ചീരയിലെ ഇലപ്പുള്ളിക്ക് പ്രതിവിധി മിത്രാണുക്കൾ

HIGHLIGHTS
  • വിത്ത് കുതിർക്കുന്ന വെള്ളത്തിൽ സ്യൂഡോമോണാസ് ചേർക്കണം
  • ജൈവവളത്തിൽ ട്രൈക്കോഡെർമ
cheera-1
SHARE

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി, കഞ്ഞിക്കുഴി പ്രദേശങ്ങൾ വേനൽക്കാലത്ത് ചെമ്പട്ടു വിരിച്ച് നിൽക്കുന്നതു മനോഹരമായ കാഴ്ചയാണ്. ചീരക്കൃഷിക്കാർക്ക് അധ്വാനത്തിന്റെയും ആദായത്തിന്റെയും കാലം കൂടിയാണിത്.  എന്നാൽ ഇലപ്പുള്ളിരോഗം പലപ്പോഴും പ്രതീക്ഷയിൽ കരിനിഴൽ വീഴ്ത്തുന്നു. മഴക്കാലത്തു പതിവുള്ള ഈ കുമിൾരോഗം വേനൽക്കാലത്തും ഭീഷണിയാകുകയാണ്. 

രോഗലക്ഷണങ്ങൾ

വിത്തു മുളച്ച് കുറച്ചു ദിവസത്തിനുള്ളിൽതന്നെ രോഗം കാണുന്നു. ചെടികളുടെ ഇലകളിൽ സുതാര്യമായ,  ക്രീം നിറത്തിലുള്ള പുള്ളികൾ കാണുന്നതാണ് തുടക്കം.  ഇലകളുടെ അടിവശത്തും മുകൾപരപ്പിലും ഒരുപോലെ പാടുകൾ കാണപ്പെടുന്നു. അവ പിന്നീട് വലുതാകുകയും ആ ഭാഗം ഇലയിൽനിന്നു വേർപെട്ട് അവിടവിടെയായി ദ്വാരങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ 2016–17 വർഷത്തെ പദ്ധതികൾ മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിൽ ചർച്ച ചെയ്തപ്പോൾ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ പ്രചരണം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പഞ്ചായത്തംഗങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും ആവശ്യപ്പെട്ടു.  അങ്ങനെ ‘മിത്രാണുക്കൾ ഉപയോഗിച്ചു  ചീരയുടെ ഇലപ്പുള്ളിരോഗ നിയന്ത്രണ’മെന്ന പ്രദർശനകൃഷി പരിപാടി 15 കർഷകരുടെ പങ്കാളിത്തത്തോടെ നടപ്പാക്കി

നിയന്ത്രണം

വിത്ത് കുതിർക്കുന്ന വെള്ളത്തിൽ സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയ ചേർത്തു വിത്ത് പരിചരിക്കുകയും ചീര പറിച്ചു നടുന്ന മണ്ണിൽ ട്രൈക്കോഡെർമ എന്ന മിത്രകുമിൾ ചേർത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി – വേപ്പിൻപിണ്ണാക്കു(പച്ചക്കറിവിളകൾക്ക് എണ്ണ നീക്കം ചെയ്ത വേപ്പിൻപിണ്ണാക്കാണ് നല്ലത്) മിശ്രിതം ചേർക്കുകയും ചെയ്തു. 

കൂടാതെ, ചീര പറിച്ചു നട്ടതിനുശേഷം 10 ദിവസത്തെ ഇടവേളകളിൽ, ദ്രാവകരൂപത്തിൽ വിപണിയിൽ ലഭിക്കുന്ന സ്യൂഡോമോണാസ് അഞ്ചു  മി.ലീ., ഒരു ലീറ്റർ വെള്ളത്തിലെന്ന തോതിൽ ഇലകളുടെ ഇരുവശവും വീഴത്തക്കവിധം തളിച്ചു കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഇലപ്പുള്ളിരോഗം ചീരയെ ബാധിക്കാതിരിക്കുകയും അഞ്ചു സെന്റിൽനിന്ന് 11.75 കിലോ തോതില്‍ വിളവ് ലഭിക്കുകയും ചെയ്തു. കൂടാതെ, മിത്രാണുക്കൾ പ്രയോഗിച്ച ചീരയിൽ വളർച്ചയും ഇലയുടെ നിറവും കൂടിയതായും കണ്ടു.

ഇതോടെ വരുമാനം രണ്ടുമടങ്ങിലധികം വർധിച്ചു. പങ്കാളിത്ത കർഷകരുടെ അനുഭവങ്ങൾ മറ്റു കർഷകരിൽ എത്തിക്കുന്നതിന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തംഗം രമ ശശിയുടെ വീട്ടിൽ വിളവെടുപ്പ് ഉത്സവവും അനുഭവ വിവരണവും നടത്തി. മിത്രാണുക്കൾ ഉപയോഗിച്ചുള്ള രോഗനിയന്ത്രണത്തിലൂടെ മുൻവർഷങ്ങളെക്കാൾ മികച്ച വിളവും വരുമാനവും ലഭിച്ചതായി ശ്രീജ, ജയപ്രകാശ്, വിശ്വനാഥൻ എന്നീ കർഷകര്‍ സാക്ഷ്യപ്പെടുത്തി. 

ജൈവവളത്തിൽ  ട്രൈക്കോഡെർമ വളര്‍ത്തുന്ന രീതി

ചാരം കലരാത്ത ചാണകപ്പൊടി കമ്പോസ്റ്റും വേപ്പിൻപിണ്ണാക്കും 9:1 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തുക. ഓരോ നൂറു കിലോ കൂട്ടിനൊപ്പവും 1.2 കിലോ ട്രൈക്കോഡെർമയുടെ ടാൽക് മിശ്രിതം ചേർത്ത്, വെള്ളം തളിച്ചു നന്നായി ഇളക്കി ചേർക്കുക. പുട്ടുപൊടി നനയ്ക്കുന്ന പരുവത്തിൽ മാത്രം നനവ് മതി. അധിക നനവ് മിശ്രിതത്തിൽ വായുവിന്റെ ലഭ്യത കുറയ്ക്കുകയും അവ ട്രൈക്കോഡെർമയുടെ വളർച്ച കുറയ്ക്കുകയും ചെയ്യുന്നു. 

ഈ മിശ്രിതം തണലുള്ളിടത്ത് ഒരടി ഉയരത്തിൽ കൂട്ടിയിട്ട് ഈർപ്പമുള്ള ചാക്ക് ഉപയോഗിച്ചു മൂടുക. നാലഞ്ചു  ദിവസം കഴിയുമ്പോൾ ഒന്നുംകൂടി ഇളക്കി വെള്ളം തളിച്ച് വീണ്ടും കൂട്ടി മൂടുക. പിന്നീട് മൂന്നു ദിവസത്തിനുള്ളിൽ ഇവ മണ്ണിൽ ചേർത്ത് കൊടുക്കാൻ പാകമാകും.

English summary: Biological control of plant diseases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA