വാങ്ങിയത് പുരയിടം, രേഖയിൽ വയൽ: കര എന്നാക്കുന്നതിന് ചെയ്യേണ്ടത്
Mail This Article
എന്റെ ഭാര്യയുടെ പേരിൽ 1992ൽ 11 സെന്റ്, 19 സെന്റ് വീതം സ്ഥലങ്ങൾ രണ്ടു വ്യക്തികളിൽനിന്നു രണ്ട് ആധാരപ്രകാരം വാങ്ങി. എന്നാൽ, വില്ലേജ് ഓഫിസിലെ രേഖകളിൽ ഇവ നിലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടും ജാതിയും തെങ്ങും മരങ്ങളുമുള്ള പുരയിടങ്ങൾ. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല. രണ്ടു ഭൂമിയും രേഖകളിൽ കര എന്നാക്കുന്നതിനു സർക്കാർ നിശ്ചയിച്ച തുക അടയ്ക്കേണ്ടതുണ്ടോ.
വിപിൻ ചന്ദ്രൻ, തൃക്കാരിയൂർ
2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ നിർവചിച്ചിട്ടുള്ള ‘വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി’ എന്ന വിഭാഗത്തിൽപെടുന്നതാണ് നിങ്ങളുടെ ഭൂമി. നികുതി റജിസ്റ്ററിൽ ഇവ നെൽവയൽ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിട്ടില്ല. നിങ്ങൾ വാങ്ങിയപ്പോൾ തന്നെ രണ്ടും തെങ്ങും മറ്റു മരങ്ങളുമുള്ള പുരയിടമായിരുന്നതിനാൽ ഭൂമിയുടെ തരം മാറ്റേണ്ടതില്ല. വില്ലേജ് ഓഫിസിലെ രേഖകളിൽ 27 സി വകുപ്പ് അനുസരിച്ചു മാറ്റം വരുത്തിക്കിട്ടിയാൽ മതി. 27 എ(3)-ാം വകുപ്പനുസരിച്ച് ഫീസ് കൊടുക്കേണ്ടതുമില്ല.
English summary: Paddy and Wet land Act