ADVERTISEMENT

പീഡിയാട്രിക് സർജനെപ്പോലെയാണ് വെജിറ്റബിൾ ഗ്രാഫ്റ്റിങ് നടത്തുന്നവർ. ലോലമായ പച്ചക്കറിത്തൈകളിൽ ബ്ലേഡ് പ്രയോഗിച്ച് മുറിവുണ്ടാക്കുകയും കൂട്ടിച്ചേർക്കുകയുമൊക്കെ ചെയ്യുമ്പോൾ ഏറെ ശ്രദ്ധയും കരുതലും വേണം. അതേസമയം വേഗം കുറയാനും പാടില്ല. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിൽ  അപ്രന്റീസ് ആയി പ്രവർത്തിക്കുമ്പോഴാണ് മവീണ വെജിറ്റബിൾ ഗ്രാഫ്റ്റിങ് പരിചയപ്പെടുന്നതും പഠിക്കുന്നതും. ഗ്രാഫ്റ്റ് തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി തിരഞ്ഞടുക്കപ്പെട്ട ടീമിൽ മവീണയുമുണ്ടായിരുന്നു.

പുത്തൻ സാങ്കേതികവിദ്യ പരിശീലിക്കാൻ ലഭിച്ച അവസരം മവീണ ആത്മാർഥമായി പ്രയോജനപ്പെടുത്തി. ഇങ്ങനെ ലഭിച്ച പ്രാവീണ്യമാണ് വെജിറ്റബിൾ ഗ്രാഫ്റ്റിങ് ടെക്നീഷ്യനായി കാവുങ്കൽ നഴ്സറിയിൽ ജോലി നേടാൻ തന്നെ സഹായിച്ചതെന്ന് മവീണ പറയുന്നു.  സഹപ്രവർത്തകയായി ഷെറിനുമുണ്ട്.    ഒരാൾക്ക് ഒരു ദിവസം 1000 തൈകൾ വരെ ഗ്രാഫ്റ്റ് ചെയ്യാനാവുന്നു. വഴുതന, മുളക്, തക്കാളി  ഗ്രാഫ്റ്റ് തൈകളാണുള്ളത്.  സാധാരണ തൈകൾ ഒന്നര രൂപയ്ക്കു നൽകുന്ന കാവുങ്കൽ ഏജൻസീസ് ഗ്രാഫ്റ്റ് തൈകൾ 4 രൂപയ്ക്കാണ് വിൽക്കുക. മൂല്യവർധന ഇരട്ടിയിലേറെ. താൽപര്യമുള്ളവർക്ക്  എത്തിച്ചുകൊടുക്കുകയും ചെയ്യും.

വെജിറ്റബിൾ ഗ്രാഫ്റ്റിങ്

തക്കാളിയും മുളകുമൊക്കെ നട്ടുവളർത്തിയവർക്കറിയാം വാട്ടരോഗത്തിന്റെ ഭീകരത. നിറയെ കായിട്ടുനിൽക്കുന്ന വിളകൾ മണിക്കൂറുകൾക്കുള്ളിൽ വാടി വീഴുമ്പോൾ നട്ടുവളർത്തിയവന്റെ ഉള്ള് തേങ്ങും. കേരളത്തിലെ അമ്ലത കൂടിയ മണ്ണിൽ വാട്ടരോഗസാധ്യത കൂടുതലാണുതാനും. പ്രതിവിധി ഒന്നേയുള്ളൂ– രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.  അതിന് ഏറ്റവും പ്രായോഗികമാർഗമാണ് ഗ്രാഫ്റ്റ് തൈകൾ. വാട്ടരോഗം ബാധിക്കുന്ന വിളകളെ പ്രതിരോധശേഷിയുളള ഇനങ്ങളിലേക്ക് ഗ്രാഫ്റ്റ് ചെയ്യണം.

നാടൻ വഴുതനവിളയായ പുത്തരിച്ചുണ്ട, രോഗപ്രതിരോധ ശേഷിയുള്ള മറ്റ് വഴുതനയിനങ്ങൾ എന്നിവയാണ് ഗ്രാഫ്റ്റിങ്ങില്‍ റൂട്ട് സ്റ്റോക്ക് ആയി പൊതുവെ ഉപയോഗിക്കുന്നത്. അവയുടെ തണ്ടിന്റെ അറ്റം മുറിച്ചുനീക്കിയ ശേഷം മികച്ച വിളയിനത്തിന്റെ തണ്ട്  (സിയോൻ) ആപ്പുപോലെ കടത്തിവയ്ക്കുകയാണ് ചെയ്യുക.  ഇപ്രകാരം കൂടിച്ചേരുന്ന തണ്ടുകൾ വിട്ടുപോകാതിരിക്കാന്‍ ക്ലിപ് ചെയ്യുകയും വേണം. പച്ചക്കറിത്തൈകൾ ഗ്രാഫ്റ്റ് ചെയ്യുന്ന തിനുള്ള പ്ലാസ്റ്റിക് ക്ലിപ്പുകൾ വിപണിയിൽ ലഭ്യമാണ്. ഒട്ടിച്ചു ചേർത്ത തണ്ടിൽ (സിയോൻ)  ഒന്നു രണ്ട് ആഴ്ചകൾക്കകം പുതിയ മുകുളങ്ങൾ വന്നു തുടങ്ങും.. വാട്ടരോഗപ്രതിരോധശേഷി മാത്രമല്ല, മറ്റു സ്വഭാവ സവിശേഷതകളും ഇപ്രകാരം കൂട്ടിച്ചേർക്കാം. ഇസ്രയേലിലും വിയറ്റ്നാമിലൊക്കെ ഏറെ പ്രചാരം നേടിയ ഈ രീതി വ്യത്യസ്ത ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താം. 

grafting-1
ഗ്രാഫ്റ്റ് ചെയ്ത തൈകൾ പരിശോധിക്കുന്ന ഡോ. സി.നാരായണൻകുട്ടി

മണ്ണുത്തി കാർഷികഗവേഷണകേന്ദ്രത്തിലെ പ്രഫസർ ആയിരുന്ന ഡോ. സി. നാരായണൻകുട്ടിയാണ് ഇസ്രയേലിൽനിന്ന് ഈ സാങ്കേതികവിദ്യ  കേരളത്തിലെത്തിച്ചത്. വിദേശരാജ്യങ്ങളിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി വെജിറ്റബിൾ ഗ്രാഫ്റ്റിങ് പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലളിതമായ ഈ സങ്കേതം കൂടുതൽ കർഷകരിലെത്തിക്കാൻ വേണ്ട സഹകരണമോ പ്രോത്സാഹനമോ തനിക്കു ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ഇന്നും സംസ്ഥാനത്തെ എല്ലാ കർഷകർക്കും വെജിറ്റബിൾ ഗ്രാഫ്റ്റിങ്ങിന്റെ പ്രയോജനം ലഭിക്കുന്നില്ല.  വിരമിച്ച ശേഷം തൃശൂരിലെ കാവുങ്കൽ ഏജൻസീസുമായി ചേർന്ന് ഗ്രാഫ്റ്റ് പച്ചക്കറി തൈകളുടെ ഉൽപാദനത്തിനു മേൽനോട്ടം വഹിക്കുകയാണ് അദ്ദേഹം. തക്കാളിയുടെയും പച്ചമുളകിന്റെയുമൊക്കെ തൈകൾക്ക് ഗ്രാഫ്റ്റിങ്ങിലൂടെ മൂല്യവർധന നടത്തി അധികാദായം നേടാനാകും. സംരംഭകരാകാൻ താൽപര്യമുള്ളവർക്ക്  വെജിറ്റബിൾ ഗ്രാഫ്റ്റിങ്ങിൽ പരിശീലനം നൽകാൻ കാവുങ്കൽ ബൈ എൻ ഫാം നഴ്സറി തയാറാണെന്ന് അദ്ദേഹം പറഞ്ഞു. 

ഫോണ്‍: 9495634953 (ഡോ. സി.നാരായണൻകുട്ടി)

English summary: Grafting in Vegetable Crops: A Great Technique for Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com