ADVERTISEMENT

ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നം തുടിയൻപ്ലാക്കൽ സക്കറിയാസ് സ്റ്റീഫൻ എന്ന ബേബിയുടെ മുഖ്യ കൃഷിയിനം മത്സ്യമാണ്. പടുതക്കുളങ്ങളിലും സിമന്റ് ടാങ്കിലും ബയോഫ്ലോക് ടാങ്കുകളിലുമായി തിലാപ്പിയയും വരാലും വളരുന്നു. ആവശ്യക്കാർക്ക് തത്സമയം മത്സ്യത്തെ പിടിച്ചു വെട്ടി വൃത്തി യാക്കി വിൽപന. 

മത്സ്യക്കുളത്തിനരികെ ബേബി. ചിത്രം: കർഷകശ്രീ
മത്സ്യക്കുളത്തിനരികെ ബേബി. ചിത്രം: കർഷകശ്രീ

മത്സ്യക്കൃഷിയിൽ ചെലവു കുറയ്ക്കാൻ ചില വിജയക്കൂട്ടുകളുണ്ട് ബേബിക്ക്. അതിലൊന്ന് വരാലിനു  ‘ലൈവ്’ തീറ്റ സ്വയം ഉൽപാദിപ്പിക്കുന്ന മത്സ്യക്കുളമാണ്. കിലോയ്ക്ക് 400 രൂപ വിപണിവിലയുള്ളതാണ് വരാൽക്കൃഷിയുടെ ആകർഷണം. എന്നാൽ, കിലോയ്ക്ക് 120 രൂപയാണ് തീറ്റവില. തീറ്റച്ചെലവു കുറയ്ക്കാനാണ് വരാൽക്കുളത്തിൽ ‘ലൈവ് തീറ്റ’ ഉൽപാദിപ്പിക്കുന്ന പൊടിക്കൈ. കുളത്തില്‍ അരികിനോടു ചേർന്ന് കുളത്തിന്റെ അഞ്ചിലൊരു ഭാഗം കണ്ണിയടുപ്പമുള്ള വല കെട്ടി പ്രത്യേകം തിരിച്ചു. ഈ ഭാഗത്ത് 50 തിലാപ്പിയകളെ നിക്ഷേപിച്ചു. നിരന്തരം പ്രജനനം വഴി ഇവ നൂറുകണക്കിനു കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നു. ഈ തിലാപ്പിയക്കുഞ്ഞുങ്ങൾ വലക്കണ്ണികൾക്കിടയിലൂടെ മറുവശത്തേക്കെത്തുമ്പോള്‍ വരാലുകൾക്കു തീറ്റയാകും. കുളത്തിലേക്കു നേക്കിയാൽ, വലക്കണ്ണികൾക്കരികിൽ പൊടിമീൻ കുഞ്ഞുങ്ങൾക്കായി  കാത്തുനിൽക്കുന്ന വരാലുകളെ എപ്പോഴും കാണാം. മറ്റൊരു ടാങ്കിൽ എണ്ണമില്ലാതെ പെറ്റു പെരുകുന്ന ഗപ്പികളെയും വരാൽക്കുളത്തിലേക്കുതന്നെ തുറന്നു വിടുന്നു ബേബി.

baby-fish-farmer-2
വരാലിനെ വളർത്തുന്ന കുളത്തിൽ പ്രത്യേകം വലകെട്ടി തിരിച്ച് തിലാപ്പിയ മത്സ്യങ്ങളെ വളർത്തുന്നു

പട്ടാള ഈച്ചകളുടെ (ബ്ലാക് സോൾജിയർ ഫ്ലൈ) ലാർവകളെ ഉൽപാദിപ്പിച്ച് ഒരേസമയം മാലിന്യസംസ്കരണവും വരാൽതീറ്റയും സംയോജിപ്പിക്കലും വിജയകരമായി ചെയ്യുന്നുണ്ട് ഈ കർഷകൻ. പട്ടാള ഈച്ചകളുടെ ലാർവയെ ജൈവാവശിഷ്ട സംസ്കരണത്തിനു പ്രയോജനപ്പെടുത്തുന്നുണ്ട് ഇന്നു പലരും. പ്രകൃതിയിൽ സ്വാഭാവികമായി കാണുന്ന പട്ടാള ഈച്ചകൾ ജൈവാവശിഷ്ടങ്ങളിൽ മുട്ടയിടുകയും അവ വിരിഞ്ഞെത്തുന്ന ലാർവകൾ ജൈവാവശിഷ്ടങ്ങൾ തിന്നുതീർത്ത് മാലിന്യസംസ്കരണം നടത്തുകയും ചെയ്യുന്ന രീതിയാണത്. പ്രോട്ടീൻ സമൃദ്ധമായ ആ ലാർവകളെ മത്സ്യത്തിനും കോഴിക്കുമെല്ലാം നൽകാം. പ്രകൃതിയിൽ സ്വാഭാവികമായി കാണുന്ന പട്ടാള ഈച്ചകൾ ഉപദ്രവകാരികളല്ല. ഇവയുടെ ലാർവയ്ക്ക് ഉയർന്ന തീറ്റപരിവർത്തനശേഷിയുണ്ട്‌. അതായത്, നന്നായിത്തിന്ന് നന്നായി വളരുന്നു. 

baby-fish-farmer-1
പട്ടാളപ്പുഴു ഉൽപാദനം

വിരിഞ്ഞ് 20–21 ദിവസമെത്തുന്നതോടെ ഇവ തീറ്റ മതിയാക്കി പ്യൂപ്പ ഘട്ടത്തിലേക്കു കടക്കും. അതിനു തൊട്ടു മുൻപ് ഇവയെ ശേഖരിച്ചു വരാലിനും കോഴിക്കും നൽകുന്നു ബേബി. മത്സ്യം വെട്ടി വൃത്തിയാക്കുമ്പോഴുള്ള അവശിഷ്ടം 25 ലീറ്റർ ക്യാനുകളിൽ നിക്ഷേപിച്ച് അതിൽ മുട്ടയിടുന്ന ഈച്ചകളുടെ ലാർവകളെ ശേഖരിക്കുകയാണ് ബേബി ചെയ്യുന്നത്. ഇതുവഴി ഫാമിലെ മത്സ്യാവശിഷ്ടങ്ങളുടെ സംസ്കരണം നന്നായി നടക്കും. മത്സ്യാവശിഷ്ടങ്ങളിലൊരു പങ്ക് പുഴുങ്ങി ഗോതമ്പു തവിടുമായി ചേർത്ത് ഉരുളകളാക്കി തിലാപ്പിയയ്ക്കു നൽകുന്നുമുണ്ട്. കണ്ണിയടുപ്പമുള്ള വലയ്ക്കകത്ത് ഈ ഉരുളകൾ കെട്ടി കുളത്തിലേക്ക് ഇറക്കി കെട്ടിവയ്ക്കുന്നു. തിലാപ്പിയയുടെ തീറ്റച്ചെലവും കുറയ്ക്കാൻ ഇതു പ്രയോജനപ്പെടുന്നു. 

ഫോണ്‍: 9446422477

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com