ADVERTISEMENT

ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജ്, കോളിഫ്ലവർ എന്നിവ തവാരണകളിലോ പ്രോട്രേകളിലോ വിത്തുപാകി തൈകളുണ്ടാക്കി പറിച്ചു നടാം. പ്രോട്രേകളിൽ ചകിരിച്ചോർ കംപോസ്റ്റിനൊപ്പം അൽപം ട്രൈക്കോഡെർമ സമ്പുഷ്‌ടീകരിച്ച ജൈവവളവും ചേർത്തു നടീൽ മിശ്രിതം നിറയ്‌ക്കാം. വെർമിക്കുലൈറ്റ് അല്ലെങ്കിൽ പെർലൈറ്റ് എന്നിവ കൂടി സംയോജിപ്പിച്ചു നടീൽ മിശ്രിതം തയാറാക്കുന്നത് അഭികാമ്യം. പ്രോട്രേകളിൽ വിത്തുകൾ പാകി മുളപ്പിച്ചാൽ ഒരു മാസം കൊണ്ടു തൈകൾ ഇളക്കി നടാനാകും.

കാബേജ് ഇനങ്ങൾ

ഗോൾഡൻ ഏക്കർ, പ്രൈഡ് ഓഫ് ഇന്ത്യ, സെപ്‌റ്റംബർ, NS43, ഗ്രീൻ വോയേജൻ, ഗ്രീൻ ചലഞ്ചർ.

കോളിഫ്ലവർ ഇനങ്ങൾ

സ്‌നോബോൾ – 16, അർക്ക കാന്തി, പൂസാ ദിപാളി, NS131, നന്ദ.

ശീമമുള്ളങ്കി

കാബേജ് വർഗ വിളകളിലെ പുതിയ താരമാണ് ശീമമുള്ളങ്കി എന്നറിയപ്പടുന്ന നോൾകോൾ അഥവാ കോൾറാബി. കോൾറാബി വളരും തോറും മണ്ണിനു മുകളിൽ കാണ്‌ഡം വലുതായി വരും. ചെടിയുടെ പ്രധാന തണ്ട് കിഴങ്ങു പോലെ രൂപാന്തരപ്പെട്ടു വരുന്ന ഭാഗമാണ് ഭക്ഷ്യയോഗ്യം. ഇതോടൊപ്പം കോൾറാബിയുടെ തളിരിലകളും ഭക്ഷ്യയോഗ്യമാണ്.

കൃഷിരീതി

കൃഷിരീതികൾ ഏകദേശം സമാനമാണ്. നല്ല നീർവാർച്ചയുളളതും  ഫലപുഷ്‌ടിയുളളതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം വേണം. മണ്ണു നന്നായി കൊത്തിയിളക്കി ചെറുതവാരണകൾ ഉണ്ടാക്കാം. നിലമൊരുക്കുമ്പോൾ തന്നെ സെന്റ് ഒന്നിന് 80 കിലോഗ്രാം  എന്ന തോതിൽ കംപോസ്റ്റും ആവശ്യത്തിന് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർക്കണം. 

രണ്ട് അടി വിട്ട് ഒരു അടി വീതിയും താഴ്‌ചയുമുളള തവാരണകളാണ് തൈകൾ നടാനായി എടുക്കേണ്ടത്. ഒരു മാസം മൂപ്പെത്തിയ തൈകൾ വേരിന് ക്ഷതമേൽക്കാതെ ഇളക്കിയെടുത്തു നടാം. ചെടികൾ തമ്മിൽ രണ്ടടി അകലം പാലിക്കണം.

പരിചരണം

നട്ട് ഒന്നര ആഴ്‌ചയോളം തൈകൾക്കു തണൽ നൽകണം. മൂന്നാഴ്‌ച കഴിഞ്ഞ് ഒരു പിടിവീതം കംപോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ ചുറ്റും ഇട്ടുകൊടുത്തു ചെറുതായി മണ്ണു കൂട്ടിക്കൊടുക്കുക. മൂന്നാഴ്‌ച കഴിഞ്ഞ് വീണ്ടും ഇതാവർത്തിക്കാം. പൂക്കാറാകുമ്പോൾ രണ്ടാഴ്ച ഇടവേളകളിൽ ചാരം ഇടുന്നതു നല്ലതാണ്. 

കോളിഫ്ലവർ പൂവിരിഞ്ഞു തുടങ്ങുമ്പോൾ ഇലകൾ കൂട്ടിച്ചേർത്തു പൊതിഞ്ഞു കെട്ടണം. പൂവിൽ അധികം സൂര്യപ്രകാശമേൽക്കരുത്. ഓരോ വളപ്രയോഗം  ചെയ്യുമ്പോഴും മണ്ണ് കൂട്ടിക്കൊടുത്തെങ്കിലേ തണ്ട് ബലപ്പെടൂ.

സസ്യസംരക്ഷണം

തൈകൾക്കു വാട്ടരോഗം വരാതിരിക്കാൻ വിത്തുകൾ സ്യൂഡോമോണസ് പൊടിയുമായി കലർത്തി നടാം. തൈകൾ നടുന്നതിനു മുമ്പ് 2 ശതമാനം വീര്യമുളള സ്യൂഡോമോണസ് ലായനിയിൽ മുക്കി നടണം. നടീൽമിശ്രിതം നിറയ്‌ക്കുന്നതിനു മുൻപ് പ്രോട്രേകളിൽ ഈ ലായനി തളിക്കുന്നതും നല്ലതാണ്. 

ഇലചീയൽ രോഗം പ്രതിരോധിക്കുന്നതിനായി വിത്തുകൾ നടുന്നതിനു മുൻപ് 50 ഡിഗ്രി ചൂടുവെളളത്തിൽ അരമണിക്കൂർ നേരം മുക്കിവച്ചശേഷം ഉപയോഗിക്കാം. ഇലതീനിപ്പുഴുക്കളെ നേരിട്ട് എടുത്തുകളഞ്ഞോ വേപ്പ് അധിഷ്‌ഠിത കീടനാശിനി തളിച്ചോ അകറ്റാം.

വിത്തും തൈകളും

വിഎഫ്‌പിസികെയുടെ തിരുവനന്തപുരം കൃഷി ബിസിനസ് കേന്ദ്രത്തിൽ നിന്ന് കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, ബീൻസ്, റാഡിഷ്, കാരറ്റ്, പാലക്, മല്ലി, സവാള, കാപ്സികം, എന്നിവയുടെ വിത്തുകൾ അടങ്ങിയ കിറ്റ് 75 രൂപ നിരക്കിൽ ലഭ്യമാണ്. ഫോൺ 8281635530

തിരുവനന്തപുരം, എറണാകുളം കൃഷി ബിസിനസ് കേന്ദ്രങ്ങളിൽ കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തൈകളും ലഭ്യമാണ്. ഫോൺ–എറണാകുളം: 8547597343

പാലക്കാട് കഞ്ചിക്കോട് നാഷനൽ സീഡ്സ് കോർപറേഷനിൽ കാബേജ്, കോളിഫ്ലവർ വിത്തുകൾ ലഭ്യമാണ്. മറ്റ് ശീതകാല വിത്തുകൾ വലിയതോതിൽ ആവശ്യമുള്ളവർ മുൻകൂട്ടി ഓർഡർ നൽകിയാൽ വിത്തുകൾ ലഭ്യമാക്കും. ഫോൺ: 04912566414

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT