ശീതകാല പച്ചക്കറിക്കൃഷി ഇങ്ങനെ: കാബേജ് മുതൽ കാരറ്റ് വരെ, സമതലക്കൃഷിക്കു പറ്റിയ ഇനങ്ങളും കൃഷിരീതിയും
Mail This Article
ഇതു ശീതകാലപച്ചക്കറിക്കൃഷി തുടങ്ങാനുള്ള സമയമാണ്. ഹ്രസ്വകാല വിളകളായ കാബേജിന്റെയും കോളിഫ്ലവറിന്റെയും തൈകൾ നട്ട് രണ്ട്–രണ്ടര മാസംകൊണ്ട് വിളവെടുക്കാം. കാബേജിന്റെ ഭക്ഷ്യ യോഗ്യ ഭാഗത്തിന് ഇംഗ്ലിഷിൽ കർഡ് എന്നു പറയും. കാബേജ് ചെടിയുടെ അഗ്രഭാഗത്തുള്ള ഇലകൾ കൂടിച്ചേർന്നുണ്ടാകുന്ന മൊട്ടുപോലെയുള്ള ഹെഡ് ആണ് ഉപയോഗിക്കുന്നത്.
കൃഷിരീതി
കേരളത്തിലെ സമതല പ്രദേശങ്ങളിൽ തുലാമഴ അവസാനിക്കുന്നതോടെ ഒക്ടോബർ–നവംബർ മാസങ്ങളിൽ കൃഷിയിറക്കാം. തവാരണകളിലോ ട്രേകളിലോ വിത്തു പാകി തൈകളാക്കി 20–25 ദിവസം പ്രായമാകുമ്പോൾ പറിച്ചുനടുന്നു. വിത്ത് കടുകുമണിപോലെ ഇരിക്കും. ഒരു ഗ്രാമില്‍ 200–250 വിത്തുണ്ടാകും. നല്ല നീർവാര്‍ച്ചയുള്ളിടങ്ങളിൽ ഏകദേശം ഒരടി ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും തവാരണയുണ്ടാക്കാം. ഇത് മണൽ, മണ്ണിരക്കംപോസ്റ്റ്, ചകിരിക്കംപോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ ചേർത്തുണ്ടാക്കണം. ശക്തമായ മഴയിൽനിന്നു തവാരണയെ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിത്തു പാകുന്നതിനു മുൻപ് തവാരണ നന്നായി നനയ്ക്കണം. അതിനുശേഷം ഫൈനോലാൻ അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് എന്ന കുമിൾനാശിനി 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തവാരണകളിൽ ഒഴിക്കണം. കുമിൾനാശിനി ഒഴിച്ച് 2 ദിവസം കഴിഞ്ഞ് വിത്തു പാകാം. ഒരേക്കറിലേക്ക് 200 ഗ്രാം വിത്തു മതി. 10 സെമീ. അകലത്തിൽ വരികളായി ഒരു സെ.മീ. ആഴത്തിൽ വിത്തു പാകാം. പാകിയ വിത്തുകൾ മണ്ണ്, മണൽ എന്നിവ 1:1 എന്ന അനുപാത്തിൽ കലർത്തിയ മിശ്രിതം നേരിയ തോതിൽ ഇട്ടു മൂടാം. വിത്ത് 4–5 ദിവസം കൊണ്ട് മുളച്ചു തുടങ്ങും. തൈകൾ 20–25 ദിവസം പ്രായമാകുമ്പോൾ പറിച്ചു നടാം.
മുളച്ചു വരുന്ന തൈകൾക്ക് കടചീയൽരോഗത്തിനു സാധ്യതയുണ്ട്. കടഭാഗം ചീഞ്ഞ് തൈകൾ ഉണങ്ങുന്നതാണ് ലക്ഷണം. ഇങ്ങനെ കണ്ടാൽ നന കുറയ്ക്കുക. ഫൈറ്റോലാൻ അഥവാ കോപ്പർ ഓക്സിക്ലോറൈഡ് എന്ന കുമിൾനാശിനി 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തൈകളുടെ കടഭാഗത്ത് മണ്ണിൽ ഒഴിച്ചു കൊടുക്കണം. കോപ്പർ ഓക്സിക്ലോറൈഡിനു പകരം സ്യൂഡോമോണാസ് പൊടി 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം കൂടുമ്പോൾ തവാരണകളിൽ ഒഴിച്ചുകൊടുക്കുന്നതും നന്ന്. വിത്തു പാകുന്നതിനു മുൻപ് തവാരണകളിൽ കുമിൾനാശിനി തളിക്കുന്നതും വിത്ത് വരിയായി അകലത്തിൽ പാകുന്നതും രോഗത്തെ ഒരു പരിധി വരെ തടയും. കാബേജ്, കോളിഫ്ലവർ തൈകൾ 20–25 ദിവസം പ്രായമാകുമ്പോൾ പറിച്ചു നടാൻ പാകമാകും. അപ്പോഴേക്കും നനയും വളപ്രയോഗവും കുറച്ചുകൊണ്ടുവന്ന് തൈകളെ പുറത്തുള്ള കാലാവസ്ഥയിൽ പിടിച്ചു നിൽക്കാൻ പ്രാപ്തരാക്കണം.
രോഗ–കീട വിമുക്തമായ കരുത്തുറ്റ തൈകൾ ഗ്രീൻ ഹൗസുകളിൽ പ്ലാസ്റ്റിക് പ്രോട്രേകളിലും ഉൽപാദിപ്പിക്കാം. പ്രോട്രേകളിൽ മണ്ണിനു പകരം ചകിരിക്കംപോസ്റ്റ്, വെര്‍മികുലൈൻ, പെർലൈൻ എന്നിവ 3:1:1 എന്ന അനുപാതത്തിൽ ചേർത്തു നിറയ്ക്കണം.
നല്ല സൂര്യപ്രകാശവും നീർവാഴ്ചയും ഉള്ള സ്ഥലങ്ങളാണ് കാബേജ്, കോളിഫ്ലവർ കൃഷിക്ക് എറ്റവും യോജ്യം. നേന്ത്രവാഴത്തോട്ടങ്ങളിൽ ആദ്യഘട്ടത്തിൽ ഇടവിളയായും കൃഷി ചെയ്യാം. രണ്ടടി അകലത്തിലും ഒരടി വീതിയിലും താഴ്ചയിലും സൗകര്യപ്രദമായ നീളത്തിലും ചാലുകൾ കീറി അതിൽ മേൽമണ്ണും ജൈവവളവും (സെന്റിന് 100 കിലോ) ചേർത്ത് ചാലുകൾ മുക്കാൽ ഭാഗത്തോളം മൂടണം. ഇങ്ങനെ ഒരുക്കിയ ചാലുകളിൽ രണ്ടടി അകലത്തിൽ തൈകൾ നടാം. തൈകൾ നടുന്നതിനു തലേന്ന് ചാലുകൾ നനയ്ക്കുന്നതു നന്ന്. തൈകൾ നട്ട് 3–4 ദിവസത്തേക്ക് തണൽ കുത്തിക്കൊടുക്കുന്നത് തൈകൾ പിടിച്ചു കിട്ടുന്നതിന് സഹായകം. നട്ട് 10 ദിവസം പ്രായമാകുമ്പോൾ തൈകൾക്ക് ആദ്യ വളപ്രയോഗം. തൈ ഒന്നിന് 15–20 ഗ്രാം എൻപികെ വളങ്ങൾ കൊടുക്കണം. വളപ്രയോഗം രണ്ടാഴ്ച കൂടുമ്പോൾ ആവർത്തിക്കണം. ഏക്കറിന് 130 കിലോ യൂറിയ, 80 കിലോ പൊട്ടാഷ്, 200 കിലോ രാജ്ഫോസ് എന്ന തോതിലാണ് വളമിടേണ്ടത്. മൂന്നാഴ്ച പ്രായമാകുമ്പോൾ മണ്ണിരക്കംപോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ 2:1:1 അനുപാതത്തിൽ ചേർത്തത് തൈ ഒന്നിന് 50 ഗ്രാം വീതം ഇട്ട് മണ്ണ് കയറ്റിക്കൊടുക്കേണ്ടതാണ്. തൈകൾ ആവശ്യാനുസരണം നനയ്ക്കണം.
വിളവെടുപ്പ്
തൈകൾ നട്ട് 1–11/2 മാസം (45 ദിവസം) കഴിയുമ്പോൾ കോളിഫ്ലവറിൽ കർഡുകൾ കണ്ടുതുടങ്ങും. കാബേജിൽ 55–60 ദിവസം എടുക്കും ഹെഡുകൾ കണ്ടുതുടങ്ങാൻ. രണ്ടും 10–12 ദിവസം കൊണ്ട് പൂർണ വളർച്ചയാകും. അപ്പോള്‍ പറിച്ചെടുക്കണം. കർഡുകളുടെ നിറം നഷ്ടപ്പെടാതിരിക്കാൻ മൂപ്പെത്തുമ്പോൾ ചെടിയുടെ ഇലകൾകൊണ്ട് പൊതിഞ്ഞു നിർത്തുന്നത് നന്ന്. കീടനിയന്ത്രണത്തിനു ജൈവ കീടനാശിനികളായ വേപ്പിൻകുരു സത്ത്, വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം എന്നിവ ഉപയോഗിക്കാം.
സമതല പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ യോജ്യമായ കാബേജ്, കോളിഫ്ലവർ ഇനങ്ങൾ ഇവയാണ്.
- കാബേജ്: എൻഎസ് ശ്രേണിയില്‍ 160, 43, 183, 22, 35, 195, സിഎച്ച് ശ്രേണിയില്‍ 21പ്ലസ്, 2200, എ ശ്രേണിയില്‍ 163, 164, 165, 166, 167, സൗരഭ്, സത്യവാൻ, ഗായത്രി, സൂപ്പർ ഗായത്രി.
- കോളിഫ്ലവർ: അധിശിഖര, ഗ്രീഷ്മ, എന്‍എസ് 133, 55, 131, 60 , ബസന്ത്, പുസാ മേഘ്ന, മേഘ, തൃഷ, ബർക്ക, സിഎഫ്എച്ച് 1522, സി 6032, 6015, 6041, 6038, 6054, 7113, 6016, ഹിംഷോട്ട്, ഹിംലത, 2435, ഇൻഡാം 9809
കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, പാലക്ക്
ഭക്ഷ്യയോഗ്യം മണ്ണിനടിയിലുള്ള മാംസള വേരുകളാണ്. ഓറഞ്ച്, ചുവപ്പ്, കറുപ്പ് നിറങ്ങളിലുണ്ട് കാരറ്റ്. ഓറഞ്ച് ഇനങ്ങള്‍ക്കാണ് പ്രചാരമേറെ. ഉത്തരേന്ത്യയിൽ ചുവപ്പ് കാരറ്റുകൾക്കാണ് പ്രിയം. റാഡിഷ് ചുവപ്പ്, വെള്ള എന്നി നിറങ്ങളിലുണ്ട്. എരിവു കുറവുള്ള തൂവെള്ള ഇനങ്ങൾക്കാണ് പ്രിയം.
കൃഷിരീതി
നേരിട്ട് വിത്തു പാകിയാണ് കാരറ്റും ബീറ്റ്റൂട്ടും റാഡിഷും കൃഷി ചെയ്യുന്നത്. ഭക്ഷ്യയോഗ്യ ഭാഗമായ വേരുകൾക്ക് ക്ഷതം വരാതെ വളരാനുള്ള സാഹചര്യമൊരുക്കണം. നവംബർ പകുതിയോടെ കൃഷിയിറക്കാം. നല്ല നീർവാര്‍ച്ചയും സൂര്യപ്രകാശവും ഇളക്കമുള്ള മണ്ണുമുള്ള സ്ഥലമാണ് യോജ്യം. സ്ഥലം നല്ലവണ്ണം ഉഴുതുമറിച്ച് അതിൽ സെന്റിന് 100 കിലോ തോതിൽ ജൈവവളം ചേർക്കണം. അമ്ലത കൂടിയ മണ്ണാണെങ്കിൽ സെന്റിന് ഒന്നര– രണ്ടു കിലോ തോതിൽ കുമ്മായം ചേർക്കണം. സൗകര്യപ്രദമായ നീളത്തിലും ഒരടി ഉയരത്തിലും വാരങ്ങൾ കോരണം. രണ്ടു വാരങ്ങൾ തമ്മിൽ 45 സെ.മീ. അകലം കൊടുക്കണം. വാരങ്ങള്‍ നനച്ചശേഷം 2 സെ.മീ. ആഴത്തിൽ ചാലുകീറി വിത്തു പാകാം. വിത്തിനൊപ്പം അതിന്റെ രണ്ടോ മൂന്നോ ഇരട്ടി മണൽ ചേർത്ത് പാകുന്നതു നന്ന്. വിത്തു പാകിയതിനുശേഷം നേരിയ തോതിൽ മേൽമണ്ണും മണലും ചേർന്ന മിശ്രിതം കൊണ്ട് ചാലുകൾ മൂടണം. ആവശ്യത്തിന് ഈർപ്പം നൽകുകയാണെങ്കിൽ റാഡിഷ്, ബീറ്റ്റൂട്ട് വിത്ത് 4–6 ദിവസം കൊണ്ടും, കാരറ്റ് വിത്ത് 8–10 ദിവസം കൊണ്ടും മുളച്ചു പൊന്തും.
ഒരാഴ്ച പ്രായമാകുമ്പോൾ തൈകൾ തമ്മിൽ 8–10 സെ.മീ അകലം വരുന്ന വിധത്തിൽ അധികമുള്ള തൈകൾ പിഴുതുമാറ്റണം. തൈകൾ മുളച്ച് 10 ദിവസം പ്രായമാകുമ്പോൾ ആദ്യ വളപ്രയോഗം. വരിയായി മുളച്ചു നിൽക്കുന്ന തൈകളുടെ ഇരുവശവും ചാലുകീറി അതിൽ സെന്റ് ഒന്നിന് 2800 ഗ്രാം യൂറിയ, 1250 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 1400 ഗ്രാം പൊട്ടാഷ് എന്ന തോതിൽ വളം നല്‍കണം. റാഡിഷിന് മൊത്തം വളവും ഒറ്റത്തവണയായി ആദ്യം തന്നെ നൽകാം. കാരറ്റിനും ബീറ്റ്റൂട്ടിനും പാലക്കിനും നൈട്രജനും പൊട്ടാഷും രണ്ടോ മൂന്നോ തവണയായി നൽകുന്നതാണു നല്ലത്. കള നീക്കാനും വേണ്ടപ്പോള്‍ നന യ്ക്കാനും മറക്കരുത്. വേരുവളർച്ചയ്ക്കു കാരറ്റിനും ബീറ്റ്റൂട്ടിനും 45 ദിവസം പ്രായമാകുമ്പോൾ മണ്ണ് കയറ്റിക്കൊടുക്കുക. റാഡിഷാണെങ്കിൽ 28–30 ദിവസം പ്രായമാകുമ്പോൾ തന്നെ ചെടിയുടെ കടഭാഗം മണ്ണിൽ നിന്നു പൊന്തിവരുന്നതായി കാണാം. ഈ സമയത്ത് വേരു മൂടുന്ന വിധത്തിൽ മണ്ണ് കയറ്റി ക്കൊടുക്കണം. 40–45 ദിവസം പ്രായമാകുമ്പോൾ റാഡിഷിന്റെ വിളവെടുക്കാം. കാരറ്റിനും ബീറ്റ്റൂട്ടിനും 65–70 ദിവസം വേണ്ടിവരും. പാലക്കുവിത്ത് പാകി 40–45 ദിവസം കൊണ്ട് ആദ്യ വിളവെടുക്കാം. തൈകളുടെ കടഭാഗം ഏകദേശം 5 സെമീ. ഉയരത്തിൽ നിർത്തി ബാക്കിഭാഗം അരിഞ്ഞെടുക്കുകയാണു വേണ്ടത്. രണ്ടാഴ്ച കൂടുമ്പോൾ എന്ന കണക്കിന് 5–6 പ്രാവശ്യമെങ്കിലും വിളവെടുക്കാം.
വിഎഫ്പിസികെയും കേരള കാർഷിക സർവകലാശാലയും കൃഷിവകുപ്പും മണ്ണുത്തിയിലെ BUY-N-FARM Nurseryയും ട്രേകളിൽ തൈ വിപണനം ചെയ്യുന്നുണ്ട്.
വിലാസം: ഡീൻ, അസോഷ്യേറ്റ് ഡയറക്ടർ (റിട്ട.), കേരള കാർഷിക സർവകലാശാല. ഫോണ്‍: 9495634953