ADVERTISEMENT

മനുഷ്യര്‍ ഒരു വൈറസുമായി നിരന്തര പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഇതാ കാലികളും വൈറസ് ബാധയില്‍ വലയുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാലികള്‍ക്കു കുളമ്പു രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്താണ് കുളമ്പുരോഗം? എന്തൊക്കെ ശ്രദ്ധിക്കണം? എന്നിങ്ങനെ കര്‍ഷകര്‍ക്ക് സംശയങ്ങള്‍ ഏറെയുണ്ട്. കുളമ്പുരോഗവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ പൊതുവായ ചില സംശയങ്ങള്‍ക്കുള്ള മറുപടി ഇതാ.

? എന്താണ് കുളമ്പ് രോഗം

കന്നുകാലികളെ ബാധിക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം.

? ഏതെല്ലാം ഇനത്തില്‍പ്പെട്ട മൃഗങ്ങളില്‍ രോഗബാധയുണ്ടാകാം

പശു, എരുമ, ആട്, പന്നി, ഇരട്ടകുളമ്പുള്ള മറ്റു മൃഗങ്ങള്‍.

? കുളമ്പില്‍ മാത്രമേ രോഗം വരികയുള്ളോ

അല്ല, അകിടിലും വായിലും കുളമ്പിലും വൃണങ്ങള്‍ ഉണ്ടാകുന്നു.

? രോഗം പകരുന്നത് ഏതെല്ലാം വിധത്തില്‍

നേരിട്ടുള്ള സമ്പര്‍ക്കം, വായു, വെള്ളം, തീറ്റ, അണുബാധയേറ്റ അചേതന വസ്തുക്കള്‍വഴി, രോഗബാധയുള്ള മൃഗങ്ങളെ സ്പര്‍ശിക്കുന്ന മനുഷ്യരിലൂടെ, കറവക്കാരിലൂടെ, കശാപ്പുശാലകള്‍ വഴി, രോഗബാധയേറ്റ മൃഗങ്ങളുടെ വിസര്‍ജ്യത്തിലൂടെ. 

? രോഗലക്ഷണങ്ങള്‍

ശക്തമായ പനി, വായില്‍നിന്നു നുരയും പതയും, ഉമിനീരൊലിപ്പ്, വായിലും മോണയിലും നാക്കിലും വൃണങ്ങള്‍, തീറ്റയോട് വിരക്തി, വൃണങ്ങള്‍ കാലിലും വായിലും അകിടിലും.

? അസുഖം മൂലം മരണം സംഭവിക്കുമോ

കുളമ്പുരോഗം ബാധിച്ച 2-5% മൃഗങ്ങളില്‍ മരണം സംഭവിക്കാം. കുട്ടികളില്‍ മരണനിരക്ക് കൂടും.

? അസുഖം പാലുല്‍പാദനത്തെ ബാധിക്കുമോ

ബാധിക്കും.

? രോഗം മാറിയതിനുശേഷവും മൃഗങ്ങള്‍ ചാകുന്നതായി കാണുന്നത് എന്തുകൊണ്ട്

രോഗപ്രതിരോധ ശേഷി കുറയുന്നത്, പാര്‍ശ്വാണുബാധ (മറ്റു ബാക്ടീരിയ, പരാദങ്ങള്‍) എന്നിവ മൂലം.

? രോഗബാധ പിന്നീടുള്ള ഉല്‍പാദനക്ഷമതയെ ബാധിക്കുമോ

രോഗബാധ വന്ന പശുക്കള്‍ക്ക് അകിടുവീക്കം, വന്ധ്യത എന്നിവ വരാന്‍ സാധ്യത.

? രോഗം വന്ന പശുവിന്റെ പാല്‍-മാംസം എന്നിവ ഉപയോഗിക്കാമോ

നന്നായി തിളപ്പിച്ച പാലും നന്നായി പാകം ചെയ്ത മാംസവും ഉപയോഗിക്കാം.

? ഈ രോഗം എങ്ങനെ തടയാം?

പ്രതിരോഗ കുത്തിവയ്പ്പിലൂടെ മാത്രം.

? രോഗത്തിനു ചികിത്സയുണ്ടോ

വൈറസ് രോഗമായതിനാല്‍ ചികിത്സ ഇല്ല. എന്നാല്‍, പാര്‍ശ്വാണുബാധ തടയാന്‍ ആന്റിബയോട്ടിക്‌സ് ഉത്തമം. വൃണങ്ങളില്‍ ആന്റിസെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാം.

? ആന്റിസെപ്റ്റിക് ലേപനങ്ങള്‍ എന്തെല്ലാം?

ബോറിക് ആസിഡ് തേനില്‍ ചാലിച്ച് വായില്‍ പുരട്ടാം. കാലിലെ വൃണങ്ങള്‍ 2% അലക്കുകാര ലായനി അല്ലെങ്കില്‍ 5% തുരിശുലായനി എന്നിവ ഉപയോഗിച്ച് കഴുകാം.

? രോഗവ്യാപനം തടയാനുള്ള മാര്‍ഗം

4% അലക്കുകാരം ഉപയോഗിച്ച് തൊഴുത്ത് വൃത്തിയാക്കുക.

? പ്രതിരോധ കുത്തിവയ്പ് നല്‍കിയാല്‍ പാല്‍ കുറയുമോ

കുത്തിവച്ചാല്‍ പാല്‍ കുറയുകയില്ല. ചില പശുക്കളില്‍ 2-3 ദിവസത്തേക്ക് മാത്രം താല്‍ക്കാലികമായി കുറയാന്‍ സാധ്യതയുണ്ട്.

? കുത്തിവച്ചാല്‍ ഗര്‍ഭം അലസാന്‍ സാധ്യതയുണ്ടോ

ഇല്ല.

? കുളമ്പുരോഗം കണ്ടാല്‍ ആദ്യം എന്തു ചെയ്യണം

തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

? കുളമ്പുരോഗം പിടിപെട്ടാല്‍ കര്‍ഷകര്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം

ഉടനടി മൃഗാശുപത്രിയില്‍ അറിയിക്കുക, കന്നുകുട്ടികളെകൊണ്ട് പാല്‍ കുടിപ്പിക്കാതിരിക്കുക, ഉരുക്കളെ പൊതുസ്ഥലങ്ങളില്‍ മേയാന്‍ അനുവദിക്കാതിരിക്കുക, രോഗം ബാധിച്ച മൃഗത്തെ പരിചരിച്ചവര്‍ കഴിയുന്നതും മറ്റു മൃഗങ്ങളെ കൈകാര്യം ചെയ്യരുത്, അലക്കുകാരം കൊണ്ട് തൊഴുത്ത് വൃത്തിയാക്കുക.

? എത്രതവണ കുളമ്പുരോഗ കുത്തിവയ്പ് എടുക്കണം

ആറുമാസത്തിലൊരിക്കല്‍

? ചെനയുള്ള പശുവിനെ കുത്തിവയ്ക്കാമോ

കുത്തിവയ്ക്കാം

? കന്നുകുട്ടികള്‍ക്ക് ഏത് പ്രായത്തില്‍ കുത്തിവയ്പ് എടുക്കാം

മൂന്ന് മാസത്തിനു മുകളില്‍

? കുത്തിവയ്പ് എടുത്താലും അസുഖം വരുമോ

ആരോഗ്യമുള്ള കാലികള്‍ക്ക് 6 മാസംവരെ പ്രതിരോധശേഷി ഉണ്ടാകും. 

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. വി.സിന്ധു, സീനിയര്‍ വെറ്ററിനറി സര്‍ജന്‍, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം.

English summary: Questions and Answers on Foot and Mouth Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com