ADVERTISEMENT

ഡ്രാഗൺഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുന്നതിന് പദ്ധതിയുമായി കൃഷിവകുപ്പ്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്സിഡി നിരക്കിലാണ് ഓരോ പഞ്ചായത്തുകൾ വഴിയും നടീൽവസ്തുക്കൾ വിതരണം ചെയ്യുന്നത്. 100 രൂപ വിലയുള്ള വേരു പിടിപ്പിച്ച നടീൽവസ്തു 75 ശതമാനം സബ്സിഡിയോടെ 25 രൂപയ്ക്കാണ് കർഷകർക്ക് ലഭ്യമാക്കുക. 100 രൂപയ്ക്ക് 4 തൈകൾ ഒരു വ്യക്തിക്ക് ലഭിക്കും. ആവശ്യമുള്ള കർഷകർ കൃഷിഭവനിലെത്തി ബുക്ക് ചെയ്യണം.

dragon-fruit-2

വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം എന്നിവയാല്‍ സമൃദ്ധമാണ് ഡ്രാഗൺഫ്രൂട്ട്. ഫൈബര്‍ കൂടുതലുള്ളതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം. പഴത്തിലടങ്ങിയിരിക്കുന്ന ആന്തോസയാനിന്‍ കാഴ്ച വര്‍ധിപ്പിക്കും. നട്ട് രണ്ടാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങുന്ന ചെടിയിൽ ശരാശരി 400 ഗ്രാം തൂക്കമുള്ള പഴങ്ങളുണ്ടാകും. താങ്ങിന് കോണ്‍ക്രീറ്റ് തൂണുകളോ വേലിക്കല്ലുകളോ ഉപയോഗിക്കാം. പന്തലിച്ചു വളരുന്നതിന് കാലിന്റെ മുകളിൽ പഴയ ടയര്‍ പിടിപ്പിക്കുന്നത് നല്ലതാണ്. 

അമേരിക്കൻ സ്വദേശിയായ ഡ്രാഗൺഫ്രൂട്ട് കേരളത്തിലെ വരണ്ട കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണെന്ന് തിരിച്ചരിഞ്ഞതോടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. എളുപ്പം നട്ടു വളര്‍ത്താമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത. നന്നായി സൂര്യപ്രകാശമേൽക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലത്തായിരിക്കണം നടേണ്ടത്. 60 സെന്റി മീറ്റര്‍ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്തു മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു കുഴി നിറച്ച് തൈകള്‍ നടാം. ഏഴടി നീളവും നാലടി കനവുമുള്ള കോണ്‍ക്രീറ്റ് കാലുകളില്‍ ചെടിയുടെ വള്ളികള്‍ നന്നായി പടര്‍ന്നു കയറും. ഓരോ താങ്ങു കാലിനും മുകളിലായി ക്രോസ് ബാറിലോ, ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ വീതം സ്ഥാപിക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴെക്ക് തൂങ്ങുന്ന വിധത്തിലാക്കണം. ഇങ്ങനെ വളരുന്ന വള്ളികളുടെ തുമ്പിലായി പൂക്കള്‍ വിടരും. അവ ഏകദേശം ഒരു മാസമാകുമ്പോള്‍ കായ്കളായി മാറും. ഏപ്രില്‍ മാസത്തിലെ വേനല്‍ മഴയില്‍ മൊട്ടിടുന്ന പൂക്കള്‍ ഒക്ടോബറില്‍ വിളവെടുക്കാന്‍ പാകത്തില്‍ പഴങ്ങളാകും. ഒരു വര്‍ഷത്തില്‍ ആറു തവണ വരെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് സാധ്യമാകും. മൂന്നു വര്‍ഷം പ്രായമായ ചെടിയില്‍ 25ൽപ്പരം പഴങ്ങളുണ്ടാകും. ഓരോ വര്‍ഷം കഴിയുംതോറും കായ്ഫലം കൂടുമെന്നതാണ് കര്‍ഷകരുടെ അനുഭവം. ഒരു ചെടിക്ക് 25 വര്‍ഷത്തിലേറെ ആയുസുമുണ്ട്.

dragon-fruit-4

ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളില്‍ കീടബാധ കുറവാണെന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. സമീപകാലത്ത് മഴ കൂടുതൽ ആയതിനാൽ ചെടികളിൽ ചീയൽരോഗം കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാത്ത വിധത്തിലായിരിക്കണം നടേണ്ടത്. കള്ളിമുള്‍ വര്‍ഗത്തിൽപ്പെട്ടതിനാല്‍ വന്യമൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ ശല്യവും ഉണ്ടാകാറില്ല. തേനീച്ചകളാണ് പൂക്കളിൽ പരാഗണം നടത്തുക. ഡ്രാഗൺഫ്രൂട്ട് തോട്ടത്തിൽ ചെറുതേൻ പെട്ടികൾ സ്ഥാപിക്കുന്നത് പരാഗണം വർധിപ്പിക്കും. ഇത് ഉൽപാദനം മെച്ചപ്പെടുത്തുമെന്ന് കർഷകർ പറയുന്നു. വീടുകളുടെ മട്ടുപ്പാവില്‍പ്പോലും വിജയകരമായി കൃഷി ചെയ്യാം. 

English summary: dragon fruit cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT