ഹവായ് ദ്വീപിൽ സക്കർബർഗിന്റെ രഹസ്യ ഭൂഗർഭ ബങ്കർ? എസ്റ്റേറ്റിൽ ബംഗ്ലാവ്; ചെലവ് 2000 കോടി!
Mail This Article
ടെക് ഭീമൻ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് ഹവായ് ദ്വീപിൽ ആയിരക്കണക്കിന് കോടികൾ ചെലവഴിച്ച് ആഡംബര എസ്റ്റേറ്റ് നിർമിക്കുന്നതായി റിപ്പോർട്ട്. ഹവായിലെ കവായിൽ സ്ഥിതി ചെയ്യുന്ന ഈ എസ്റ്റേറ്റിൽ, നിലവിൽ കൂറ്റൻ ഭൂഗർഭ ബങ്കർ നിർമിക്കുകയാണ് സക്കർബർഗ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു പതിറ്റാണ്ടായി സക്കർബർഗ് ഈ എസ്റ്റേറ്റിൻ്റെയും ബങ്കറിന്റെയും നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 260 മില്യൻ ഡോളറാണ് (2155 കോടി രൂപ) ബങ്കറിന്‍റെ നിർമാണത്തിനായി ചെലവഴിക്കുന്നത്.
വാർത്തകൾ പുറത്തുവന്നെങ്കിലും ബങ്കറിനെക്കുറിച്ചോ ദ്വീപിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചോ ഇതുവരെ സക്കർബർഗൊ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. എന്നാൽ 2016ൽ ഹവായി ദ്വീപിൽ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സക്കർബർഗ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇത് ബങ്കറിന്റെയും എസ്റ്റേറ്റിന്റെയും നിർമാണം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.
അതേസമയം നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ പങ്കുവച്ചതിന് പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന ചില തൊഴിലാളികളെ നീക്കം ചെയ്തതായും മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നു. എസ്റ്റേറ്റിലെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നത് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ വരാത്തതും ഇത്തരത്തിൽ ശക്തമായ നിയന്ത്രണങ്ങളുള്ളത് മൂലമാണ്.
എസ്റ്റേറ്റിനുള്ളിൽ പ്രവേശിക്കുന്നവർ അവിടെയുള്ള കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തരുതെന്ന് കർശന എഗ്രിമെന്റുണ്ട്. 5000 ചതുരശ്ര അടിയിലാണ്, ഭൂഗർഭ ബങ്കർ നിർമിക്കപ്പെടുന്നത്.
2014 ലാണ് ഹവായി ദ്വീപിൽ സക്കർബർഗ് ഭൂമി വാങ്ങിയത് എന്നാണ് വിവരം. 1400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റാണിത്. ഇതിനുചുറ്റുമായി മതിലും പണികഴിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഒരുഡസനിലധികം കെട്ടിടങ്ങളാണ് ഇതിനുള്ളിലുള്ളത്. എലവേറ്ററുകളും ഓഫിസ് റൂമുകളും കോൺഫറൻസ് റൂമുകളും കിടപ്പുമുറികളും കിച്ചനുമെല്ലാം ഉൾപ്പെടുന്ന രണ്ട് വലിയ ബംഗ്ലാവുകളും ഇവിടെയുണ്ട്. കോമ്പൗണ്ടിനുള്ളിൽ ചുരുങ്ങിയത് 30 കിടപ്പുമുറികളും 30 ബാത്റൂമുകളും ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വിലമതിപ്പേറിയ പ്രൈവറ്റ് പ്രോപ്പർട്ടികളിലൊന്നായി ഇത് മാറും.