ADVERTISEMENT

സർവീസിൽനിന്നു വിശ്രമിച്ചാലും കൃഷിയിടത്തിൽനിന്നു വിശ്രമമില്ല എന്ന് സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് റിട്ട. ഡപ്യൂട്ടി തഹസിൽദാർ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ(81). 2004ൽ തുടങ്ങിയതാണ് ജൈവകൃഷി. ജൈവ സർട്ടിഫിക്കേഷൻ ലഭിച്ച കൃഷിയിടത്തിലെ വിൽപന അധികവും ഓൺലൈൻ വഴി. സമ്മിശ്രകൃഷിയിടം ജൈവകൃഷിരീതിയിലൂടെ എങ്ങനെ ലാഭകരമാക്കാമെന്നും പുതിയ സാധ്യതകളിലൂടെ വിപണി കണ്ടെത്തുന്നതിനെക്കുറിച്ചുമാണ് ഇദ്ദേഹത്തിനു പറയാനുള്ളത്.

∙ തെങ്ങുമുതൽ ഡ്രാഗൺ ഫ്രൂട്ട് വരെ

തെങ്ങ്, കമുക്, റബർ, വാഴ, മാവ്, പ്ലാവ്, ആഞ്ഞിലി, പലതരം വാഴകൾ, ചേമ്പ്, ചേന, മഞ്ഞൾ, കപ്പ, കാച്ചിൽ, പലതരം പച്ചക്കറികൾ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, ദുരിയാൻ, സപ്പോട്ട, അവക്കാഡോ, റംബുട്ടാൻ, വിവിധതരം പപ്പായ, തേനീച്ച, കോഴി, താറാവ്, മീൻ എന്നിങ്ങനെ പതിനഞ്ച് ഏക്കർ സ്ഥലവും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കൃഷിയാണ് ഇദ്ദേഹത്തിന്റേത്. എല്ലാ കൃഷിക്കും നാടൻപശുവിന്റെ ചാണകവും മൂത്രവും പച്ചിലകളും ഉപയോഗിച്ചുണ്ടാക്കുന്ന ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

dragn-fruit-3

ഒന്നു ചീയുന്നത് മറ്റൊന്നിനു വളം എന്ന പഴമൊഴി ശരിക്കും പ്രാവർത്തികമാക്കുന്നത് ഇവിടെ കാണാം. വെച്ചൂർ, കാസർകോട് കുള്ളൻ പശുക്കളുടെ ചാണകവും മൂത്രവും ശീമക്കൊന്നയിലയും പിണ്ണാക്കുമിട്ട് പുളിപ്പിച്ച് ഉണ്ടാക്കുന്നതാണ് ജൈവവളം. ഇതിലേക്ക് ആവശ്യത്തിനു വെള്ളം ചേർത്ത് 15 ദിവസശേഷം ചെടികൾക്ക് ഒഴിച്ചുകൊടുക്കും. അതുപോലെ മണ്ണിര കംപോസ്റ്റ്, ബയോഗ്യാസ് എന്നിവയുണ്ട്. പശുവിന്റെ പാല് വീട്ടിലെ ആവശ്യത്തിനും ഉപയോഗിക്കും.

കൃഷിയിടത്തിൽ ശ്രദ്ധിക്കേണ്ടത്

സൂക്ഷ്മജീവികൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള ഇടമായിരിക്കണം നമ്മുടെ തോട്ടം. പറമ്പിന് എപ്പോഴും ജൈവ ആവരണം ആവശ്യമാണ്. 

മഴക്കാലത്ത് പലതരം ചെടികൾ വളർത്തി പുതയിടാം. വേനലിൽ ഉണങ്ങിയ ഇലയും മറ്റും ഉപയോഗിച്ച് പുതയിട്ടുകൊടുക്കണം. 

തെങ്ങ്, കമുങ്ങ് എന്നിവയുടെ തടത്തിൽ എപ്പോഴും പുതയിട്ടുകൊടുക്കണം. ഉണങ്ങിയ ഓലകൾ, പാള എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാം.

തെങ്ങും കമുങ്ങുമായിരുന്നു പ്രധാന വരുമാനമാർഗം. 400 കുറ്റ്യാടി തെങ്ങും 800 കമുകുമുണ്ട്. ഇവയ്ക്ക് ഇടവിളയായിട്ടാണ് മറ്റു കൃഷികളെല്ലാം. 120 തേങ്ങ വരെ ഒരു തെങ്ങിൽ നിന്നു ലഭിക്കും.

പറമ്പിലെ പച്ചിലകളും ജൈവവളവും തെങ്ങിന്റെ തന്നെ ഓലയും കൊതുമ്പും മടലുമെല്ലാം തടത്തിലിട്ട് വളമായി നൽകും. വേനലിൽ സോളർ എനർജികൊണ്ട് പ്രവർത്തിക്കുന്ന മോട്ടർ ഉപയോഗിച്ച് നനയ്ക്കും. കമുകിൽ കാസർകോട് ഇനമാണു കൂടുതൽ. ഇപ്പോൾ നല്ല വില ലഭിക്കുന്നതിനാൽ കൂടുതൽ തൈകൾ എല്ലാ വർഷവും നടാറുണ്ട്. സംസ്ഥാന സർക്കാരിന്റെ കേര കേസരി അവാർഡ്, കേന്ദ്ര സർക്കാരിന്റെ ബെസ്റ്റ് കോക്കനട്ട് ഫാർമർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കുരുമുളക് ആണ് മറ്റൊരു വരുമാനമാർഗം. കിളിഞ്ഞിൽ മരത്തിലാണ് കുരുമുളക് പടർത്തിയിരിക്കുന്നത്. നന്നായി വെള്ളം ആഗിരണം ചെയ്യുന്ന മരമായതിനാൽ കുരുമുളകു ചെടിക്ക് നല്ല വളർച്ചയുണ്ടാകും. മരത്തിനു കേടു വരാൻ സാധ്യത കുറവായതിനാൽ താങ്ങുചെടി എന്ന നിലയ്ക്ക് കിളിഞ്ഞിൽ ഒരനുഗ്രഹം തന്നെയാണ്. ഇതിന്റെ ഇല പശുക്കൾക്കു തീറ്റയായും നൽകും. പന്നിയൂർ ഇനമാണ് കുരുമുളകിൽ ഭൂരിഭാഗവും. ഈ വർഷം ഉണക്കിയെടുത്ത 20 ക്വിന്റൽ വിൽപനയ്ക്കായി വച്ചിട്ടുണ്ട്.

∙ പഴകൃഷിയുടെ സാധ്യത

dragn-fruit-2

ഭാവിയിൽ ഫലവർഗങ്ങൾക്കായിരിക്കും കൂടുതൽ സാധ്യതയെന്നു കണ്ട് അഞ്ചു വർഷം മുൻപു തന്നെ സെബാസ്റ്റ്യൻ ഇത്തരം ചെടികളുടെ കൃഷി ആരംഭിച്ചിരുന്നു. ഇപ്പോൾ പറമ്പിൽനിന്ന് ഏറ്റവും വരുമാനം ലഭിക്കുന്നത് ഡ്രാഗൺ ഫ്രൂട്ടിൽനിന്നാണ്. രണ്ട് ഏക്കറിൽ ആയിരം തൈകളാണു നട്ടത്. കൂടുതലും മലേഷ്യൻ റെഡ് ഇനത്തിൽപ്പെട്ടത്. വർഷം മുഴുവനും ഡ്രാഗൺ ഫ്രൂട്ട് ലഭിക്കാൻ സെബാസ്റ്റ്യൻ ഒരു വിദ്യ സ്വീകരിച്ചിട്ടുണ്ട്. പ്രകാശസംശ്ലേഷണം നടക്കാൻ രാത്രിയിൽ വെളിച്ചം നൽകുക. ഇതിനായി ഡെ കൂൾ എൽഇഡി ലൈറ്റുകൾ ചെടികൾക്കു ചുറ്റും സ്ഥാപിച്ചിരിക്കുകയാണ്.

ജൈവകൃഷിയിലേക്ക് ഇറങ്ങുന്നവരോട്

ലാഭം മാത്രം ലക്ഷ്യമാക്കി ജൈവകൃഷിയിലേക്കു വരരുത്. മായമില്ലാത്ത ഭക്ഷണം കഴിക്കാം എന്നതിനായിരിക്കണം പ്രാധാന്യം. രാസവളമിടാത്ത, കീടനാശിനി തളിക്കാത്ത ഭക്ഷണസാധനങ്ങൾ ഉണ്ടാക്കാം എന്നതായിരിക്കണം മനസ്സിലുണ്ടാവേണ്ടത്.

സ്വന്തം ആവശ്യത്തിനുള്ളത് ഉണ്ടാക്കി ഒരു കൈത്തഴക്കം വന്നതിനു ശേഷമേ വിപണിയെക്കുറിച്ചു ചിന്തിക്കാവൂ. ജൈവഉൽപന്നം എന്ന പേരിൽ വിപണിയിലെത്തുന്ന സാധനങ്ങൾക്ക് അമിത വിലയായതിനാൽ ആളുകൾ വാങ്ങാൻ മടിക്കും. ആവശ്യക്കാരനു താങ്ങാവുന്ന വിലയ്ക്കേ നൽകാവൂ. ചെടികൾ, അവയുടെ വളർച്ച, പരിചരണം, വളനിർമാണം, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണം. ചെലവുചുരുക്കിയുള്ള കൃഷിയായിരിക്കണം അവലംബിക്കേണ്ടത്. നാടൻ അറിവുകളും ഇതിലേക്ക് ഉപയോഗപ്പെടുത്താം.

രാത്രിയിൽ വെളിച്ചം നൽകിയതോടെ എപ്പോഴും പഴം കിട്ടാൻ തുടങ്ങി. കാരണം, അതിരാവിലെതന്നെ കൂമ്പുന്ന പൂക്കളാണ് ഡ്രാഗൺ ചെടികളുടേത്. അതുകൊണ്ടുതന്നെ തോട്ടത്തിൽ ചെറുതേനീച്ച കോളനികളും സ്ഥാപിച്ചിട്ടുണ്ട്. ലൈറ്റുകൾ നൽകി തോട്ടം പ്രകാശഭരിതമായപ്പോൾ തേനീച്ചകൾ വഴിയുള്ള പരാഗണത്തിന്റെ തോതും ഉയർന്നു. അത് പഴങ്ങളുടെ എണ്ണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. സീസണിൽ കിലോഗ്രാമിന് 100 രൂപയാണു വിലയെങ്കിൽ ഇപ്പോൾ 250 രൂപയ്ക്കാണു വിൽപന. ആഴ്ചയിൽ 50 കിലോഗ്രാം വിൽപനയുണ്ടാകും.

10 കിലോവാട്ട് സോളർ പാനൽ സ്ഥാപിച്ച് 40 യൂണിറ്റ് വൈദ്യുതി നിത്യേന ഉൽപാദിപ്പിക്കുന്നുണ്ട്. ഈ വൈദ്യുതിയാണ് രാത്രിയിൽ കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. അതുപോലെ ജലസേചനത്തിനുള്ള വൈദ്യുതിയും സോളർ തന്നെ. ചൈത്രവാഹിനി പുഴയിലെ വെള്ളം പമ്പ് ചെയ്താണ് പറമ്പ് നനയ്ക്കുന്നത്. റംബുട്ടാൻ, അവ്ക്കാഡോ, ദുരിയാൻ, സപ്പോട്ട എന്നിവയിൽ നിന്നെല്ലാം നല്ല വിളവാണു ലഭിക്കുന്നത്.

∙ സ്വന്തം മാവ്

വർഷത്തിൽ മൂന്നുതവണ കായ്ക്കുന്ന മാവുണ്ട് ഇവിടെ. പേര് പാലമറ്റം മാവ്. ഒരു മാങ്ങ തന്നെ ഒന്നര കിലോഗ്രാം ഉണ്ടാകും. നല്ല മധുരമുണ്ടാകും. ബഡ് ചെയ്ത് തൈകൾ ഉണ്ടാക്കി പറമ്പിൽ നട്ടിട്ടുണ്ട്. പ്ലാവും സ്വന്തമായി ബഡ് ചെയ്തുണ്ടാക്കുന്നതാണ്.

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം ഇവിടെ ഉണ്ടാക്കുന്നുണ്ട്. ചെടികൾക്കിടയിലെല്ലാം തേനീച്ചപ്പെട്ടികൾ വച്ചതിനാൽ ധാരാളം തേൻ വിൽപനയ്ക്കുണ്ടാകും.

പലതരം വാഴകളുണ്ട്. വിൽപനയ്ക്കായി കടകളെ ആശ്രയിക്കാറില്ല. ആവശ്യക്കാർ തേടിവരും. അല്ലെങ്കിൽ ഓൺലൈൻ വിൽപന. പറമ്പിലെ രണ്ടു കുളത്തിൽ വളർത്തുമീനുകളുണ്ട്. ഇവയും വിൽപനയ്ക്കുള്ളതുതന്നെ.

∙ ഓൺലൈൻ വിൽപന

പരമ്പരാഗത കൃഷിക്കാരനാണെങ്കിലും സെബാസ്റ്റ്യന്റെ വിൽപന ആധുനിക രീതിയിലാണ്. farmcart എന്ന ഓൺലൈൻ വഴിയാണ് പഴങ്ങളുടെയും തേനിന്റെയും വിൽപന. യുഎഇയിലുള്ള മകൻ സഞ്ജു സെബാസ്റ്റ്യൻ ആണ് ഓൺലൈൻ വിൽപനയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. ഭാര്യ മേരിക്കുട്ടിയും മകൾ മഞ്ജുവും കൃഷിയിലും വിപണിയിലും ഇദ്ദേഹത്തിനു പിന്തുണ നൽകുന്നു.

ഫോൺ: 94473 47041

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com