ADVERTISEMENT

അപകടകാരികളാണെന്നു വിധിയെഴുതി 23 നായ ബ്രീഡുകളെ രാജ്യത്തു നിരോധിച്ചുകൊണ്ടു കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. നായ്ക്കളെ നിരോധിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി (Sachin Kumar Jaiswal & Ors v. Union of India& Anr)യിലാണ് തിങ്കളാഴ്ച ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദ്  കേന്ദ്ര സർക്കാരിന് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചത്. മറ്റു ചില ഹൈക്കോടതികൾ ചെയ്തതുപോലെ സർക്കാരിന്റെ സർക്കുലർ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചെങ്കിലും  പരാതിയോടുള്ള സർക്കാരിന്റെ പ്രതികരണം അറിയിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. രണ്ടു ഹർജിക്കാരിൽ ഒരാൾ ഒരു ഡോഗ് ട്രെയിനറും മറ്റേയാൾ ഒരു ഡോക്ടറും പ്രത്യേക വിഭാഗത്തിൽപ്പെട്ട നായ്ക്കളിൽ താൽപര്യമുള്ളയാളുമാണ്.

കേന്ദ്ര സർക്കാർ 2024 മാർച്ച് 12ന് ഇറക്കിയ സർക്കുലർ പ്രകാരം 23 നായ ഇനങ്ങളെയാണ് അക്രമകാരികളാണെന്ന കാരണം ചൂണ്ടിക്കാട്ടി രാജ്യത്തു നിരോധിച്ചത്. എന്നാൽ, ഹർജിക്കാരുടെ വാദമനുസരിച്ച് മേൽപ്പറഞ്ഞ 23 നായ ഇനങ്ങൾ നിരോധിക്കപ്പെടാൻ തക്കവണ്ണം അപകടകാരികളാണെന്ന തീർപ്പിലെത്തുന്ന യാതൊരു പഠനവും ഇന്ത്യയിൽ നടന്നിട്ടില്ല. ഈ നായ ഇനങ്ങളുടെ ഭീകരത തെളിയിക്കുന്ന യാതൊരു ഡേറ്റയും നിലവിലില്ലെന്ന് ഇവർ വാദിച്ചു. ആയതിനാൽ ഏകപക്ഷീയമായും മൊത്തത്തിലുമുള്ള ഇവയുടെ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ പറയുന്നു. പെട്ടെന്നു നടപ്പിലാക്കുന്ന ഇത്തരം നിരോധനം മൂലം ഇന്നുവരെ ഒരു ശല്യവുമുണ്ടാക്കാത്ത നായ്ക്കൾ പോലും ദുരിതങ്ങളിലേക്കും ദയാവധത്തിലേക്കും തള്ളി വിടപ്പെട്ടേക്കാം. കെയ്ൻ കോർസോ, റോട്ട്‌വെയ‌്ലർ, ടെറിയർ തുടങ്ങിയ നായ്ക്കളുടെ പ്രജനനം നിരോധിച്ച നടപടി യുക്തിരഹിതവും അശാസ്ത്രീയവുമാണെന്ന് ഹർജിക്കാർ പരാതിപ്പെട്ടു.

ഹർജിക്കാരിലെ ഡോഗ് ട്രെയിനർ ഒരു പടി കൂടി കടന്ന് ഇത്തരമൊരു നിരോധനം തന്റെ ഉപജീവന മാർഗത്തെ ബാധിക്കുമെന്നും അതിനാൽ ഇഷ്ടമുള്ള തൊഴിൽ ചെയ്യാൻ ഒരു പൗരനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്നും വാദിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (g) ഓരോ പൗരനും ഏതു തൊഴിലെടുക്കാനും താൽപര്യമുള്ള വാണിജ്യവും  ബിസിനസും ചെയ്യാനുമുള്ള മൗലികാവകാശം ഉറപ്പു നൽകുന്നുണ്ട് (പൊതുതാൽപര്യം കണക്കിലെടുത്ത് ആവശ്യമായ നിയന്ത്രണം കൊണ്ടുവരാൻ സ്റ്റേറ്റിന് കഴിയുമെങ്കിലും) എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ആയതിനാൽ കേന്ദ്രസർക്കാരിന്റെ നടപടി ഏകപക്ഷീയവും ന്യായീകരിക്കാനാവാത്തതുമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് രോഹൻ ജയ്റ്റ്ലി കേന്ദ്ര സർക്കാരിനു വേണ്ടിയും സീനിയർ അഡ്വക്കേറ്റ് മനാലി സിംഗാൾ അഡ്വക്കേറ്റുമാരായ യാഷിമാ ശർമ, മുസ്തഫ ആലം, ഹീബ അൻസാരി, പവൻ യാദവ്, ലക്ക്ഷയ് കൗശിക് എന്നിവർ പരാതിക്കാർക്കു വേണ്ടിയും ഹാജരായി. നിരോധനവുമായി ബന്ധപ്പെട്ട ഒരു പൊതു താൽപര്യ ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ മുൻപിലുണ്ട്.

കേരള, കർണ്ണാടക, കൽക്കട്ട ഹൈക്കോടതികൾ സർക്കുലർ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തിട്ടുണ്ട്. 23 നായ ഇനങ്ങളുടെ പ്രജനനം, ലൈസൻസിങ് എന്നിവയ്ക്കുള്ള നിരോധനം സ്റ്റേ ചെയ്ത കേരള ഹൈക്കോടതി, മേൽപ്പറഞ്ഞ ഇനങ്ങളുടെ ഇറക്കുമതിക്കും വിൽപ്പനയ്ക്കുമുള്ള നിരോധനം തടഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com