പാലിലെ ഫാറ്റ് ഉയർത്താം മികച്ച വില നേടാം (പരമ്പര–ഭാഗം 1)

HIGHLIGHTS
  • ലോ മില്‍ക്ക് ഫാറ്റ് സിന്‍ഡ്രോമിനെ കുറിച്ചറിയാം
  • തീറ്റയരവും അയവെട്ടലും കുറഞ്ഞാല്‍ ഒപ്പം കുറയും കൊഴുപ്പും
cow
SHARE

പാലിന്റെ മേന്മയും വിപണിമൂല്യവും നിര്‍ണയിക്കുന്നതില്‍ അതിലടങ്ങിയ കൊഴുപ്പിനും (Fat) കൊഴുപ്പിതര ഖരവസ്തുക്കള്‍ക്കും (SNF) വലിയ പ്രാധാന്യമുണ്ട്. കൊഴുപ്പിന്‍റെയും കൊഴുപ്പേതര ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ മൂല്യം നിര്‍ണയിക്കുന്ന ദ്വിമുഖവിലനിര്‍ണയ രീതിയാണ് നമ്മുടെ നാട്ടിലെ ക്ഷീരസംഘങ്ങളില്‍ നിലവിലുള്ളത്. ഒരു പശു ഉൽപാദിപ്പിക്കുന്ന പാലിലെ കൊഴുപ്പ് എന്നത് വലിയ രീതിയിൽ പശുവിന്റെ ജനിതകസ്വഭാവത്തെയാണ് ആശ്രയിക്കുന്നത്. ഉയര്‍ന്ന അളവില്‍ പാലുൽപാദിപ്പിക്കാന്‍ ശേഷിയുള്ള ഹോൾസ്റ്റീൻ ഫ്രീഷ്യൻ പശുക്കളുടെ പാലിൽ കൊഴുപ്പളവ് സാധാരണ 3.2-3.5 ശതമാനം മാത്രമാണെങ്കിൽ  ഇവയെ അപേക്ഷിച്ച് കുറഞ്ഞ അളവിൽ ഉൽപാദനമുള്ള ജേഴ്‌സി പശുക്കളുടെ പാലിൽ 4.1 - 4.5   ശതമാനം വരെ  കൊഴുപ്പ് ഉണ്ടാവും. ഗിർ, സഹിവാൾ ഉൾപ്പെടെയുള്ള തദ്ദേശീയ പശുജനുസുകളുടെ പാലിന്റെ കൊഴുപ്പളവും താരതമ്യേന കൂടുതലാണ്. നമ്മുടെ വെച്ചൂർ പശുക്കളുടെ പാലിൽ 4.7 - 5.8 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഉൽപാദിപ്പിക്കുന്ന പാലിന്റെ അളവ് കൂടും തോറും കൊഴുപ്പിന്റെ അളവ് കുറയും എന്നതാണ് വസ്തുത. മുറ പോലുള്ള എരുമകളിൽ പാലിന്റെ ശരാശരി കൊഴുപ്പളവ് 7 മുതൽ 9  ശതമാനം വരെയാണ്.  ജനുസിന്റെ ഗുണത്തോടൊപ്പം തീറ്റക്രമവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളും ചെറിയ രീതിയിൽ പാലിലെ കൊഴുപ്പളവിനെ സ്വാധീനിക്കുന്നതായി കാണാൻ  സാധിക്കും.

ലോ മില്‍ക്ക് ഫാറ്റ് സിന്‍ഡ്രോമിനെ കുറിച്ചറിയാം

അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളുടെ പാലില്‍ കൊഴുപ്പളവ് കുറയുന്നത് ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങളില്‍ ഒന്നാണ്. ഉല്‍പ്പാദനം കൂടുംതോറും കൊഴുപ്പ് സ്വാഭാവികമായും കുറയാനിടയുണ്ടെങ്കിലും വലിയ അളവില്‍ കുറയുന്നത് ഉപാപചയപ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍ കാരണമാണ്. തീറ്റക്രമത്തിലെയും പരിചരണത്തിലെയും അശാസ്ത്രീയത കാരണം പാലിലെ കൊഴുപ്പളവ് കുറയുന്ന ഉപാപചയ രോഗാവസ്ഥ ലോ മില്‍ക്ക് ഫാറ്റ് സിന്‍ഡ്രോം (Milk fat depression (MFD) syndrome)  എന്നാണ് അറിയപ്പെടുന്നത്. അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളില്‍ പ്രസവശേഷം പാലുല്‍പ്പാദനം പരമാവധിയിലെത്തുന്ന ആദ്യത്തെ 6-8 ആഴ്ചകളിലാണ് ഈ രോഗാവസ്ഥ സാധാരണ കാണപ്പെടുന്നത്. ഉല്‍പ്പാദനമികവുള്ള പശുക്കളുടെ പാലിലെ കൊഴുപ്പളവ് മികച്ചരീതിയില്‍ നിലനിര്‍ത്താന്‍ പരിപാലനത്തില്‍ അല്‍പം ശാസ്ത്രീയത വേണ്ടതുണ്ട്. 

പാലിലെ കൊഴുപ്പും തീറ്റക്രമവും

തീറ്റപ്പുല്ല് , വൈക്കോല്‍, വൃക്ഷയിലകള്‍, പയര്‍ വര്‍ഗച്ചെടികള്‍ തുടങ്ങിയ വിവിധങ്ങളായ പരുഷാഹാരങ്ങളില്‍ അടങ്ങിയ സെല്ലുലോസ് അഥവാ നാരിന്റെ ദഹനഫലമായുണ്ടാവുന്ന അസറ്റിക് അമ്ലങ്ങളില്‍നിന്നാണ് പാലിലെ കൊഴുപ്പില്‍ സിംഹഭാഗവും രൂപപ്പെടുന്നത്. പരുഷാഹാരങ്ങളില്‍ 18 ശതമാനത്തിലധികം ഭക്ഷ്യനാരടങ്ങിയിട്ടുണ്ട്. ആമാശയത്തിലെ ആദ്യ അറയായ റൂമനില്‍വച്ച് സൂക്ഷ്മാണുക്കളുടെ സഹായത്തോടെ നടക്കുന്ന അസംസ്കൃതഭക്ഷ്യനാരുകളുടെ ദഹനത്തെ ഫെര്‍മെന്റേഷന്‍ അഥവാ കിണ്വനം എന്നാണ് വിളിക്കുന്നത്. തീറ്റയില്‍ മതിയായ അളവില്‍ നാരടങ്ങിയ പരുഷാഹാരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാലുല്‍പ്പാദനവും പാലിലെ കൊഴുപ്പും 60% വരെ കുറയാനിടവരും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

തീറ്റയരവും അയവെട്ടലും കുറഞ്ഞാല്‍ ഒപ്പം കുറയും കൊഴുപ്പും

പശുക്കള്‍ തീറ്റ മതിയായി ചവച്ചരയ്ക്കുകയും അയവെട്ടുകയും ചെയ്യുക വഴി 150 ലീറ്ററോളം ഉമിനീര്‍ 6-8 മണിക്കൂറിനുള്ളില്‍ ആമാശയത്തില്‍ എത്തിച്ചേരും. ആമാശയത്തിലെ അമ്ലത കുറക്കാന്‍ സഹായിക്കുന്ന സോഡിയം, പൊട്ടാസ്യം, ഫോസ്ഫേറ്റ്, ബൈകാര്‍ബണേറ്റ് തുടങ്ങിയ ക്ഷാരഗുണമുള്ള ഘടകങ്ങള്‍ ധാരാളമായി ഉമിനീരില്‍ അടങ്ങിയിട്ടുണ്ട്. തീറ്റയിലെ നാരുകള്‍ മതിയായി ചവച്ചരയ്ക്കുക വഴി സോഡിയം ബൈകാര്‍ബണേറ്റ് മാത്രം മൂന്ന് കിലോഗ്രാമോളം പ്രതിദിനം  ഉമിനീരില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്നും ആമാശയത്തില്‍ എത്തിച്ചേരുമെന്നുമാണ് ശാസ്ത്രീയ കണക്ക്.  പരുഷാഹാരങ്ങളെ അപേക്ഷിച്ച് സാന്ദ്രീകൃതാഹാരങ്ങള്‍ പശുവിന്‍റെ വായില്‍ ഉമിനീരുമായി ചേര്‍ന്ന് കുറഞ്ഞ തോതില്‍ കുറഞ്ഞ സമയം മാത്രമേ ചവച്ചരയ്ക്കപ്പെടുകയുള്ളൂ. ചവച്ചരയ്ക്കല്‍ കുറയുന്നതോടെ ഉമിനീര്‍ ഉല്‍പ്പാദനവും ഉമിനീരിൽ നിന്നുള്ള ഘടകങ്ങള്‍ വയറ്റിലെത്തിച്ചേരുന്ന അളവും ഗണ്യമായി കുറയുകയും ആമാശയ അമ്ലത ഉയരുകയും ചെയ്യും. അധിക അളവില്‍ സാന്ദ്രീകൃത ഖരാഹാരങ്ങള്‍ നല്‍കുന്നത് വഴി ലാക്ടിക് അമ്ലനില ആമാശയത്തില്‍ ഉയരുന്നതിന്റെ ഒരു കാരണം ഇതാണ്. അമ്ലനിലയുയരുന്നത് ആമാശയ അസിഡോസിസിന് കാരണമാവും. അതോടെ നാരിന്‍റെ ദഹനത്തിന് സഹായിക്കുന്ന പ്രോട്ടോസോവകള്‍, ബാക്ടീരിയകള്‍ തുടങ്ങിയ മിത്രാണുക്കള്‍ ചത്തൊടുങ്ങുകയും അവയുടെ വളര്‍ച്ച കുറയുകയും നാരിന്റെ ദഹനം തടസപ്പെടുത്തുകയും ചെയ്യും. ഇതും പാലിന്റെ കൊഴുപ്പു കുറയാന്‍ വഴിവയ്ക്കും.

അശാസ്ത്രീയ തീറ്റക്രമം കാരണം പാലിലെ കൊഴുപ്പ് കുറയുന്നതൊഴിവാക്കാന്‍ പശുക്കള്‍ക്ക് നല്‍കുന്ന തീറ്റ ശാസ്ത്രീയവും സന്തുലിതവുമാവാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം. ഒരു പശുവിന് അതിന്റെ ശരീരഭാരത്തിന്റെ 3-3.8 ശതമാനം ഖരാഹാരം (ഡ്രൈമാറ്റര്‍) ദിവസവും തീറ്റയായി വേണ്ടതുണ്ട്.  ഖരാഹാരത്തിന്റെ അടിസ്ഥാനത്തിൽ ദിവസേന നല്‍കുന്ന തീറ്റയില്‍ പരുഷാഹാരങ്ങളും സാന്ദ്രീകൃതാഹാരങ്ങളും തമ്മിലുള്ള അനുപാതം 60:40 ആയി നിലനിര്‍ത്തണം. കൂടുതൽ സാന്ദ്രീകൃത തീറ്റ നൽകുന്ന  10-15 ലീറ്ററിന് മുകളിൽ പാലുൽപാദനമുള്ള അത്യുൽപ്പാദനശേഷിയുള്ള പശുക്കളാണെങ്കിൽ ഖരാഹാരത്തിന്റെ അടിസ്ഥാനത്തിൽ തീറ്റയിൽ ഏറ്റവും ചുരുങ്ങിയത് 50 ശതമാനം എങ്കിലും പരുഷാഹാരങ്ങൾ ഉൾപ്പെടുത്തണം. ഉദാഹരണത്തിന് പ്രതിദിനം പത്തു ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന 6 കിലോഗ്രാം കാലിത്തീറ്റ നൽകുന്ന (ശരീരസംരക്ഷണത്തിന് 2 കിലോഗ്രാം, ഉൽപ്പാദിപ്പിക്കുന്ന ഓരോ ഒരു ലീറ്റർ പാലിനും 400 ഗ്രാം വീതം ആകെ 4 കിലോഗ്രാം, ഇങ്ങനെ പ്രതിദിനം  മൊത്തം 6 കിലോ സാന്ദ്രീകൃത തീറ്റ)  പശുവിന് 6 കിലോഗ്രാം വീതം (50 %) പരുഷാഹാരവും  ഖരരൂപത്തിൽ ലഭിക്കണം. ഒരു കിലോഗ്രാം പരുഷാഹാരം ഖരരൂപത്തിൽ പശുവിന് ലഭിക്കണമെങ്കിൽ പച്ചപുല്ലാണ്‌ നൽകുന്നതെങ്കിൽ 5 കിലോഗ്രാം എങ്കിലും നൽകണം. കാരണം പച്ചപ്പുല്ലിൽ 20 ശതമാനം മാത്രമാണ് ഖരാംശമുള്ളത്, ബാക്കി 80 ശതമാനവും വെള്ളമാണ്. എന്നാൽ വെള്ളത്തിന്റെ അളവ് തീരെകുറഞ്ഞ  സാന്ദ്രീകൃതാഹാരങ്ങളിൽ 92 - 96 ശതമാനം വരെ ഖരപദാർഥങ്ങളാണ്.  6  കിലോഗ്രാം പരുഷാഹാരം  ഖരരൂപത്തിൽ ലഭിക്കണമെങ്കിൽ 25-30 കിലോഗ്രാം എങ്കിലും തീറ്റപ്പുല്ല് പശുവിന് വേണമെന്ന് ചുരുക്കം. തീറ്റപ്പുല്ലിന് ലഭ്യതക്കുറവുള്ള സാഹചര്യത്തിൽ  പരുഷാരത്തിനായി വൈക്കോലിനെ ആശ്രയിക്കാം. ഖരഘടകങ്ങളുടെ  അടിസ്ഥാനത്തിൽ ഒരു കിലോഗ്രാം വൈക്കോൽ 5 കിലോ പച്ചപുല്ലിന് തുല്യമാണ്. അതിനാൽ കുറവുള്ള ഓരോ 5 കിലോ പച്ചപ്പുല്ലിനും ആനുപാതികമായി ഒരു കിലോഗ്രാം വൈക്കോൽ നൽകിയാൽ മതിയാവും. പശുക്കളുടെ ശരിയായ ദഹനത്തിന് സഹായിക്കുമെങ്കിലും അവയുടെ ആരോഗ്യത്തിനും പാലുൽപാദനത്തിനും ആവശ്യമായ പോഷകഘടകങ്ങൾ തീരെ കുറഞ്ഞ ഒരു തീറ്റയാണ് വൈക്കോൽ എന്ന വസ്തുത വിസ്മരിക്കരുത്.

സാന്ദ്രീകൃതാഹാരങ്ങളും പരുഷാഹാരങ്ങളും ചേര്‍ത്ത് മിശ്രിതമായി ഒരുമിച്ച് നല്‍കാനോ ചെറിയ ഇടവേളക്കുള്ളില്‍ നല്‍കാനോ ശ്രദ്ധിക്കണം. ആവശ്യമായ ആകെ അളവ് സാന്ദ്രീകൃതാഹാരം മൂന്ന് നാല് തവണകളായി വേണം നല്‍കേണ്ടത്. തീറ്റയില്‍ വരുത്തുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ ഒഴിവാക്കണം. തുടക്കത്തില്‍ ചെറിയ അളവില്‍ മാത്രം  നല്‍കി പശുക്കളെ  പുതിയ ആഹാരവുമായി പരിചയപ്പെടുത്തിയതിനു ശേഷം മാത്രമേ പുതിയ ഇനം തീറ്റകള്‍ പൂര്‍ണ അളവില്‍ നല്‍കാന്‍ പാടുള്ളൂ. തീറ്റയുടെ ദഹനത്തിന് സഹായിക്കുന്ന സൂക്ഷ്മാണുക്കളുടെ മതിയായ സാന്നിധ്യം പശുവിന്റെ ആമാശയത്തില്‍ ഉറപ്പുവരുത്തുന്നതിനാണിത്.  ധാന്യങ്ങള്‍ പൊടിച്ചും, കാലിത്തീറ്റകള്‍, വൈക്കോല്‍ എന്നിവ ചെറുതായി നനച്ചും നല്‍കാന്‍ ശ്രദ്ധിക്കണം.  

തീറ്റ അരിഞ്ഞു നല്‍കുമ്പോള്‍

പുല്ലുവെട്ടികള്‍ അഥവാ ചാഫ് കട്ടറുകള്‍ ഉപയോഗിച്ച് പരുഷാഹാരങ്ങള്‍ വെട്ടി നുറുക്കി നല്‍കുന്നതിലുമുണ്ട് ശ്രദ്ധിക്കാന്‍. പച്ചപ്പുല്ലിന്‍റെ മൂപ്പെത്തിയതും, മാര്‍ദ്ദവമേറിയതുമായ തായ്ത്തണ്ടുകള്‍ മാത്രമേ പുല്ലുവെട്ടികള്‍ ഉപയോഗിച്ച് മുറിച്ചരിഞ്ഞേ പശുക്കള്‍ക്ക് നൽകാന്‍ പാടുള്ളൂ. ധാരാളം നാരടങ്ങിയ തായ്ത്തണ്ടിന്റെ ഭാഗങ്ങള്‍ കടുപ്പം കാരണം പശുക്കള്‍ കഴിക്കാതെ കളയുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്. പച്ചപ്പുല്ലിന്‍റെ പൊതുവെ മാര്‍ദ്ദവം കുറഞ്ഞ മറ്റുഭാഗങ്ങള്‍ മുറിക്കാതെ അതേപടി തന്നെ പശുക്കള്‍ക്ക് നല്‍കുന്നതാണ് ഉത്തമം. അരിഞ്ഞു നല്‍കുകയാണെങ്കില്‍ വലുപ്പം 3.5 സെ.മീ.ൽ കുറയാതിരിക്കാന്‍ ശ്രദ്ധിക്കണം. മുറിച്ചരിഞ്ഞു നല്‍കിയാല്‍ വായിലെ ഉമിനീരുമായി ചേര്‍ന്നുള്ള ചവച്ചരയ്ക്കലും തുടര്‍ന്ന് ആമാശയത്തില്‍ എത്തിച്ചേരുന്ന ഉമിനീരിന്‍റെ അളവും കുറയുകയും ചെയ്യും. ആമാശയ അമ്ലത ഉയരുന്നതിനും അസിഡോസിസിനും ഇത് വഴിവയ്ക്കും. ഉയര്‍ന്ന ആമാശയ അമ്ലത പരുഷാഹാരത്തിന്‍റെ മൊത്തത്തിലുള്ള ദഹനത്തെ ബാധിക്കുകയും ഒപ്പം കൊഴുപ്പളവിനെ കുറയ്ക്കുകയും ചെയ്യും. 

കരിമ്പിന്‍ ചണ്ടി, കരിമ്പിന്‍ ടോപ്പ്, കൈതപ്പോള, പൈനാപ്പിള്‍ ഇല, വാഴയില, വാഴത്തട, ചക്കച്ചവിണി, ഈര്‍ക്കില്‍ കളഞ്ഞ പച്ചത്തെങ്ങോല, ചെമ്പരത്തിയില, മുരിങ്ങയില, മുരിക്കില, മരിച്ചീനിയില തുടങ്ങിയ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായ പാരമ്പര്യേതര പരുഷതീറ്റകളില്‍ പാലിലെ കൊഴുപ്പുയര്‍ത്താന്‍ പര്യാപ്തമായ നാരുകള്‍ ധാരാളമായി  അടങ്ങിയിട്ടുണ്ട്. ഈ  തീറ്റകള്‍ അരിഞ്ഞു നല്‍കുമ്പോള്‍ തീരെ ചെറുതാവാതിരിക്കാന്‍ ശ്രദ്ധിക്കണം. കറവക്കാലത്ത് ഇളം പുല്ലുകള്‍ ധാരാളമായി നല്‍കുന്നതും മീനെണ്ണ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നതുമെല്ലാം പാലിലെ കൊഴുപ്പ് കുറയുന്നതിന് കാരണമാവും.

ആമാശയ അമ്ലത കുറച്ച് നാരിന്റെ ദഹനവും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കുന്നതിനായി ക്ഷാരഗുണമുള്ള സോഡിയം ബൈ കാര്‍ബണേറ്റ് / അപ്പകാരം, മഗ്നീഷ്യം ഓക്സൈഡ്, മഗ്നീഷ്യം കാര്‍ബണേറ്റ് എന്നിവയിലേതെങ്കിലും പ്രതിദിനം 100-150  ഗ്രാം വരെ തീറ്റയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഇവ നേരിട്ട് നല്‍കിയാല്‍ ചവര്‍പ്പും അരുചിയും കാരണം പശുക്കള്‍ കഴിക്കാതിരിക്കാന്‍ സാധ്യത കൂടുതലാണ്. ശര്‍ക്കരയിലോ മറ്റോ കുഴച്ചോ അല്ലെങ്കില്‍ വിപണിയില്‍ ലഭ്യമായ പ്രസ്തുത ഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച രുചികരമായ മിശ്രിതങ്ങളോ (റൂമന്‍ ബഫറുകള്‍) നല്‍കാന്‍ ശ്രദ്ധിക്കണം. 

നാളെ: സസ്യജന്യകൊഴുപ്പടങ്ങിയ തീറ്റകള്‍ നല്‍കിയാല്‍ പാലിലെ കൊഴുപ്പ് കൂടുമോ? ഒപ്പം പാലിലെ കൊഴുപ്പ് കൂട്ടാൻ സഹായിക്കുന്ന സൂപ്പർ തീറ്റകളെ കുറിച്ചും.

English summary: How to increase milk yield and fat percent of a dairy cow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA