ഏതെങ്കിലും ആടിനെയല്ല, അറിഞ്ഞു വളര്‍ത്തണം ആടിനെ

HIGHLIGHTS
  • ബര്‍ബറി - നഗരങ്ങൾക്ക് പ്രിയപ്പെട്ട ആട്
  • അജലോകത്തെ ബിഗ് ബി
goat-1
SHARE

ആടേതായാലും ആദായം കിട്ടിയാല്‍  മതി എന്നാണ് പലരുടെയും  കാഴ്ചപ്പാട്. ആടിന്‍റെ  ജനുസോ  വര്‍ഗഗുണമോ സ്വഭാവസവിശേഷതകളോ പരിഗണിക്കാതെ ആടുകളെ വാങ്ങി വളര്‍ത്തുന്നവര്‍ ഏറെയുണ്ട്. നാടന്‍ ആടുകളും സങ്കരയിനം  ആടുകളും ശുദ്ധജനുസിൽപ്പെട്ട ആടുകളുമെല്ലാം ഒരു കൂട്ടില്‍ തന്നെ കാണും. ആടുകളുടെ വര്‍ഗമേന്മകള്‍ പരിഗണിക്കാതെ അവയെ തമ്മിൽ അശാസ്ത്രീയ പ്രജനന പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി പരാജയപ്പെട്ട സംരംഭകരും ഏറെയുണ്ട്. ആടുകളെ വളര്‍ത്തുമ്പോള്‍ അവയുടെ ജനുസും, വർഗഗുണവും അറിഞ്ഞ് വളര്‍ത്തുക എന്നത് സംരംഭം വിജയിക്കാൻ വളരെ പ്രധാനമാണ്.  നല്ലയിനം ആടുകളെ കണ്ടെത്തി വളര്‍ത്താനും പ്രജനന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ശാസ്ത്രീയവുമായി  നടത്താനും ആടുവിപണിയിലെ ചതിക്കുഴിയില്‍ വീഴാതിരിക്കാനും ഒക്കെ ആടുകളുടെ ജനുസുകളെപ്പറ്റിയുള്ള അവബോധം സംരംഭകന് സഹായകരമാകും.

ഇന്ത്യയില്‍  ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍  (ഐസിഎആര്‍)  ഔദ്യോഗികമായി  അംഗീകാരം നല്‍കിയ 34 ആട്  (ബ്രീഡ്)  ജനുസുകളാണുള്ളത്. അജലോകത്ത് പേരും പെരുമയും ഏറെയുള്ള ജമുനാപാരിയും ബീറ്റലും സിരോഹിയും  ഒസ്മാനാബാദിയും തുടങ്ങി നമ്മുടെ മലബാറിയും, അട്ടപ്പാടി കരിയാടുമെല്ലാം ഔദ്യോഗിക പട്ടികയില്‍ ഇടം നേടിയ ആട് ജനുസുകളാണ് (മുഴുവൻ അംഗീകൃത ആട് ജനുസുകളെ പറ്റിയും അറിയാൻ നാഷണൽ അനിമൽ ജനറ്റിക്‌സ് റിസോഴ്‌സസ്  ബ്യൂറോയുടെ  http://www.nbagr.res.in/reggoat.html ഈ വെബ്സൈറ്റ് സന്ദർശിക്കുക).  ഇതു കൂടാതെ കരോളി, സോജത്, പർബസാരി, ഗുജാരി, തോത്താപ്പാരി, കോട്ട, നാഗഫണി, ബട്ട്സി  തുടങ്ങിയ വൈവിധ്യമാർന്ന പേരുകളിൽ വിവിധ തരം ആടുകളും ഇന്നു പൊതുവെ പ്രചാരത്തിലുണ്ട്. ഇവയിൽ പലതിനും വിപണിയിൽ ഉയർന്ന വിലയുമുണ്ട്. എന്നാൽ ഈ പേരുകളിലുള്ള ആടുകളൊന്നും രാജ്യത്തെ  ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ആട് ജനുസുകളെന്ന് ഓരോ ആട് സംരംഭകനും തിരിച്ചറിയേണ്ടതുണ്ട്. ഈ ആടുകളിൽ ഏറെയും പല നാടുകളിലും പ്രാദേശികമായി  കാണപ്പെടുന്ന നാടൻ ആടുകളും ഒരു ജനുസായി അംഗീകരിക്കപ്പെട്ട ആടുകളും തമ്മിലുള്ള പ്രജനനത്തിലൂടെയുണ്ടായ സങ്കരയിനങ്ങളോ ജനുസുകളുടെ ഉപവിഭാഗങ്ങളോ ആണ്. ഔദ്യോഗികമായി ഒരു ജനുസായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ചില തനത് സ്വഭാവ സവിശേഷതകൾ ഈ പ്രാദേശിക ആടിനങ്ങള്‍ക്കുണ്ട് എന്നതിൽ സംശയമില്ല. ഒരു ജനുസായി ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ആടുകളെ  ഒരു ബ്രീഡ് എന്ന വ്യാജേനയും  ഹൈബ്രിഡ്  എന്നെല്ലാമുള്ള വ്യാജനാമങ്ങളിലും ഉയർന്ന വിലയിൽ വിറ്റഴിക്കുന്നത് വിപണിയുടെ തന്ത്രം മാത്രമാണെന്ന് ഓരോ ആടു സംരംഭകനും തിരിച്ചറിയണം.

ഭൂമിശാസ്ത്രത്തിലും കാലാവസ്ഥയിലുമെല്ലാം ഒട്ടനേകം വൈവിധ്യങ്ങള്‍ പുലരുന്ന നമ്മുടെ രാജ്യത്തിന്റെ  വിവിധ പരിസ്ഥിതി മേഖലകള്‍  ഉത്ഭവിച്ചതും ഉരുത്തിരിഞ്ഞതുമായ ഈ ആട് ജനുസുകൾ  ഓരോന്നും അവയുടെ ആകാരത്തിലും സ്വഭാവങ്ങളിലും തനതുഗുണങ്ങളിലും എല്ലാം  ഒട്ടനവധി  വൈവിധ്യങ്ങളുള്ളവയാണ്. ചിലയാടുകള്‍ പാലുൽപാദനത്തിന് പേരുകേട്ടവയാണെങ്കിൽ മറ്റു ചില  ആടു ജനുസുകളുടെ പെരുമ വളര്‍ച്ചാനിരക്കിലും മാംസോൽപാദനത്തിനുമാണ്. കൂടുതല്‍ കുഞ്ഞുങ്ങളെ കുറഞ്ഞ ഇടവേളയില്‍ പ്രസവിക്കാനുള്ള  പ്രത്യുല്‍പ്പാദനക്ഷമതയാണ് ചില ആടു ജനുസുകളുടെ സവിശേഷത. മാംസോൽപാദനത്തിനും പാലിനും കുഞ്ഞുങ്ങള്‍ക്കുമെല്ലാം വേണ്ടി വളർത്താവുന്ന എല്ലാ ഗുണങ്ങളും  ഒത്തിണങ്ങിയ ഉത്തമന്മാരും  ആടുജനുസുകളിലുണ്ട്. കേരളത്തില്‍ ഇന്ന് ഏറെ പ്രചാരമുള്ള ആട് ജനുസുകളെ പരിചയപ്പെടാം.

jamnapari
ജമ്നാപാരി ആട്

കരുത്തും കാന്തിയുമേറിയ ജമുനാപാരി ആടുകള്‍ - ലോകം കീഴടക്കിയ ഇന്ത്യന്‍ അജജനുസ് 

ഇന്ത്യയുടെ കരുത്ത്,  ഇന്ത്യയുടെ അന്തസ് എന്നെല്ലാമുള്ള വിശേഷണങ്ങളില്‍  അറിയപ്പെടുന്ന ആടുജനുസാണ് ജമുനാപാരി. ഉത്തര്‍പ്രദേശിൽ ചമ്പല്‍ നദിയുടെയും, യമുനാ നദിയുടെയും ഇടയിലുള്ള ഭൂമേഖലയിൽ  ഉരുത്തിരിഞ്ഞ ഈ ആടുകള്‍ക്ക് ജമുനാപാരി എന്ന പേര് ലഭിച്ചത് യമുനാനദിയുടെ പേരില്‍ നിന്നാണ്. മാംസോല്‍പാദനത്തിനൊപ്പം പാലുല്‍പാദനത്തിനും ഒരേപോലെ പേരുകേട്ടവരാണ് ജമുനാപാരി ആടുകള്‍. അഴകും അഴകിനൊത്ത ആകാരവുമാണ്  ഈ അജരാജനുള്ളത്. ശരീരവളർച്ചയിലും ഉയരത്തിലും  ശരീരത്തൂക്കത്തിലും ജമുനാപാരിയെ വെല്ലാന്‍ വേറൊരു  ആട് ജനുസ് ഇന്ത്യയിലില്ല. 

ഇന്ത്യയിലും മറ്റ് രാഷ്ട്രങ്ങളിലും കാണപ്പെടുന്ന  ജനിതകഗുണം കുറഞ്ഞ ഒട്ടനേകം ആടിനങ്ങളുടെ  വർഗമേന്മ ഉയര്‍ത്താന്‍ സ്വീകരിച്ച മാർഗം ജമുനാപാരി  മുട്ടനാടുകളുമായുള്ള സങ്കര പ്രജനനമായിരുന്നു. പേരു കേട്ട അമേരിക്കന്‍ നുബിയന്‍ ആടുകളും ഇന്തോനേഷ്യയിലെ ഇത്വവ മിക്സ്  ജനുസ്  ആടുകളുമെല്ലാം ഉരുത്തിരിഞ്ഞത് ജമുനാപാരി ആടുകളുമായുള്ള  വര്‍ഗസങ്കരണത്തിലൂടെയാണ്.  

വെള്ള നിറത്തിലും തവിട്ടു കലര്‍ന്ന വെള്ള നിറത്തിലുമാണ് ശുദ്ധ ജനുസില്‍പ്പെട്ട ജമുനാപാരി ആടുകള്‍ പൊതുവെ കാണപ്പെടുന്നത്. മുഖത്തും, കഴുത്തിലും പടരുന്ന തവിട്ടു പാടുകള്‍ ജമുനാപാരിയുടെ വെളുത്ത മേനിക്ക് ചമയമൊരുക്കും. ഏകദേശം ഒരടിയോളം നീളത്തില്‍ പിരിവുകളോടെ താഴോട്ട് വളര്‍ന്ന ചെവി, തത്തയുടെ കൊക്കുകള്‍ പോലെ മുന്നോട്ട് തള്ളിനില്‍ക്കുന്ന  നാസികാ പാലവും  റോമന്‍ മൂക്കും,  മൂക്കിന് മുകളില്‍ നാസികപാലത്തിന് ഇരുവശത്തും രോമത്തിന്‍റെ കട്ടിയുള്ള ആവരണം, പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകള്‍ എന്നിവയെല്ലാമാണ് ജമുനാപാരി ആടുകളുടെ മുഖലക്ഷണങ്ങള്‍. 

ജമുനാപാരി ആടുകൾക്കിടയിൽ കാത്തെ, കാൻധാൻ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളുണ്ട്. മടക്കുകളോ പിരിവുകളോ ഇല്ലാത്ത നീളൻ ചെവികളുള്ളവയാണ് കാത്തെ ജമുനാപാരി ആടുകൾ. മടക്കുകളും പിരിവുകളുമുള്ള നീളൻ ചെവികളാണ് കാൻധാൻ ആടുകളുടെ സവിശേഷത.  ഉടല്‍ നീളമുള്ള ശരീരവും നല്ല നീളമുള്ള കൈകാലുകളും ജമുനാപാരിയുടെ ശരീരസവിശേഷതകളാണ്. ഇടതൂര്‍ന്ന്  വളര്‍ന്ന നീണ്ട രോമങ്ങള്‍ തുടയിലും, കാലിനു പിറകിലും  രോമകവചമൊരുക്കും . ‘തൂവലുകൾ’ എന്നാണ് ഈ രോമ കവചമറിയപ്പെടുന്നത്.  നന്നായി വളര്‍ന്ന് വികസിച്ച അകിടും കോണാകൃതിയിലുള്ള നീണ്ട മുലക്കാമ്പുകളും ജമുനാപാരിയുടെ പാലുൽപാദനമികവിനെ വിളിച്ചോതും.   

പൂര്‍ണ വളര്‍ച്ചയെത്തിയ ജമുനാപാരി മുട്ടനാടുകൾ ശരാശരി  85-100  കിലോഗ്രാം വരെ ശരീരതൂക്കം  കൈവരിക്കുമ്പോള്‍ പെണ്ണാടുകള്‍ക്ക് ശരാശരി  75 -80  കിലോഗ്രാം വരെ ശരീരതൂക്കവുമുണ്ടാകും. 23 - 25 മാസം പ്രായമെത്തുമ്പോഴാണ് ആദ്യ പ്രസവം നടക്കുക.  പ്രസവത്തിൽ ഒരു കുഞ്ഞാണ് സാധാരണയെങ്കിലും  ഒരു പ്രസവത്തില്‍ തന്നെ രണ്ടും മൂന്നും  കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള ശേഷിയും ജമുനാപാരി ആടുകൾക്കുണ്ട്. ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഓരോന്നിനും  4 കിലോയോളം  ശരീരതൂക്കമുണ്ടാവും.  പ്രസവാനന്തരം 8 - 9 മാസം വരെ പാല്‍ ലഭിക്കും. ദിവസം  പരമാവധി രണ്ട് - രണ്ടര ലീറ്റര്‍ വരെ പാല്‍ ജമുനാപാരിയില്‍ നിന്നും കിട്ടും. എന്നാൽ പ്രത്യുൽപാദനക്ഷമതയിൽ ഈ ജനുസ് ആടുകൾ അൽപം പിന്നിലാണ്.   രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള  ഒരു വര്‍ഷത്തിൽ അധികം നീളും. 

കേരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ  ജമുനാപാരി ആടുകൾ പ്രയാസപ്പെടുന്നതായി കാണാം. ഈർപ്പം ഉയർന്ന കാലാവസ്ഥയിൽ  ന്യുമോണിയ ഉൾപ്പെടെയുള്ള ശ്വാസകോശരോഗങ്ങൾ പൊതുവെ ഇവയിൽ കൂടുതലായി കാണപ്പെടുന്നു. കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ഈ പ്രയാസം ജമുനാപാരി ആടുകളുടെ വളർച്ചാനിരക്ക്, പാലുൽപാദനം, തീറ്റപരിവർത്തനശേഷി എന്നിവ ഗണ്യമായി കുറയ്ക്കുന്നതായി കാണാൻ  സാധിക്കും. മലബാറി ആടുകളും ജമുനാപാരി ആടുകളും തമ്മിലുള്ള വർഗസങ്കരണം ഏറെ വിജയിച്ച ഒരു പ്രജനനമാർഗമാണ്. മലബാറി പെണ്ണാടുകളും ജമുനാപാരി മുട്ടനാടുകളും തമ്മിലുള്ള  പ്രജനനം വഴിയുണ്ടാവുന്ന ആദ്യ തലമുറയിലെ കുഞ്ഞുങ്ങൾ വളർച്ചാനിരക്കിലും പ്രത്യുൽപാദനക്ഷമതയിലും ലബാറിയേക്കാൾ മികച്ചതും രോഗപ്രതിരോധഗുണത്തിൽ ജമുനാപാരിയേക്കാൾ  ഏറെ മികവുറ്റതുമാണ്   

sirohi
സിരോഹി

സിരോഹിയെന്ന അജകേസരി 

രാജസ്ഥാനിലെ സിരോഹി ജില്ലയില്‍ ജന്മം കൊണ്ട  ആടുകളാണ് സിരോഹി ആടുകള്‍.  ഉയര്‍ന്ന വളര്‍ച്ചാനിരക്കിനും മാംസോല്‍പ്പാദനത്തിനും പേരുകേട്ട ഈ ജനുസ് ആടുകള്‍ക്ക് അജ്മീരി ആടുകളെന്ന അപരനാമമുണ്ട്. രാജസ്ഥാനിലെ പരമ്പരാഗത ഗോത്രവിഭാഗമായ  റൈക്ക സമൂഹമാണ് ഈ ആടുകളുടെ പരിരക്ഷണത്തിനും  വംശവർധനയ്ക്കും വികാസത്തിനും ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ഒരു കുഞ്ഞു കുതിരയോളം കരുത്തുള്ളവരാണ് സിരോഹി ആടുകൾ. ഏത് കഠിനമായ ചൂടിനെയും വരള്‍ച്ചയെയും ജലക്ഷാമത്തെയും  അതിജീവിക്കാന്‍ ശേഷിയുള്ള സിരോഹി ആടുകള്‍   രോഗപ്രതിരോധശേഷിയിലും ഏറെ  മുന്നിലാണ്.

തവിട്ട് നിറമുള്ള ശരീരത്തില്‍ ഇരുണ്ടതോ ഇളം തവിട്ട് നിറത്തിലോ ഉള്ള  പാണ്ടുകൾ  പടരുന്ന വർണ്ണലാവണ്യമുള്ള  സിരോഹി ആടുകളെ കണ്ടാല്‍ പുള്ളിമാന്‍ കുഞ്ഞാണെന്ന്  സംശയിച്ചുപോകും. അരയടിയിലധികം നീളമുള്ള പരന്ന് തൂങ്ങി വളര്‍ന്ന ചെവികളും  കുത്തനെ വളര്‍ന്ന് അകത്തോട്ട് വളഞ്ഞ് കുറുകിയ കൊമ്പുകളുമാണ് സിരോഹി ആടുകള്‍ക്കുള്ളത്. ജമുനാപാരി ആടുകളെ പോലെ തന്നെ  നല്ല ഉടല്‍നീളമുള്ള  ശരീരവും, നല്ല നീളമുള്ള കൈകാലുകളും സിരോഹി ആടുകളുടെയും  പ്രത്യേകതയാണ്. പൂര്‍ണവളര്‍ച്ചയെത്തിയ  സിരോഹി മുട്ടനാടിന് ശരാശരി   80 - 90  കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാകും. സിരോഹി ആടുകളുടെ പ്രത്യുല്‍പാദന സ്വഭാവങ്ങള്‍ ജമുനാപാരി ആടുകളിലേതിന്  സമാനമാണ്. 18-19 മാസം പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും.  ഒരു പ്രസവത്തില്‍ ഒരു കുഞ്ഞാണ് സാധാരണയുണ്ടാവുക. രണ്ട് കുഞ്ഞുങ്ങൾ ഉണ്ടാവാൻ 45 ശതമാനം വരെ സാധ്യതയുമുണ്ട്. വര്‍ഷത്തില്‍ ഒരു പ്രസവം എന്നതാണ് കണക്ക്. നന്നായി പാല്‍ നല്‍കി വളര്‍ത്തിയാല്‍ കുഞ്ഞുങ്ങള്‍ മൂന്ന് മാസം  കൊണ്ടുതന്നെ 20 -25   കിലോയോളം  ശരീരതൂക്കം കൈവരിക്കും. മാംസോല്‍പാദനത്തിന് വേണ്ടിയാണ്  പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും പാലുല്‍പാദനത്തിലും ഒട്ടും മോശക്കാരല്ല സിരോഹി ആടുകള്‍. 5-6 മാസത്തോളം നീണ്ട കറവക്കാലം , പരമാവധി ഒന്നര ലീറ്റര്‍ പാല്‍വരെ ദിവസം ലഭിക്കും. ജമുനാപാരി ആടുകളെ പോലെത്തന്നെ  കേരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ  ഏറെ ബുദ്ധിമുട്ടുന്നവരാണ് സിരോഹി ആടുകളും.  ശ്വാസകോശരോഗങ്ങൾ പൊതുവെ ഇവയിലും  കൂടുതലായി കാണപ്പെടുന്നു.  മലബാറി ആടുകളുമായുള്ള സിരോഹി ആടുകളുടെ പ്രജനനം ഏറെ വിജയിച്ച  സങ്കരപ്രജനനമാർഗമാണ്.

beetal
ബീറ്റൽ

അജലോകത്തെ ബിഗ് ബി - പഞ്ചാബിന്‍റെ സ്വന്തം ബീറ്റല്‍ ആടുകള്‍

പഞ്ചാബ് സംസ്ഥാനത്തെ ഗുര്‍ദാസ്പൂര്‍, അമൃത്‌സര്‍ എന്നീ രണ്ട് ജില്ലകളാണ്  ബീറ്റല്‍ ആടുകളുടെ  വംശഭൂമിക. ഗുര്‍ദാസ്പൂരിലെ ബട്ടാല എന്ന നഗരത്തിന്‍റെ പേരില്‍ നിന്നാണ്  ഈ ആടുകള്‍ക്ക് ബീറ്റല്‍ എന്ന പേര് ലഭിച്ചത്.  പഞ്ചാബിലെ ഗോത്രവര്‍ഗമായ സാന്‍സി ആദിവാസി സമൂഹമാണ്  പരമ്പരാഗതമായി ബീറ്റല്‍ ആടുകളുടെ പ്രധാന പരിരക്ഷകർ. പാക്കിസ്ഥാനിലും പ്രശസ്തമായ  ബീറ്റല്‍ ആടുകള്‍ക്ക് ലാഹോറി ആടുകള്‍ എന്ന പേരുമുണ്ട്. അമൃതസാരി  എന്ന് അറിയപ്പെടുന്നതും ബീറ്റൽ തന്നെ. പാല്‍ ഉല്‍പാദനത്തിനും, മാംസോല്‍പാദന മികവിനും, പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍.  പൂജ്യം ഡിഗ്രി വരെയെത്തുന്ന  തണുപ്പിനെയും 45 ഡിഗ്രി വരെ ഉയരുന്ന ചൂടിനെയും അതിതീവ്ര വര്‍ഷക്കാലത്തെയുമെല്ലാം അതിജീവിക്കാനുള്ള കാലാവസ്ഥാ പ്രതിരോധശേഷി ബീറ്റല്‍ ആടുകള്‍ക്കുണ്ട്. ആകാരത്തിന്റെയും ശരീരതൂക്കത്തിന്റെയും പാലുൽപാദനത്തിന്റെയും കാര്യത്തിൽ ജമുനാപാരി ആടുകൾക്ക്  പിന്നിലാണെങ്കിലും പ്രത്യുൽപാദനക്ഷമതയിലും വൈവിധ്യമാർന്ന കാലാവസ്ഥകളോടുള്ള ഇണക്കത്തിലും ജമുനാപാരിയേക്കാൾ മികവ് ബീറ്റൽ ആടുകൾക്കാണ്. പൂർണസമയം കൂട്ടിൽ തന്നെ  കെട്ടിയിട്ട് വളർത്താനും ബീറ്റൽ ആടുകൾ അനിയോജ്യമാണ്. തദ്ദേശീയമായ  വര്‍ഗമേന്മ  കുറഞ്ഞ ആടുകളുടെ വര്‍ഗോദ്ധാരണത്തിനായി രാജ്യമെങ്ങും  ബീറ്റല്‍ വ്യാപകമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട് .

എണ്ണക്കറുപ്പിന്റെ ഏഴഴകാണ് ബീറ്റൽ ആടുകളുടെ മേനിക്കുള്ളത്. തിളക്കമുള്ള  തവിട്ടുകലര്‍ന്ന കറുപ്പ് നിറത്തിലും, തവിട്ടിലും കറുപ്പിലും പടർന്ന  വെളുത്തപാടുകളുകളോടെയും ബീറ്റല്‍  ആടുകളെ കാണാം. ഏകദേശം  ഒരടിയോളം വലുപ്പത്തില്‍  താഴേക്ക് തൂങ്ങി വളര്‍ന്ന വീതിയുള്ള നീളന്‍ ചെവികളും, തള്ളിനില്‍ക്കുന്ന നാസികപാലവും റോമന്‍ മൂക്കും, വലിയ ഒരു കോൺ പോലെ നീണ്ട അകിടുകളും  ബീറ്റല്‍ ആടുകളുടെ കരിവര്‍ണത്തിന്‍റെ  മാറ്റ് കൂട്ടും. പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന നീളന്‍ കൊമ്പുകളാണ്  ബീറ്റല്‍ ആടുകളുടെ മറ്റൊരു സവിശേഷത. ആണാടുകളില്‍ താടിരോമങ്ങള്‍ സാധാരണയാണ്.

16 -20  മാസം പ്രായമെത്തുമ്പോള്‍ ആദ്യപ്രസവം നടക്കും. രണ്ടും മൂന്നും കുഞ്ഞുങ്ങള്‍ ഒറ്റ പ്രസവത്തിൽ  സാധാരണയാണ്. കുഞ്ഞുങ്ങള്‍ക്ക് ശരാശരി  3 കിലോയോളം ജനനതൂക്കമുണ്ടാവും. നല്ലപോലെ പാല്‍ നല്‍കി വളര്‍ത്തിയാല്‍ മികച്ച വളര്‍ച്ചാ നിരക്കുള്ള കുഞ്ഞുങ്ങള്‍ മൂന്ന് മാസം കൊണ്ട് 20 - 25  കിലോയോളം ശരീരതൂക്കം കൈവരിക്കും. കറവക്കാലം ഏകദേശം 6 മാസത്തോളം നീണ്ടുനില്‍ക്കും. ദിവസം ശരാശരി 2.5 മുതല്‍  3 ലീറ്റര്‍ വരെ പാല്‍ ലഭിക്കും. പ്രസവം കഴിഞ്ഞ് 5 മാസം പിന്നിടുമ്പോള്‍ വീണ്ടും ഇണചേര്‍ക്കാം. രണ്ട് പ്രസവങ്ങള്‍ തമ്മില്‍ 10 മുതല്‍ 11 മാസം ഇടവേളയുണ്ടാകും. പൂർണവളര്‍ച്ച കൈവരിച്ച ബീറ്റല്‍ മുട്ടനാടുകൾക്ക്  ശരാശരി 70 മുതല്‍ പരമാവധി 120 കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാവും.  പെണ്ണാടുകള്‍ക്ക് 50 മുതല്‍ 70 കിലോഗ്രാം വരെ തൂക്കമുണ്ടാകും. പ്രാദേശിക ഇനങ്ങളുമായി  പ്രജനനം നടത്തി ഗുജറാത്തി ബീറ്റല്‍, ഹൈദരബാദി ബീറ്റല്‍ തുടങ്ങിയ നിരവധി ഉപഇനങ്ങള്‍ ഇന്ന് ഉരുത്തിരിഞ്ഞിട്ടുണ്ട് . 

barbari
ബർബറി

ബര്‍ബറി - നഗരങ്ങൾക്ക് പ്രിയപ്പെട്ട ആട് 

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സോമാലിയയിലെ ബെർബെറ മേഖലയിൽ ജന്മം കൊണ്ടവയാണ്  ബർബറി ആടുകൾ.  വൻകരകൾ കടന്ന് എങ്ങനെയാണ് ഈ ജനുസ് ആടുകൾ ഇന്ത്യയിലെത്തി പ്രചാരത്തിലായതെന്നത് ഇന്നും ചരിത്രത്തിൽ എവിടെയോ ഉറങ്ങിക്കിടക്കുന്ന രഹസ്യമാണ്. നമ്മുടെ കാലാവസ്ഥയോടും പരിസ്ഥിതിയോടും വേഗത്തിൽ ഇണങ്ങി വംശവർധന നടത്തി പെരുകിയ  ബർബറി ആടുകൾ ഇന്ന് ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട തദ്ദേശീയ ആട് ജനുസുകളിൽ ഒന്നാണ്. ഇന്ത്യയിൽ ഉത്തർപ്രദേശാണ് ബർബറി ആടുകളുടെ വംശഭൂമിക. ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലേയും ഹരിയാനയിലുമെല്ലാം നഗരമേഖലകളില്‍ ഇന്നു വ്യാപകമായി വളര്‍ത്തുന്ന ആടിനം കൂടിയാണ്  ബര്‍ബറി ആടുകള്‍. മാംസോല്‍പ്പാദനത്തിനും  പാലുല്‍പ്പാദനത്തിനും  ഒരുപോലെ ഇണങ്ങുന്ന ബര്‍ബാറി ആടുകള്‍ ഇന്ന് കേരളത്തിലും  പ്രചാരത്തിലായിട്ടുണ്ട്. 

വെളുപ്പ് നിറമുള്ള മേനിയിൽ ഇളം തവിട്ട്  നിറം പടരുന്ന വർണ ലാവണ്യമാണ്‌ ബർബറി ആടുകൾക്കുള്ളത്. ഉയരം കുറഞ്ഞ്  കുറുകിയ  ശരീരവും നീളം കുറഞ്ഞ കൈകാലുകളും ഇടത്തരം വലിപ്പമുള്ള വളഞ്ഞ കൊമ്പുകളും  ചെറിയ ഒരു കുഴൽ പോലെ ഇരുവശങ്ങളിലേക്കുമായി ചരിഞ്ഞ് നിവർന്ന് നില്‍ക്കുന്ന ചെവികളും മുന്നോട്ട് തള്ളി നിൽക്കുന്ന കണ്ണുകളും  ഈ ജനുസിന്‍റെ ശരീരസ്വഭാവങ്ങളാണ്.  പ്രത്യുല്‍പ്പാദന ക്ഷമതയില്‍  മികവേറെയുള്ളവരാണ് ബര്‍ബാറി ആടുകള്‍. 14-15 മാസം പ്രായമെത്തുമ്പോൾ ആദ്യ പ്രസവം നടക്കും. ഒരൊറ്റ പ്രസവത്തില്‍  തന്നെ രണ്ടും മൂന്നും കുഞ്ഞുങ്ങള്‍ വളരെ സാധാരണമാണ്. 12-15 മാസക്കാലയളവില്‍ രണ്ട് തവണ പ്രസവങ്ങള്‍ നടക്കും. മുതിര്‍ന്ന മുട്ടനാടുകള്‍ 45-50 കിലോഗ്രാം വരെ ശരീരതൂക്കം കൈവരിക്കും, പെണ്ണാടുകള്‍ 30-35  കിലോയും.ഊർജിത പരിപാലനരീതിയിൽ കൂട്ടില്‍ തന്നെ  കെട്ടിയിട്ട്  വളര്‍ത്താന്‍ ഏറ്റവും ഉത്തമമായ ആടുകളാണ് ബര്‍ബറി ആടുകള്‍. നഗരപ്രദേശങ്ങള്‍ക്ക് പ്രിയപ്പെട്ട ഇനമായി ബര്‍ബാറി ആടുകളെ  മാറ്റിത്തീര്‍ത്തതും ഈ ഗുണങ്ങള്‍ തന്നെ.

jakhrana
ജക്രാന

ആടിനങ്ങളിലെ ജേഴ്‌സി - ജക്രാന 

തിരിമുറിയാതെ നല്ല കൊഴുപ്പുള്ള പാല്‍ ചുരത്തുന്ന ജേഴ്‌സി പശുക്കളെപ്പറ്റി നമുക്കറിയാം. ഇന്ത്യന്‍ ആടു ജനുസുകള്‍ക്കിടയിലെ ജേഴ്‌സി എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന ആടിനമാണ് ജക്രാന  ആടുകള്‍.  രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ  ജക്രാന  മേഖലയിലാണ് ഈ  ജനുസ് ആടുകൾ ഉരുത്തിരിഞ്ഞത്.   ജക്രാന ആടുകളുടെ ശരാശരി പ്രതിദിന പാലുല്‍പാദനം 3-3.5 ലീറ്റര്‍ വരെയാണ്. പ്രതിദിനം  അഞ്ച് മുതല്‍ ആറു ലീറ്റര്‍ വരെ  പാലുല്‍പാദിക്കാന്‍ ശേഷിയുള്ളവയും ജക്രാന  ആടുകളുടെ കൂട്ടത്തിലുണ്ട്. കാഴ്ചയില്‍ ബീറ്റല്‍ ആടുകളോട്  സാമ്യതയുള്ളവയാണ് ജക്രാന ആടുകള്‍. കറുത്ത വർണത്തിൽ കാണപ്പെടുന്ന  ജക്രാന ആടുകളുടെ ചെവിയിലും  മൂക്കിനു ചുറ്റും വെളുത്ത പാടുകള്‍ കാണാം. ഒരു കറവക്കാലം ആറ് മുതല്‍  എട്ട് മാസം വരെ  നീളും. പാലുല്‍പാദനത്തില്‍ മാത്രമല്ല മാംസോൽപാദനത്തിനും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം  മികച്ചവരാണ് ജക്രാന ആടുകള്‍. മാത്രമല്ല ഇവയുടെ ത്വക്കിനും  വലിയ വിപണിമൂല്യമുണ്ട്.  പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ ജക്രാന  മുട്ടനാടുകള്‍ ശരാശരി  55-60 കിലോഗ്രാം വരെയും പെണ്ണാടുകള്‍ 40-45 കിലോഗ്രാം വരെയും ശരീരതൂക്കം കൈവരിക്കും.

osmanabadi
ഒസ്മനാബാദി

മഹാരാഷ്ട്രയുടെ ഒസ്മനാബാദി

മറാത്തവാഡ മേഖലയിലെ ഒസ്മാനാബാദ് ജില്ലയിലെ തുല്‍ജാപൂര്‍, ഒമര്‍ഗ, ലോഹാറ തുടങ്ങിയ വിവിധ താലൂക്കുകള്‍ ഉള്‍പ്പെടുന്ന ഭൂമേഖലയില്‍  ഉരുത്തിരിഞ്ഞ  മഹാരാഷ്ട്രയുടെ തനത് ആടുകളാണ് ഒസ്മാനാബാദി ആടുകള്‍. മഹാരാഷ്ട്രയിലെ ഉദ്ഗീര്‍, ലാത്തൂര്‍, അഹമ്മദ് നഗര്‍, സോലാപൂര്‍, പര്‍ബാണി തുടങ്ങിയ ജില്ലകളിലും മറാത്തവാഡ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടകയിലെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും ഒസ്മാനാബാദി ആടുകള്‍ എണ്ണത്തിലേറെ കാണപ്പെടുന്നുണ്ട് .  ജന്മം കൊണ്ട് മഹാരാഷ്ട്രക്കാരിയാണെങ്കിലും ഇന്ന് കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഒസ്മാനാബാദി ആടുകളെ വളര്‍ത്തി കര്‍ഷകര്‍ വരുമാനമുണ്ടാക്കുന്നുണ്ട് . 

കറുപ്പിന്‍റെ ഏഴഴകാണ് ഒസ്മാനാബാദിക്ക്. വെള്ള, തവിട്ട് നിറങ്ങളിലും, വെള്ള പുള്ളിയോട് കൂടിയുമെല്ലാം അപൂര്‍വ്വമായി ഒസ്മാനാബാദി ആടുകള്‍ കാണപ്പെടാറുണ്ട്. കഴുത്തിലും നെറ്റിയിലും ചെവിയുമെല്ലാം കാണുന്ന ചെറിയ വെള്ള പുള്ളികള്‍ ഒസ്മാനാബാദിയുടെ ഘനശ്യാമവര്‍ണത്തിന് മാറ്റു കൂട്ടും. ആദ്യഭാഗം  ഒരല്പം നിവര്‍ന്ന് ബാക്കി ഏകദേശം  10-15 സെന്‍റീമീറ്ററോളം താഴേക്ക് തൂങ്ങിയ ചെവികളും, 20 സെന്‍റീമീറ്റര്‍ വരെ നീളത്തില്‍ പിന്നിലേക്ക് പിരിഞ്ഞ് വളര്‍ന്ന കൊമ്പുകളും, നല്ല നീളമുള്ള കൈകാലുകളും ശരീരവുമൊക്കെ കണ്ടാൽ  ഒസ്മാനാബാദി ആടുകള്‍ നമ്മുടെ മലബാറി ആടുകളുടെ ഉറ്റ  കടുംബക്കാരാണെന്ന് നമ്മള്‍ സംശയിച്ചുപോകും.  പാല്‍, മാംസം, കുഞ്ഞുങ്ങള്‍ തുടങ്ങി ഏതാവശ്യങ്ങള്‍ക്കും ഇണങ്ങുന്നവരാണ് ഒസ്മാനാബാദി ആടുകള്‍.  എന്നിരുന്നാലും  മാംസോല്‍പ്പാദനത്തിന്‍റെ കാര്യത്തിലാണ്  ഏറെ  പ്രശസ്ഥം. നല്ല വളര്‍ച്ചാ നിരക്കും, തുടയിലെയും മറ്റും കൂടിയ മാംസത്തിന്‍റെ തോതുമെല്ലാം ഒസ്മാനാബാദിയെ മികച്ച ഒരു ഇറച്ചി ജനുസാക്കി മാറ്റുന്നു. മറ്റിനം ആടുകളുടെ ഇറച്ചിയുമായി  താരതമ്യപ്പെടുത്തിയാല്‍   സ്വാദിലും, മേൻമയിലും ഒസ്മാനാബാദിയുടെ മാംസം ഒരുപടി മുന്നിലാണെന്നാണ് മാംസാഹാരപ്രിയരുടെ പക്ഷം. ഇന്ത്യയിലെ ആടുകള്‍ക്കിടയില്‍ ഏറ്റവും മൃദുവായ മാംസം  ലഭിക്കുന്നത് ഒസ്മാനാബാദിയില്‍ നിന്നാണെന്നും ഒരു വാദമുണ്ട് . എന്തിനേറെ, ഒസ്മാനാബാദിയുടെ കറുകറുത്ത തോലിന് പോലും ഉയര്‍ന്ന വിപണിമൂല്യമുണ്ട് . 

മാംസോല്‍പ്പാദനത്തില്‍ മാത്രമല്ല ഒസ്മാനാബാദിയുടെ മികവ്, പ്രത്യുല്‍പാദനക്ഷമതയിലും, തീറ്റപരിവര്‍ത്തനശേഷിയും, വളര്‍ച്ചനിരക്കിലും, രോഗപ്രതിരോധശേഷിയിലുമെല്ലാം ഈയിനം ആടുകള്‍ മുന്‍നിരയില്‍  തന്നെയുണ്ട്. ഒസ്മാനാബാദി ആടുകളെ 7-8 മാസം പ്രായമെത്തുമ്പോള്‍ ഇണചേര്‍ത്ത് തുടങ്ങാം. ഒറ്റ പ്രസവത്തില്‍ തന്നെ  രണ്ടും  മൂന്നും കുഞ്ഞുങ്ങള്‍ സാധാരണം. ഓരോ കുഞ്ഞുങ്ങള്‍ക്കും ശരാശരി 1.8-2.5 കിലോഗ്രാം വരെ ജനനതൂക്കമുണ്ടാവും .  രണ്ട്  പ്രസവങ്ങള്‍ തമ്മിലുള്ള  ഇടവേള പരമാവധി ഏഴ് മാസം വരെ മാത്രം. പ്രതിദിനം പരമാവധി 1.5-2.5 ലിറ്റര്‍ വരെയാണ് പാലുല്‍പാദനം. പ്രസവം കഴിഞ്ഞ് 4 മാസം വരെ കറവ നടത്താം. ഒരു കറവകാലത്തെ  ആകെ പാലുല്‍പ്പാദനം 150-160 ലിറ്റര്‍ വരെയാണ്. ഉയര്‍ന്ന  ചൂടിലും കൂടിയ തണുപ്പിലും ആര്‍ദ്രതയുലുമെല്ലാം  തളരാതെ പിടിച്ച് നില്‍ക്കാനുള്ള കാലാവസ്ഥ അതിജീവനശേഷിയും ഒസ്മാനാബാദിയ്ക്കുണ്ട് ഏത് നാട്ടിലും വളര്‍ത്താന്‍ അനുയോജ്യമായ ഇനമാക്കി ഒസ്മാനാബാദിയെ മാറ്റുന്നതും ഈ ഗുണം തന്നെ.  മുതിര്‍ന്ന പെണ്ണാടുകള്‍ക്ക് 32-35 കിലോഗ്രാമും മുട്ടനാടുകള്‍ക്ക് 50-60 കിലോഗ്രാം വരെയും ശരീരതൂക്കമുണ്ടാവും .

നാളെ: അസം കുന്നിറങ്ങിയെത്തിയ കുഞ്ഞൻ ആടുകൾ,  മലയാളനാടിന്റെ  മലബാറിയാടുകൾ

English summary: What are the most common breeds of goats?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA