ADVERTISEMENT

ആരോഗ്യ പരിചരണത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇക്കാലത്ത് ഗ്രീന്‍ കോഫിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികള്‍. കളമശേരി ലോറസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോജിസ്റ്റിക്സിലെ വിദ്യാര്‍ഥികളാണ് പ്രൊജക്ടിന്റെ ഭാഗമായി 'ലോറസ് നേച്ചേഴ്സ് ഗ്രീന്‍ കോഫി' അവതരിപ്പിച്ചത്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ കോഫി ഉപാപചയപ്രവർത്തനങ്ങൾ വര്‍ധിപ്പിക്കുകയും പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

'ഗ്രീന്‍ ടീ' നമുക്ക് സുപരിചിതമാണെങ്കിലും 'ഗ്രീന്‍ കോഫി' എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ വിദ്യാർഥികള്‍ നേരിട്ട പ്രതിസന്ധികള്‍ ചെറുതല്ല. 2020 ബാച്ചിലെ വിദ്യാർഥികളാണ് പ്രൊജക്ടിന്റെ ഭാഗമായി ഗ്രീന്‍ കോഫി എന്ന ആശയം അവതരിപ്പിക്കുന്നത്. 30 അംഗ ബാച്ചിലെ വിദ്യാർഥികള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പല ആശങ്ങള്‍ക്കു പിന്നാലെയാണ് സഞ്ചരിച്ചത്. അതിലെ 10 പേരടങ്ങിയ സംഘമാണ് ഗ്രീന്‍ കോഫി പ്രൊജക്ടായി തിരഞ്ഞെടുത്തത്.

ട്വിസ്റ്റിലൂടെയെത്തിയ ഗ്രീന്‍ കോഫി

എഫ്എംസിജി ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനായിരുന്നു 10 അംഗ സംഘത്തിന് താൽപര്യം. ചായ, കാപ്പി എന്നിവയ്ക്ക് ആഗോളതലത്തിലുളള ആവശ്യക്കാരെ പരിഗണിച്ച് അതിലായി ശ്രദ്ധ. മികച്ച സപ്ലയേഴ്സിനെ തേടുന്നതിന്റെ ഭാഗമായി പാലക്കാട് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഗ്രീന്‍ കോഫി ബീന്‍സിനെക്കുറിച്ച് അറിയുന്നത്. അങ്ങനെയവര്‍ അത് വളരെ ചെറിയ അളവില്‍ പൊടിപ്പിക്കുകയും കോഫിയുണ്ടാക്കി രുചിച്ചു നോക്കുകയും ചെയ്തു. കൂടെ റെഡിമെയ്ഡായി ഉണ്ടാക്കിവച്ചിരുന്ന മറ്റു പല കാപ്പിപ്പൊടികളും രുചിച്ച് യാത്ര തിരിച്ചുവെങ്കിലും തീരെ സുപരിചിതമല്ലാത്ത ഗ്രീന്‍ കോഫിയെക്കുറിച്ചായിരുന്നു ചര്‍ച്ച.

തീരെ ആവശ്യക്കാരില്ലാത്ത ഒരു ഉൽപന്നമാണ് വെയിലില്‍ ഉണക്കി സൂക്ഷിച്ചിരിക്കുന്ന പച്ച കാപ്പിക്കുരു എന്ന് വിതരണക്കാരന്‍ പറഞ്ഞുവെങ്കിലും വിദ്യാർഥികള്‍ ഗ്രീന്‍ കോഫിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. ആഴ്ചകള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ ഇതുതന്നെയാണ് തങ്ങളുടെ പ്രൊജക്ടെന്ന് ഉറപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ. അജയ് ശങ്കര്‍ പ്രൊജക്ടിന്റെ സാമ്പത്തികച്ചെലവുകളും നിര്‍ദേശങ്ങളും മറ്റു സഹായങ്ങളും നൽകാമെന്ന് വാക്കു നൽകിയതോടെ കാര്യങ്ങൾ മുൻപോട്ടുപോയി.

അങ്ങനെ കൂര്‍ഗിലും പാലക്കാട്ടുമൊക്കെ ആരുടെയും ശ്രദ്ധ പതിയാതെ കിടന്ന പച്ച കാപ്പിക്കുരു കളമശ്ശേരിയിലെത്തിച്ചു. രണ്ടാം ഘട്ടത്തില്‍ പാലക്കാട് നിന്നും പല സൈസുകളില്‍ പൊടിച്ച് എത്തിച്ച് പരീക്ഷണങ്ങള്‍ നടത്തി. എത്രമാസം കേടുകൂടാതെയിരിക്കുമെന്നെല്ലാം ഒന്നിലധികം ലബോറട്ടറികളില്‍ പരിശോധിച്ച് ഉറപ്പു വരുത്തി. അറബിക്ക ഇനത്തില്‍പ്പെട്ട കാപ്പിക്കുരു ചെറിയ തരികളോട് കൂടി പൊടിച്ച് 200 ഗ്രാമാക്കി പാക്ക് ചെയ്യാന്‍ തീരുമാനമായി.

പണികിട്ടിയ പാക്കിങ്

പാക്കറ്റിന്റെ ഡിസൈനിങ് മുതലുളള കാര്യങ്ങളിലായി അടുത്ത ശ്രദ്ധ. കുറഞ്ഞ ചെലവും മികച്ച ഗുണനിലവാരവും ലക്ഷ്യമിട്ട് വിദ്യാർഥികള്‍ നടത്തിയ അലച്ചിലുകള്‍ അവസാനിച്ചത് കോയമ്പത്തൂരിലെ ഒരു പ്രസ്സിലാണ്. മിനിമം ഓര്‍ഡറായ 8000 കവറുകള്‍ പ്രിന്റ് ചെയ്യിച്ചതില്‍ തരക്കേടില്ലാതെ ലഭിച്ചത് അഞ്ച് ശതമാനം മാത്രം. ബാക്കി എല്ലാം മഷി പുരണ്ടും കവറുകള്‍ കീറിയും ഒട്ടിയ നിലയിലുമെല്ലാമാണ് ലഭിച്ചത്. അവസാനം തെറ്റുകളും കുറവുകളും നീക്കി അവ വീണ്ടും പ്രിന്റ് ചെയ്തു വാങ്ങി.

ആരു വാങ്ങും?

ആരോഗ്യഗുണങ്ങള്‍ ഏറെയാണെങ്കിലും ഗ്രീന്‍ കോഫിയുടെ സ്വാദ് അത്ര രസകരമല്ലാത്തത് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തി. പുതിന, ഏലയ്ക്ക, റോസ് തുടങ്ങി വ്യത്യസ്ത രുചികൾ ചേര്‍ത്തപ്പോള്‍ അത് ആറു മാസം കാലാവധിയുളള ഗ്രീന്‍ കോഫിയുടെ കാലാവധി പിന്നെയും കുറയ്ക്കുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ബിസിനസ് ഗ്രൂപ്പുകള്‍ തുടങ്ങി എല്ലായിടത്തും ലോറസ് നേച്ചേഴ്സ് ഗ്രീന്‍ കോഫി എത്തിച്ച് വിൽക്കാന്‍ ശ്രമിച്ചുവെങ്കിലും ആദ്യ ഘട്ടത്തിലത് വിജയിച്ചില്ല. ഓരോരുത്തരെയും നേരില്‍ കണ്ട് ഗ്രീന്‍ കോഫിയെക്കുറിച്ച് വിശദീകരിച്ച്, സമയമെടുത്ത് ഉപഭോക്താക്കളെ കണ്ടെത്തി. രണ്ടു പാക്കറ്റ് എങ്കിലും ഉപയോഗിച്ച് ഗ്രീന്‍ കോഫിയുടെ ഗുണങ്ങള്‍ ലഭിച്ച് തുടങ്ങിയതോടെ അവര്‍ തുടര്‍ന്നും വാങ്ങാറുണ്ടെന്നതാണ് വിദ്യാർഥികളുടെ പ്രചോദനം.

തുടരുന്ന ഗവേഷണങ്ങള്‍

2020 ബാച്ചിലെ വിദ്യാർഥികളാണ് പ്രൊജക്ട് ആരംഭിച്ചതെങ്കിലും തുടര്‍ന്ന് വന്ന ബാച്ചുകളിലേക്കും ഗ്രീന്‍ കോഫി പ്രൊജക്ട് കൈമാറ്റം ചെയ്തു. പല പല ഗവേഷണങ്ങളിലൂടെ ഇന്നും 'ലോറസ് നേച്ചേഴ്സ് ഗ്രീന്‍ കോഫി' മെച്ചപ്പെടുത്താനുളള ശ്രമത്തിലാണ് വിദ്യാർഥികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com