51 വര്‍ഷം പശുവളര്‍ത്തി, പക്ഷേ ക്ഷീരകര്ഷകനല്ലെന്ന് സര്‍ക്കാര്‍: അപ്പോള്‍ ആരാണ് ക്ഷീരകര്‍ഷകന്‍?
Mail This Article
ജീവിതം മുഴുവന്‍ പശുത്തൊഴുത്തില്‍ കഴിഞ്ഞ പയ്യന്നൂര്‍ വെള്ളൂരിലെ ക്ഷീരകര്‍ഷകന്‍ കുന്നുമ്മല്‍ പുതിയവീട്ടില്‍ കൃഷ്ണന്‍ സര്‍ക്കാര്‍ സഹായത്തിനായി 72-ാം വയസിലും പോരാടുന്നു. 20ലധികം പശുക്കളെ പോറ്റിവളര്‍ത്തുന്ന കൃഷ്ണന്‍ ഇപ്പോഴും പുലര്‍ച്ചെ 3നും രാവിലെ 11നും പശുക്കളെ കറന്നു പാല്‍ കൊണ്ടുപോയി വില്‍ക്കുന്നുണ്ട്. 51 വര്‍ഷം പശുക്കളെ പോറ്റിവളര്‍ത്തി ദിവസം 200 ലീറ്ററിലധികം പാല്‍ പൊതുസമൂഹത്തില്‍ വില്‍പന നടത്തുന്ന കൃഷ്ണന്‍ ക്ഷീരകര്‍ഷകനാണെന്ന് തെളിയിക്കണമെന്നാണ് ഔദ്യോഗിക ഭാഷ്യം.
പയ്യന്നൂര്‍ ടൗണിലും വെള്ളൂരിലും 200ലധികം വീടുകളില്‍ രണ്ടു നേരം പാല്‍ വില്‍ക്കുന്ന കൃഷ്ണന്‍ ക്ഷീരകര്‍ഷക പട്ടികയില്‍ പെടില്ലത്രെ. അതിന് ക്ഷീര സഹകരണ സംഘത്തില്‍ പാല്‍ കൊടുക്കണം.
51 വര്‍ഷം പത്തും ഇരുപതും പശുക്കളെ വളര്‍ത്തി രണ്ടു നേരം പാല്‍ കറന്നു വീടുകളില്‍ നേരിട്ട് വില്‍ക്കുന്നയാള്‍ ക്ഷീരകര്‍ഷകനല്ലെന്ന സര്‍ക്കാര്‍ വാദത്തിനു മുന്‍പില്‍ കൃഷ്ണന്‍ പകച്ചുനില്‍ക്കുകയാണ്.
ഒരു പശുവിനെ വളര്‍ത്തിയവരും പല രീതിയില്‍ സബ്‌സിഡിയും ആനുകൂല്യങ്ങളും പെന്‍ഷനുമൊക്കെ വാങ്ങുമ്പോള്‍ ജീവിതം മുഴുവന്‍ തൊഴുത്തില്‍ ചെലവിട്ട തനിക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു വരെ നിവേദനം നല്‍കി. അന്വേഷണം നടത്തുന്നവരെല്ലാം ആനുകൂല്യത്തിന് അര്‍ഹനാണെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.
തനിക്ക് ആനുകൂല്യം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതിയുമായി കൃഷ്ണന്‍ ഒടുവില്‍ താലൂക്ക് വികസന സമിതിക്കു മുന്‍പിലെത്തി. കൃഷ്ണനെ നേരിട്ട് അറിയാവുന്ന ടി.ഐ.മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അര്‍ഹമായ ആനുകൂല്യം അനുവദിച്ചുകൊടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.