ADVERTISEMENT

റബർ ആവര്‍ത്തനക്കൃഷി/പുതുക്കൃഷി

2022ല്‍ റബര്‍ ആവര്‍ത്തനക്കൃഷി/പുതുക്കൃഷി നടത്തിയ കർഷകരിൽ നിന്നു ധനസഹായത്തിന്‌ അപേക്ഷ ക്ഷണിക്കുന്നു. പരമാവധി 2 ഹെക്ടര്‍വരെ റബര്‍കൃഷിയുള്ളവര്‍ക്ക്‌ നിബന്ധനകള്‍ക്കു വിധേയമായി ധനസഹായത്തിന്‌ അര്‍ഹതയുണ്ട്‌. കേന്ദ്രത്തിന്റെ സര്‍വീസ്‌ പ്ലസ്‌ വെബ്‌ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഈ മാസം 30ന് അകം അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ്‌ ഓഫിസറുടെ സാക്ഷ്യപത്രം, കൃഷി ചെയ്ത സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയ സ്‌കെച്ച്‌, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ പാസ്‌ ബുക്കിന്റെ കോപ്പി, കൂട്ടുടമസ്ഥതയുള്ളവര്‍ക്കും മൈനര്‍മാര്‍ക്കും നോമിനേഷൻ എന്നിവ അപേക്ഷയോടൊപ്പം അപ്‍ലോഡ് ചെയ്യേണ്ടതാണ്‌. നിര്‍ദിഷ്ട തീയതിക്കുള്ളിൽ സമര്‍പ്പിച്ച അപേക്ഷകള്‍ തോട്ടം പരിശോധിച്ചതിനുശേഷം റബര്‍കൃഷി വികസനപദ്ധതി നിയമ പ്രകാരം അര്‍ഹതയുള്ള ധനസഹായം (ഹെക്ടര്‍ പ്രതി 20,000 രൂപ കൃഷിക്കും 5000 രൂപ കൂടതൈ/ കപ്പുതൈ എ‌ന്നീ തരം  നടീൽ വസ്തുവിനും) കര്‍ഷകരുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കും. 

സുഗന്ധവിള സംസ്കരണം

സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യത്തെ സ്പൈസസ് പാർക്ക് തൊടുപുഴ, മുട്ടം പഞ്ചായത്തുകളിലെ തുടങ്ങനാട് 15.29 ഏക്കറിൽ കിൻഫ്രയുടെ നേതൃത്വത്തിൽ സജ്ജം. കേന്ദ്രസർക്കാരിന്റെ എംഎസ്എംഇ ക്ലസ്റ്റർ വികസനപദ്ധതിയുടെ കീഴിലാണ് പാർക്ക് വികസിപ്പിച്ചിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണത്തിനും മൂല്യവർധിത ഉല്‍പന്ന നിര്‍മാണത്തിനും സൗകര്യമൊരുക്കും. ഫോണ്‍: 90749‌96885, 9447459265

വിള ഇന്‍ഷുറന്‍സ്

അഗ്രികൾചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന ഏജൻസി മുഖേന സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത വിള ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ചുണ്ടാക്കിയ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി 2023 മുതൽ 2026 വരെ ഖരിഫ്, റബി സീസണുകളിൽ നടപ്പാക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും ഈ പദ്ധതി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2020 മുതൽ 2022 വരെ നടപ്പാക്കിയ പദ്ധതിയിൽ 16 വിളകളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ, നിലവിലെ പദ്ധതിയിൽ 27 വിളകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 18004257064

നെല്ലിനു പത്രപോഷണം

നെല്ലിന്റെ വളർച്ച സമയങ്ങളിൽ സിങ്ക്, ബോറോൺ, സിലിക്കൺ, മാംഗനീസ് തുടങ്ങിയ സൂക്ഷ്മമൂലകങ്ങൾ പത്രപോഷണംവഴി നൽകുന്ന പദ്ധതി കൃഷിവകുപ്പ് നടപ്പാക്കുന്നു. ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മമൂലകങ്ങൾ തളിക്കുന്നതിന് ഹെക്ടറിന് 2000 രൂപ സഹായം നൽകും.

പയര്‍കൃഷി വ്യാപനം

ഉഴുന്ന്, ചെറുപയർ, വൻപയർ, സോയാബീൻ തുടങ്ങിയ പയർവിളകൾ തരിശുനിലങ്ങളിലും വിളവെടുപ്പു കഴിഞ്ഞ പാടങ്ങളിലും കൃഷി ചെയ്യുന്നതിന് ചെറുകിട, നാമമാത്ര കർഷകർക്കും കൃഷിക്കൂട്ടങ്ങൾക്കും സഹായം. കുറഞ്ഞത് 25 സെന്റില്‍ കൃഷി ചെയ്യണം. ഹെക്ടറിന് 15,000 രൂപ സഹായം.

ഓണാട്ടുകര എള്ളുകൃഷി

ഭൗമസൂചികാ പദവി നേടിയ ഓണാട്ടുകര എള്ളുകൃഷിക്കു പ്രോത്സാഹനമായി കായംകുളം–1, തിലറാണി, തിലതാര ഇനം വിത്തുകൾ കർഷകർക്കു സൗജന്യമായി നൽകും. ഓണാട്ടുകര വികസന ഏജൻസിക്ക് എള്ള് സംരംഭിക്കുന്നതിനും കർഷകർക്ക് ഉടന്‍ വില നൽകുന്നതിനും 25 ലക്ഷം രൂപയുടെ റിവോൾവിങ് ഫണ്ടും നൽകും. എള്ളു സംസ്കരിക്കുന്നതിന് 1.4 കോടി രൂപ ചെലവിൽ ആധുനിക സംസ്കരണശാല സ്ഥാപിക്കും. നിലമൊരുക്കൽ, ഇടപ്പണികൾ എന്നിവയ്ക്കായി ഹെക്ടറിന് 10,000 രൂപ സഹായം നൽകും.

ചെറുധാന്യക്കൃഷി

കൂവരക്, തിന, ചാമ, വരഗ്, പനിവരഗ്, മണിച്ചോളം, കമ്പം, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കാൻ ഹെക്ടറിന് 20,000 രൂപ സഹായം. ആദിവാസി മേഖലകളിൽ ചെറുധാന്യകൃഷി പ്രോത്സാഹിപ്പിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ കേരളാ ഗ്രോ ബ്രാൻഡിൽ തയാറാക്കി വിൽപന നടത്തുന്നതിനും കൃഷിവകുപ്പ് ലക്ഷ്യമിടുന്നു.

ശീതകാല പച്ചക്കറികൾ

മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ, കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ ശീതകാല പച്ചക്കറിത്തൈകളും മുള്ളങ്കി, പാലക്ക് തുടങ്ങിയവയുടെ തൈകളും വിൽപനയ്ക്ക്. ഒരു തൈയ്ക്ക് 3 രൂപയാണു വില.

തെങ്ങിന്റെ ചങ്ങാതി

തെങ്ങുകയറ്റം, തെങ്ങുസംരക്ഷണം, വിളവെടുപ്പ് ഉൾപ്പെടെയുള്ള പണികൾ ചെയ്യുന്നതിനായി നാളികേര വികസന ബോർഡ്, തെങ്ങിന്റെ ചങ്ങാതിമാരുടെ സേവനം ഉറപ്പാക്കാൻ കോൾ സെന്റർ തുടങ്ങുന്നു. ആസ്ഥാനമായ കൊച്ചിയിലാണ് കോൾ സെന്റർ പ്രവർത്തനം. വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിക്കൽ, രോഗ കീടനിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേരകർഷകർക്കു ലഭിക്കും. ഫോൺ: 0484 2377266 (Extn: 137) തെങ്ങിന്റെ ചങ്ങാതിമാർക്കും കോൾ സെന്ററിൽ റജിസ്റ്റർ ചെയ്യാം. ഫോൺ: 8848061240.

കൂമ്പുചീയൽ നിയന്ത്രിക്കാം

തെങ്ങിലെ കൂമ്പുചീയൽ നിയന്ത്രിണത്തിനുതകുന്ന ട്രൈക്കോഡെർമ കൊയർപിത്ത് കേക്കുകൾ കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ വിൽപനയ്ക്ക്. ഫോൺ: 8547675124. പാഴ്സൽ ആയും എത്തിക്കും.

തടപ്പുഴുവിനെതിരെ  ഇന്‍ജക്ടർ

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ്, നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന എന്നിവർ സംയുക്തമായി വികസിപ്പിച്ച സ്യൂഡോസ്ടെം ഇഞ്ചക്ടർ ഉപയോഗിച്ച്  െവള്ളനാട്  മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം തടതുരപ്പൻപുഴുവിനെതിരെ കുറഞ്ഞ അളവിൽ കൂടുതൽ കാര്യക്ഷമമായി കീടനാശിനി പ്രയോഗിക്കാമെന്നു കണ്ടെത്തി. ഇന്‍ജക്ടറിന് 19,500 രൂപയാണ് വില. ഫോണ്‍: 9400288040 

വിപണനകേന്ദ്രത്തിനു സഹായം

കേരളത്തില്‍ നല്ല കാർഷികമുറകളിലൂടെ ഉൽപാദിപ്പിക്കുന്ന ഉല്‍പന്നങ്ങൾ  "കേരളാ ഗ്രോ" ബ്രാൻഡിൽ വില്‍ക്കാന്‍ വിപണന കേന്ദ്രം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ ധനസഹായം. കർഷക ഗ്രൂപ്പുകൾ, കര്‍ഷക ഉല്‍പാദക സംഘടനകൾ, കൃഷിക്കൂട്ടങ്ങൾ, എൻജിഓകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ എന്നിവയ്ക്കാണ് സഹായം നല്‍കുക. വിശദ വിവരങ്ങൾക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടാം.  തങ്ങളുടെ ഉല്‍പന്നങ്ങൾ  കേരളാഗ്രോ ബ്രാൻഡ് ചെയ്യാൻ താല്‍പര്യമുള്ള കർഷകർക്കും കർഷകസംഘങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കര്‍ഷക ഉല്‍പാദക സംഘടനകൾ എന്നിവയും അടുത്തുള്ള കൃഷിഭവനെ സമീപിക്കാം. 

കേരളത്തിന്റെ വൈന്‍ തയാര്‍

നമ്മുടെ വാണിജ്യ പഴങ്ങളായ വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ എന്നിവയിൽനിന്നു വൈൻ ഉല്‍പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുമായി  കേരള കാർഷിക സർവകലാശാല. പോസ്റ്റ് ഹാർവെസ്റ്റ്  മാനേജ്‍മെന്റ് വിഭാഗത്തിലുള്ള യന്ത്രവൽകൃത  വൈനറിയിൽ ഒരു ബാച്ചിൽ 125 ലീറ്റർ വൈൻ  ഉല്‍പാദിപ്പിക്കാം. 12–14 ശതമാനം എഥനോൾ അടങ്ങിയ ഇതിന് ഉന്നത നിലവാരമുള്ളതായി കർണാടകയിലെ  ഗ്രേപ്പ് ആൻഡ് വൈൻ ബോർഡ്  സാക്ഷ്യപ്പെടുത്തി. ഇന്ത്യയിലെ മുൻനിര വൈൻ ഉല്‍പാദകരായ നാസിക്കിലെ ‘സുല വൈൻ യാർഡും’ അംഗീകരിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com