ADVERTISEMENT

ഇടനാട്ടിൽ വിളവ് ഇരട്ടി, ഹൈറേഞ്ചിലാണെങ്കിലോ ഇരട്ടിയിലും അധികം. നിനച്ചിരിക്കാതെ കൈവശം വന്ന പുതിയ കാപ്പിയിനത്തിന്റെ വിളവു കണ്ട് മോഹനും മാർട്ടിനും ഞെട്ടി. ഇത് എങ്ങനെ വിശ്വസിക്കും. മറ്റ് ഏതിനത്തില്‍നിന്നും കിട്ടുന്നതിന്റെ ഇരട്ടി കാപ്പിക്കുരുവാണ് ഓരോ ചെടിയിലും ! അതുകൊണ്ടുതന്നെ ഈ വിശേഷം പുറത്തുവിടാതെ നിരീക്ഷണം തുടരാൻ തീരുമാനിച്ചു. 7 വർഷത്തിനു ശേഷം ഇപ്പോൾ അവർ ആ രഹസ്യം കർഷക സമൂഹവുമായി പങ്കുവയ്ക്കുകയാണ് - അതാണ് എംഎം റോബസ്റ്റ കോഫി. പ്ലാന്റർമാരായ പാലാ മരുതൂക്കുന്നേൽ മോഹനും കിഴപറയാർ തറപ്പേൽ മാർട്ടിനും കൂടി കണ്ടെത്തിയ ഈ ഇനം കാപ്പിക്കൃഷിയില്‍ പുതിയ പ്രതീക്ഷയായി മാറുകയാണ്.

coffee-1
എംഎം റോബസ്റ്റ തോട്ടത്തിൽ മോഹനും മാർട്ടിനും

ഒരു തെക്കേ അമേരിക്കൻ സുഹൃത്താണ് 7 വർഷം മുന്‍പ് മോഹന് പുതിയ ഇനം കാപ്പിക്കുരു സമ്മാനിച്ചത്. പരീക്ഷണമായി മോഹൻ അതു വളർത്തി മൂന്നാം വർഷം വിളവെടുത്തപ്പോഴാണ് സുഹൃത്തിന്റെ സമ്മാനം എത്ര വിലപിടിച്ചതാണെന്നു തിരിച്ചറിഞ്ഞത്. കാപ്പിത്തണ്ടിലെ ഓരോ മുട്ടിലും തിങ്ങിനിറഞ്ഞു പൂക്കൾ. രണ്ടു മുട്ടുകൾക്കിടയിലുള്ള ഭാഗം കാണാനാവാത്ത വിധമാണ് പൂക്കളുണ്ടാവുക. ഇളം തണ്ടുകളിൽ മാത്രമല്ല, പൂവിടാൻ സാധ്യതയില്ലാത്ത മൂത്ത തണ്ടുകൾപോലും കാപ്പിപ്പൂവിന്റെ ധവളകാന്തികൊണ്ടു മൂടി. കായ്പിടിത്തവും അങ്ങനെതന്നെ. 

വീണ്ടും കുരു പാകി തൈയുണ്ടാക്കി സുഹൃത്തായ മാർട്ടിന്റെ പുരയിടത്തിലും തോട്ടത്തിലുമൊക്കെ നട്ടു. മറ്റു കാപ്പിയിനങ്ങളെപ്പോലെതന്നെ തണലിൽ മികച്ച വളർച്ചയും വിളവും നല്‍കുന്ന ഈ ഇനം റബറിന് ഇടവിളയായും പരീക്ഷിക്കാമെന്നാണ് മോഹന്റെ അഭിപ്രായം. മറ്റു കാപ്പിയിനങ്ങളെ അപേക്ഷിച്ച് വിളനഷ്ടം കുറവാണെന്ന മികവുമുണ്ട്, തണ്ടുതുരപ്പൻ, കായ്തുരപ്പൻ വണ്ടുകളെ എം എം റോബസ്റ്റ നന്നായി പ്രതിരോധിക്കുന്നുണ്ടെന്നു മാർട്ടിൻ ചൂണ്ടിക്കാട്ടി. ലീഫ് റസ്റ്റ് രോഗവും ഇതുവരെ കാര്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. മറ്റു കാപ്പിയിനങ്ങളുടെ വിളവെടുപ്പ് കഴിയുമ്പോൾ 40-60 ശതമാനം മാത്രമാണ് എ ഗ്രേഡ് കിട്ടാറുള്ളത്. എന്നാൽ എംഎം റോബസ്റ്റയിൽ ഇത് 70 ശതമാനത്തിലേറെയാണെന്ന് അദ്ദേഹം പറഞ്ഞു. 

coffee-2
തൈകൾ

സവിശേഷത കേട്ടറിഞ്ഞ് വയനാട്ടിലും കുടകിലും ഇടുക്കിയിലുമൊക്കെയുള്ള ഒട്ടേറെപ്പേർ ഈ ഇനത്തിന്റെ തൈകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷവും തൈ ഉൽപാദിപ്പിച്ചെങ്കിലും ടാറ്റാ കോഫി ഉൾപ്പെടെ പ്ലാന്റേഷൻ മേഖലയിലെ വളരെക്കുറച്ചുപേർക്കു മാത്രമേ കൊടുക്കാൻ സാധിച്ചുള്ളൂ. പരാതി ഒഴിവാക്കുന്നതിനായി ഈ വർഷം പരമാവധി തൈകളുണ്ടാക്കുകയാണിവർ. അടുത്ത മാസം മുതൽ തൈകൾ വിതരണം ചെയ്തു തുടങ്ങുമെന്ന് മാർട്ടിൻ അറിയിച്ചു. എംഎം റോബസ്റ്റാ ഫാർമേഴ്സ് വെറൈറ്റിയായി റജിസ്റ്റർ ചെയ്യുന്നതിന്  ഇവർ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഫോണ്‍: 9447409781, 9446983147

English summary: New variety of robusta coffee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com