ADVERTISEMENT

ഇന്ന് ക്ഷീരമേഖലയിൽ ചർമ മുഴ രോഗം (Lumpy skin disease/LSD) ഉയർത്തുന്ന വെല്ലുവിളിയും ക്ഷീരകർഷകർക്ക് ഉണ്ടാക്കുന്ന ആശങ്കയും ചെറുതല്ല. കേരളത്തിൽ ആദ്യമായി രോഗം കണ്ടെത്തിയ 2019ൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് രോഗബാധയുണ്ടാതെങ്കിൽ ഇന്ന് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ചർമമുഴ രോഗം എത്തിക്കഴിഞ്ഞു. ആരംഭകാലത്ത് പശുക്കളിൽ രോഗബാധയേറ്റ് മരണനിരക്ക് തീരെ കുറവായിരുന്നെങ്കിൽ ഇന്ന് സ്ഥിതി അതല്ല, രോഗം സങ്കരയിനം പശുക്കളെ അതിതീവ്രമായി ബാധിക്കുന്നെന്ന് മാത്രമല്ല മരണനിരക്കും കൂടുതലാണ്, പ്രത്യേകിച്ച് കിടാക്കളിലും പ്രായം ചെന്ന പശുക്കളിലും. പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിനും രോഗം കാരണമാവുന്നു. ചർമമുഴ രോഗത്തിന്റെ മൂന്നാം തരംഗമാണ് സംസ്ഥാനത്ത് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഉത്തരകേരളത്തെയാണ്. കഴിഞ്ഞവർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പടർന്ന ചർമ മുഴ രോഗവ്യാപനത്തിന്റെ മൂന്നാം തരംഗത്തിൽ ചത്തൊടുങ്ങിയത് പതിനായിരക്കണക്കിന് പൈക്കളായിരുന്നു. അത് രാജ്യത്തെ ക്ഷീരമേഖലയ്ക്ക്  ഏൽപ്പിച്ച ആഘാതം ചെറുതല്ലായിരുന്നു.

രോഗവ്യാപനം എങ്ങനെ?

ലംപി സ്‌കിൻ  രോഗത്തിന് കാരണം കാപ്രിപോക്സ് വൈറസ് കുടുംബത്തിലെ എല്‍.എസ്.ഡി (Lumpy Skin disease (LSD) virus) വൈറസുകളാണ്.  ഈ വൈറസുകളെ  കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കിൽനിന്ന് അടർന്ന് വീഴുന്ന വ്രണശൽക്കങ്ങളിലും ഉമിനീരിലും മൂക്കിൽ നിന്നും കണ്ണിൽ നിന്നും ഒലിക്കുന്ന സ്രവത്തിലും പാലിലും മറ്റു ശരീര സ്രവങ്ങളിലുമെല്ലാം ഉയർന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍ നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗം പകരും. അണുവിമുക്തമാക്കാത്ത കുത്തിവയ്‌പ് സൂചികൾ ഉപയോഗിക്കുന്നതും രോഗപ്പകര്‍ച്ചക്ക് ഇടയാക്കും. രോഗം ബാധിച്ച പശുവിന്റെ ഉമിനീരും മറ്റ് ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റകളും കുടിവെള്ളവും കഴിക്കുന്നതിലൂടെയും മറ്റ് പശുക്കളിലേക്ക് വൈറസ് വ്യാപനം നടക്കും. വായുവിലൂടെ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മമുഴ രോഗ സാധ്യതയുള്ളത്. നാടൻ പശുക്കളെ അപേക്ഷിച്ച് വളരെ നേർത്ത ചർമ്മമുള്ള എച്ച്എഫ് അടക്കമുള്ള സങ്കരയിനം പശുക്കളെ രോഗം പെട്ടെന്ന് ബാധിക്കും. ഗര്‍ഭവതികളായ  പശുക്കളിലും കറവപ്പശുക്കളിലും കിടാക്കളിലും  രോഗസാധ്യത ഉയര്‍ന്നതാണ്. ഈ രോഗം കന്നുകാലികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന  ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ലെന്നതിനാൽ അനാവശ്യ ആശങ്കകൾ വേണ്ട.

രോഗാണുബാധയേറ്റാൽ 4 മുതല്‍ 14 ദിവസങ്ങള്‍ക്കകം പശുക്കളും എരുമകളും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. ഉയര്‍ന്ന  പനി, കറവയിലുള്ള പശുക്കളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി  2 മുതല്‍ 5 സെന്റിമീറ്റര്‍  വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള  മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ചെറിയ മുഴകള്‍ ക്രമേണ ശമിക്കുമെങ്കിലും വലിയ മുഴകള്‍  പൊട്ടി രക്തസ്രാവത്തിനും വ്രണങ്ങളായി തീരാനും സാധ്യതയുണ്ട്. ഇത്തരം മുഴകള്‍ വായിലും  അന്നനാളത്തിലും ശ്വസനനാളിയിലുമെല്ലാം ഉണ്ടാവാനും ഇടയുണ്ട്. ഇത് പലപ്പോഴും ശ്വസനതടസ്സം, ന്യൂമോണിയ, തീറ്റ കഴിയ്ക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങള്‍ക്കിടയാക്കും. കീഴ്ത്താടി, ശരീരത്തിന്‍റെ കീഴ്ഭാഗം, കൈകാലുകള്‍  തുടങ്ങിയ ശരീരഭാഗങ്ങളോട് ചേര്‍ന്നുള്ള  നീര്‍ക്കെട്ടും ചര്‍മമുഴ രോഗബാധയില്‍ കണ്ടുവരുന്നു. ഗര്‍ഭിണിപശുക്കളുടെ ഗര്‍ഭമലസാനും പശു മദി കാണിക്കാതിരിക്കാനും പ്രത്യുല്‍പ്പാദനചക്രം താളം തെറ്റാനും ചിലപ്പോള്‍ ചര്‍മമുഴ രോഗം  കാരണമായേക്കാം.

പ്രതിരോധത്തിന് സംസ്ഥാനമൊട്ടാകെ വാക്സിനേഷൻ

ചർമ മുഴ പ്രതിരോധത്തിന്  സംസ്ഥാനമൊട്ടാകെ വാക്സീനേഷന്  മൃഗസംരക്ഷണവകുപ്പ് ഇക്കഴിഞ്ഞ ദിവസം തുടക്കമിട്ടിരിക്കുകയാണ്. വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തി പശുക്കൾക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നൽകും. രോഗകാരിയായ കാപ്രിപോക്സ് വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാൻ നൽകുന്നതുമായ ഗോട്ട് പോക്സ് വാക്സിനാണ് (ഉത്തരകാസി സ്ട്രയിൻ) പശുക്കളിൽ ലംപി സ്‌കിൻ പ്രതിരോധകുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത് .

ആരോഗ്യസ്ഥിതി അനുസരിച്ച് വാക്സീൻ നൽകി 3 ആഴ്ചക്കുള്ളിൽ പശുക്കൾ രോഗപ്രതിരോധ ശേഷി കൈവരിക്കും. ഒരു വർഷം വരെ ഈ പ്രതിരോധ ശേഷി ഉരുക്കളിൽ നിലനിൽക്കും.

വാക്‌സീൻ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്‌സീൻ  കഴുത്തിന് മധ്യഭാഗത്തതായി ത്വക്കിനടിയിൽ കുത്തിവെയ്ക്കുന്നതാണ് വാക്‌സീൻ നൽകുന്ന രീതി.

ആരോഗ്യമുള്ള എല്ലാ പശുക്കൾക്കും കുത്തിവയ്പ് നൽകാം. ഗർഭിണി പശുക്കൾക്കും ഈ വാക്സീൻ സുരക്ഷിതമാണ്. പശുകിടാക്കൾക്ക് പ്രായം പരിഗണിക്കാതെ എപ്പോൾ വേണമെങ്കിലും കുത്തിവയ്പ് നൽകാം. എന്നാൽ പ്രതിരോധ കുത്തിവയ്പ് നൽകിയതോ മുൻപ് രോഗം ബാധിച്ചതോ ആയ തള്ളപ്പശുവിനുണ്ടായ കിടാവാണങ്കിൽ 4 - 6 മാസം പ്രായമെത്തിയതിനു ശേഷം പ്രതിരോധ കുത്തിവെയ്പ് നൽകിയാൽ മതി. ലംപി സ്‌കിൻ രോഗബാധയിൽ നിന്നും ഒരു തവണ രക്ഷപ്പെടുന്ന പശുക്കൾ അതിന്റെ  ഈ വൈറസിനെ നേരിടാനുള്ള പ്രതിരോധശേഷി ആർജിക്കുന്നതു കൊണ്ടും കന്നിപ്പാൽ വഴി ഈ പ്രതിരോധഗുണം കിടാക്കളിലേക്കു പകരുകയും ചെയ്യുമെന്നതിനാലാണിത്. നിലവിൽ രോഗം ബാധിച്ചിട്ടുള്ള ഉരുക്കൾക്ക് വാക്സീൻ നൽകരുത്. ചർമ മുഴരോഗം വന്ന് മാറിയ പശുക്കൾക്കും വാക്സീനേഷൻ വേണ്ടതില്ല. പുതിയ പശുക്കളെ വാങ്ങുന്നവർ അവയ്ക്ക് വാക്സീനേഷൻ നൽകി ഏറ്റവും ചുരുങ്ങിയത് നാല് ആഴ്ചകൾക്ക് ശേഷം മാത്രം അവയെ ഫാമുകളിലേക്ക് കൊണ്ടുവരാൻ ശ്രദ്ധിക്കണം.

കർഷകർ ശ്രദ്ധിക്കാൻ 

രോഗം ബാധിച്ച പശുക്കളുടെ  ഐസൊലേഷൻ തന്നെയാണ് ലംപി സ്‌കിൻ രോഗവ്യാപനം തടയാനുള്ള വഴി. രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാല്‍ കുടിക്കാൻ കിടാക്കളെ അനുവദിക്കരുത്.

ലംപി സ്‌കിൻ രോഗകാരിയായ വൈറസിനെതിരെ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാവാനിടയുള്ള ശ്വാസകോശാണുബാധ, കുരലടപ്പന്‍, അകിട് വീക്കം  തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ തടയാനും, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകളും, പനി, വേദന സംഹാരികളും, കരള്‍ സംരക്ഷണ-ഉത്തേജക മരുന്നുകളും ജീവകം എ ,ഡി, ഇ, കെ , സെലേനിയം ,കോപ്പർ, സിങ്ക്, അയേൺ  എന്നിവയെല്ലാം  അടങ്ങിയ ജീവകധാതുമിശ്രിത കുത്തിവെപ്പുകളും രോഗാരംഭത്തില്‍ തന്നെ നല്‍കണം. പശുക്കളുടെ തീറ്റമടുപ്പ് തടയാൻ റൂമൻ ഉത്തേജക മരുന്നുകളും ( ഉദാ- ഹിമാലയൻ ബാറ്റിസ്റ്റ പൗഡർ) പ്രോബയോട്ടിക്കുകളും ക്ഷീണമകറ്റാൻ ഗ്ലൂക്കോസ് അടങ്ങിയ ( ഉദാ- ഗ്ലൂക്കാ ബുസ്റ്റ് ലിക്വിഡ്) മിശ്രിതങ്ങളും നൽകാം. പത്തോ ഇരുപതോ വെറ്റിലയും പത്ത് ഗ്രാം കുരുമുളകും ഉപ്പും ചേർത്ത് മിശ്രിതം തയ്യാറാക്കി രോഗം ബാധിച്ച പശുക്കൾക്ക് വായിലൂടെ ദിവസവും മൂന്ന് നേരം നൽകുന്നതും വെറ്റിലയരച്ച് ഉപ്പും ചേർത്ത് കർപ്പൂരം ചാലിച്ച വെളിച്ചെണ്ണയിൽ ചാലിച്ച് ചർമ മുഴകളിൽ പുരട്ടുന്നതും ഫലപ്രദമായി കാണുന്നു.

ചർമത്തിലെ മുഴകളും മുഴകൾ പൊട്ടിയുണ്ടാകാനിടയുള്ള  വ്രണങ്ങളും ഉണങ്ങി ഭേദപ്പെടാൻ  രണ്ടാഴ്ചയോളം  സമയമെടുക്കും. വ്രണങ്ങളില്‍ അണുബാധകള്‍ക്കും ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയ്ക്കും സാധ്യതയേറെയാണ്. മുഴകളിൽ ഈച്ചകളെ അകറ്റാനും വ്രണമുണക്കത്തിനും ലോറേക്സെയ്ന്‍  , ഹൈമാക്സ്  , ഡി.മാഗ് , ടോപ്പിക്യൂയർ പ്ലസ്, സ്കാവോണ്‍, ചാർമിൽ, ഫ്ലെമാറ്റിക് , എക്‌സോഹീൽ, വെറ്റ് -ഒ- മാക്സ്, വോക്‌സിറ്റോ  തുടങ്ങിയ  ഏതെങ്കിലും ലേപനങ്ങൾ   മുഴകളിലും  വ്രണങ്ങളിലും  പ്രയോഗിക്കണം. പച്ചമഞ്ഞളും വേപ്പിലയും ചേർത്ത്  അരച്ച് മുഴകളിലും  വ്രണങ്ങളിലും  പ്രയോഗിക്കുന്ന ജൈവ രീതിയും ഈച്ചകളെ അകറ്റാനും മുഴകൾ കുറയാനും മുറിവുണക്കത്തിനും  പ്രയോഗിക്കാം . പക്ഷികൾ പശുക്കളുടെ മേനിയിൽ വന്നിരുന്ന്  മുഴകളും വ്രണങ്ങളും കൊത്തിവലിക്കാതെ ശ്രദ്ധിക്കണം .

വ്രണങ്ങളിൽ  പുഴുക്കള്‍ ഉണ്ടെങ്കില്‍ മരുന്നുകൂട്ടുകൾ  പ്രയോഗിക്കുന്നതിന് മുന്‍പായി യൂക്കാലിപ്റ്റസ് തൈലമോ, ടർപെന്റൈൻ തൈലമോ, കര്‍പ്പൂരം അലിയിച്ച വെളിച്ചെണ്ണയോ അല്ലെങ്കില്‍ ആത്തയില അരച്ചോ  മുറിവില്‍ പുരട്ടി പുഴുക്കളെ പുറത്ത് കളയണം. വ്രണങ്ങളിലെ   ഈച്ചകളെ അകറ്റുന്നതിനായും  അവയുടെ ലാർവകളെ നശിപ്പിക്കുന്നതിനായും പശുവിന്  ഐവർമെക്ടിൻ  കുത്തിവയ്‌പ് നൽകുന്നതും  ഫലപ്രദമാണ്.  പുഴുക്കളും പഴുപ്പും നിറഞ്ഞ   വ്രണങ്ങൾ   പൊട്ടാസ്യം പെര്‍മാംഗനേറ്റ് നേർപ്പിച്ച ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം .ശേഷം മുറിവുണക്കത്തിന് മേൽപറഞ്ഞ ലേപനങ്ങൾ പുരട്ടാം. ആഴമുള്ള വ്രണങ്ങൾ ആണെങ്കിൽ അണുവിമുക്തമാക്കിയ ശേഷം  മഗ്നീഷ്യം സള്‍ഫേറ്റും (ഭേദിഉപ്പ്) കർപ്പൂരവും ചേര്‍ത്ത മിശ്രിതം നിറച്ച് പൊതിഞ്ഞാല്‍ മുറിവുണക്കം വേഗത്തിലാവും.രോഗം മൂലം  ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടാവുന്ന  നീര്‍ക്കെട്ടൊഴിവാക്കുന്നതിനായി  ചികിത്സകള്‍ക്കൊപ്പം  ചൂടുകിഴി പ്രയോഗവും നടത്താവുന്നതാണ്.

രോഗം ബാധിച്ച പശുക്കളുടെ ത്വക്കിലെ മുഴകളില്‍ നിന്നും അടര്‍ന്നുവീഴുന്ന പൊറ്റകളിലും വ്രണഭാഗങ്ങളിലും വൈറസിന്‍റെ സാന്നിധ്യം ഉയര്‍ന്നതായിരിക്കും. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത ദീർഘനാൾ പരിസരങ്ങളിൽ നിലനിൽക്കാൻ ചർമമുഴ വൈറസിന് ശേഷിയുണ്ട്. അതിനാൽ നല്ല അണുനാശിനികൾ ഉപയോഗിച്ച് തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം.

തൊഴുത്തില്‍ നിന്നും ചാണകവും മറ്റ് അവശിഷ്ടങ്ങളും നീക്കിയശേഷം തറയും, തീറ്റ തൊട്ടിയും, മറ്റുപകരണങ്ങളും ഒരു ശതമാനം ഫോര്‍മാലിന്‍ ലായനിയോ 2 ശതമാനം വീര്യമുള്ള ഫിനോള്‍ ലായനിയോ, 4% വീര്യമുള്ള അലക്കുകാര (സോഡിയം കാര്‍ബണേറ്റ്) ലായനിയോ ബ്ലീച്ചിംഗ് പൗഡര്‍ ലായനിയോ ഉപയോഗിച്ച് കഴുകി സൂര്യപ്രകാശമേല്‍പ്പിക്കണം. വിപണിയില്‍ ലഭ്യമായ ഗ്ലൂട്ടറാല്‍ഡിഹൈഡ് രാസസംയുക്തങ്ങള്‍ അടങ്ങിയ ബയോക്ലീന്‍, കൊര്‍സോലിന്‍ തുടങ്ങിയ ലായനികളും തൊഴുത്തും പരിസരവും ശുചിയാക്കാന്‍ ഉപയോഗിക്കാം. ക്വാര്‍ട്ടനറി അമോണിയം അടങ്ങിയ മറ്റ് ലായനികളും മികച്ച അണുനാശിനികളാണ്.

രോഗാണുവിന്റെ വാഹകരായ ബാഹ്യപരാദങ്ങളെ തടയുന്നതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം.  കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. ഡെൽറ്റാമെത്രിൻ, ഫ്ലുമെത്രിൻ, സൈപെർമെത്രിൻ, അമിട്രാസ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകളാണ് ഇതിന് അനിയോജ്യം. വിപണിയിൽ ലഭ്യമായ ഡെൽറ്റാമെത്രിൻ അടങ്ങിയ ലൈസിടിക്ക്, ടിനിക്സ് , സൈപെർമെത്രിൻ അടങ്ങിയ  ക്ലിനാർ, ഫ്ലുമെത്രിൻ അടങ്ങിയ ഫ്ലുമിന്റാസ്, നാഷ്   തുടങ്ങിയ  ലേപനങ്ങൾ ഉദാഹരണങ്ങളാണ്. വേപ്പെണ്ണ,  പൂവത്തെണ്ണ തുടങ്ങിയ ലേപനങ്ങളും പരാദങ്ങളെ അകറ്റാൻ ഫലപ്രദമാണ്.

ബാഹ്യപരാദലേപനങ്ങള്‍ ചേര്‍ത്ത് തൊഴുത്തിന്റെ ചുമര് വെള്ളപൂശാം. വളക്കുഴിയില്‍ ആഴ്ചയില്‍ രണ്ട് തവണ ഒരു കിലോ കുമ്മായം 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡറില്‍ ചേര്‍ത്ത് വിതറണം. കൊതുകുനിയന്ത്രണവും പരിസരശുചിത്വവും രോഗനിയന്ത്രണത്തില്‍ പ്രധാനമാണ്. രോഗം ബാധിച്ച ഉരുക്കളെ പാര്‍പ്പിച്ച തൊഴുത്തിന്  ചുറ്റും കൊതുകുകളെയും, ഈച്ചകളെയും തടയുന്ന  വലകള്‍ കെട്ടുന്നതും അവയെ തടയുന്ന ലേപനങ്ങള്‍ തളിക്കുന്നതും കര്‍പ്പൂരവും മറ്റും പുകയ്ക്കുന്നതും രോഗസംക്രമണം നിയന്ത്രിക്കാന്‍ ഉപകരിക്കും.

അനുകൂല സാഹചര്യങ്ങളില്‍ മുഴകളിലെ പഴുത്ത് പൊട്ടിയ വ്രണങ്ങളിലും  ഉണങ്ങിയ  പൊറ്റകളിലും 35 ദിവസത്തോളം നിലനില്‍ക്കാന്‍ വൈറസുകള്‍ക്ക്  ശേഷിയുണ്ട്. അനുകൂല കാലാവസ്ഥയില്‍ തൊഴുത്തിലും, പരിസരത്തും നീണ്ടകാലം നിലനില്‍ക്കുവാനും വൈറസിന് സാധിക്കും. അതുകൊണ്ട് പശുക്കളില്‍  രോഗശമനം വന്നാലും തുടര്‍ന്നും ഒരു മാസം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കാനും തൊഴുത്തും പരിസരവും മേല്‍പറഞ്ഞ അണുനാശിനികള്‍ ഉപയോഗിച്ച് നിത്യവും വൃത്തിയാക്കാനും ശ്രദ്ധപുലര്‍ത്തണം.

രോഗ വ്യാപനമുള്ള മേഖലകളിൽ നിന്നും പുതുതായി പശുക്കളെ വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കുന്നതാണ് ഉചിതം. ഫാമുകളിലേക്ക്  പുതിയ പശുക്കളെ കൊണ്ട് വരുമ്പോള്‍ മൃഗാശുപത്രിയിൽ ബന്ധപ്പെട്ട് വാക്സീൻ നൽകുകയും അവയെ നാലാഴ്ചയെങ്കിലും മുഖ്യതൊഴുത്തിലെ പശുക്കള്‍ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) പരിചരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com