ഒരു കുലയിൽ 4 കിലോ മുന്തിരി! ‘യമണ്ടൻ മുന്തിരി’ക്ക് ലോക റെക്കോർഡ്
Mail This Article
കംബോഡിയൻ കാട്ടുമുന്തിരിയിൽ 4 കിലോ തൂക്കമുള്ള മുന്തിരിക്കുല വിളഞ്ഞതിലൂടെ ആലുവ തായിക്കാട്ടുകര പീടിയക്കവളപ്പിൽ ആഷൽ നേടിയത് ലോക റെക്കോർഡ്. കൊൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ (യുആർഎഫ്) റെക്കോർഡ് ബുക്കിലാണ് ആഷൽ ഇടംപിടിച്ചത്. യുആർഎഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഫോട്ടോഗ്രാഫർ അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് റെക്കോർഡിന് പരിഗണിച്ചത്. എറണാകുളം എംപി ഹൈബി ഈഡൻ സർട്ടിഫിക്കറ്റ് കൈമാറി.
ആഷലിന്റെ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയ മുന്തിരിച്ചെടിയിൽ ഉണ്ടായ മുന്തിരിക്കുലകൾക്ക് നാലു കിലോ തൂക്കം വരും. മാത്രമല്ല, ഒരു കുലയില്‍ത്തന്നെ 600–800 മുന്തിരിപ്പഴങ്ങളും ഉണ്ട്. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആഷല്‍ വിദേശ പഴങ്ങളോടുള്ള താല്‍പര്യത്തില്‍ വെളിയത്ത് ഗാര്‍ഡന്‍സ് എന്ന നഴ്‌സറിയില്‍നിന്ന് വാങ്ങി നട്ട തൈയാണ് നിറയെ മുന്തിരിക്കുലകളുമായി കൗതുകക്കാഴ്ചയായത്. ആഷലിന്റെ മുന്തിരി വിശേഷങ്ങൾ ‘മനോരമ ഓൺലൈൻ കർഷകശ്രീ’ വിഡിയോ സഹിതം പങ്കുവച്ചിരുന്നു.
വീട്ടുമുറ്റത്ത് കുഴിയെടുത്ത് ചുവന്ന മണ്ണും എല്ലുപൊടിയും ചാണകപ്പൊടിയും ജൈവവളവും ചേര്‍ത്താണ് തൈ നട്ടത്. ആറു മാസമായപ്പോള്‍ പൂവിട്ടു. നന്നേ ചെറിയ പൂക്കുലയുണ്ടായി പൂവിരിഞ്ഞ് കായ്കള്‍ ഉണ്ടാകുന്നതനുസരിച്ച് കുല വളർന്നുവരികയും പുതിയ പൂക്കളുണ്ടാവുകയും ചെയ്യുന്നു എന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. കായ്കളുടെ എണ്ണം കൂടുതന്നതിനനുസരിച്ച് കുലയുടെ തണ്ടിന്റെ വലുപ്പവും കൂടും. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് കംബോഡിയന്‍ മുന്തിരിയെന്നും ആഷല്‍ പറയുന്നു. എത്ര ശക്തമായ മഴ പെയ്താലും പൂവ് നഷ്ടപ്പെടില്ല. ജൂസിന് യോജ്യം. കുലയില്‍ സ്ഥലമുള്ളിടത്ത് വീണ്ടും പൂവ് ഉണ്ടായി കായ്ക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണെന്നും ആഷല്‍ പറയുന്നു.
ആഷലിന്റെ വീട്ടിൽ വിദേശത്തുനിന്ന് കൊണ്ടുവന്ന പത്തിനം ഫലവൃക്ഷങ്ങളുണ്ട്. കംബോഡിയൻ കാട്ടുമുന്തിരിക്കു പുറമേ ടെറംഗാനു ചെറി, സൺഡ്രോപ്പ്, യൂജീനിയ ഫ്ലോറിഡ, ഡ്രാഗൺ ഫ്രൂട്ട്, അബിയു, പർപ്പിൾ ഫോറസ്റ്റ് പേരയ്ക്ക, ബറാബ, മെഡൂസ പൈനാപ്പിൾ, ജബോട്ടിക്കാബ, റെഡ് സുറിനാം ചെറി, ബെർ ആപ്പിൾ റെഡ്, ഹിക്കാമാ, ജബോട്ടികാബ എന്നിവയാണ് പരമിതമായ സ്ഥലത്തും ആഷൽ വളർത്തുന്നത്.