ADVERTISEMENT

കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രം മാറ്റിമറിച്ച കുരുമുളകിൽനിന്ന് മികച്ച വിളവ് നേടുകയാണ് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാം. കുരുമുളക് ഉൽപാദിപ്പിക്കുന്നതിൽ ആദ്യസ്ഥാനങ്ങളിലാണ് ഈ രാജ്യം. വിയറ്റ്നാമും ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ അരനൂറ്റാണ്ട് തികഞ്ഞ പശ്ചാത്തലത്തിൽ ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ‘നമസ്തേ വിയറ്റ്നാം’ എന്ന പദ്ധതി പ്രകാരം കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 5 ഉദ്യോഗസ്ഥർ രാജ്യം സന്ദർശിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഇപ്പോൾ അഗ്രിക്കൾച്ചർ പ്രൊഡക്‌ഷൻ കമ്മിഷണറുമായ ഡോ. ബി.അശോക് കൃഷിയെ പ്രതിനിധീകരിച്ചു. അദ്ദേഹമിപ്പോൾ കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ പദവി കൂടി വഹിക്കുന്നു. അതിൽ സുഗന്ധ വിളകളുടെ പ്രവർത്തനങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ടതു പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ മേധാവി ഡോ. യാമിനി വർമയാണ്. സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വിയറ്റ്നാമിൽ നിന്നു പഠിച്ച കൃഷി രീതികളുടെ മാതൃക പന്നിയൂർ കുരുമുളക് കേന്ദ്രം ഒരുക്കി കഴിഞ്ഞു. വിയറ്റ്നാമിലെ കുരുമുളക് കൃഷി വിശേഷങ്ങൾ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ മേധാവി വിശദീകരിക്കുന്നു.

ഏറെയുണ്ട് പഠിക്കാൻ

വ്യാവസായികാടിസ്ഥാനത്തിൽ കൃത്യതയോടെ കുരുമുളക് കൃഷി ചെയ്താൽ ലോകോത്തര നിലവാരത്തിലേക്കു എത്തിക്കാമെന്നാണ് വിയറ്റ്നാം നൽകുന്ന പാഠം. യന്ത്രവൽകൃതവും ശാസ്ത്രീയവുമായ കൃഷിരീതികൾ കൂട്ടി യോജിപ്പിച്ചാണ് അവർ വിജയവഴി തെളിക്കുന്നത്. കാലനുസൃതമായി കുരുമുളക് കൃഷിയിൽ മാറ്റം കൊണ്ടുവരാനും പ്രത്യേകം ശ്രദ്ധിക്കുന്നു. ഫലഭൂയിഷ്ടിയുള്ള മണ്ണും ഉഷ്ണമേഖലാ കാലാവസ്ഥയും വർഷം മുഴുവൻ ഒരു പോലെയുള്ള താപനിലയുമാണ് വിയറ്റ്നാമിനെ കൃഷിക്ക് സഹായിക്കുന്നത്. ഉൽപാദനത്തിന്റെ 95 ശതമാനം കയറ്റുമതിക്കും 5 ശതമാനം ആഭ്യന്തര ഉപയോഗത്തിനുമായി വിനിയോഗിക്കുന്നു. രാജ്യത്തിന്റെ മധ്യഭാഗത്തായി 1.3 ലക്ഷം ഹെക്ടർ സ്ഥലത്താണു കൃഷി പ്രധാനമായി നടക്കുന്നത്. കർഷക കൂട്ടായ്മകളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും സഹായത്തോടെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. മണ്ണൊരുക്കം മുതൽ വിളവെടുപ്പിലും ഉൽപന്ന വൈവിധ്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

താങ്ങുകാലുകൾ പ്രധാനം

അതിസാന്ദ്രതാ രീതിയിൽ ജീവനില്ലാത്ത താങ്ങുകാലുകളിലാണ് വിയറ്റ്നാമിലെ കുരുമുളക് കൃഷി. ജീവനുള്ള താങ്ങുകാലുകൾ രോഗ കീടാക്രമണത്തിൽ ഒടിഞ്ഞുവീഴാനും ഇവ കുരുമുളകിനു കൊടുക്കുന്ന പോഷകങ്ങൾ വലിച്ചെടുത്തു കുരുമുളകിന്റെ ആരോഗ്യസ്ഥിതി മോശമാക്കുവാനും സാധ്യതയുണ്ട്. വിയറ്റ്നാമിൽ കല്ലുകൊണ്ടോ കോൺക്രീറ്റ് കൊണ്ടോ ഉണ്ടാക്കിയ താങ്ങുകാലിലാണു കുരുമുളക് പടർത്തുന്നത്. 1.5 മീറ്റർ മുതൽ 2 മീറ്റർ അകലത്തിൽ 10–12 അടിയോളം ഉയരമുള്ള താങ്ങുകാലുകൾ സ്ഥാപിക്കും. ഒരു ഏക്കറിൽ ആയിരത്തോളം ഉണ്ടാകും. കേരളത്തിൽ ഒരു ഹെക്ടറിൽ (2.4 ഏക്കർ) 1,100 താങ്ങു മരങ്ങളാണ് ഉണ്ടാകുക. കോൺക്രീറ്റ് തൂണുകൾ ഉപയോഗിക്കുമ്പോൾ ആവശ്യമായ തണൽ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിയറ്റ്നാമിൽ 10 വർഷം കഴിയുമ്പോഴേക്കും പഴയ കൊടികൾ മാറ്റി പുതിയവ വയ്ക്കും. കേരളത്തിൽ 20 വർഷത്തിനു ശേഷവും വിളവു തരുന്ന കൊടികളുള്ളത് നമ്മുടെ മേന്മയാണ്.

നനച്ച് വിളയിക്കാം

തുള്ളി നനയാണു കൂടുതൽ പ്രയോഗത്തിലുള്ളത്. വളപ്രയോഗം ജലത്തിലൂടെ ചെയ്യുന്ന ‘ഫെർട്ടിഗേഷൻ’ മാർഗമാണ് അവലംബിക്കുന്നത്. വിയറ്റ്നാമിലെ ചില തോട്ടങ്ങളിൽ മൈക്രോ സ്പ്രിംഗ്ളറുകൾ ഉപയോഗിച്ച് തൂണുകളുടെ മുകളിലോ ചുവട്ടിലോ സ്ഥാപിച്ച് നനയ്ക്കുന്ന രീതിയും നിലവിലുണ്ട്.

Read also: കുരുമുളകുചെടിയുടെ പ്രതിരോധശേഷി കൂട്ടാം, അങ്ങനെയൊന്നും വാടില്ല; ദ്രുതവാട്ടത്തിനു പരിഹാരമായി 

നടീൽ, പരിപാലനം

കേരളത്തിൽ കൊടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന ചെന്തലകളാണ് നടീലിന് ഉപയോഗിക്കുന്നത്. നടീൽ രീതി നമ്മുടെ നാട്ടിലേതു പോലെയാണ് വിയറ്റ്നാമിലും. തൂണുകളുടെ വശങ്ങളിൽ കുഴിയെടുത്ത് (നടുന്നതിന്റെ 3 ആഴ്ച മുൻപ് തൂണിൽ നിന്ന് 15 സെ.മീ. അകലത്തിൽ 50 സെ.മീ. ആഴത്തിലും 50 സെ.മീ.x50 സെ.മീ. നീളം, വീതി അളവിലും) കുമ്മായവും ജൈവവളങ്ങളും മണ്ണുമായി കലർത്തി ഇടുന്നു. മഴക്കാലം തുടങ്ങുമ്പോൾ കുഴികളിൽ കൊടികൾ നടുകയും ജലസേചനം തുടങ്ങുകയും ചെയ്യുന്നു. അതിസാന്ദ്രതാ രീതിയിലുള്ള കുരുമുളക് കൃഷിയിൽ വിയറ്റ്നാമിൽ നടീലിന് ഉപയോഗിച്ചു വരുന്നത് ഏറുതലകളാണ്(കേറുതലകൾ). മുട്ടുകൾ തമ്മിലുള്ള അകലക്കുറവും കുടുതൽ വേരുകളുള്ള മുട്ടുകളും വളർച്ചയ്ക്ക് ഗുണം ചെയ്യുന്നു.

Read Also: ഇടനാട്ടിൽ വിളവ് ഇരട്ടി, ഹൈറേഞ്ചിൽ ഇരട്ടിയിലും അധികം: തിങ്ങിനിറഞ്ഞ് വിളവേകി കര്‍ഷകരുടെ പുതിയ കാപ്പിയിനം 

കുരുമുളക് ഇനങ്ങൾ

പ്രധാന കുരുമുളക് ഇനങ്ങൾക്കെല്ലാം വീതി കുറഞ്ഞ ചെറിയ ഇലകളും നീളം കുറഞ്ഞ തിരികളുമാണുള്ളത്. vinh-linh, lada, loc-ninh, മലേഷ്യൻ എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇതിൽ മലേഷ്യൻ ഇനത്തിന് നമ്മുടെ പന്നിയൂർ 1 ഇനവുമായി സാമ്യമുണ്ട്.

ഒന്നാമനാകാൻ ബ്രസീലിയൻ കുരുമുളക്

വിയറ്റ്നാമിൽ ജൈവ കീടനാശിനി ഉയോഗിക്കുന്നുവെന്നാണ് കർഷകർ അവകാശപ്പെടുന്നത്. രാസവസ്തുക്കൾ ശുപാർശപ്രകാരം നൽകി കൃഷി നടത്തുന്നവരുമുണ്ട്. ജൈവ ഉപാധികൾ മാത്രം ഉപയോഗിക്കുന്നതിനാലോ അതിസാന്ദ്രതാ രീതിയിയിലെ കൃഷി പിന്തുടരുന്നതിനാലോ വിയറ്റ്നാമിലെ തോട്ടങ്ങളിൽ ദ്രുതവാട്ടം, വൈറസ് രോഗം എന്നിവ വ്യാപിക്കുന്നതായും വിളവ് കുറയുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പ്രശ്നങ്ങൾ തുടർന്നാൽ ലോക വിപണിയിൽ ബ്രസീലിയൻ കുരുമുളക് ഒന്നാംസ്ഥാനം പിടിച്ചെടുക്കും. 

English summary: Vietnam model black pepper cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT