സദ്യയിലെ പ്രമാണി; നൂറ്റൊന്ന് കറികൾക്കു തുല്യമെന്നു കീർത്തി; മരുന്നായും മാറും: അറിയാനേറെ ഇഞ്ചിവിശേഷങ്ങൾ
Mail This Article
സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തിലാണ് ഇഞ്ചിയുടെ സ്ഥാനം. നമ്മുടെ ഒട്ടുമിക്ക വിഭവങ്ങൾക്കും എരിവും രുചിയും പകരാൻ ഇഞ്ചി വേണം ചിലപ്പോഴൊക്കെ മരുന്നായും മാറും. പച്ച ഇഞ്ചിയിൽ 80 % ജലാംശം, 2–3 % മാംസ്യം, 0.9 % കൊഴുപ്പ്, 1–2% ധാതുലവണങ്ങൾ, 2–4 % നാരുകൾ, 2–3 % അന്നജം എന്നിവയുണ്ട്. തയാമിൻ, റൈബോഫ്ളേവിൻ, നയാസിൻ, വൈറ്റമിൻ–സി, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവയും സാമാന്യം നല്ല തോതിലുണ്ട്. ഒലിയോറെസിനുകളാണ് ഇഞ്ചിക്ക് പ്രത്യേക രുചിയും മണവും നല്‍കുന്നത്. ഇനങ്ങൾ, പരിപാലനമുറകൾ, സംസ്കരണരീതി, സൂക്ഷിപ്പുരീതി എന്നിവയ്ക്കനുസരിച്ച് ഗുണനിലവാരത്തിൽ വ്യത്യാസം കാണാം.
രോഗങ്ങളെ അകറ്റാൻ
മഴക്കാലത്ത്, വിശേഷിച്ച് ജലദോഷം, പനി എന്നിവ പിടിപെടുമ്പോൾ ചൂടുകഞ്ഞി ഇഞ്ചിക്കറി കൂട്ടി കുടിക്കുന്നതു പലരും മറന്നിട്ടുണ്ടാവില്ല. ദഹനക്കേടിനു പ്രതിവിധിയായി പരക്കെ ഉപയോഗി ക്കുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ജലദോഷം, കഫക്കെട്ട്, എന്നിവ മാറ്റാൻ ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളമോ, ഇഞ്ചിച്ചാറോ കഴിക്കുന്ന പതിവുണ്ട്. തലവേദനയ്ക്കും ആർത്തവ പ്രശ്നങ്ങൾക്കും പരിഹാരമായും ഇഞ്ചി നന്ന്. യാത്രയില്‍ ഛർദിക്കും തലവേദനയ്ക്കും ആശ്വാസമാണല്ലോ ഇഞ്ചി മിഠായി.
ഒരു കപ്പ് തിളപ്പിച്ച വെള്ളത്തിൽ, അര ടീസ്പൂൺ ചുക്കുപൊടിയും ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചതും ചേർത്ത് തേനില്‍ സേവിക്കുന്നത് തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകും. ചുക്കു പൊടിച്ച് വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്കു ശമനം കിട്ടുമന്ന് അനുഭവസ്ഥർ.
ഇഞ്ചി ചേർത്തു തിളപ്പിച്ച വെള്ളം കൊണ്ട് ആവി കൊള്ളുന്നത് കഫക്കെട്ട് നീക്കും. ചൈനീസ് പാരമ്പര്യ വൈദ്യത്തിൽ പച്ച ഇഞ്ചി (ഷെംഗ്ജിയാങ്) ജലദോഷം, ഓക്കാനം എന്നിവ അകറ്റാനും ചുക്ക് (ഗാൻജിയാങ്) രക്തധമനികളിലെ തടസ്സം നീക്കാനും ഉപയോഗിക്കുന്നുണ്ട്. ഇഞ്ചിയിലുള്ള ജിഞ്ചറോൾ നീർവീക്കത്തിനു പരിഹാരമാണ്. പതിവായി ഇഞ്ചി കഴിക്കുന്ന വാതരോഗികളിൽ 75 ശതമാനം പേർക്കും ശമനമുള്ളതായി പഠന റിപ്പോർട്ടുകളുണ്ട്. വേനൽചൂടിൽ ക്ഷീണം അകറ്റാൻ നാരങ്ങയും ഇഞ്ചിയും ചേർത്തുണ്ടാക്കുന്ന സ്ക്വാഷ് നല്ലത്. അതുപോലെ തണ്ണിമത്തനും ഇഞ്ചിയും ചേർത്തുള്ള ജൂസും.
English summary: Health Benefits of Ginger