ADVERTISEMENT

കൃഷി അഗ്രിബിസിനസിലേക്കു നീങ്ങുമ്പോൾ കാർഷിക കോഴ്സുകൾക്കു പ്രസക്തിയേറുന്നു. ഒട്ടേറെ വിദ്യാർഥികളാണ് പ്ലസ്ടുവിനു ശേഷം കാർഷിക – അനുബന്ധ ബിരുദ കോഴ്സുകൾക്ക് ചേരാൻ താൽപര്യപ്പെടുന്നത്. സാങ്കേതികരംഗത്തെ വളർച്ചയ്ക്ക് ആനുപാതികമായി കാർഷിക സാങ്കതികമേഖലയിലും വളർച്ച പ്രകടം. അഗ്രി അനലിറ്റിക്സ്, ഡാറ്റ അനലിറ്റിക്സ്, ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, മെഷീൻ ലേണിങ്, ഭക്ഷ്യസംസ്കരണം, സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, പബ്ലിക് ഹെൽത്ത്, വൺ ഹെൽത്ത്, കൺസർവേഷൻ, അഗ്രി, വെറ്ററിനറി സേവനം തുടങ്ങി ഒട്ടേറെ മേഖലകളിൽ തൊഴിൽ നേടാനുപകരിക്കുന്ന ഉപരിപഠന സാധ്യതകളുണ്ട്. കോവിഡിനുശേഷം ലോകത്തെമ്പാടും കാർഷിക വിദ്യാഭ്യാസ മേഖലയിൽ ഇന്റർ ഡിസിപ്ലിനറി ഗവേഷണം കൂടുതൽ കരുത്താർജിക്കും.

പ്ലസ്ടുവിനു ശേഷമുള്ള  കാർഷിക കോഴ്സുകളെക്കുറിച്ച് കുട്ടികള്‍ക്ക് ഏറെ സംശയങ്ങളുണ്ട്. കോഴ്സുകൾ, പാഠ്യവിഷയങ്ങൾ, ഉപരിപഠന സാധ്യത, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ചാണ് സംശയങ്ങളേറെയും. കാർഷിക കോഴ്സുകൾക്കുള്ള അഡ്മിഷൻ നീറ്റ് പരീക്ഷാ സ്കോറിന്റെ അടിസ്ഥാനത്തിലാണെങ്കിലും കേരളത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലേക്ക് ഓൺലൈനായി KEAM (www.cee.kerala.gov.in) ലേക്ക് അപേക്ഷിച്ചിരിക്കണം.

കോഴ്സുകൾ

നാലു വർഷ ബിഎസ്‌സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ, ബിഎസ്‌സി (ഓണേഴ്സ്) ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, അഞ്ചു വർഷ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് & അനിമൽ ഹസ്ബൻഡറി എന്നിവയ്ക്കുള്ള സെലക്ഷൻ നീറ്റ് റാങ്ക് ലിസ്റ്റിൽനിന്നാണ്. ബിഎസ്‌സി അഗ്രിക്കൾച്ചർ, ഫോറസ്ട്രി എന്നിവ കേരള കാർഷിക സർവകലാശാലയുടെ കീഴിലാണ്. ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, കേരള യൂണിവേഴ്സിറ്റി ഫോർ ഫിഷറീസ് & ഓഷ്യാനോഗ്രാഫിക് സ്റ്റഡീസിന്റെ കീഴിലുമാണ്. ബിവിഎസ്‌സി & എഎച്ച് കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിലാണ്.

ബിഎസ്‌സി അഗ്രിക്കൾച്ചർ

ബി എസ്‌സി  അഗ്രിക്കൾച്ചർ പഠിക്കാൻ കേരളത്തിൽ വെള്ളായണി (തിരുവനന്തപുരം), വെള്ളാനിക്കര (തൃശൂർ), പടന്നക്കാട് (കാസർകോട്), അമ്പലവയൽ (വയനാട്) എന്നിവിടങ്ങളിലായി  4 കോളജുകളുണ്ട്. അഗ്രോണമി, പ്ലാന്റ് ജനറ്റിക്സ്, സോയിൽ സയൻസ്, എന്റമോളജി, അഗ്രിക്കൾച്ചർ എൻജിനീയറിങ്,  കാലാവസ്ഥാ ശാസ്ത്രം, പാത്തോളജി, ഹോർട്ടിക്കൾച്ചർ, അഗ്രിക്കൾച്ചർ, എക്സ്റ്റൻഷൻ എന്നിവ കോഴ്സിലെ പാഠ്യവിഷയങ്ങളാണ്. കാർഷിക തൊഴിൽ നൈപുണ്യ പരിശീലനവും വിദ്യാർഥികൾക്കു ലഭിക്കും. മേൽ സൂചിപ്പിച്ച കോഴ്സുകളിൽ ബിരുദ, ബിരുദാനന്തര പഠനവും ഡോക്ടറൽ ഗവേഷണ സൗകര്യങ്ങളുമുണ്ട്. അഗ്രി ബിസിനസ് മികച്ച ഉപരിപഠന മേഖലയാണ്.

തൊഴിൽ

കോഴ്സ് പൂർത്തിയാക്കിയവർക്ക് അഗ്രിക്കർച്ചർ ഓഫിസർ, പ്ലാന്റേഷൻ മാനേജർ, അഗ്രിക്കൾച്ചർ റിസർച്ച് സ യന്റിസ്റ്റ്, അഗ്രിക്കൾച്ചർ ഡവലപ്മെന്റ് ഓഫിസർ, അഗ്രി ബിസിനസ് മാനേജർ, അസിസ്റ്റന്റ് പ്രഫസർ, ബാങ്ക് ഓഫിസർ, ഇൻഷുറൻസ് ഓഫിസർ തുടങ്ങിയ ജോലിസാധ്യതകളുണ്ട്. അഗ്രിക്കൾച്ചർ റിസർച്ച് സയന്റിസ്റ്റ്, അസിസ്റ്റന്റ് പ്രഫസർ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദവും  ARS/NET യോഗ്യതയും വേണം. കാർഷിക ഗവേഷണത്തിൽ താൽപര്യമുള്ളവർക്കു വിദേശപഠനത്തിനു ശ്രമിക്കാം.

ബാച്ചിലർ ഓഫ് സയൻസ് ഇൻ ഫോറസ്ട്രി

ബാച്ചിലർ ഓഫ് സയൻസ് ഇൻ ഫോറസ്ട്രി കോഴ്സുള്ളത്  തൃശൂർ വെള്ളാനിക്കരയിലെ കോളജ് ഓഫ് ഫോറസ്ട്രിയിലാണ്. പാരിസ്ഥിതിക പഠനം, ഡെന്‍ഡ്രോളജി, ബയോകെമിസ്ട്രി, സൈറ്റോളജി, കാലാവസ്ഥാ പഠനം, കംപ്യൂട്ടർ പഠനം, ഫോറസ്റ്റ് മാനേജ്മെന്റ്, വുഡ് സയൻസ്, വൈൽഡ് ലൈഫ് മാനേജ്മെന്റ്, ഫോറസ്റ്റ് പോളിസി ലെജിസ്ലേഷൻ, പാത്തോളജി തുടങ്ങി ഒട്ടേറെ വിഷയങ്ങളുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് വനംവകുപ്പ്, സുവോളജിക്കൽ പാർക്കുകൾ, പ്ലാന്റേഷൻസ്, ഫോറസ്റ്റ് നഴ്സറികൾ, നാഷണൽ പാർക്കുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാധ്യതയുണ്ട്.

ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്ക് ARSനുശേഷം അഗ്രിക്കൾച്ചർ റിസർച്ച് സയന്റിസ്റ്റാകാം. NET പൂർത്തിയാക്കിയാൽ ഫോറസ്ട്രി കോളജുകളിൽ അസിസ്റ്റന്റ് പ്രഫസറാകാം. ഗവേഷണത്തിനും വിദേശ പഠനത്തിനും സാധ്യതയേറെയുണ്ട്.

ബിവിഎസ്‌സി & എഎച്ച്

വെറ്ററിനറി സയൻസ് പഠിക്കാൻ തൃശൂർ ജില്ലയിലെ മണ്ണുത്തിയിലും വയനാട് ജില്ലയിലെ പൂക്കോടും വെറ്ററിനറി കോളജുകളുണ്ട്. അഞ്ചു വർഷ കോഴ്സിൽ അവസാന സെമസ്റ്റര്‍ ഇന്റേൺഷിപ്പാണ്. ഫിസിയോളജി, ബയോ കെമിസ്ട്രി, ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്, മൈക്രോബയോളജി, എക്സ്റ്റൻഷൻ, ക്ലിനിക്കൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പബ്ലിക് ഹെൽത്ത്, ജനറ്റിക്സ്, മീറ്റ് സയൻസ്, പൗൾട്രി സയൻസ്, ഡെയറി സയൻസ്, ഫോഡർ പ്രൊഡക്ഷൻ തുടങ്ങി ഒട്ടേറെ വിഷയങ്ങളുണ്ട്.

കോഴ്സ് പാസായവർക്ക് സംസ്ഥാന, കേന്ദ്ര സർക്കാരിനു കീഴിൽ വെറ്ററിനറി സർജൻ, വെറ്ററിനറി കൺസൽട്ടന്റ് ആയി പ്രവർത്തിക്കാം. ക്ഷീരോൽപാദക യൂണിയനുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, സ്വകാര്യ ഫാമുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും തൊഴിലവസരങ്ങളുണ്ട്. ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്ക് സയന്റിസ്റ്റ്, അസിസ്റ്റന്റ് പ്രഫസറാകാം. ഏറെ വിദേശപഠന ഗവേഷണ സാധ്യതയുള്ള കോഴ്സാണിത്.

ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്

ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് കോഴ്സ് കൊച്ചിയിലെ പനങ്ങാട് കോളജിലുണ്ട്. അക്വാകൾച്ചർ, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഇക്കണോമിക്സ്, ന്യൂട്രീഷൻ, ഫുഡ് ടെക്നോളജി, ഇക്കോസ്റ്റാറ്റിസ്റ്റിക്സ്, ബയോ ടെക്നോളജി, ഇക്കോളജി, പാത്തോളജി, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയവ പഠിക്കണം. .

കോഴ്സ് പൂർത്തിയാക്കിയവർക്ക് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, മത്സ്യഫെഡ്, സന്നദ്ധ സംഘടനകൾ, ഹാച്ചറികൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഫിഷറീസ് കോളജുകൾ എന്നിവിടങ്ങ ളിൽ  പ്രവർത്തിക്കാം.

ബാങ്കുകളിലും ഇൻഷുറൻസ് കമ്പനികളിലും സാധ്യതകളുണ്ട്. എല്ലാ കാർഷിക, വെറ്ററിനറി, ഫിഷറീസ് ബിരുദധാരികൾക്കും സിവിൽ സർവീസ്,  ബാങ്കിങ്, NABARD, NABCONS എന്നിവയില്‍ സാധ്യകളുണ്ട്. വിദേശ പഠന പരീക്ഷകളിൽ മികച്ച സ്കോർ നേടിയും ഉന്നതപദവിയിലെത്താം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, KAS, ARS, NET പരീക്ഷകളെഴുതാം. CAT പരീക്ഷയെഴുതി IIMൽ അഗ്രി ബിസിനസ് മാനേജ്മെന്റിന് പഠിക്കാം. GRE, TOEFL / IELTS / GMAT എഴുതി അമേരിക്കയിലും വിദേശരാജ്യങ്ങളിലും ഉപരിപഠനവും ഗവേഷണവും നടത്തി മികച്ച തൊഴിൽ നേടാം.

English summary: Bachelor Degree Courses in Agriculture After 12th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT