കേടുവന്ന് ഉപയോഗശൂന്യമായി ചക്കകൾ: പണ്ടൊന്നും ചക്കയ്ക്ക് ഒരു കേടും ഇല്ലായിരുന്നു

jack-fruit
കേടുവന്ന് ഉപയോഗശൂന്യമായ ചക്ക
SHARE

കഴിഞ്ഞ ദിവസം ഒരു സമൂഹമാധ്യമ കൂട്ടായ്മയിൽ ഒരു കർഷകസുഹൃത്ത് പങ്കുവച്ച ചിത്രമാണ് മുകളിലുള്ളത്. വിളവെടുത്ത ചക്കയ്ക്കുള്ളിൽ പൂർണമായും കറുത്ത നിറത്തിൽ കേട് നിറഞ്ഞിരിക്കുന്നു. ഇതിന്റെ കാരണവും പ്രതിവിധിയും പങ്കുവയ്ക്കാം.

മികച്ച ഉൽപാദനമുള്ളതും അതുപോലെ തായ്‌വേര് ഇല്ലാത്തതുമായ പ്ലാവുകളിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്. പ്രധാനമായും മൂന്ന് മൂലകങ്ങളുടെ അപര്യാപ്തതയാണ് ഇത്തരത്തിൽ ചക്കച്ചുളകളുടെ നിറവ്യത്യാസത്തിനും രുചിവ്യത്യാസത്തിനും കാരണം. ഈ ചക്കയുണ്ടായ പ്ലാവിന്  ബോറോൺ, പൊട്ടാഷ്, കാത്സ്യം എന്നിവയുടെ കുറവുണ്ട്.

മരത്തിന് ബോറോണിന്റെയും പൊട്ടാഷിന്റെയും കുറവുണ്ടെങ്കിൽ ഫലത്തിന്റെ കോശങ്ങളുടെ കോശദ്രവ്യത്തിൽനിന്ന് (സൈറ്റോപ്ലാസം) പഞ്ചസാര പുറത്തേക്ക് ഒഴുകും. അത് അണുബാധ ഉണ്ടാകാൻ കാരണമാകും. കാത്സ്യത്തിന്റെ കുറവുണ്ടെങ്കിൽ കോശഭിത്തികളുടെ കട്ടിയും കുറവായിരിക്കും. അതും ഇത്തരത്തിലുള്ള കേടിന് കാരണമാകും. 

തുറസായ സ്ഥലങ്ങളിൽ നിൽക്കുന്ന നാടൻ പ്ലാവുകൾക്ക് ഇത്തരം പ്രശ്നങ്ങൾ ഇല്ലല്ലോ എന്ന ചോദ്യവും ഉയർന്നുവരാം. അത്തരം മരങ്ങളുടെ തായ്‌വേരുകൾ ആഴത്തിൽ വളർന്നിട്ടുണ്ടാകും. ഒപ്പം മൂലകങ്ങൾ വലിച്ചെടുക്കാൻ കഴിയുന്ന പക്കവേരുകളും ഉണ്ടാകും. അതുകൊണ്ടുതന്നെ  ഇത്തരം പ്ലാവുകൾക്ക് അവയ്ക്ക് ആവശ്യമായ മൂലകങ്ങൾ ആഴത്തിൽനിന്നു ശേഖരിക്കാൻ സാധിക്കും. എന്നാൽ, കുറിയ ഇനം പുതു പ്ലാവുകളുടെ തായ്‌വേരുകൾ വേണ്ടത്ര വികാസം പ്രാപിച്ചിട്ടുണ്ടാവില്ല. അതായത്, കൂടകളിലും മറ്റും വച്ചിരിക്കുന്നതിനാൽ അവയുടെ തായ്‌വേര് ആഴത്തിലേക്ക് വളർന്നിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രവർത്തനക്ഷമവും ആയിരിക്കില്ല. വളർച്ചയ്ക്കും ഫലോൽപാദനത്തിനും ആവശ്യമായ മൂലകങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞ് കൃത്യമായി വളപ്രയോഗം നടത്തുന്നതാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം.

കേരളത്തെ സംബന്ധിച്ചിടത്തോളം ബോറോൺ, കാത്സ്യം എന്നിവ സസ്യങ്ങൾക്ക് ആവശ്യമായ അളവിൽനിന്നു ലഭ്യമല്ല. അതുകൊണ്ടുതന്നെ ബോറോണിന്റെ അപര്യാപ്തത മിക്ക വിളകളിലും കാണാം. ബോറോൺ അപര്യാപ്തത മൂലം പ്ലാവുകളിലെ പ്രാഥമിക പ്രശ്നമാണ് ചക്കച്ചുളകളിൽ കാണപ്പെടുന്നത്. അടുത്ത ഘട്ടത്തിൽ ചക്ക വിണ്ടുകീറുന്നത് കാണാം.

കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ കർഷകശ്രീയുമായി പങ്കുവയ്ക്കാം. നിങ്ങളുടെ സംശയങ്ങൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ. കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ (റിട്ട.) ജോർജ് കെ. മത്തായി മറുപടി നൽകും.

English summary: Nutritional Disorders of JackFruit 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS