ADVERTISEMENT

ആടുകർഷകരുടെയും ആടുവളർത്തൽ മേഖലയിലേക്കു കടന്നുവരാൻ ആഗ്രഹമുള്ള സംരംഭകരുടെയും ഈയിടെ നടന്ന ഒരു ഓൺലൈൻ പരിശീലനസംഗമമായിരുന്നു വേദി - ‘അൻപതിലധികവും എന്നാൽ നൂറിൽ താഴെയും എണ്ണം ആടുകളെ വളർത്തുന്നതിനായുള്ള ഒരു ഫാമിന് ലൈസൻസ് ലഭിക്കാൻ പഞ്ചായത്തിൽ നിങ്ങൾ അടയ്ക്കേണ്ടത് ലൈസൻസ് ഫീയായ 250 രൂപ മാത്രമാണ്’- ഫാം ലൈസൻസ് ലഭിക്കുന്നതിനായി അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ കാർഷികസംരഭകൻ അടയ്ക്കേണ്ട ഫീസിനെപ്പറ്റി പരിശീലന ക്ലാസ്സിൽ പറഞ്ഞുതീർക്കും മുൻപെ പ്രേക്ഷകരുടെ പാനലിൽ നിന്നൊരു യുവസംരംഭകൻ അരിശത്തോടെ മൈക്ക് ഓൺ ചെയ്തു. ‘ഡോക്ടർ, എന്താണ് ഈ പറയുന്നത്, സർക്കാർ ചട്ടമനുസരിച്ച് ലൈസൻസ് നൽകാൻ വേണ്ടി ഒടുക്കേണ്ട ഫീ 250 രൂപ എന്നത് ശരിയായിരിക്കാം. പക്ഷേ, ലൈസൻസ് ലഭിക്കാനായുള്ള ചെലവ് ഈ തുകയിലൊന്നും ഒതുങ്ങില്ല. മലിനീകരണ നിയന്ത്രണബോർഡിന്റെ നിർമാണാനുമതി, ഫാം പ്രവർത്തനാനുമതി തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇതിനൊപ്പമുണ്ടല്ലോ. ഇതിനെല്ലാമായി നമ്മൾ പലപല ഓഫീസുകളിൽ കയറിയിറങ്ങണം, പല തരത്തിലുള്ള പ്ലാനുകളും രേഖകളും സമർപ്പിക്കണം, പരിശോധനക്ക് ഉദ്യോഗസ്ഥരെ കൊണ്ടുവരണം. അൻപതിൽ അധികം ആടുകളുള്ള ഒരു ഫാമാരംഭിക്കുന്നതിന് ലൈസൻസ് നേടാൻ വേണ്ടി മാത്രം എനിക്ക് ചെലവായത് മൂവായിരത്തിൽ അധികം രൂപയാണ്. ചുരുക്കത്തിൽ ഒരു ആട്ടിൻകുഞ്ഞിനെ വാങ്ങുന്ന ചെലവ് ഫാമിന് ലൈസൻസ് ലഭിക്കാൻ വേണ്ടി വന്നു’. അൻപതിൽ അധികം കർഷകർ പങ്കെടുത്ത ഓൺലൈൻ പരിപാടിയിൽ ആ യുവാവ് നടത്തിയ തുറന്നുപറച്ചിൽ മൃഗസംരക്ഷണമേഖലയിലേക്ക് കടന്നുവരുന്ന സംരംഭകർ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളുടെ നേർസാക്ഷ്യമായിരുന്നു.

കെട്ടിട നിർമാണ ചട്ടങ്ങൾ  മാറി, മാറാതെ ഫാം ലൈസൻസ് ചട്ടങ്ങൾ 

സംരംഭകരെ നിരാശപ്പെടുത്തുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ-2012 ) നിയമത്തിലെ സങ്കീർണമായ ഫാം ലൈസൻസ് ചട്ടങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടങ്ങൾ എന്നിവ സംരംഭകസൗഹ്യദമായ രീതിയിൽ ഭേദഗതി ചെയ്യണമെന്നത് ദീർഘകാലമായി കർഷകർ ഉന്നയിക്കുന്ന ഒരാവശ്യമാണ്. ഇതിൽ അനുകൂല നടപടികൾ ഉണ്ടാവുമെന്ന് മുൻവർഷം തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നങ്കിലും തുടർനടപടികൾ ഇപ്പോഴും മന്ദഗതിയിലാണ്. പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളിൽ സംരംഭകർക്ക് അനുകൂലമായ ഭേദഗതികൾ കഴിഞ്ഞ വർഷം നിലവിൽ വന്നിരുന്നു. പുതുക്കിയ  കെട്ടിട നിർമാണ ചട്ടമനുസരിച്ച് 20 കന്നുകാലികൾ, 50 ആടുകൾ, 1000 കോഴികൾ എന്നിവ വളർത്തുന്ന കെട്ടിടങ്ങൾക്ക് പഞ്ചായത്തിൽനിന്നുള്ള കെട്ടിട നിർമാണ അനുമതി ആവശ്യമില്ല. നേരത്തെ ഇത് 5 കന്നുകാലികൾ,  20 ആടുകൾ, 100 കോഴികൾ എന്ന രീതിയിലായിരുന്നു. ഫാമുകളുടെ കെട്ടിട നിർമാണ നിയമം ഭേദഗതി ചെയ്തെങ്കിലും അതിനനുസരിച്ച് ഫാം ലൈസൻസിങ് ചട്ടങ്ങളിൽ ഭേദഗതികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ കെട്ടിട നിർമാണ നിയമമനുസരിച്ച് ഫാം കെട്ടിടം പണിതാലും ഫാം നടത്താനുള്ള ലൈസൻസ് കർഷകർക്ക് ലഭിക്കില്ല. ഫാമുകളുടെ കെട്ടിട നിർമാണ ചട്ട ഭേദഗതികൾക്ക് അനുസരിച്ച് പഞ്ചായത്ത് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ) ചട്ടങ്ങളിലും ഭേദഗതികൾ വന്നെങ്കിൽ മാത്രമേ കർഷകർക്കും സംരംഭകർക്കും ഉപകാരപ്പെടുകയുള്ളൂ. എന്നാൽ പുതിയ ഉത്തരവുകളൊന്നും പുറത്ത് വരാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെയാണ്. 

സംരംഭകരെ തോൽപ്പിക്കുന്ന ലൈസൻസ് രാജ്

അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയിലാണ് 2012 ഏപ്രിൽ 19ന് പ്രസിദ്ധപ്പെടുത്തിയ കേരള പഞ്ചായത്ത് രാജ് ( ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ മൃഗസംരക്ഷണ സംരംഭങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പശുക്കൾ, അഞ്ച് പന്നികൾ, ഇരുപത് ആടുകൾ, ഇരുപത്തിയഞ്ച് മുയലുകൾ, നൂറ് കോഴികൾ ഇതിലധികം എണ്ണം മൃഗങ്ങളെ വീട്ടുമുറ്റത്ത് പോലും വളർത്തണമെങ്കിൽ ലൈസൻസ് വേണമെന്നാണ് നിലവിലെ ഫാം ലൈസൻസ് ചട്ടം. ഒട്ടും കർഷക സൗഹൃദമല്ലാത്ത ലൈസൻസ് ചട്ടങ്ങൾ സംരംഭകർക്കുണ്ടാക്കുന്ന സാമ്പത്തികബാധ്യതകളും സമയനഷ്ടവും ക്ലേശങ്ങളും ചെറുതല്ല. ഓരോ ഇനം മൃഗങ്ങളെ വളർത്തുന്നതിനായും നീക്കിവയ്ക്കേണ്ട സ്ഥലം സംബന്ധിച്ച കണക്കുകളും തീർത്തും അശാസ്ത്രീയവും വെറ്ററിനറി സർവകലാശാലയിൽനിന്നുള്ളതടക്കമുള്ള വിദഗ്‌ധ നിർദേശങ്ങൾക്ക് വിരുദ്ധവുമാണ്. ഉദാഹരണത്തിന് നാല് ആടിനെ വളർത്താൻ ഒരു സെന്റ് സ്ഥലം നീക്കിവയ്ക്കണമെന്നാണ് ലൈസൻസ് ചട്ടം പറയുന്നത്. ശാസ്ത്രീയ മാനദണ്ഡങ്ങൾ പ്രകാരം നാല് ആടിനെ വളർത്താനായുള്ള കൂടിന് വെറും 40 ചതുരശ്ര അടി മാത്രമെ വേണ്ടതുള്ളൂ. ഈ സ്ഥാനത്താണ് ലൈസൻസ് ചട്ടം 4 ആടിന് ഒരു സെന്റ് സ്ഥലം എന്ന വിചിത്ര നിർദേശം മുന്നോട്ടുവയ്ക്കുന്നത്.

പശു, കോഴി, മുയൽ എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസ് ചട്ടങ്ങളിലും ഇത്തരം വൈരുധ്യങ്ങൾ കാണാം. പതിനഞ്ച് കോഴികളെ വളർത്താൻ കൂടുപണിയാൻ ശാസ്ത്രീയമായി വെറും മുപ്പത് ചതുരശ്രഅടി സ്ഥലം മാത്രമാണ് വേണ്ടതെങ്കിൽ ഒരു സെന്റ് സ്ഥലം നീക്കിവയ്ക്കണമെന്നാണ് ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങൾ-2012 നിർദേശിക്കുന്നത്. ഇതിന് പുറമെ ലൈസൻസ് ലഭ്യമാകാൻ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയും വേണ്ടതുണ്ട്. ഇത് ലഭിക്കാനും ചട്ടങ്ങളും ഉപചട്ടങ്ങളും ഏറെയുണ്ട്. കാരണം കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2015ലെ ഉത്തരവ് പ്രകാരം പച്ച, ഓറഞ്ച് എന്നീ നിറങ്ങൾ നൽകി ആപത്കരമായ വ്യവസായങ്ങളെ പരിഗണിക്കുന്ന അതേ മാതൃകയിലാണ് ലൈവ്‌സ്റ്റോക്ക് ഫാമുകളെയും പരിഗണിക്കുന്നത്.  

പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫാം ലൈസൻസ് നിയമം കർക്കശമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത് നിരവധി മൃഗസംരക്ഷണ ഫാമുകളാണ്. സംരംഭകരോടുള്ള വ്യക്തി, രാഷ്‌ട്രീയ പ്രതികാരം തീർക്കുന്നതിനായി പോലും നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ടായി. പിരിവ് ചോദിച്ചെത്തുന്നവരും പ്രാദേശിക രാഷ്ട്രീയക്കാരുമൊക്കെ പലപ്പോഴും ഈ നിയമങ്ങൾവച്ച് പാവപ്പെട്ട സംരംഭകരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഫാം തുടങ്ങി ഒടുവിൽ ലൈസൻസ് ചട്ടങ്ങളിൽ കുടുങ്ങി ഫാം അടച്ചുപൂട്ടേണ്ടി വന്നപ്പോൾ ബാക്കിയായ കടം തീർക്കാൻ വീണ്ടും പ്രവാസിയാവേണ്ടി വന്ന ഹതഭാഗ്യർ പോലും നമ്മുടെ നാട്ടിലുണ്ട്. ലൈസൻസ് ചട്ടങ്ങളിൽ മാറ്റം വരാത്ത സാഹചര്യത്തിൽ  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരളാ ചിക്കൻ പദ്ധതി ഉൾപ്പെടെ നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യവും വന്നുചേർന്നിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ കോഴികളെ വളർത്തുന്ന ഫാമുകൾക്ക് മാത്രമെ ലൈസൻസ് ആവശ്യമുള്ളു. കേരളത്തിൽ അത് 101 എണ്ണമാണ്. 

അതിജീവനത്തിന് കൈതാങ്ങാവണം മൃഗസംരക്ഷണമേഖല, തിരുത്തണം ലൈസൻസ് രാജ് 

കോവിഡ് ഉയർത്തിയ വെല്ലുവിളികളിൽ ഉലഞ്ഞ് ചെറുകിട വ്യാപാര വ്യവസായമേഖലകളിൽ മിക്കതും സാമ്പത്തികമാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തെന്നിവീണപ്പോൾ കരുത്തോടെ പിടിച്ചുനിന്ന ചുരുക്കം തൊഴിൽ മേഖലകളിൽ ഒന്നാമതാണ് മൃഗസംരക്ഷണ മേഖല. യുവാക്കളും പ്രവാസികളും കോവിഡ് കാരണം വിവിധ മേഖലകളിൽ തൊഴിൽ നഷ്ടപ്പെട്ടവരും ഉൾപ്പെടെ ഒട്ടേറെ പേർ സുരക്ഷിതമായ ഒരു മുഖ്യതൊഴിൽ എന്ന നിലയിലും, അധിക വരുമാനം കണ്ടെത്താൻ ഉപതൊഴിൽ എന്ന നിലയിലും ജീവനോപാധി തേടി മൃഗസംരക്ഷണമേഖലയിലേക്ക് കടന്നുവരുന്ന മാറ്റത്തിന്റെ സമയം കൂടിയാണിത്. അവരുടെ സംരംഭസ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ചിറക് നൽകി അതിജീവത്തിന് കൈത്താങ്ങാവേണ്ടതുണ്ട്. എന്നാൽ, ഒട്ടും സംരംഭക സൗഹൃദമല്ലാത്ത ഫാം ലൈസൻസ് നിയമങ്ങൾ  പുതുസംരംഭകരെ മൃഗസംരക്ഷണ മേഖലയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ വഴിയൊരുക്കും. 

ഈ സാഹചര്യത്തിൽ സംരംഭകരെ സഹായിക്കുന്ന രീതിയിൽ നിലവിലുള്ള ഫാം ലൈസൻസ് പരിഷ്കരിച്ച് പുതിയ വിജ്ഞാപനം ഇറക്കുന്നതിൽ ഇനിയും സർക്കാർ വൈകരുത്. മൃഗസംരക്ഷണ ഫാമുകൾ ആരംഭിക്കുന്നതിനും കൂടുതൽ ആളുകൾക്ക് ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നതിനും അനുകൂലമായ  സാഹചര്യം നാം ഇവിടെ ഒരുക്കേണ്ടത്  കോവിഡാനന്തര കാലത്തിന്റെ അനിവാര്യതയും  അതിജീവനത്തിന്റെ ഭാഗവുമാണ്. മൃഗസംരക്ഷണ സംരംഭകരെ ശാക്തീകരിക്കാനുള്ള പരിശ്രമങ്ങൾ നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിനും തൊഴിൽമുന്നേറ്റത്തിനും കോവിഡ് അതിജീവനത്തിനും കരുത്തുപകരും എന്നതിൽ സംശയമില്ല.

English summary:  Farm license problems in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com