പ്രതിരോധ കുത്തിവയ്പ്പെടുത്താൽ പാൽ കുറയുമെന്നത് മിത്ത്; കശാപ്പുകാലികൾ വെല്ലുവിളി; കുളമ്പുരോഗം അറിയേണ്ടതും കരുതേണ്ടതും
Mail This Article
ക്ഷീരമേഖലയെ ദുരിതത്തിലേക്കു തള്ളിവിടുന്ന കന്നുകാലികളിലെ സാംക്രമിക വൈറസ് രോഗമാണ് കുളമ്പ് രോഗം അഥവാ ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് (Foot-and-mouth disease -FMD). പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ടകുളമ്പുള്ള വളർത്തുമൃഗങ്ങളെയെല്ലാം പികോർണ വൈറസ് കുടുംബത്തിലെ (Picornaviridae) ആഫ്‌തോ വൈറസ് (Genus- Aphthovirus- Species- Foot-and-mouth disease virus) കാരണം ഉണ്ടാവുന്ന ഈ രോഗം ബാധിക്കും. ഈ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി കുളമ്പുരോഗം റിപ്പോർട്ട് ചെയ്തിരുന്നു. കശാപ്പിനായി സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൊണ്ടുവന്ന രോഗവാഹകരായ, വാക്സീൻ ചെയ്യാത്ത കന്നുകാലികളില്‍നിന്നാണ് രോഗവ്യാപനം ഉണ്ടായത് എന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. ആറു മാസത്തെ ഇടവേളയിൽ നൽകുന്ന കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് സംസ്ഥാനത്ത് ഭൂരിഭാഗം പശുക്കൾക്കും നൽകിയതിനാൽ കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. മാത്രമല്ല, രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രത്യേകം അധിക പ്രതിരോധകുത്തിവയ്പ്പിനും/ റിങ് വാക്സിനേഷൻ മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. വകുപ്പ് നടപ്പാക്കിയ കാര്യക്ഷമമായ ഈ നടപടികളിലൂടെ കുളമ്പുരോഗത്തിന്റെ അതിവ്യാപനത്തെ പിടിച്ചുനിർത്താൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്.
കുളമ്പുവൈറസിന് നിരവധി വകഭേദങ്ങൾ; ഇപ്പോൾ പടർന്നത് ഏഷ്യ ഒന്ന്
കുളമ്പുരോഗകാരിയായ ആഫ്‌തോ വൈറസിന്റെ വ്യത്യസ്തങ്ങളായ 7 സിറോടൈപ്പുകളെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നായി കണ്ടെത്തിയിട്ടുണ്ട്. ഈ സിറോടൈപ്പുകളിൽ തന്നെ നിരന്തരം പരിവർത്തനങ്ങൾ നടന്നുണ്ടായ വകഭേദങ്ങൾ പിന്നെയുമുണ്ട്. കാരണം ജനിതകമായി ആര്‍എന്‍എ വിഭാഗത്തില്‍പ്പെട്ട വൈറസ് ആയതിനാല്‍ നിരന്തരവും, വേഗത്തിലുമുള്ള ജനിതക പരിവര്‍ത്തനങ്ങള്‍ നടക്കും. ഇതിൽ O, A, ASIA- 1, C എന്നീ വൈറസ് സിറോ ടൈപ്പുകളാണ് പ്രധാനമായും ഇന്ത്യയിൽ കുളമ്പ് രോഗത്തിന് കാരണമാവുന്നത്. വൈറസിന്റെ 'O' സിറോ ടൈപ്പാണ് ഏറ്റവും വ്യാപകം. എന്നാൽ, മുൻവർഷങ്ങളിൽ ഉണ്ടായതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഏഷ്യ 1, എ എന്നീ സീറോടൈപ്പിൽപ്പെട്ട വൈറസുകളാണ് ഇത്തവണ സംസ്ഥാനത്ത് രോഗബാധ ഉണ്ടാക്കിയിരിക്കുന്നത്. പശുക്കുട്ടികളിലാണ് തീവ്രമായ രീതിയിലുള്ള രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. വലിയ പശുക്കളിൽ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വായ തുറന്നടയ്‌ക്കുമ്പോൾ ‘ചപ്, ചപ്’; നാവിന്റെ പുറംതൊലി അടർന്ന് മുറിവ്
വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയുമാണ് കുളമ്പുരോഗം പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. കറവക്കാർ വഴിയും ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്കു രോഗം പടരാം. വൈറസ് പശുക്കളിലെത്തി രണ്ടു മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തമായ പനി, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് പുറത്തേക്ക് ഒലിച്ചിറങ്ങൽ, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങൾ. കറവയുള്ള പശുക്കളിൽ പാലുല്‍പ്പാദനം ഒറ്റയടിക്കു കുറയും. വായ തുറന്നടയ്‌ക്കുമ്പോൾ ഉമിനീർ പതഞ്ഞ് ‘ചപ്, ചപ്’ എന്ന ശബ്ദം കേൾക്കാം. തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകൾക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിനു സമാനമായ കുമിളകള്‍ കണ്ടുതുടങ്ങും. 24 മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. രോഗബാധയേറ്റ പശുക്കളുടെ വായ് പുളർന്ന് നാവും മോണയും പരിശോധിച്ചാൽ പുറംതൊലി പല ഭാഗങ്ങളിലായി അടർന്ന് മുറിവായതായി കാണാം. ഇത് കുളമ്പുരോഗം സംശയിക്കാവുന്ന പ്രധാനലക്ഷണമാണ്.
കശാപ്പുകാലികൾ വെല്ലുവിളി; മറുനാടൻ കാലിസമ്പർക്കം പൂർണമായും തടയണം
കശാപ്പിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന രോഗവാഹകരായ ഉരുക്കൾ കുളമ്പുരോഗം പടർത്തുന്ന പ്രധാന സ്രോതസ്സാണ്. കശാപ്പിനായി കൊണ്ടുവന്ന ഉരുക്കളെ കെട്ടുന്നതും മേയാൻവിടുന്നതുമായ സ്ഥലങ്ങളിൽ യാതൊരുകാരണവശാലും വളർത്തുപശുക്കളെ കെട്ടുകയോ മേയാൻ വിടുകയോ ചെയ്യരുത്. ഈ സ്ഥലങ്ങളിൽ നിന്നും തീറ്റപ്പുല്ല് ശേഖരിക്കുന്നതും ഒഴിവാക്കണം. രോഗം ബാധിച്ച പശുക്കളുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും കന്നുകാലി, പന്നിമാംസ വിൽപന കേന്ദ്രങ്ങളിലും, പലഭാഗങ്ങളിൽ നിന്നുള്ള ക്ഷീരകർഷകർ സംഗമിക്കുന്ന പാൽ സൊസൈറ്റികളിലും പാൽ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിനു ശേഷം വസ്ത്രവും പാദരക്ഷയും മാറാതെ ഫാമിനുള്ളിൽ കയറി പശുക്കളുമായി ഇടപഴകരുത്. തൊഴുത്തിനകത്ത് ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് ഉചിതമാണ്.
ഫാമുകളിൽ അനാവശ്യ സന്ദർശകരുടെയും വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. ഫാമിന്റെ ഗേറ്റിലും തൊഴുത്തിന്റെ കവാടത്തിലും അണുനാശിനി നിറച്ച് പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക്, ടയർ ഡിപ്പ് എന്നിവ ക്രമീകരിക്കാം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുമ്പോൾ അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. മൂന്നു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് പൗഡർ ലായനി, നാലു ശതമാനം വീര്യമുള്ള അലക്കുകാരലായനി എന്നിവ എന്നിവ അണുനശീകരണത്തിന് ഉപയോഗിക്കാം.
രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെ വാങ്ങുന്നതും വിൽക്കുന്നതും പുല്ലും വൈക്കോലും മറ്റ് തീറ്റകളും ശേഖരിക്കുന്നതും താൽക്കാലികമായി ഒഴിവാക്കണം.
രോഗം വന്ന പശുക്കളുമായി മറ്റുള്ളവയ്ക്കു സമ്പർക്കമുണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങൾ പൂർണമായും തടയണം. രോഗം കണ്ടെത്തിയ സാഹചര്യത്തിൽ കന്നുകാലിപ്രദർശനം പോലുള്ള പരിപാടികൾ ഒഴിവാക്കണം. രോഗം ബാധിച്ച പശുക്കളുടെ പാലിൽ വൈറസ് സാന്നിധ്യം ഉണ്ടാകുമെന്നതിനാൽ പശുക്കിടാക്കളെ കുടിപ്പിക്കരുത്.
പ്രതിരോധകുത്തിവയ്പ്പെടുത്താൽ പാൽ കുറയുമെന്നത് മിത്ത്
ആറു മാസത്തെ ഇടവേളയിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ രോഗത്തെ പൂർണമായും തടയാൻ കഴിയൂ. പശുക്കിടാങ്ങൾക്ക് നാല് മാസം പ്രായമെത്തുമ്പോൾ ആദ്യത്തെ കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് നൽകണം. ആദ്യ കുത്തിവയ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകണം. 4 മുതൽ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനിൽക്കും. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവയ്പ് ആവർത്തിക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറു മാസത്തിലൊരിക്കൽ കുത്തിവയ്പ് എടുക്കുന്ന പശുക്കള്‍ക്ക് തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയിൽ തീവ്രത കുറഞ്ഞ രീതിയിൽ രോഗലക്ഷണങ്ങൾ കാണാറുണ്ട്. കിടാരികള്‍ക്ക് പശുക്കളെക്കാൾ രോഗസാധ്യതയുമുണ്ട്. ഏഴു മാസത്തിന് മുകളിൽ ഗർഭിണികളായ പശുക്കളെ വാക്സീൻ നൽകുന്നതിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്സീൻ നൽകണം. മൃഗസംരക്ഷണവകുപ്പ് സൗജന്യമായി ലഭ്യമാക്കുന്ന കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് തങ്ങളുടെ കന്നുകാലികൾക്ക് ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മേഖലയിലെ 80 ശതമാനം കന്നുകാലികൾ എങ്കിലും മതിയായ പ്രതിരോധം / കൂട്ടപ്രതിരോധം കൈവരിച്ചാൽ മാത്രമേ കുളമ്പു രോഗത്തെ പൂർണമായും അകറ്റി നിർത്താൻ സാധിക്കുകയുള്ളൂ.
പുതിയ പശുക്കളെ വാങ്ങുമ്പോൾ ആറു മാസം മുമ്പ് വരെ കുളമ്പുരോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളിൽ നിന്നോ പ്രതിരോധകുത്തിവയ്പ് നടത്തി മൂന്നാഴ്ചകൾക്കു ശേഷം മാത്രമോ വാങ്ങുന്നതാണ് ഉത്തമം. പുതുതായി പശുക്കളെ ഫാമിൽ കൊണ്ടുവരുമ്പോൾ ചുരുങ്ങിയത് മൂന്നാഴ്ച മുഖ്യഷെഡിൽ നിന്നും പ്രത്യേകം മാറ്റി പാർപ്പിച്ച് ക്വാറന്റൈൻ പരിചരണം നൽകണം. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന പ്രതിരോധകുത്തിവയ്പ് നൽകിയതായി ഉറപ്പില്ലാത്ത കന്നുകാലികൾക്ക് ക്വാറന്റൈൻ കാലയളവിൽ പ്രതിരോധകുത്തിവയ്പ് നൽകണം. കുത്തിവയ്പ് നൽകി മൂന്നാഴ്ചയ്ക്കു ശേഷം മാത്രം ഇവയെ ഫാമിലെ മറ്റു പശുക്കൾക്കൊപ്പം ചേർക്കാൻ ശ്രദ്ധിക്കുക. കറവപ്പശുക്കളിൽ പാലുൽപ്പാദനം കുറയുമെന്ന തെറ്റിദ്ധാരണ കാരണം കർഷകർ തങ്ങളുടെ പശുക്കൾക്ക് കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ്പെടുക്കാൻ വിമുഖത കാണിക്കാറുണ്ട്. ചില പശുക്കളിൽ വാക്സിനെടുത്തൽ ഒന്നോ രണ്ടോ ദിവസം പാലിന്റെ അളവിൽ ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ടെങ്കിലും വേഗം പഴയ ഉൽപാദനക്ഷമത വീണ്ടെടുക്കും. എന്നാൽ വാക്സിനെടുക്കാതെ ഒടുവിൽ കുളമ്പുരോഗം പശുക്കൾക്ക് പിടിപെട്ടാൽ പാലുൽപാദനം മാത്രമല്ല പശുവിന്റെ കാര്യവും കഷ്ടത്തിലാകുമെന്ന കാര്യം ഓർക്കുക. മാത്രമല്ല, മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം- 2009 പ്രകാരം കുത്തിവയ്പ് നിര്‍ബന്ധമാണെന്ന കാര്യവും ഓർമിക്കണം.
English summary: Foot-and-mouth disease status in Kerala