? എന്റെ തോട്ടത്തിലെ പൂവൻ വാഴകൾ ഇലകൾ വാടി മഞ്ഞളിച്ച് കരിഞ്ഞുപോകുന്നു. കുലകൾ വരുന്നതിന് മുൻപ് തന്നെ ഇത്തരം വാഴകൾ നശിച്ചു പോകുന്നുണ്ട്. കൃത്യമായി വളപ്രയോഗം നടത്തിയിട്ടും മാറ്റമില്ല. എന്തായിരിക്കും കാരണം. പ്രതിവിധിയും അറിയണം. – അബ്ദുള്‍ റഹ്മാന്‍, ഇളനാട്
മഴക്കാലം ആരംഭിക്കുന്നതോടെ വാഴകളിൽ കണ്ടുവരുന്ന പാനമാവാട്ടം ആണ് മേൽസൂചിപ്പിച്ച പൂവൻ വാഴകൾ വാടിപ്പോകുന്നതിനു കാരണം. നീർവാർച്ചാസൗകര്യം കുറവുള്ളിടത്തും, തുടർച്ചയായി വാഴക്കൃഷി ചെയ്യുന്നിടത്തുമാണ് ഈ രോഗം കൂടുതല്‍ കാണുന്നത്. കേരളത്തിൽ പൂവൻ, നേന്ത്രൻ ഇനങ്ങളെയാണ് ഇത് ബാധിക്കുന്നത്. കുമിൾരോഗമാണ് പാനമാവാട്ടം. തുടക്കത്തിൽ രോഗം ബാധിച്ച വാഴയുടെ ഏറ്റവും പുറമെയുള്ള ഇലകൾ മഞ്ഞളിച്ചു വരുന്നതു കാണാം. ഈ മഞ്ഞളിപ്പ് ഇലയുടെ അരികിൽനിന്നു നടുഞരമ്പിലേക്ക് വ്യാപിക്കുന്നു. ക്രമേണ ഉള്ളിലെ ഇലയൊഴിച്ച് എല്ലാം വാടിത്തൂങ്ങുകയും വാഴത്തടയിൽ വിള്ളലുകൾ രൂപപ്പെടുകയും ചെയ്യുന്നു. രോഗം മൂർച്ഛിക്കുന്നതോടെ വാഴ കടയോടുകൂടി മറിഞ്ഞു വീഴുന്നു.
രോഗത്തെ നിയന്ത്രിക്കുന്നതിന് ചില മാർഗങ്ങൾ
- തോട്ടത്തിലെ നീർവാർച്ചാസൗകര്യം കൂട്ടുക. രോഗം ബാധിച്ച വാഴകൾ ഉടൻ നീക്കം ചെയ്ത് തോട്ടം വൃത്തിയാക്കണം. വാഴക്കന്ന് നടുമ്പോൾ കുമ്മായം 500 ഗ്രാം ഒരു വാഴയ്ക്ക് എന്ന തോതിൽ മണ്ണിൽ ചേർത്തു കൊടുക്കണം. രോഗം ബാധിച്ച വാഴയിൽ നിന്നും കന്നെടുക്കരുത്. വാഴക്കന്ന് നടുന്ന സമയത്തു ചെത്തി വൃത്തിയാക്കി, കാർബെൻഡാസിം (ബാവിസ്റ്റിന്‍) 2 ഗ്രാം/ലീറ്റർ വെള്ളത്തിൽ മുക്കി നടുന്നത് രോഗം വരാതെ കാക്കും.
- വന്ന സ്ഥലങ്ങളിൽ കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം/ലീറ്റർ എടുത്ത് തടം കുതിർത്തു കൊടുക്കണം.
- വെള്ളം തുറന്നുവിടുന്ന കയായകളിൽ ബ്ലീച്ചിങ് പൗഡർ കിഴി കെട്ടിയിടാം.
English summary: panama disease in banana