ണത്തിൽ നിർമിച്ച ടോയ്‌ലറ്റ് വരെ ഈ വിമാനത്തിൽ ഉണ്ടെന്ന് പറയപ്പെടുന്നു. 100 മില്യൻ ഡോളറിന്റെ (830 കോടി രൂപ) മെഗാ യാട്ടാണ് മറ്റൊരു ആസ്തി.
പുടിൻസ് പാലസ് എന്ന് വിളിക്കപ്പെടുന്ന കരിങ്കടൽ മാളികയുടെ വിഡിയോ രണ്ടു വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇറ്റാലിയൻ വാസ്തുശില്പിയായ ലാൻഫ്രാങ്കോ സിറില്ലോ രൂപകൽപന ചെയ്ത കൊട്ടാരസമാനമായ ഈ ബംഗ്ലാവിൽ ഒരു ഹെലികോപ്റ്റർ ലോഞ്ചിങ് പാഡ്, ഭൂഗർഭ തുരങ്കങ്ങൾ, മാർബിളിൽ തീർത്ത സ്വിമ്മിങ് പൂൾ, ആംഫി തിയറ്റർ, ഐസ് ഹോക്കി റിങ്ക്, കാസിനോ, നൈറ്റ്ക്ലബ് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ആഡംബര സൗകര്യങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
5,00,000 ഡോളറിന്റെ (4.15 കോടി രൂപ) ഇൻ-ഡൈനിങ് റൂം ഫർണിച്ചർ, 54000 ഡോളർ (44 ലക്ഷം രൂപ) വിലമതിപ്പുള്ള ബാർ ടേബിൾ എന്നിവയെല്ലാം അകത്തളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഡംബര ഇറ്റാലിയൻ ബ്രാൻഡായ സിറ്റെറിയോ അറ്റീനയാണ് അകത്തളത്തിന്റെ ഭൂരിഭാഗവും അലങ്കരിച്ചിരിക്കുന്നത്. ബംഗ്ലാവിന്റെ ലാൻഡ്സ്കേപിങ് പരിപാലിക്കുന്നതിന് വേണ്ടി മാത്രം രണ്ട് മില്യൻ ഡോളർ (16 കോടി രൂപ) പ്രതിവർഷം ചെലവ് വരുന്നുണ്ട്. ഇതിനായി 40 പേരടങ്ങുന്ന ഒരു സംഘവും ജോലി ചെയ്യുന്നു. എന്നാൽ വിഡിയോ പുറത്തു വന്നതിനു ശേഷം ഈ ബംഗ്ലാവ് തന്റേതാണെന്ന കാര്യം പുടിൻ നിഷേധിച്ചിരുന്നു.