ADVERTISEMENT

തണുപ്പു കാലാവസ്ഥയുള്ള രാജ്യങ്ങളിലെ വിദേശ ജനുസുകളുടെ പാരമ്പര്യം പേറുന്നവയാണ് നമ്മുടെ സങ്കരയിനം പശുക്കള്‍. ആയതിനാല്‍ വേനല്‍ക്കാലം അവര്‍ക്ക് കഠിന കാലമാണ്. ഉരുകുന്ന വേനലില്‍ ക്ഷീരകര്‍ഷകര്‍ പശുപരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അന്തരീക്ഷത്തിലെ ചൂടു കൂടുന്നതോടെ കറവപ്പശുക്കള്‍ തീറ്റയെടുക്കാന്‍ മടി കാണിക്കും. ശരീരത്തിലെ ജലാംശം കുറയും. താപ സമ്മര്‍ദ്ദം രോഗപ്രതിരോധശേഷിയെയും പ്രത്യുൽപാദനത്തെയും പ്രതികൂലമായി ബാധിക്കും. വേനല്‍ക്കാലത്ത് പച്ചപ്പുല്ല് പലപ്പോഴും കിട്ടാക്കനിയാകും. ഇതെല്ലാം പശുക്കളുടെ പാല്‍ കുറയാന്‍ കാരണമാകും. വേനല്‍ അങ്ങനെ പാല്‍ക്ഷാമത്തിന്റെ കാലമാകും. മേല്‍ സാഹചര്യങ്ങള്‍ മറികടക്കാന്‍ പ്രത്യേക കരുതല്‍ വേണ്ടിവരും.

തൊഴുത്തിനുള്ളിലെ സൂക്ഷ്മ കാലാവസ്ഥ പശുവിന് സുഖകരമായിരിക്കണം. താപവും ഈര്‍പ്പവും ചേര്‍ന്ന സൂചികയാണ് ഇതിന്റെ അളവുകോല്‍. സൂചികയുടെ മൂല്യം 24 മണിക്കൂറും 72നു താഴെ നിര്‍ത്താന്‍ കഴിയണം. ഇതിനായി ചെയ്യേണ്ടത്.

  1. പശുക്കളുടെ പുറത്ത് വെള്ളം വീഴാവുന്ന രീതിയില്‍ ഷവറുകള്‍ അല്ലെങ്കില്‍ സ്പ്രിംഗ്ളറുകള്‍ ഘടിപ്പിക്കുകയും, ചൂടു കൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ 3 മിനിട്ടു നേരംവെള്ളം തുറന്നു വിടുകയും ചെയ്യുക.
  2. തൊഴുത്തില്‍ പശുക്കളുടെ നെറ്റിയില്‍ / തലയില്‍ കാറ്റ് ലഭിക്കുന്ന വിധത്തില്‍ ഫാന്‍ ഘടിപ്പിച്ച് ഷവര്‍ വെള്ളമൊഴിക്കുന്ന സമയത്ത് പ്രവര്‍ത്തിപ്പിക്കുക
  3. ഫാന്‍, സ്പ്രിംഗ്ളര്‍, മേല്‍ക്കൂര നന എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയം നിയന്ത്രിത യന്ത്രമായ 'ആശ്വാസ' വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്. ഇത് സുഖകരമായ കാലാവസ്ഥ തൊഴുത്തിനുള്ളില്‍ ഉറപ്പാക്കുന്നു.
  4. മേല്‍ക്കൂരയ്ക്കു മുകളില്‍ ഓലയിടുക, മേല്‍ക്കൂരയുടെ  മുകള്‍ഭാഗം വെള്ള നിറത്തിലുള്ളതാക്കുക, ആസ്ബെറ്റോസ് ഷീറ്റ് ആണെങ്കില്‍ അതിന്‍റെ മുകള്‍ ഭാഗത്ത് നനഞ്ഞ ചാക്ക് ഇടുക. തുടങ്ങിയവ സൂര്യതാപം തൊഴുത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കും
  5. തൊഴുത്തിനു ചുറ്റും കൃഷി, തൊഴുത്തിനു മുകളില്‍ പടര്‍ന്നു വളരുന്ന പച്ചക്കറി കൃഷി (ഉദാഹരണം മത്തന്‍), തണല്‍വൃക്ഷങ്ങളുടെ  സാമീപ്യം എന്നിവ  വളരെ ഗുണം ചെയ്യും.
  6. തൊഴുത്തില്‍ പശുക്കളെ ഇടയ്ക്കിടെ നനയ്ക്കുന്നതിനു പകരം മേല്‍ക്കൂര നനയ്ക്കാന്‍ കഴിയുമെങ്കില്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.
  7. വേനല്‍ക്കാലത്ത് വൈകിട്ട് 3നു ശേഷമുള്ള മേയല്‍ ഉത്തമം/ ബാക്കിസമയം തൊഴുത്തില്‍/നല്ല തണലുള്ള സ്ഥലത്ത്.
  8. ഒന്നിലധികം തവണ കുളിപ്പിക്കല്‍, സ്പ്രിംഗ്ളര്‍/മിസ്റ്റിങ് എന്നിവയുടെ ഉപയോഗം തുടങ്ങിയവ ചൂടിന് താല്‍ക്കാലിക ശമനം നല്‍കുമെങ്കിലും ഈര്‍പ്പം കൂടുന്നതിനാല്‍ ഗുണകരമാകില്ല.
  9. തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. മേല്‍ക്കൂരയ്ക്ക് തറയില്‍ നിന്ന് 10 അടി പൊക്കം ഉണ്ടായിരിക്കണം.
  10. തൊഴുത്തില്‍ ഒരു  പശുവിന് 1.7 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും എന്ന രീതിയില്‍ സ്ഥലം നല്‍കണം. ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ കഴിയാതെ  വരുന്നതും ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നതും അവയെ സമ്മര്‍ദ്ദത്തിലാക്കുകയും  പാല്‍ ചുരത്താന്‍ മടിക്കുന്ന  അവസ്ഥയെത്തുകയും ചെയ്യുന്നു.
  11. തൊഴുത്തില്‍ മുഴുവന്‍ സമയവും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. ഓട്ടോമാറ്റിക് ഡ്രിങ്കറുകള്‍ ഉത്തമം.

Read Also: എ1, എ2 പാൽ– സത്യമോ മിഥ്യയോ? സത്യമിതാണ് 

തീറ്റ നല്‍കുമ്പോള്‍

  1. വൈക്കോല്‍ രാത്രികാലങ്ങളിലും, പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായി നല്‍കണം.
  2. ഊർജം കൂടുതലുള്ള  അരി, കഞ്ഞി, ധാന്യങ്ങള്‍, കപ്പ തുടങ്ങിയവ ചൂടുകൂടിയ സമയങ്ങളില്‍ നല്‍കുന്നത് ഒഴിവാക്കുക.
  3. സെലിനിയം, ക്രോമിയം, സിങ്ക്, കൊബാള്‍ട്ട് എന്നീ ധാതുക്കളും വിറ്റാമിന്‍ ഇ പോലുള്ള ജീവകങ്ങളും ചൂടുമൂലമുള്ള ആഘാതങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു. 
  4. പച്ചപ്പുല്ല് ലഭ്യത കുറവാണെങ്കില്‍ മീനെണ്ണ നല്‍കുന്നതു നന്ന്. 
  5. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുന്നതിനാല്‍ അതിന്റെ ഗുണമേന്മ കൂട്ടാന്‍  ബൈപാസ് പ്രോട്ടീന്‍ തീറ്റ, പരുത്തിക്കുരു, ബൈപാസ് കൊഴുപ്പ് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താം.
  6. വൈക്കോല്‍ സ്വാദിഷ്ഠവും പോഷകസമ്പന്നവും എളുപ്പം ദഹിക്കുന്നതുമാക്കാന്‍ നിശ്ചിത തോതില്‍ യൂറിയ ചേര്‍ക്കുക.
  7. 100 ഗ്രാം ധാതുലവണ മിശ്രിതം, 25 ഗ്രാം അപ്പക്കാരം. 50 ഗ്രാം ഉപ്പ്  എന്നിവ നല്‍കണം.
  8. ചൂടുള്ള കാലാവസ്ഥയില്‍ ഖരാഹാരം  കഴിവതും രാവിലെ  കറവയോടൊപ്പവും, രാത്രിയിലും നല്‍കുന്നതാണുത്തമം.
  9. തീറ്റ നല്‍കുന്ന രീതിയില്‍ സ്റ്റീമിങ്ങ് അപ്പ്, ചലഞ്ച് ഫീഡിങ്ങ്, വറ്റുകാല തീറ്റ എന്നിവ വിദഗ്ധ ഉപദേശപ്രകാരം പിന്‍തുടരുക
  10. തീറ്റക്രമത്തില്‍.  സാന്ദ്രിതാഹാരത്തിന്റെയും, പരുഷാഹാരത്തിന്റെയും അനുപാതം പരിശോധിക്കണം.  ഉയര്‍ന്ന ഉൽപാദനത്തില്‍ ഇത് 60:40 എന്ന  വിധത്തിലും പിന്നീട്  50:50 അല്ലെങ്കില്‍ 40:60 എന്ന രീതിയിലും ആയിരിക്കണം.
  11. ഖരാഹാരം,പച്ചപ്പുല്ല്,  വൈക്കോല്‍ എന്നിവ കൃത്യമായ അളവിലും രൂപത്തിലും കലര്‍ത്തി നല്‍കുന്ന ടി.എം.ആര്‍. (ടോട്ടല്‍ മിക്സഡ് റേഷന്‍) തീറ്റയാണ്. പുത്തന്‍ മാതൃക. 
dairy-farm-mattuppetty

Read also:  മൊബൈൽ കണക്ഷൻ പോലെ പ്രീ പെയ്ഡ് പാൽ; ഗുജറാത്തിലെ ഗിർ ഫാം മൊത്തമായി വാങ്ങി; നഗരമധ്യത്തിൽ 60 പശുക്കൾ 

ആരോഗ്യ സംരക്ഷണം 

  1. പ്രതിരോധശേഷി വളരെ കുറയാന്‍ സാധ്യതയുള്ള വേനല്‍ക്കാലം തുടങ്ങുന്നതിനു മുമ്പേ ഉരുക്കള്‍ക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പുകളും ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിരിക്കണം.
  2. പ്രസവത്തിനു രണ്ടു മാസം മുന്‍പും പിന്‍പുമുള്ള പശുക്കളെ ഏറെ ശ്രദ്ധിക്കുക. ഇവരുടെ ആരോഗ്യപ്രശ്നങ്ങളായ അകിടുവീക്കം, ഗര്‍ഭാശയ വീക്കം, കീറ്റോണ്‍ രോഗം, ആമാശയ സ്ഥാനഭ്രംശം എന്നിവ ഉയര്‍ന്ന ഉൽപാദനം അസാധ്യമാക്കുന്നു.
  3. ശ്വാസകോശ, ആമാശയ പ്രശ്നങ്ങള്‍, ആന്തരബാഹ്യ പരാദബാധ എന്നിവ പാലുൽപാദനം കുറയ്ക്കുന്ന പ്രധാന വില്ലന്മാരാണ്. ഇതിനായി തൊഴുത്തിലെ അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞ അളവില്‍ മാത്രം നിലനിര്‍ത്തുന്നതിനും, തീറ്റ വസ്തുക്കളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നത് നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്.
  4. പാദത്തിന്റെയും, കുളമ്പിന്റെയും അനാരോഗ്യം പാലുൽപാദനത്തെ തളര്‍ത്തുന്നതിനാല്‍ ശ്രദ്ധ വേണം. ഇതിനായി ചൂടാധിക്യം കുറഞ്ഞ സമയങ്ങളില്‍ പശുക്കളെ അഴിച്ച്  വിട്ട് നടത്തുന്നതും 2 മുതല്‍ 4 ശതമാനം ഫോര്‍മലിന്‍ ലായനിയില്‍ കുളമ്പുകള്‍ അല്പനേരം മുക്കുന്നതും നല്ലതാണ്.
  5. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ഗര്‍ഭമലസല്‍, സമയമെത്തും മുമ്പേയുള്ള പ്രസവം എന്നിവ പാല്‍ കുറയുന്നതിന് കാരണമാകുമെന്നതിനാല്‍ സമീകൃതഹാരവും കൃത്യതയോടെയുമുള്ള പോഷണവും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
  6. വിഷസസ്യങ്ങള്‍, പൂപ്പല്‍ബാധ, എന്നിവ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും, പാല്‍ പെട്ടെന്ന് വലിയ അളവില്‍ കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നതിനാല്‍ തീറ്റ കൊടുക്കുന്നതിന് മുമ്പായി തന്നെ തീറ്റവസ്തുക്കളുടെ പ്രത്യേക നിരീക്ഷണം അത്യാവശ്യമാണ്.

വിലാസം: ഡോ. കെ.എം.ശ്യാം മോഹന്‍, (പ്രൊഫസര്‍ & ഹെഡ്), യൂണിവേഴ്സിറ്റി ലൈവ് സ്റ്റോക്ക് ഫാം, മണ്ണുത്തി, കേരള വെറ്ററിനറി സര്‍വകലാശാല 

dairy-farm

English summary: Summer Management Tips of Dairy Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com