ADVERTISEMENT

ക്ഷീരകർഷകർ ഒരു പശുവിനു ദിവസം 25–30 കിലോ പച്ചപ്പുല്ല് നൽകുന്നുണ്ട്. ആടിന് 4-5 കിലോയും. പുൽകൃഷിക്കു സ്ഥലമില്ലാത്തവർക്ക് വില കൊടുത്ത് അതു വാങ്ങേണ്ടി വരും. എന്നാല്‍ അവര്‍ അറിയുക, 50 ചതുരശ്രമീറ്റർ സ്ഥല വിസ്തൃതി മാത്രം ആവശ്യമുള്ള ഹൈഡ്രോപോണിക്സ് സംവിധാനത്തിലൂടെ ദിവസം 600 കിലോവരെ പച്ചപ്പുല്ല് ഉൽപാദിപ്പിക്കാം. കുറഞ്ഞയളവില്‍ മാത്രം ജലം വിനിയോഗിച്ച് മണ്ണില്ലാതെ 6–7 ദിവസംകൊണ്ട് പച്ചപ്പുല്ല് ഉല്‍പാദിപ്പിക്കാനുള്ള സൗകര്യമാണ് ഹൈഡ്രോപോണിക്സ് ഫോഡർ സംവിധാനത്തിലുള്ളത്.

വിത്തുകളെക്കാൾ പോഷകമൂല്യമുണ്ട് മുളപ്പിച്ച വിത്തുകൾക്കെന്നു നമുക്കറിയാം. മണ്ണില്ലാതെയും മനുഷ്യാധ്വാനമില്ലാതെയും തുടർച്ചയായി വിത്തുകൾ മുളപ്പിച്ചെടുത്ത് പശുക്കൾക്ക് നിത്യവും പോഷകസമ്പന്നമായ പച്ചപ്പുല്ല് നല്‍കാൻ ഹൈഡ്രോപോണിക്സ് സഹായിക്കും. 

സാധാരണ രീതിയിലുള്ള പുൽകൃഷി വിളവെടുക്കാൻ 2 മാസം വേണമെങ്കിൽ ഹൈഡ്രോപോണിക്സ് യന്ത്രത്തില്‍ ഒരാഴ്ചകൊണ്ട് പുല്ല് തയാറാകും. മുളച്ചുയർന്ന വിത്തുകൾ എടുക്കുന്ന മുറയ്ക്ക് നിത്യവും പുതിയ ബാച്ച് മുളപ്പിക്കാനിട്ട് വർഷം മുഴുവൻ പശുക്കൾക്ക് പോഷകപ്പുല്ല് ഉറപ്പാക്കാം. ചോളം, മുതിര, റാഗി, പയറുവർഗങ്ങൾ എന്നിവയും  ഫോഡർ യന്ത്രത്തിൽ മുളപ്പിച്ചെടുക്കാം. നമ്മുടെ നാട്ടിൽ മഞ്ഞച്ചോളമാണ് ഈ രീതിയിൽ കൂടുതൽ പേരും ഉൽപാദിപ്പിക്കുന്നത്. 7-8 കിലോ ഹൈഡ്രോപോണിക്സ് പച്ചപ്പുല്ല് ഒരു കിലോ ഖരാഹാരത്തിനു തുല്യം.  സാധാരണ പച്ചപ്പുല്ലിനെ അപേക്ഷിച്ച് കൂടിയ തോതിൽ പ്രോട്ടീൻ, കൊഴുപ്പ്, ധാന്യകം എന്നിവയും കുറഞ്ഞ തോതിൽ നാരും ഇതിലുണ്ട്. ഈ മുളപ്പിച്ച വിത്തുകൾ പതിവായി തിന്നുന്ന പശുക്കളിൽ പാലിലെ കൊഴുപ്പ് 5.6 വരെ കൂടിയതായും പഠനങ്ങളിൽ കാണുന്നു. 

മിത്രനികേതൻ നൽകും

ഇന്നു  ലഭ്യമായ ഹൈഡ്രോപോണിക്സ് മെഷീനുകൾ പലതിനും ലക്ഷങ്ങൾ വില വരും. സാധാരണക്കാരായ ക്ഷീരകർഷകര്‍ക്ക് ഇവ സ്വന്തമാക്കാൻ പ്രയാസം. ഇതിനു പരിഹാരമാണ് തിരുവനന്ത പുരം മിത്രനികേതൻ കൃഷിവിജ്ഞാനകേന്ദ്രം രൂപൽപന ചെയ്ത ചെലവു കുറഞ്ഞ ഹൈഡ്രോപോണിക്സ് സംവിധാനം. ഒരു പശുവെങ്കിലും സ്വന്തമായുള്ള കർഷകനും ഈ സംവിധാനം പ്രയോജനപ്പെടുത്താം. 10,000 രൂപയേ ചെലവുള്ളൂ. 

പിവിസി പൈപ്പുകൊണ്ടു ചട്ടക്കൂട്, ട്രേകൾ വയ്ക്കാന്‍ തട്ടുകൾ, താപനില ക്രമീകരിക്കാന്‍ ചട്ടക്കൂടിനെ പൊതിഞ്ഞു  വല, വാട്ടർ ടാങ്ക്, വിത്തുകൾ മുളപ്പിക്കാനായി സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ട്രേകൾ, ഡിജിറ്റൽ ടൈമർ, മോട്ടർ പമ്പ്, മിസ്റ്റ് ഇറിഗേഷൻ സംവിധാനം, 16 മി.മീ. സ്ക്രീന്‍ അരിപ്പ എന്നിവ ചേരുന്നതാണ് ഈ മെഷീൻ. ഒരു കിലോ പുല്ല് ഉൽപാദിപ്പിക്കാൻ 3–4 ലീറ്റർ വെള്ളമേ ആവശ്യം വരൂ.

hydroponics-fodder-1
ഹൈ‍ഡ്രോപോണിക്സ് ഫോഡർ സംവിധാനം

ഉൽപാദനഘട്ടങ്ങൾ

മുളപ്പിക്കാനായി ഉയർന്ന ഗുണനിലവാരമുള്ളതും നന്നായി ഉണങ്ങിയതുമായ വിത്തുകൾ തിരഞ്ഞെടുക്കണം. പൊട്ടിയതോ കേടുവന്നതോ ആയ വിത്തുകൾ വേർതിരിച്ചു മാറ്റുക. ശുദ്ധജലത്തിൽ വിത്തുകൾ നന്നായി കഴുകി മാലിന്യങ്ങൾ പൂർണമായും നീക്കുക. 0.1-15% വീര്യമുള്ള ബ്ലീച്ചിങ് പൗഡർ ലായനിയിൽ അൽപനേരം കുതിർത്തുവച്ച ശേഷം വീണ്ടും ശുദ്ധജലത്തിൽ കഴുകിയെടുക്കുക. തുടർന്ന് വിത്തുകൾ 24 മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. അതിനു ശേഷം ഈ വിത്തുകൾ ചണച്ചാക്കിൽ കെട്ടിവച്ചാൽ 24 മണിക്കൂർ കഴിയുമ്പോൾ മുളപൊട്ടും. 

ഇങ്ങനെ മുളവന്ന വിത്തുകൾ തുളകളുള്ള പ്ലാസ്റ്റിക് ട്രേയിൽ വിതറുക. 60 x 45 സെ. മീറ്റർ വലുപ്പമുള്ള ട്രേയിൽ ഒരു കിലോ വിത്തുകൾ നിരത്താം. ഈ ട്രേകൾ ഹൈഡ്രോപോണിക്സ് സംവിധാനത്തിൽ അടുക്കിവയ്ക്കുന്നു. ടൈമർ പ്രവർത്തിച്ച് ഒരു മണിക്കൂറിൽ ഒരു മിനിറ്റ് എന്ന നിലയിൽ വിത്തുകൾക്കുള്ള നന നടന്നുകൊള്ളും. ഒരു കിലോ ചോളവിത്തിൽനിന്ന് കുറഞ്ഞത് 6–9 കിലോ തീറ്റ ലഭിക്കും. 

വിലാസം: 

ചിത്ര ഗണേശ്, സബ്ജക്റ്റ് മാറ്റർ സ്പെഷലിസ്റ്റ് (അഗ്രികൾചർ എൻജിനീയറിങ്), 

ഡോ. ബിനു ജോണ്‍ സാം, സീനിയര്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ്.

കൃഷിവിജ്ഞാനകേന്ദ്രം, മിത്രനികേതന്‍,  തിരുവനന്തപുരം. ഫോണ്‍: 9400288040

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com